“സ്ത്രീകളുടെ ആർത്തവം കൃത്യമായ ഇടവേളകളിൽ വരുന്നുണ്ടോ എന്നറിയാനുള്ള ഫ്ളോ തുടങ്ങിയ ആപ്പുകൾ സ്ത്രീകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് മനസിലാക്കാം, പക്ഷെ അതെന്തിനാണ് നിന്റെ ഫോണിൽ ഇരിക്കുന്നത്?” ഒരു കൂട്ടുകാരന്റെ ചോദ്യമാണ്.
ഇതിന്റെ ഉത്തരം പറയുന്നതിന് മുൻപ് ഒരു ചോദ്യം. എന്നെങ്കിലും പതിവിനു വിപരീതമായി നിങ്ങളുടെ ഭാര്യ ദേഷ്യത്തോടെ പെരുമാറുന്നതും മറ്റും കണ്ടിട്ടുണ്ടോ? എല്ലാത്തിനോടും ദേഷ്യം വഴക്കു പറയൽ, ആകെ ഒരു മൂഡില്ലായ്മ എന്നിങ്ങനെ പതിവില്ലാത്ത ചില പ്രശനങ്ങൾ. മൂന്നോ നാലോ ദിവസം മാത്രം നീണ്ടു നിൽക്കുന്ന ചില പ്രശ്നങ്ങൾ. ഇതിന്റെ കാരണം അറിയാത്ത പല ദമ്പതികളും ഒരു വഴക്കിൽ അവസാനിക്കുന്ന കാര്യങ്ങളാണിവ. ഇതിന്റെ കാരണമറിഞ്ഞുകഴിഞ്ഞാൽ പ്രശ്നം ഈസിയായി പരിഹരിക്കാം.
PMS അഥവാ പ്രീ മെൻസ്ട്രൂവൽ സിൻഡ്രോം എന്നൊരു സംഭവമാണിതിന്റെ പിറകിൽ. ചില സ്ത്രീകളിൽ ആർത്തവം വരുന്നതിനു ഏതാണ്ട് അഞ്ചു ദിവസം മുൻപ് തുടങ്ങുന്ന ശാരീരികവും മാനസികവുമായ ചില പ്രശനങ്ങളെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കൃത്യമായ കാരണങ്ങൾ ശാസ്ത്രത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീശരീരത്തിലുണ്ടാവുന്ന ഹോർമോണുകളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളാണ് ഇതുണ്ടാക്കുന്നതെന്ന് കരുതുന്നു.
ഇതിന്റെ ശാരീരികമായ ലക്ഷണങ്ങളിൽ മസ്സിൽ വേദന മുതൽ മലബന്ധം വരെയുണ്ട്. മാനസികമായ മാറ്റങ്ങൾ താഴെ പറയുന്നവയാണ്.
അസ്വസ്ഥതയുണ്ടാക്കുന്ന , ശത്രുതാപരമായ പെരുമാറ്റം
അസാധാരണമായ ക്ഷീണം
ഉറക്കം കിട്ടാതെ വരിക
ടെൻഷൻ അല്ലെങ്കിൽ ഉത്കണ്ഠ
മൂഡ് സ്വിങ്സ്
വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഈ പറഞ്ഞ കാര്യങ്ങളൊക്കെ പ്രകടിപ്പിച്ചാൽ വീട്ടിൽ ഒരു ഭൂകമ്പം നടക്കാൻ സാധ്യതയുണ്ട്, ഭർത്താവുമായും മറ്റു വീട്ടിലെ മറ്റുള്ളവരുമായും. കുറച്ചു ദിവസം കൊണ്ട് ഈ പ്രശ്നങ്ങൾ മാറുമെങ്കിലും ഇതിനെകുറിച്ചറിയാത്തവർക്ക് സ്ത്രീകൾ ഇത് മനപ്പൂർവം ചെയ്തതെന്ന് തോന്നി ദീർഘകാല പ്രശ്നങ്ങളായി ഇത് മാറാം.
Ibuprofen പോലുള്ള വേദന സംഹാരികൾ കൊണ്ട് വേദന മാറ്റമെങ്കിലും, മാനസികമായ ഈ സമയങ്ങളിൽ സ്ത്രീകൾക്ക് നല്ല പിന്തുണയാവശ്യമാണ്. അതുകൊണ്ടാണ് ഈ പ്രശനമുള്ള സ്ത്രീകളുടെ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരുടെ ആർത്തവം എപ്പോഴാണെന്ന് നേരത്തെ അറിയാൻ വേണ്ടി മേൽപ്പറഞ്ഞ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞത്. അത് തുടങ്ങുന്നതിന് അഞ്ചു ദിവസം മുൻപ് കുറച്ച് ദേഷ്യക്കൂടുതൽ കണ്ടാൽ തിരിച്ചു ദേഷ്യപ്പെടാതെ ഇതൊരു താത്കാലിക അവസ്ഥയാണെന്ന് മനസിലാക്കി സ്നേഹത്തോടെ പെരുമാറാൻ ഈ അറിവ് സഹായിക്കും.
Leave a Reply