ബാപ്പ മരിച്ചപ്പോൾ എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല. പക്ഷെ ഏതാണ്ട് എല്ലാ ദിവസവും ഞാൻ ഉമ്മയെ വാട്സാപ്പിൽ വിളിക്കാറുണ്ട്. ആദ്യം വിളിക്കുമ്പോഴെല്ലാം ഉമ്മ ഒന്നുകിൽ നിസ്കാരത്തിലോ ഖുർആൻ ഓതുകയോ മറ്റോ ആയിരിക്കും. പക്ഷെ കുറച്ചു ദിവസങ്ങൾ ആയി ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നു, പുള്ളിക്കാരി ഏതാണ്ട് ഇപ്പോഴും വെളുത്ത വസ്ത്രമാണ് ധരിക്കുന്നത്, ദേഹത്ത് കിടന്ന സ്വർണ ആഭരങ്ങൾ അപ്രത്യക്ഷം ആയി, തലയിൽ ഇതുവരെ കാണാത്ത ഒരു കറുത്ത തുണി കൊണ്ട് മുടി മറച്ചതും ശ്രദ്ധയിൽ പെട്ടു.
ചോദിച്ചപ്പോൾ ആണ് കാര്യം പുറത്തു വന്നത്. ബാപ്പ മറിച്ച് ദുഃഖം അറിയിക്കാൻ വന്ന ബന്ധുക്കളും, അയൽക്കാരും സുഹൃത്തുക്കളും ആയ മുസ്ലിം സ്ത്രീകൾ ഉമ്മയോട് ഇദ്ദ ഇരിക്കണം എന്നാവശ്യപ്പെട്ടുവത്രെ. അവരുടെ അഭിപ്രായത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ഒരു ലിസ്റ്റും ഉമ്മ പറഞ്ഞു.
1. നാലു മാസം പത്തു ദിവസത്തേക്ക് വീടിനു പുറത്തിറങ്ങാൻ പാടില്ല. മറ്റു ചില സ്ഥലങ്ങളിൽ വേറെ പുരുഷന്മാരെ കാണാൻ പാടില്ല എന്ന് ആണ് നിയമമത്രെ.
2. സ്വർണ ആഭരണങ്ങൾ ധരിക്കരുത്.
3. വെള്ള വസ്ത്രം ധരിക്കണം.
4. തലമുടി പുറത്ത് കാണാത്ത വിധത്തിൽ കറുത്ത തുണി കൊണ്ട് മൂടണം
5. ടി വി കാണരുത്
തുടങ്ങി ഭർത്താവ് മരിച്ച ഒരു സ്ത്രീയെ എങ്ങിനെ ഒക്കെ ദ്രോഹിച്ച് ഒരു ഡിപ്രെഷനിലേക്ക് തള്ളി വിടാമോ, അതിനുള്ള എല്ലാ പരിപാടികളും ആളുകൾ പറഞ്ഞു കൊടുത്തിട്ടുണ്ട്.
“എന്റെ ചെറുപ്പത്തിൽ ഞാൻ ഇങ്ങിനെ ഒന്നും കേട്ടിട്ട് പോലും ഇല്ല. ഉമ്മ വെറുതെ ഇതിനൊക്കെ നിന്ന് കൊടുക്കുന്നത് എന്തിനാണ്? ” എന്ന് ഞാൻ ഉമ്മയോട് ഒച്ചയെടുത്തു.
“നിനക്ക് അവിടെ ഇരുന്നു ഇങ്ങിനെ ഒക്കെ പറയാം, ഇവിടെ ഈ സമൂഹത്തിൽ ജീവിച്ചു പോകേണ്ടത് ഞങ്ങളാണ്. ഇതൊന്നും ചെയ്തില്ലെങ്കിൽ ആളുകൾ വല്ലതുമൊക്കെ പറയും…” എന്നായിരുന്നു ഉമ്മയുടെ ഉത്തരം.
അതുകൊണ്ടാണ് ഞാൻ ഇതിനെകുറിച്ച് ഖുറാനിൽ എന്ത് പറയുന്നു എന്ന് നോക്കാം എന്ന് കരുതിയത്. വലിയ വ്യക്തതയില്ലാത്ത ഒരു വാചകം മാത്രമാണ് ഖുർആനിൽ ഇതിനെക്കുറിച്ചുള്ളത്. സന്ദർഭം മനസിലാക്കാതെ ഇത് വായിച്ചാൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ള ഒരു വാചകമാണ്, രണ്ടാം അധ്യായമായ അല്‍ ബഖറ (പശു) 2: 234 പറയുന്നത്. വിവാഹമോചനത്തെക്കുറിച്ചും, വിധവ പുനർ വിവാഹത്തിനെക്കുറിച്ചും എല്ലാം കൂട്ടികുഴച്ചു പറയുന്ന ഒരു ഭാഗമാണിത്.
234 : “നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ ( ഭാര്യമാര്‍ ) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.”
ഇത് വായിച്ചിട്ട് എനിക്ക് മനസിലായത് പുനർവിവാഹത്തിന്റെ ആവശ്യത്തിന് വേണ്ടിയോ, ഭർത്താവ് മരിച്ച ദുഃഖം ആചരിക്കാനോ നാലു മാസവും പത്തു ദിവസവും സ്ത്രീ കാത്തിരിക്കണം എന്നാണ്. മിക്കവാറും മരിച്ച ഭർത്താവിൽ നിന്ന് ഈ സ്ത്രീ ഗർഭം ധരിച്ചിട്ടുണ്ടെങ്കിൽ ആ കുട്ടിയുടെ പിതൃത്വത്തെ കുറിച്ച് സംശയം വരാതെ ഇരിക്കാനായിരിക്കണം നാലു മാസം പത്തു ദിവസം എന്ന അവധി സ്ത്രീകൾക്ക് മാത്രം വച്ചിരിക്കുന്നത്. പുരുഷന്മാർക്ക് ഇങ്ങിനെ ഒരു കാലാവധി ഒന്നും ഖുർആൻ പറയുന്നില്ല. പ്രെഗ്നൻസി ടെസ്റ്റും, ഗർഭപാത്രം എടുത്തു കളയലും മറ്റും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലെ ചില ആചാരങ്ങൾ ആയിരിക്കണം.
പുനർ വിവാഹവും ആയി ബന്ധപെട്ടിട്ടാണ് ഇത് പറഞ്ഞിരിക്കുന്നത് എന്ന് ഞാൻ പറയാൻ കാര്യം, സ്ത്രീകളുടെ ഇദ്ദയെക്കുറിച്ച് പറഞ്ഞതിന്റെ അടുത്ത വാചകം ആണുങ്ങൾ വിധവകളോടോ , വിവാഹ മോചനം നേടിയവരോടോ ഈ അവസരത്തിൽ പുനർവിവാഹത്തെ കുറിച്ചോ അയാൾക്ക് വിധവയോടുള്ള ഇഷ്ടത്തെക്കുറിച്ചോ പറയരുത് എന്നുള്ള വാക്യമാണ്.
235 : “( ഇദ്ദഃയുടെ ഘട്ടത്തില്‍ ) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്. നിയമപ്രകാരമുള്ള അവധി ( ഇദ്ദഃ ) പൂര്‍ത്തിയാകുന്നത് വരെ ( വിവാഹമുക്തകളുമായി ) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.”
ഈ സാധനത്തെയാണ് നമ്മുടെ ആളുകൾ സ്ത്രീ പുറത്തുപോകരുത്, വെള്ള വസ്ത്രം ധരിക്കണം, സ്വർണം ഇടരുത് എന്നെല്ലാം ഉള്ള സംഭവങ്ങൾ ആയി ആളുകൾ അവതരിപ്പിക്കുന്നത്. ഇതിനെല്ലാം ഉപോല്ബലകം ആയി മിക്കവാറും ആണുങ്ങൾ ഏതെങ്കിലും ഹദീസോ, ഫത്‍വയോ പൊക്കിപ്പിടിച്ചു കൊണ്ടുവരാനും സാധ്യതയുണ്ട്. ഖുർആൻ നിലവിൽ വന്ന കാലഘട്ടത്തിൽ ഉണ്ടായിരുന്ന സ്ത്രീവിരുദ്ധത ഉള്ള ഒരു മതത്തെ ആണുങ്ങൾ അവർക്ക് വേണ്ട പോലെ നിയമങ്ങൾ വ്യാഖ്യാനിച്ച് മുഴു സ്ത്രീവിരുദ്ധമായ ഒന്നാക്കി മാറ്റുന്ന മാജിക് ആണ് ഹദീസുകളിൽ കാണാൻ കഴിയുന്നത്.
ഇതിലെ വെള്ള വസ്ത്ര ധാരണം മിക്കവാറും ഹിന്ദു മതത്തിൽ നിന്നു കടം കൊണ്ട ഒരു സംഭവം ആയിരിക്കണം ഇത്, എന്റെ ഭാര്യയുടെ അച്ഛന്റെ ചേച്ചി മുപ്പതോളം വർഷമായി വിധവയായി കഴിയുകയാണ്, മിക്കപ്പോഴും വെള്ള വസ്ത്രമാണ് ധരിച്ചു കണ്ടിട്ടുള്ളത്. ഇസ്ലാമിലെ പോലെ വിധവ വിവാഹം പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല ഹിന്ദു മതം. കല്യാണം പോലുള്ള സന്ദർഭങ്ങളിൽ ഹിന്ദുക്കളിലെ വിധവകൾ അവഗണിക്കപ്പെടുന്നത് ഞാൻ എന്റെ കണ്ണുകൊണ്ടു തന്നെ കണ്ടിട്ടുണ്ട്.
ഭർത്താവ് മരിച്ച ഭാര്യയുടെയും, ബാപ്പ മരിച്ച മക്കളുടെയും എല്ലാം ദുഃഖാചരണം വളരെ വ്യക്തിപരം ആയി അവരുടെ മനസ്സിൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. അതിൽ നാട്ടിലുള്ളവർക്ക് ആദ്യത്തെ കുറച്ചു മണിക്കൂർ നേരത്തെ ഷോക്ക്, മരണാന്തരമുള്ള പല ചടങ്ങുകൾ കൊണ്ടും, ആളുകളുടെ സാന്നിധ്യം കൊണ്ടും, അധികമായി അനുഭവപ്പെടുന്നില്ല. ഈ ചടങ്ങുകൾ എല്ലാം കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയി കഴിയുമ്പോൾ ആണ് മനസ്സിൽ അടക്കി വച്ചിരിക്കുന്ന ദുഃഖത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസികൾക്ക് ഈ ചടങ്ങുകളും ആളുകളും ഇല്ലാത്തത് കൊണ്ട്, വളരെ പതുക്കെ മനസ്സിൽ എരിഞ്ഞു തീരുന്ന ഒന്നാണീ ദുഃഖാചരണം. ഇതിനിടയ്ക്ക് ആളുകൾ എന്ത് വസ്ത്രം ധരിക്കുന്നു, സ്വർണം ധരിക്കുന്നുണ്ടോ, വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടോ എന്നുള്ളതെല്ലാം ഒരു തരത്തിലും പ്രാധാന്യമില്ലാത്ത ഒന്നാണ്.
ഭർത്താവു മരിച്ച ഒരു സ്ത്രീയോട് പുറത്തിറങ്ങരുത്, സ്വർണം ധരിക്കരുത്, വെള്ള വസ്ത്രം ധരിക്കണം , മുടി മറക്കണം എന്നൊക്കെ പറയുന്ന ആളുകൾക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒരു സമൂഹം എന്ന നിലയിൽ ചികിത്സ ആവശ്യമായ ഒരു പ്രശ്നം തന്നെയാണിത്.
സർ, ഇദ്ദ ക്ക് വേണ്ടി ഇസ്ലാം ഏതെങ്കിലും ഡ്രസ്സ് കോഡ് ന് നിർദേശം ഒന്നും കൊടുത്തിട്ടില്ല.. ആ ഒരു പ്രദേശത്ത് നിലനിൽക്കുന്ന ആചാരം ആയിരിക്കാൻ ആണ് സാധ്യത. 4 മാസം 10 ദിവസം എന്നത് ഭാര്യ ക്ക് മാത്രം നൽകപ്പെട്ട ദുഃഖാചരണം സമയം ആണ്. മാനസികമായും ചിലർക്കെങ്കിലും ശാരീരികമായും തയ്യാരകുവാൻ ഉള്ള സമയം. അവർക്ക് യാതൊരു വിധ വിലക്കുകളും ഈ സമയത്തില്ല..
LikeLike