നിങ്ങൾക്ക് ബാങ്കുകളെ എങ്ങിനെ പറ്റിക്കാം…
1994 ൽ MCA എൻട്രൻസ് ജയിച്ച്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിക്കഴിഞ്ഞാണ് കോളേജ് ഫീസും ഹോസ്റ്റൽ ഫീസും കൊടുക്കാൻ പാങ്ങില്ല എന്നെനിക്ക് മനസിലായത്. ജോലി കിട്ടാൻ വളരെ അധികം സാധ്യത ഉള്ള ഒരു കോഴ്സ് ആയതു കൊണ്ട് ബാങ്ക് ലോൺ അപേക്ഷിക്കാൻ തീരുമാനിച്ചു. വർഷങ്ങളായി എന്റെ ബാപ്പയും ഉമ്മയും പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോൾ ആശ്രയിക്കുന്ന പള്ളുരുത്തി സർവീസ് സഹകരണം ബാങ്കിൽ ആണ് ആദ്യം അപേക്ഷിച്ചത്, ബാങ്കിലെ ആരെയോ പരിചയമുള്ള എന്റെ മറ്റൊരു കൂട്ടുകാരന് അവിടെ നിന്ന് ലോൺ കിട്ടിയ കാര്യം ഞാൻ കേട്ടിരുന്നു.
പക്ഷെ ലോൺ തരണമെങ്കിൽ രക്ഷിതാക്കളിൽ ഒരാളുടെ സ്ഥിരാവരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന കടമ്പയിൽ തട്ടി അത് നടന്നില്ല. ബാപ്പക്ക് കൂലിപ്പണി ആയതു കൊണ്ട്, സ്ഥിരവരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ആഫീസിൽ നിന്ന് കിട്ടിയില്ല.
പിന്നെ കാണുന്ന ബാങ്കുകളിൽ എല്ലാം കേറി ഇറങ്ങി നോക്കി. അവസാനം എനിക്കൊരു കാര്യം മനസിലായി, ആവശ്യം ഉള്ളവന് ലോൺ എങ്ങിനെ കൊടുക്കാതിരിക്കാം എന്ന് ഗവേഷണം ചെയ്യുകയും, ആവശ്യം ഇല്ലാത്തവന് ലോൺ വേണോ എന്ന് ചോദിച്ച് അവരുടെ വാതിൽക്കൽ കെട്ടികിടക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ആണ് ബാങ്കുകൾ. സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ ഈടില്ലാതെ ആവശ്യം ഉള്ള ഒരുത്തനും ബാങ്കുകൾ ലോൺ കൊടുക്കില്ല.
വർഷങ്ങൾക്ക് ശേഷം, IT സെക്ഷനിൽ ആണെങ്കിൽ കൂടി, ഒരു ബാങ്കിൽ ജോലി ചെയ്ത് തുടങ്ങിയപ്പോൾ ആണ്, എനിക്ക് “അവരുടെ ഭാഗത്ത്” നിന്ന് ചിന്തിക്കാൻ അവസരം കിട്ടിയത്. ബാങ്കുകൾ ലോൺ കൊടുക്കുന്നത് അവരുടെ പണമല്ല, മറിച്ച് അവിടെ പണം നിക്ഷേപിച്ച സാധാരണക്കാരുടെ പണം ആണ്, അതുകൊണ്ട് തിരിച്ചടവ് ഉറപ്പ് വരുത്തേണ്ടത് ബാങ്കുകളുടെ ചുമതല ആണ്. നമ്മുടെ തിരിച്ചടവ് ഉറപ്പ് വരുത്താൻ ബാങ്കുകൾ സ്വീകരിക്കുന്ന മാർഗങ്ങൾ ആണ് വീടിന്റെ ആധാരം വാങ്ങി വയ്ക്കലും, സ്ഥിര വരുമാന സർട്ടിഫിക്കറ്റ് ചോദിക്കലും എല്ലാം. തിരിച്ചടവ് ഉറപ്പു വരുത്തിയിട്ടാണ് എല്ലാ ബാങ്കുകളും ലോൺ കൊടുക്കുന്നതെങ്കിൽ വിജയ് മല്യയെ പോലെ ഒരാൾക്ക് എങ്ങിനെ ആണ് 17 പൊതുമേഖലാ ബാങ്കുകളെ പറ്റിച്ച് 9000 കോടി രൂപയുമായി മുങ്ങാൻ കഴിയുന്നത്? അത് അറിയണമെങ്കിൽ ബാങ്കുകൾ എങ്ങിനെ ആണ് ലോണുകളുടെ തിരിച്ചടവ് ഉറപ്പു വരുത്തന്നത് എന്നും, അതിലെ പഴുതുകൾ എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കണം.
ബാങ്കുകളുടെ തിരിച്ചടവിന്റെ നഷ്ടസാധ്യതകളെ ക്രെഡിറ്റ് റിസ്ക് എന്നാണ് പറയുന്നത്. ഒരു ബാങ്കിനും അത് നൽകുന്ന എല്ലാ ലോണുകളും തിരിച്ചു കിട്ടാറില്ല. ബാങ്കുകൾ ആ റിസ്ക് പരമാവധി കുറക്കാൻ നോക്കുകയാണ് ചെയ്യുന്നത്. ഒരു വ്യക്തി അല്ലെങ്കിൽ സ്ഥാപനം ലോൺ തിരിച്ചു തരാൻ കഴിയാത്ത വണ്ണം പാപ്പരായി പോകാൻ ഉള്ള സാധ്യത (Probability of default, PD https://en.wikipedia.org/wiki/Probability_of_default)യെ ബാങ്കിലേക്ക് ഇനി അടച്ച് തീർക്കാൻ ഉള്ള പണം കൊണ്ട് ഗുണിച്ചാൽ കിട്ടുന്നതാണ്, ബാങ്കിന് ഈ ലോണിൻമേൽ ഉള്ള റിസ്ക്. ഉദാഹരണത്തിന്, നിങ്ങൾ ഒരു സർക്കാർ ജീവനക്കാരൻ ആണെന്ന് കരുതുക, നിങ്ങള്ക്ക് വേറെ ബാധ്യതകൾ ഒന്നും ഇല്ലാതെ, ഒരു ബാങ്കിൽ നിന്ന്, കുറച്ച് വർഷങ്ങൾ കൊണ്ട് തിരിച്ചടക്കാൻ കഴിയുന്ന, പത്ത് ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ നഷ്ടസാധ്യത വളരെ കുറവായിരിക്കും. ഒരു ലൈഫ് ഇൻഷുറൻസ് കൂടി ഉണ്ടെങ്കിൽ നഷ്ടസാധ്യത ആയിരത്തിൽ ഒന്ന് ആയി കുറയാം. അപ്പോൾ ബാങ്കിന് ഈ ലോണിൻമേൽ ഉള്ള നഷ്ടസാധ്യത 1000000/1000 ആണ്, അഥവാ വെറും 1000 രൂപ മാത്രം ആണ്. എന്നാൽ സ്ഥിരവരുമാനം ഇല്ലാത്ത ഒരാൾ അല്ലെങ്കിൽ ഒരു ചെറിയ കമ്പനിയെ കച്ചവടമോ നടത്തുന്ന ഒരാൾക്ക് ആണ് ലോൺ കൊടുക്കുന്നതെങ്കിൽ തിരിച്ചടക്കാൻ കഴിയാത്ത സാധ്യത കൂടുതൽ ആയിരിക്കും. അത്കൊണ്ട് ഇങ്ങിനെ ഉള്ളവർക്ക് ലോൺ കൊടുക്കുമ്പോൾ ബാങ്കുകൾ collateral എന്ന് വിളിക്കുന്ന ഒരു ആസ്തി ഉറപ്പായി കൊടുക്കേണ്ടി വരും. അത് വീടിന്റെ ആധാരം ആവാം അല്ലെങ്കിൽ ഒരു കമ്പനിയുടെ ആസ്തി ആവാം.
ഇങ്ങിനെയൊക്കെ കരുതലെടുത്തിട്ടും എങ്ങിനെ ബാങ്കുകളെ പറ്റിക്കാൻ കഴിയുന്നു? കാരണം സാധാരണക്കാരനും ചെറിയ കമ്പനികൾക്കും ലോൺ കൊടുക്കുന്നത് പോലെയല്ല ബാങ്കുകൾ വലിയ കമ്പനികൾക്ക് ലോൺ കൊടുക്കുന്നത്. ഉദാഹരണത്തിന് വിജയ് മല്ല്യ എങ്ങിനെ ബാങ്കുകളെ പറ്റിച്ചു എന്ന് നമുക്ക് നോക്കാം.
1. ബാങ്കുകളെ പറ്റിക്കാനുള്ള ആദ്യപടി ഒരു കമ്പനി തുടങ്ങുകയാണ്. പറ്റിക്കാനുള്ള ബാങ്കിന്റെ സൈസ് അനുസരിച്ച് നിങ്ങളുടെ കമ്പനിയും വലുതോ ചെറുതോ ആകാം. ഇനി ഒരു കമ്പനി ഉണ്ടെങ്കിൽ അത് കൂടാതെ വേറെ കമ്പനികൾ തുടങ്ങണം. ഉദാഹരണത്തിന് വിജയ് മല്ല്യ ബിയർ ഉണ്ടാക്കുന്ന United Breweries കമ്പനിയുടെ കൂടെ കിങ്ഫിഷർ എയർലൈൻസ് തുടങ്ങി.
2. അറിയാവുന്ന കുറെ പേരെ നിങ്ങളുടെ കമ്പനിയിൽ ഡയറക്ടർ ബോർഡിൽ സ്ഥാപിക്കുക. കിംഗ് ഫിഷർ എയർലൈൻസ് ഡയറക്ടർ ബോർഡിൽ ഹാർട്ട് സർജൻ നരേഷ്, ടെന്നീസ് കളിക്കാരൻ വിജയ് അമൃത്‌രാജ്, LIC – സെബി എന്നിവയുടെ മുൻ ചെയർമാൻ ആയ ബാജ്പേയ്, മുൻ ഫിനാൻസ് സെക്രട്ടറി പിയുഷ് തുടങ്ങി കുറെ പേരുണ്ടായിരുന്നു. കമ്പനിയുടെ സൽപ്പേര് ഉണ്ടാക്കുക എന്നതിന് വേണ്ടിയാണിത്.
3 . നിങ്ങളുടെ കമ്പനി നഷ്ടത്തിലായാൽ പോലും ചില പൊടിക്കൈകൾ കൊണ്ട് കമ്പനിയുടെ പേരും പ്രശസ്തിയും ഉയർത്തണം. ഒരു വർഷം പോലും ലാഭം ഉണ്ടാക്കാത്ത കിംഗ് ഫിഷർ, മോഡലിംഗ് ഷോകൾ, കലണ്ടറുകൾ തുടങ്ങി ചെറിയ പരിപാടികളിലൂടെ പ്രസിദ്ധി ആർജിച്ചത് ഓർക്കുക.
4. ഇനിയാണ് ലോൺ കിട്ടാനായി നിങ്ങൾ ബാങ്കുകളെ സമീപിക്കേണ്ടത്. ഞാൻ നേരത്തെ പറഞ്ഞ പോലെ ഭാവിയിൽ ഉയർന്ന വളർച്ച ഉണ്ടാകാൻ സാധ്യത ഉള്ള കമ്പനികൾക്ക് ലോൺ അനുവദിക്കാൻ ബാങ്കുകൾ ക്യൂ നിൽക്കും. അതിനായി നമ്മൾ പ്രതീക്ഷിക്കാത്ത സാധനങ്ങൾ പോലും അവർ ഈടായി സ്വീകരിക്കും. കിംഗ് ഫിഷർ എയർ ലൈന്റെ കാര്യത്തിൽ ലോൺ കൊടുത്ത ബാങ്കുകളെയും അവ എന്തിന്റെ അടിസ്ഥാനത്തിൽ കൊടുത്തും എന്ന് നമുക്ക് നോക്കാം
എ. ട്രേഡ് മാർക്കുകളും ഗുഡ് വില്ലും (ഗുഡ് വിൽ – ഒലക്കേടെ മൂട് ) ബാങ്കിന് ഈടായി നൽകി SBI ബാങ്കിൽ നിന്നും 1600 കോടി രൂപ. ഇന്ന് ഇതെല്ലാം കൂടി വെറും 6 കോടി രൂപയുടെ വിലെ ഉള്ളൂ എന്നാലോചിക്കുമ്പോൾ ആണ് കുറഞ്ഞ നിക്ഷേപത്തിന് സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന SBI യുടെ മണ്ടത്തരത്തിന്റെ വ്യാപ്തി മനസിലാക്കാൻ കഴിയുക.
ബി .ഏതാണ്ട് ഇതേ സാധനം ( കിംഗ് ഫിഷർ എയർലൈൻസ് പേരും ഗുഡ് വില്ലും) ഈടായി വച്ചിട്ട് ഐഡിബിഐ ബാങ്കിൽ നിന്ന് 700 കോടി രൂപ. രണ്ടു ബാങ്കിൽ നിന്ന് ഒരേ സാധനം വച്ച് രണ്ടു ലോൺ എങ്ങിനെ കിട്ടി എന്ന് എനിക്കൊരു ഐഡിയയും ഇല്ല, ഇതു ബാങ്കുകളും മല്യയും കൂടി നടത്തിയ ഫ്രോഡ് ആകാൻ ആണ് സാധ്യത. ഒരു ആധാരം ആയിരുന്നെങ്കിൽ ബാങ്കിൽ വാങ്ങി വയ്ക്കാമായിരുന്നു, ഈ പേരും ഗുഡ് വില്ലും എല്ലാം intangible assets ആണല്ലോ. എന്തായാലും ഈ കേസിൽ മാത്രം ഐഡിബിഐ ബാങ്കിന്റെ മുൻ ചെയർമാനെ സിബിഐ അറസ്റ്റ് ചെയ്തു എന്ന് കഴിഞ്ഞ വർഷം വായിച്ചിരുന്നു.
സി . എയർ കണ്ടീഷണർ, കസേര തുടങ്ങി അല്ലറ ചില്ലറ സാധനങ്ങൾ ഈട് വച്ച് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 650 കോടി രൂപ. ഒരു പഠന ലോണിന് അപേക്ഷിക്കുമ്പോൾ ഇത് പോലെ ഇരിക്കുന്ന കസേരയും മറ്റും ഈടായി ബാങ്കുകൾ അനുവദിക്കുന്ന കാര്യം ഓർക്കാനേ വയ്യ, പക്ഷെ ഒരു കമ്പനി ആകുമ്പോൾ എല്ലാം നടക്കും, നിങ്ങൾ ആരെ കാണുന്നു എന്ത് സംസാരിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും കാര്യങ്ങൾ.
ഡി . പറക്കാത്ത രണ്ട് ഹെലികോപ്റ്ററുകൾ ഈടു വച്ച് ഇന്ത്യൻ ഓവർസീസ് ബാങ്ക് 180 കോടി രൂപ കൊടുത്തു. ഇപ്പോൾ ബാങ്കിന് അത് വിൽക്കാനും സാധിക്കുന്നില്ല, മിക്കവാറും അതിന്റെ പാർക്കിംഗ് പൈസ ബാങ്ക് കയ്യിൽ നിന്ന് എടുത്ത് കൊടുക്കുന്നുണ്ടാവണം.
5. അടുത്ത സ്റ്റെപ്, ഇത്രയും ലോൺ കിട്ടിക്കഴിയുമ്പോൾ നിങ്ങൾ മൗറീഷ്യസ് അല്ലെങ്കിൽ കേമാൻ ദ്വീപിലേക്ക് കുറച്ച് പൈസ മാറ്റുക. ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഉള്ള സാമ്പത്തിക കുറ്റവാളികൾ കള്ളപ്പണം സൂക്ഷിക്കാൻ സ്ഥിരം ചെയ്യുന്ന പരിപാടി ആണിത്. വിജയ് മല്ല്യ ഇങ്ങിനെ മാറ്റിയത് വെറും നാലായിരം കോടി മാത്രം! നിങ്ങളുടെ ബിസിനസ് എങ്ങിനെ നടക്കുന്നു എന്ന് നിങ്ങൾ വേവലാതി പെടുകയേ വേണ്ട. കാരണം ബിസിനസ് നടത്താൻ അല്ലല്ലോ നിങ്ങൾ ഈ ലോൺ എല്ലാം എടുത്തത്.
6. അവസാനത്തെ പക്ഷെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റെപ്, കുടുംബവും ആയി കൂടുതൽ സമയം ചിലവഴിക്കാൻ എന്ന വ്യാജേന, നിങ്ങൾ നിങ്ങൾ സ്ഥാപിച്ച കമ്പനിയിൽ നിന്ന് രാജി വയ്ക്കുക. എന്നിട്ട് ലണ്ടനിലേക്കോ മറ്റോ കുടുംബസമേതം താമസം മാറ്റുക. ഒരു സ്ഥാപനത്തിന് ബാങ്കുകൾ ലോൺ കൊടുക്കുമ്പോൾ അത് തിരിച്ച് പിടിക്കേണ്ടത് ആ സ്ഥാപനത്തിൽ നിന്നാണ് എന്നുള്ളത് കൊണ്ട് നിങ്ങളുടെ കാര്യം സേഫ്.
ഈ നടന്നതൊന്നും ബാങ്കുകൾ അറിയാതെ ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ മൂഢസ്വർഗ്ഗത്തിലാണ്. എല്ലാ ദിവസവും സാമാന്യം വലിയ എല്ലാ ബാങ്കുകളും അവരുടെ റിസ്ക് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. ക്രെഡിറ്റ് റിസ്ക് റിപ്പോർട്ടിൽ ബാങ്കിന്റെ നഷ്ട സാധ്യതകളും മറ്റും ഉണ്ടാവും. ഏറ്റവും വലിയ ഡീഫോൾട് ചെയ്ത ആളുകളുടെയും, തിരിച്ചടവ് മുടക്കുന്നവരുടെയും എല്ലാം പേര് ഈ റിപ്പോർട്ടുകളിൽ ഉണ്ടാവും. മല്ല്യയ്ക്ക് നിയമം ലങ്കിച്ച് ലോൺ കൊടുത്തത് കൊണ്ട് വലിയ ബാങ്കുകൾ ഒന്നും ഈ തിരിച്ചടവ് മുടക്കം സിബിഐ യെ അറിയിച്ചില്ല എന്നാണ് മല്ല്യ രാജ്യം വിട്ടു കഴിഞ്ഞു സിബിഐ ഡയറക്ടർ പരിതപിച്ചത്.
ഇന്ത്യയിലെ വലിയ ബാങ്കുകൾ എല്ലാം അന്താരാഷ്ട്ര ബാങ്കുകളും ആയി ബന്ധപെട്ടു കിടക്കുന്നത് കൊണ്ട് ലോകത്തിലെ എല്ലാ ബാങ്കുകളുടെയും സാമ്പത്തിക ആരോഗ്യം നിലനിർത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ബാങ്കുകൾക്ക് ഇങ്ങിനെ ഉള്ള കാര്യങ്ങളിൽ മാർഗ നിർദ്ദേശം നൽകാൻ സ്വിട്സർലാന്റിലെ ബേസൽ എന്ന സ്ഥലത്തു വളരെ വർഷങ്ങൾക്ക് മുൻപ് പല രാജ്യങ്ങൾ ചേർന്ന് സ്ഥാപിച്ച ബേസൽ കമ്മിറ്റി ഫോർ ബാങ്കിങ് സൂപ്പർവിഷൻ (BCBS – https://en.wikipedia.org/wiki/Basel_Committee_on_Banking_Supervision) എന്നൊരു സ്ഥാപനം ഇന്ത്യ ഉൾപ്പെടെ ഉള്ള തങ്ങളുടെ അംഗരാജ്യങ്ങളിലെ ബാങ്കുകൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഈ റിപ്പോർട്ടുകളിലും ബാങ്കുകളുടെ നഷ്ട സാധ്യതകൾ ഉണ്ടാവും, കൂടാതെ ബാങ്കുകൾ എത്ര പണം കയ്യിൽ വയ്ക്കണം എന്നെല്ലാം ഉള്ള കാര്യങ്ങൾ ഈ കമ്മിറ്റി പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. ഇന്ത്യയിലെ ബാങ്കുകളും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ബേസൽ കമ്മിറ്റി തുടങ്ങിയതിന് പിന്നിൽ ഒരു കൗതുകകരമായ സംഭവം ഉണ്ട്, പിന്നീട് എഴുതാം.
ഇന്ത്യയിലെ ബാങ്കുകൾ നിയമങ്ങൾ തെറ്റിച്ച് ഇത്രയും കൂടുതൽ പണം ഫ്രോഡ് നടത്തിയിട്ട് ബാങ്കിൽ ജോലി ചെയ്യുന്ന ഒരാളെ പോലും അല്ലെങ്കിൽ ഒരു ബാങ്ക് / ഗവണ്മെന്റ് ഉദ്യോഗസ്ഥനെ പോലും അഴിക്കുള്ളിൽ ആക്കാൻ നമുക്ക് കഴിയാതെ പോയത് എന്ത് കൊണ്ടാണ്? അതും കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ ഗവണ്മെന്റ് മല്ല്യയെ പോലുള്ള ആളുകൾ ബാങ്കുകളെ പറ്റിച്ച് വാങ്ങിയ രണ്ടര ലക്ഷം കോടി മോശം ലോണുകൾ എഴുതി തള്ളിയ സ്ഥിതിക്ക്. ഇത് എന്റെയും നിങ്ങളുടെയും നികുതി പണം ആണ്, മല്ല്യയെ പോലുള്ളവർക്ക് പ്ലേ ബോയ് കളിച്ചു നടക്കാൻ ഉള്ളതല്ല. കർഷകർ ആത്മഹത്യ ചെയ്യുന്ന നാട്ടിൽ ഇതിന് ഒരു അറുതി വരുത്തേണ്ടത് അത്യാവശ്യം ആണ്.
നബി 1 : ഇത് വായിച്ചിട്ട് ആരെങ്കിലും ഏതെങ്കിലും ബാങ്കിനെ പറ്റിച്ചാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല 🙂
നബി 2 : അന്നത്തെ ഗവണ്മെന്റ് വിദ്യാർത്ഥി ലോണിന് ഒരു മിനിമം ക്വാട്ട വച്ചിരുന്നു, അത് തികയ്ക്കാൻ വേണ്ടി ആണോ എന്തോ എനിക്ക് കാനറാ ബാങ്ക് ലോൺ തന്നു. ഇന്നും എന്റെ സ്ഥിര നിക്ഷേപങ്ങൾ അവിടെയാണ്. എപ്പോഴും അവർ ചോദിക്കും, HDFC പോലുള്ള ന്യൂജൻ ബാങ്ക് വിട്ടിട്ട് എന്തിനാണ് ഇവിടെ വന്നു ക്യു നിൽക്കുന്നതെന്ന്, ആവശ്യം ഉള്ളപ്പോൾ പൈസ തന്നവരെ അങ്ങിനെ മറക്കാൻ പാടില്ലല്ലോ.
നബി 3 : വ്യക്തികൾക്ക് മാത്രം അല്ല, രാജ്യങ്ങൾക്കും നമ്മളെ പറ്റിക്കാം, അതാണ് 1998 ൽ റഷ്യ ചെയ്തത്, അതും, ബാങ്കുകളെ എങ്ങിനെ പറ്റിക്കാം എന്ന് പുതിയ പാഠങ്ങൾ പഠിപ്പിച്ച നീരവ് മോദി ഭായിയെ കുറിച്ചും മറ്റും വേറൊരിക്കൽ എഴുതാം.
Leave a Reply