പാവപ്പെട്ടവനും പണക്കാരനും ഒരേ സാമ്പത്തിക പിഴ ഈടാക്കുന്നതിന്റെ പ്രശ്നം..

ഏതാണ്ട് അഞ്ചു കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്ന മുകേഷ് അംബാനിയും , ദിവസം 600 – 800 രൂപ സമ്പാദിക്കുന്ന സാധാരണക്കാരനും ഓവർ സ്പീഡിങ്ങിനു ഒരേ പിഴയാണോ അടക്കേണ്ടത്? ഓവർ സ്പീഡിങ്ങിനു പുതിയ നിയമപ്രകാരമുള്ള പിഴത്തുകയായ 1000 മുതൽ 2000 രൂപ വരെ അംബാനിയുടെ ഡ്രൈവിങിനെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ?

ഉത്തരം പറയുന്നതിന് മുൻപ് ഒരു കഥ പറയാം. പിഴ ഏർപ്പെടുത്തുന്നത് ആളുകൾ നന്നാവാൻ വേണ്ടിയാണെന്നാണല്ലോ വയ്പ്പ്. ഫ്രീക്കണോമിൿസ് എന്ന പ്രശസ്ത പുസ്തകത്തിലെ ആദ്യ അധ്യായം പിഴ എങ്ങിനെ ആളുകളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കഥയുമായാണ് തുടങ്ങുന്നത്. ഇസ്രായേലിലെ ഹൈഫ എന്ന സ്ഥലത്തെ ഡേ കെയർ സെന്ററുകളിൽ ആളുകൾ ചിലപ്പോഴെല്ലാം ഡേ കെയർ സെന്റർ അടക്കുന്ന സമയം കഴിഞ്ഞാണ് കുട്ടികളെ കൊണ്ടുപോയിരുന്നത്. എല്ലാ ദിവസവും എട്ടു പേരെങ്കിലും ഇങ്ങിനെ വൈകി വരുമായിരുന്നു. സമയത്ത് ഡേ കെയർ സെന്റര് പൂട്ടി വീട്ടിൽ പോകാൻ ഇരുന്ന ജോലിക്കാരെ ഇത് വിഷമത്തിലാക്കി. ചില സാമ്പത്തിക ശാസ്ത്രജ്ഞർ ഇവിടെ ഒരു പരീക്ഷണം നടത്തി. അവർ വൈകി വരുന്നവർക്ക് മൂന്ന് ഡോളർ പിഴ ചുമത്തി. ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് ആളുകൾ വൈകി വരുന്നത് കുറയും എന്നായിരുന്നു അവരുടെ പ്രതീക്ഷ.

എന്നാൽ ഇതേർപ്പെടുത്തി മൂന്നാഴ്ച കഴിഞ്ഞപ്പോൾ അവരുടെ പ്രതീക്ഷകളെ ആസ്ഥാനത്താക്കി കൊണ്ട് വൈകി വരുന്ന മാതാപിതാക്കളുടെ എണ്ണം ഇരുപതായി ഉയർന്നു. സാമ്പത്തിക ശാസ്ത്രജ്ഞരുടെ പ്രതീക്ഷയ്ക്ക് കടകവിരുദ്ധമായിരുന്നു ഇത്.

ഇതിന്റെ പിറകിലെ കാരണം ലളിതമാണ്. കുട്ടികളെ വൈകി പിക്കപ്പ് ചെയ്യുന്നത് സാധാരണയായി മാതാപിതാക്കൾക്ക് കുറ്റബോധം നൽകുന്ന ഒരു സംഗതിയാണ്. തങ്ങളുടെ കുട്ടികളെ നേരാം വണ്ണം നോക്കാൻ കഴിയുന്നില്ല എന്ന കുറ്റബോധം. പ്രത്യേകിച്ച് ജോലി ചെയ്യുന്ന അമ്മമാരിൽ ഉള്ള കുറ്റബോധം “Working Women’s guilt” എന്ന പേരിൽ പ്രശസ്തമാണ്.

വൈകി വരുന്ന മാതാപിതാക്കൾക്ക് $3 പിഴ ഈടാക്കിയപ്പോൾ യഥാർത്ഥത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞർ ഈ കുറ്റബോധത്തിനു ഒരു സാമ്പത്തിക മൂല്യം ഏർപ്പെടുത്തുകയാണ് പരോക്ഷമായി ചെയ്തത്. $3 ഡോളർ അധികം കൊടുത്താൽ ഈ കുറ്റബോധം ഇല്ലാതെ വൈകി തങ്ങളുടെ കുട്ടികളെ കൊണ്ടുപോകാം എന്ന് കണ്ടപ്പോൾ മറ്റു മാതാപിതാക്കളും ഇതേ മാർഗം പിന്തുടരാന് തുടങ്ങിയതാണ് കൂടുതൽ ആളുകൾ വൈകി കുട്ടികളെ കൊണ്ടുപോകാൻ ഇടയാക്കിയത്. ഇരുപത് ആഴ്ച കഴിഞ്ഞപ്പോൾ ഈ പിഴ ഒഴിവാക്കിയെങ്കിലും കുട്ടികളെ വൈകി പിക്കപ്പ് ചെയ്യുന്നത് മാതാപിതാക്കൾ നിർത്തിയില്ല എന്നതാണ് ഈ പരീക്ഷണത്തിന്റെ ബാക്കിപത്രം.

ഇത്തരം സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ കുറ്റകൃത്യങ്ങൾക്ക് പിഴ ഈടാക്കുന്നത് ലോകത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളും അംഗീകരിച്ച ഒരു നടപ്പുരീതിയാണ്. പക്ഷെ എത്ര രൂപ പിഴ ഈടാക്കണം എന്ന കാര്യത്തിൽ പല രാജ്യങ്ങളും പല രീതികളാണ് പിന്തുടരുന്നത്. അമേരിക്കയിൽ ഓരോ ട്രാഫിക് കുറ്റകൃത്യത്തിനും നിശ്ചിത പിഴകൾ ഓരോ സംസ്ഥാനങ്ങളിലും നേരത്തെ തന്നെ നിശ്ചയിച്ചു വച്ചിട്ടുണ്ട്. ജഡ്ജിനു ഇതിൽ ചില നീക്കുപോക്കുകൾ വരുത്താമെങ്കിലും ഏറ്റവും കുറവും ഏറ്റവും കൂടുതലും പിഴകൾ ഈ നിയമങ്ങളുടെ ഭാഗം ആയതു കൊണ്ട് വലിയ മാറ്റങ്ങൾ ഒന്നും ന്യായാധിപന്മാർക്കും വരുത്താൻ കഴിയില്ല. ഇങ്ങിനെ കൊടുക്കുന്ന പിഴ കൂടാതെ സ്പീഡിങ്, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ പല ട്രാഫിക് കുറ്റകൃത്യങ്ങൾക്കും കൂടെ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതൽ അഞ്ച് വരെ പോയിന്റുകൾ ലഭിക്കും. ഇങ്ങിനെ കിട്ടുന്ന ഓരോ പോയിന്റിനും അനുസരിച്ച് ഇൻഷുറൻസ് തുക വളരെ അധികം കൂടും. 12 പോയിന്റ് ആയാൽ ലൈസൻസ് റദ്ധാക്കപ്പെടുകയും ചെയ്യും. ഇങ്ങിനെ സ്പീഡിങ് പോലുള്ള കുറ്റകൃത്യങ്ങൾക്ക് കോടതിയിൽ പിഴയും അടക്കണം, പിന്നീടുള്ള പല വർഷങ്ങളിലും വളരെ വലിയ ഒരു തുക ഇൻഷുറൻസിന് അധികമായും അടക്കണം എന്നുള്ളത് കൊണ്ട് ആളുകൾ വളരെ സൂക്ഷിച്ചാണ് വണ്ടിയോടിക്കുന്നത്. പക്ഷെ 70 ബില്യൺ ഡോളർ ആസ്തിയുള്ള സക്കർബർഗും , മണിക്കൂറിനു 9 ഡോളർ സമ്പാദിക്കുന്ന പാവപ്പെട്ടവരും ഒരേ തുകയാണ് ഇത്പോലെ ഫൈൻ അടക്കേണ്ടത് എന്നതാണ് ഈ സിസ്റ്റത്തിന്റെ ഒരു കുഴപ്പം. വളരെ പാവപ്പെട്ടവർ ഇങ്ങിനെ ഫൈൻ അടക്കാൻ തുകയില്ലാതെ ജയിലിൽ അടക്കപെടുമ്പോൾ പണക്കാർ ഇതിനു പുല്ലുവില കല്പിക്കും.

ഇവിടെയാണ് ഫിൻലാൻഡ് എന്ന രാജ്യത്തെ പിഴ സമ്പ്രദായം ശ്രദ്ധയാകർഷിക്കുന്നത്. അവിടെ ഉള്ള ട്രാഫിക് കുറ്റകൃത്യങ്ങൾക്കുള്ള പിഴ, കുറ്റം ചെയ്തയാളുടെ ദിവസവേതനത്തെ അടിസ്ഥാനമാക്കിയാണ്. ചെറിയ കുറ്റകൃത്യങ്ങൾക്ക് ഒരു ദിവസത്തെ വരുമാനം പിഴയായി ഈടാക്കുമ്പോൾ വലിയ കുറ്റങ്ങൾക്ക് ഒരു മാസത്തെ വരുമാനം പിഴയായി ഈടാക്കും. ഇവിടെ കുറ്റം ചെയ്തവന് കിട്ടുന്ന pain point ദരിദ്രനും പണക്കാരനും ഒരേ പോലെ ആയിരിക്കും. ഒരു ദിവസം ആയിരം ഡോളർ ഉണ്ടാക്കുന്നവനും, 80 ഡോളർ ഉണ്ടാക്കുന്നവരും ഒരേ വേദന അനുഭവിക്കേണ്ടി വരും. 2015 ൽ ഒരു ബിസിനെസ്സ്കാരന് ലഭിച്ച് പിഴ 68,000 ഡോളർ ആയിരുന്നു, ഏതാണ്ട് 50 ലക്ഷം രൂപ.

നാട്ടിൽ വരുമ്പോൾ വണ്ടിയോടിക്കാൻ എനിക്ക് ഭയങ്കര പേടിയാണ്, കാരണം ഒരു നിയമവും പാലിക്കാതെയാണ് ആളുകൾ ഡ്രൈവ് ചെയ്യുന്നത്. പിഴ ആണെങ്കിൽ വളരെ കുറവും. പിഴ കാലോചിതമായി കൂടിയതിനെ ഞാൻ സ്വാഗതം ചെയ്യുന്നു, അതിന്റെ കൂടെ മേല്പറഞ്ഞപോലെ ആളുകളുടെ വരുമാനം അനുസരിച്ചുള്ള പിഴ ആലോചിച്ച് നോക്കാവുന്ന കാര്യമാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: