മതം എന്ന ശീലം..

ആണുങ്ങൾ പോകുന്ന സ്ട്രിപ്പ് ക്ലബ് പോലെ പെണ്ണുങ്ങൾക്ക് പോകാവുന്ന സ്ട്രിപ്പ് ക്ലബ്ബ്കൾ ന്യൂ യോർക്ക് പോലുള്ള നഗരങ്ങളിലുണ്ട്. നല്ല മസിലുള്ള പല വംശത്തിൽ പെടുന്ന ആണുങ്ങൾ പെണ്ണുങ്ങൾക്ക് മുൻപിൽ ഏറെക്കുറെ നഗ്നരാവുകയും, ലാപ് ഡാൻസ് ചെയ്തു കൊടുക്കുകയും ചെയ്യുന്ന സ്ഥലങ്ങളാണിവ. ഇത്തരത്തിൽ ന്യൂ യോർക്കിൽ ഉള്ള ഒരു സ്ഥലമാണ് ഹൻകോമാനിയ. ഞങ്ങൾ മുൻപ് പോയിട്ടുള്ള ഇടമാണ്, പക്ഷെ കഴിഞ്ഞ വർഷം ഞാനും ഗോമതിയും ഞങ്ങളുടെ രണ്ടു ഇന്ത്യൻ സുഹൃത്തുക്കളെ കാണിക്കാനായി ഒന്നുകൂടി പോകേണ്ടിവന്നു.

സാധാരണയായി ഇന്ത്യയിലേക്കാൾ കൂടുതൽ സദാചാരം കാത്തുസൂക്ഷിക്കുന്ന അമേരിക്കൻ മലയാളികളോ മറ്റ് ഇന്ത്യക്കാരോ ഇത്തരം ക്ലബ്ബ്കളിൽ വരാറില്ല എന്നത് കൊണ്ട്, ഒരു കൂട്ടം ഇന്ത്യൻ പെൺകുട്ടികളെ അവിടെ കണ്ട് ഞങ്ങൾക്കത്ഭുതമായി. വളരെ സന്തോഷത്തോടെ ലാപ് ഡാൻസ് ഒക്കെ ചെയ്തും ഘടാഘടിയന്മാരായ ആണുങ്ങളോട് ഒരു പ്രശനവും ഇല്ലാതെ സംസാരിച്ചും നടക്കുന്ന ഈ കൂട്ടത്തിലെ ഒരു പെൺകുട്ടി , ക്ലബ്ബിൽ നിന്ന് പുറത്തു വന്ന ഉടനെ ഞങ്ങളെ വന്നു പരിചയപ്പെട്ടു. നല്ല ഭംഗിയുള്ള , മോഡേൺ വസ്ത്രങ്ങൾ ധരിച്ച ഈ പെൺകുട്ടി ഞങ്ങളുടെ കയ്യിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങി വലിക്കുന്ന സമയത്ത് കൗതുകം കുറച്ച് കൂടുതൽ കൂടുതൽ ഉള്ള ഞാൻ ഈ കുട്ടിയെ കുറിച്ച് കൂടുതൽ അറിയാൻ തീരുമാനിച്ചു.

“നിങ്ങൾ ഇന്ത്യയിൽ എവിടെ നിന്നാണ്? കണ്ടിട്ട് നോർത്ത് ഇന്ത്യയിൽ എവിടെ നിന്നോ ആണെന്ന് തോന്നുന്നല്ലോ” എന്ന ഒരു ചോദ്യത്തോടെ ഞാൻ തുടങ്ങി.

“ഞാൻ പാകിസ്ഥാനിൽ നിന്നാണ്. ലാഹോറിലാണ് വീട്. ഇവിടെ ഒരു ബിസിനെസ്സ് ആവശ്യത്തിന് വന്നതാണ്” ഉത്തരം കേട്ടപ്പോൾ എന്റെ കണ്ണ് തള്ളി. സാധാരണ ചുരിദാർ ഇട്ട്, ഷാൾ കൊണ്ട് തല മറച്ചതും , പർദ്ദ ഇട്ടതും ആയ പാകിസ്ഥാൻ സ്ത്രീകളെയാണ് ഞാൻ ഇന്റർനെറ്റിലും മറ്റും കണ്ടിരിക്കുന്നത്. ഇത് ഇറുകിയ ഒരു ഉടുപ്പും, ക്ലബ്ബിൽ ഇടുന്ന തരം സ്കർട്ടും ഒക്കെ ധരിച്ച് ഒരു മോഡേൺ സ്ത്രീ.

ഞങ്ങൾ കല്യാണം കഴിച്ചതാണെന്നും, ഭാര്യയും ഭർത്താവും കൂടിയാണ് സ്ട്രിപ്പ് ക്ലബ്ബിൽ വന്നത് എന്നെല്ലാം കേട്ടപ്പോൾ ആ കുട്ടിക്കും ആശ്ചര്യമായി. ഞങ്ങളുടെ കൂടെ വന്ന മറ്റു രണ്ടുപേരും ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു. ആ സ്ത്രീ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞ് ഇപ്പോൾ ഭർത്താവ് മൊഴി ചൊല്ലിയ ഒരാളാണ് എന്ന് പറഞ്ഞു. അവർക്ക് ഏകദേശം മുപ്പത് വയസു മാത്രമേ പ്രായം ഉണ്ടാവാൻ സാധ്യതയുളളൂ.

“പാകിസ്ഥാനിൽ നൈറ്റ് ക്ലബ്ബ്കൾ ഒക്കെയുണ്ടോ? ഒരു മുസ്ലിം രാഷ്ട്രമായത് കൊണ്ട് ചോദിച്ചതാണ്. ” പാകിസ്താനിലെ രാഷ്ട്രീയ ചരിത്രം കുറച്ചറിയാവുന്നത് കൊണ്ട് ഞാനൊരു ചോദ്യമിട്ടു കൊടുത്തു.

“പാകിസ്ഥാൻ പുറത്തു കാണുന്നവർക്ക് ഒരു മുസ്ലിം മതരാഷ്ട്രമാണ്‌, പക്ഷെ ഇന്ത്യയിലെ പോലെ , ലോകത്തിലെ വേറെ എല്ലായിടത്തെയും പോലെ അവിടെ എല്ലാം നടക്കുന്നുണ്ട്. ആളുകൾ പ്രേമിക്കുന്നുണ്ട്, വിവാഹേതര ബന്ധങ്ങൾ പുലർത്തുന്നുണ്ട്, പാട്ടുകൾ പാടുകയും, മദ്യവും, കഞ്ചാവും ഉപയോഗിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. പക്ഷെ എല്ലാം ഒളിച്ചു വെച്ചാണെന്ന് മാത്രം. പുറമെ അങ്ങിനെ ഒന്നും കാണിക്കാറില്ല. നിശാ ക്ലബ്ബ്കൾ വരെ പാകിസ്ഥാനിൽ ഉണ്ട്. ജനിക്കുമ്പോൾ മുതലുള്ള ഒരു ശീലമായി മതം ഉണ്ടെന്ന് മാത്രം, ഭൂരിപക്ഷവും അത് സീരിയസ് ആയി എടുക്കാറില്ല, അല്ലെങ്കിൽ അതിന് സമയം കിട്ടാറില്ല.” : ഒരു ചെറു ചിരിയോടെയാണ് ആ പെൺകുട്ടി അത് പറഞ്ഞത്. ഇവിടെ ഏതെങ്കിലും നല്ല നൈറ്റ് ക്ലബ്ബ് ഉണ്ടെങ്കിൽ എന്നെയും കൂടെ കൊണ്ടുപോകണം എന്നും കൂടി ആ പെൺകുട്ടി കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് അറിയാവുന്ന ഒരു ക്ലബ്ബിൽ ഞങ്ങൾ അവരെ കൊണ്ടുപോവുകയും ചെയ്തു. സിഗരറ്റ് വലിക്കുന്ന, ആണുങ്ങളുടെ സ്ട്രിപ്പ് ക്ലബ്ബിൽ പോകുന്ന, ക്ലബ്ബിൽ ഡാൻസ് ചെയ്യുന്ന ഒരു പാകിസ്‌ഥാനി പെൺകുട്ടി എനിക്കത്ഭുതമായി, പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ അതിൽ വലിയ കാര്യമില്ല എന്നും തോന്നി.

കാരണം നമ്മൾ പലരും മതം ഒരു ശീലമായി മാത്രം തുടങ്ങുന്നവരാണ്. ചെറുപ്പത്തിൽ അച്ഛനമ്മമാർ അമ്പലത്തിൽ പോകുന്നത് കൊണ്ട് നമ്മളും പോകുന്നു, ഹിന്ദുക്കളായി വളരുന്നു, അല്ലാതെ വേദങ്ങളോ ഉപനിഷത്തുക്കളോ വായിച്ച് ഹിന്ദുക്കൾ ആയവരല്ല. അയ്യപ്പ ഭക്തിഗാനങ്ങൾ കേട്ട് അയ്യപ്പ ഭക്തരായി വളരുന്നു. എന്റെ വീടിനു തൊട്ടടുത്ത അമ്പലത്തിൽ വച്ചിരുന്ന അയ്യപ്പ ഭക്തിഗാനങ്ങൾ കേട്ടാണ് ഞാനും വളർന്നത്. അത്കൊണ്ടാണ് ഇന്നും എനിക്ക് ഹരിവരാസനം കേൾക്കുമ്പോൾ ഉള്ളിൽ ഒരു കോരിത്തരിപ്പുണ്ടാകുന്നത്. ഇത് വായിക്കുന്ന പല ഹിന്ദുക്കൾക്കും എത്ര ഉപനിഷത്തുക്കൾ ഉണ്ടെന്നോ, വേദവും ഉപനിഷത്തും, പുരാണവും, ഇതിഹാസങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നോ അറിയണം എന്നില്ല. മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും കാര്യം ഇതുപോലെ ഒക്കെ തന്നെയാണ്. ചെറുപ്പത്തിൽ ഒന്നും അറിയാത്ത പ്രായത്തിൽ തന്നെ പള്ളിയിലോ അമ്പലത്തിലോ പോയി ഒരു ശീലമായി തീർന്ന ഒന്ന് മാത്രമാണ് ഭൂരിപക്ഷത്തിന്റെയും മതങ്ങളും ആചാരങ്ങളും. മകര വിളക്ക് KSEB ക്കാർ കത്തിക്കുന്നതാണ് എന്നറിഞ്ഞിട്ടും പലർക്കും അത് കാണുമ്പോൾ ഒരു രോമാഞ്ചമുണ്ടാകുന്നതും ഈ ശീലം കൊണ്ടുമാത്രമാണ്.

എന്റെ ഒരു കൂട്ടുകാരൻ ആർഎസ്എസ് കാരനാണ്. ചെറുപ്പത്തിലേ അമ്മാവന്മാർ ശാഖകളിൽ കൊണ്ടുപോയ ഒരാളാണ് . ഇതൊരു സാംസ്‌കാരിക സംഘടന ആണെന്നാണ് പുള്ളിയുടെ വാദം. മുസ്ലിം വിരോധം രക്തത്തിൽ അലിഞ്ഞു ചേർന്ന മനുഷ്യനാണ്. പക്ഷെ ഇതും ഒരു ശീലത്തിൽ നിന്നുണ്ടായതാണ്, അവന്റെ വീട്ടുകാർ മുഴുവൻ അങ്ങിനെ ആണെന്ന് കണ്ട് വളർന്ന ഒരാളാണ്. ചെറുപ്പത്തിൽ ഒരു മുസ്ലിം കൂട്ടുകാരൻ പോലും അവനുണ്ടായിട്ടില്ല. ഗോൾവാൾക്കറിന്റെ പുസ്തകം വായിച്ച് അതിലെ മണ്ടത്തരങ്ങൾ ഞാൻ അവനോട് പറയുമ്പോൾ അവനതിനെ അംഗീകരിക്കാൻ കഴിയില്ല, കാരണം ശീലങ്ങൾ മാറ്റാൻ നമ്മുടെ തലച്ചോറിന് വലിയ ബുദ്ധിമുട്ടാണ്. (താഴെ നോട്ട് കാണുക)

പിന്നീട് ഒരു പ്രശനം ഉണ്ടാകുമ്പോഴാണ് ചിലരെങ്കിലും മതത്തിനെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നത്, അത് പലപ്പോഴും നമ്മുടെ ശീലത്തെ ന്യായീകരിക്കാൻ വേണ്ടിയായിരിക്കും എന്ന് മാത്രം. ഇസ്ലാമിൽ ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ട് എന്ന് ആരെങ്കിലും പറയുമ്പോൾ നമ്മൾ ഖുർആൻ വായിച്ച് അതിനു ആദ്യഭാര്യയുടെ സമ്മതം വേണമെന്ന് കണ്ടെത്തും, സമൂഹത്തിൽ അങ്ങിനെ നടക്കുന്നില്ല എന്ന് നമുക്കറിയാമെങ്കിലും. ശബരിമലയിൽ സ്ത്രീകൾ കയറണം എന്ന് വിധി വരുമ്പോൾ നമ്മൾ അയ്യപ്പനെ കുറിച്ചും, പന്തളത്തിന്റെ ചരിത്രവും മറ്റും പഠിക്കും. വിഷ്ണുവിന്റെയും ശിവന്റെയും മകനായ അയ്യപ്പന്റെ കൂട്ടുകാരൻ ഏഴാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഒരു മതത്തിൽ പെട്ട വാവരായത് എങ്ങിനെ എന്നുളള ചോദ്യങ്ങൾ തത്കാലം മാറ്റിവയ്ക്കും.

അല്ലാതെ ഉള്ള സമയങ്ങളിൽ ഞങ്ങൾ കണ്ട പാകിസ്താനി പെൺകുട്ടി പറഞ്ഞ പോലെ ആർക്കാണ് ഈ മതതിന്റെ ഒക്കെ പുറകെ നടക്കാൻ നേരം? നമ്മൾ രാവിലെ എഴുന്നേറ്റ് , കുട്ടികളെ ഒരുക്കി, അവരെ സ്കൂളിൽ വിട്ട്, അന്നന്നത്തേക്കുള്ള ആഹാരത്തിന് വഴിതേടി പോയി, വൈകുന്നേരം വീട്ടിൽ വന്നു, കുറച്ചു നേരം സൊറ പറയാനും, പ്രണയിക്കാനും മാറ്റി വച്ച്, വാരാന്ത്യതിൽ കല്യാണമോ, യാത്രയോ ചെയ്ത് , കിട്ടുന്ന ഒഴിവിൽ പുസ്തകങ്ങൾ വായിക്കുകയോ സിനിമ കാണുകയോ ചെയ്ത് നടക്കുന്ന സമയത്തിനിടെ ഒരു ശീലം എന്നത് കൊണ്ട് മാത്രം മതത്തെ പിന്തുടരുന്നതല്ലാതെ ഇതിനുവേണ്ടി സമയം കളയാൻ ആർക്ക് നേരം.

പക്ഷെ ഇത്തരം ശീലങ്ങൾ മാത്രമായ് മതങ്ങൾ കൊണ്ടുനടക്കുന്നവർ മറ്റു മതങ്ങളെ വെറുക്കാൻ തുടങ്ങുമ്പോളാണ് ഇതിലെ പ്രശനം പുറത്തു വരുന്നത്. സ്വന്തം മതത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത , ശീലം കൊണ്ടുമാത്രം ഒരു മതത്തിൽ ആയിപ്പോയ ഒരാൾ, ശീലം കൊണ്ടുമാത്രം മറ്റൊരു മതത്തിൽ ആയിപോയ മറ്റൊരാളെ വെറുക്കുന്നതിലെ വൃത്തികേട് നമുക്ക് ആലോചിക്കാവുന്നതിനേക്കാൾ വലുതാണ്. ഓർക്കുക, പുരാണങ്ങളോ ഖുർആനോ ഒന്നും പഠിച്ച് ഹിന്ദുവോ മുസ്ലിമോ ആയ ആളുകൾ അല്ല നിങ്ങൾ, മറിച്ച് വ്യത്യസ്ത മതവിഭാങ്ങളിൽ പെട്ട മാതാപിതാക്കൾക്ക് ജനിച്ച്, ചെറുപ്പം മുതൽ ചില മത (ദു) ശീലങ്ങളിൾ പിന്തുടർന്ന് ഹിന്ദുവും മുസ്ലിമും ഒക്കെ ആയവരാണ്. പരസ്പരം വെറുക്കാൻ ഇതൊന്നും ഒരു കാരണമേയല്ല. ഒരു പാട്ടു കേട്ടാൽ, ഒരുമിച്ച് ഒരു സിനിമ കണ്ടാൽ, നല്ല ഭക്ഷണം കഴിച്ചാൽ, ഒരു യാത്ര പോയാൽ ഒക്കെ നിങ്ങൾക്ക് മനസിലാവും നമ്മൾ ഒക്കെ എത്ര മാത്രം ഒരേ പോലെയാണ് ചിന്തിക്കുന്നതെന്ന്… (മേൽപ്പറഞ്ഞ എന്റെ ആർഎസ്എസ് സുഹൃത്തും ഞാനും ഇപ്പോഴും സുഹൃത്തുക്കൾ ആയിരിക്കാൻ കാരണം പഴയ മലയാളം പാട്ടുകളാണ്…)

നോട്ട് : ഏല്ലാ ശീലങ്ങൾക്ക് പിറകിലും ഒരു ശാസ്ത്രീയ വശമുണ്ട്. ശീലങ്ങൾ തലച്ചോറിലെ ബേസിൽ ഗാംഗ്ലിയ ആണ് കൈകാര്യം ചെയ്യുന്നത്. ഒരു കാർ ആദ്യമൊക്കെ പിറകോട്ടെടുക്കുമ്പോൾ നമുക്ക് ബുദ്ധിമുട്ടായിരിക്കും, പക്ഷെ പോകെ പോകെ വളരെ എളുപ്പം ആവുകയും ചെയ്യും, കാരണം തലച്ചോർ ഈ ശീലത്തെ ബേസിൽ ഗാംഗ്ലിയ എന്നൊരു ഭാഗത്തേക്ക് മാറ്റുകയും, അധികം ചിന്ത ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തം ആക്കുകയും ചെയ്യും. പക്ഷെ ഈ ശീലങ്ങളിൽ ഒരു മാറ്റം വന്നാൽ, ഉദാഹരണത്തിന് ഇടതു വശത്ത്` ഡ്രൈവ് ചെയ്യുന്നവർ, വലതുഭാഗത് ഡ്രൈവ് ചെയ്യുന്ന രാജ്യങ്ങളിൽ വന്നാൽ ആദ്യത്തെ കുറെ മാസം ഫുൾ ടെൻഷൻ ആയിരിക്കും, കാരണം പുതിയ കാര്യത്തെ ഒരു ശീലമാക്കി ബേസിൽ ഗാംഗ്ലിയയിലേക്ക് മട്ടൻ തലച്ചോറിന് കുറച്ചു സമയം പിടിക്കും. മതപരമായ ആചാരങ്ങളുടെ കാര്യത്തിലും ഇത് സംഭവിക്കുന്നുണ്ട്. അതുവരെ ചെയ്തിരുന്ന കാര്യങ്ങളിൽ ഒരു മാറ്റം വരുമ്പോൾ മനുഷ്യർ എതിർക്കാൻ കാരണമിതാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: