അണ്ടെർവെയറും ആഗോള സാമ്പത്തിക മാന്ദ്യവും…
നിങ്ങൾ അടിവസ്ത്രം വാങ്ങിച്ചില്ലെങ്കിൽ ആഗോള സാമ്പത്തികമാന്ദ്യമുണ്ടാകുമോ?
ചോദ്യം തമാശയായി തോന്നാമെങ്കിലും ആഗോള മാന്ദ്യം പ്രവചിക്കുന്ന ഒരു സൂചകം അടിവസ്ത്ര വിൽപ്പനയാണ്. കയ്യിൽ ചിലവാക്കാൻ പണമില്ലാതെവരുമ്പോൾ ആളുകൾ പുറത്തിടുന്ന വസ്ത്രങ്ങളിൽ കുറവ് വരുത്തുന്നതിന് മുൻപ് അടിവസ്ത്രം വാങ്ങുന്നത് കുറയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണമായി പറയുന്നത്. കാരണം പുറത്തു കാണുന്ന വസ്ത്രത്തിൽ കുറവ് വരുത്തുന്നതിന് മുൻപ് ആളുകൾ രണ്ടു പ്രാവശ്യമാലോചിക്കുമെങ്കിലും, അടിവസ്ത്രത്തിന്റെ കാര്യത്തിൽ ആ ആശങ്കയുടെ കാര്യമില്ലല്ലോ. മുൻപ് അമേരിക്കയിൽ ഫെഡ് ചെയർമാനായിരുന്ന അലൻ ഗ്രീൻസ്പാൻ ആണീ തിയറിയുടെ ഉടമ.
പക്ഷെ ചെമ്പ് പോലുള്ള ലോഹങ്ങളുടെ വില, സ്റ്റോക്ക് മാർക്കറ്റിന്റെ തകർച്ച, അടിവസ്ത്ര വിൽപ്പന ഇടിവ് തുടങ്ങിയവ സാമ്പത്തികമാന്ദ്യം തുടങ്ങിക്കഴിഞ്ഞു എന്ന് നമ്മെ അറിയിക്കുമ്പോൾ, സാമ്പത്തിക മാന്ദ്യം തുടങ്ങുന്നതിന് മുൻപ് തന്നെ അതിന്റെ വരവ് പ്രവചിക്കുന്ന ഒരു സൂചികയാണ് യീൽഡ് കർവ് ഇൻവെർഷൻ. കേൾക്കുമ്പോൾ വലിയ സംഭവമാണെന്ന് തോന്നുമെങ്കിലും താഴെപറയുന്ന ചില അടിസ്ഥാന കാര്യങ്ങൾ മനസിലാക്കിക്കഴിഞ്ഞാൽ ഇത് വളരെ ലളിതമായ ഒരു സംഗതിയാണെന്നു കാണാം.
1. കയ്യിൽ കൂടുതൽ പണമുള്ളപ്പോൾ, നമ്മൾ സാധനങ്ങൾ വാങ്ങും, കയ്യിൽ വളരെ അധികം പണമുള്ളവർ സ്റ്റോക്ക് മാർക്കെറ്റിൽ നിക്ഷേപിക്കും. സ്വകാര്യ കമ്പനികളാണ് സ്റ്റോക്ക് ഇറക്കുന്നത്, ഈ കമ്പനികളുടെ സാമ്പത്തിക വളർച്ച സ്റ്റോക്ക് വില ഉയർത്തും. നഷ്ടസാധ്യത കുറവുള്ള സമയത്താണ് ആളുകൾ സ്റ്റോക്ക് മാർക്കെറ്റിൽ നിക്ഷേപിക്കുന്നത്.
2. ഗവണ്മെന്റ് കടപ്പത്രം (government bond ) നഷ്ടസാധ്യത വളരെ കുറവുള്ള ഒന്നാണ്. ലാഭം സ്റ്റോക്കും ആയി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെങ്കിലും സാമ്പത്തികരംഗം ഇനി വഷളാവാൻ പോവുന്നു ഏന്ന് തോന്നുമ്പോൾ ആളുകൾ സ്റ്റോക്ക് വാങ്ങുന്നതിനു പകരം ഗവണ്മെന്റ് കടപ്പത്രം വാങ്ങും. ഗവണ്മെന്റ് കടപ്പത്രം ഒരു മാസം, രണ്ടു മാസം എന്ന് തുടങ്ങി 30 വർഷം കൊണ്ടുവരെ വരെ കാലാവധി പൂർത്തിയാക്കുന്ന പല തരത്തിൽ ഉള്ളവയുണ്ട്. ബാങ്കിൽ കൂടുതൽ നാളത്തേക്ക് നിക്ഷേപിച്ചാൽ കൂടുതൽ പലിശ നിരക്ക് കിട്ടുന്ന പോലെ, കൂടുതൽ നാളത്തേക്കുള്ള കടപ്പത്രങ്ങൾക്ക് പലിശ കൂടുതലായിരിക്കും. ഉദാഹരണത്തിന് 3 മാസം കൊണ്ട് കാലാവധി പൂർത്തിയാക്കുന്ന ബോണ്ടിന് പലിശ 5.5 ശതമാനമാണെങ്കിൽ ആറു വർഷ കാലാവധിയുള്ള ബോണ്ടിന്റെ പലിശ ഏതാണ്ട് 6.5 ശതമാനമാണ്. ഒരു മാസം മുതൽ 30 വർഷം വരെയുള്ള ബോണ്ടുകളുടെ പലിശനിരക്കുകൾ ഒരു ഗ്രാഫ് ആയി വരച്ചാൽ 5 ശതമാനം മുതൽ 8 ശതമാനം വരെ ചെറിയ പടികളായി കയറിപ്പോകുന്ന ഒരു ചെറിയ വളവുള്ള ഒരു ഗ്രാഫ് കിട്ടും. ഇതിനെയാണ് യീൽഡ് കർവ് എന്ന് പറയുന്നത്. യീൽഡ് എന്നാൽ നമുക്ക് കിട്ടുന്ന പലിശ. പക്ഷെ താഴെ വിശദീകരിച്ചിരിക്കുന്നു പോലെ യീൽഡ് സ്ഥിരമായി നിൽക്കുന്ന ഒന്നല്ല, സാമ്പത്തിക രംഗത്തിലെ മാറ്റം അനുസരിച്ച് യീൽഡ് കൂടിയോ കുറഞ്ഞോ കൊണ്ടിരിക്കും.
3. സ്റ്റോക്ക് മാർക്കെറ്റിനെക്കാൾ ആദായം കടപത്രങ്ങൾക്ക് കുറവായത് കൊണ്ട് സാമ്പത്തികരംഗം വളരെ നന്നായി പോകുമ്പോൾ ആളുകൾ ബോണ്ട് വിറ്റ് സ്റ്റോക്ക് മാർക്കറ്റിലേക്ക് നീങ്ങും. അപ്പോൾ ബോണ്ടിന്റെ വില കുറയും. നൂറു രൂപയ്ക്ക് ആദ്യം വാങ്ങിയ ബോണ്ട് ഇപ്പോൾ 95 രൂപയ്ക്ക് ലഭിക്കാം. മറിച്ച് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന് കണ്ടാൽ ആളുകൾ സ്റ്റോക്ക് മാർക്കെറ്റിൽ നിന്ന് കടപ്പത്ര വിപണിയിലേക്ക് തിരിയും, ബോണ്ടിന്റെ വില കൂടും. 100 രൂപയ്ക്ക് വാങ്ങിയ ബോണ്ടിന് ഇപ്പോൾ 105 രൂപ കൊടുക്കേണ്ടി വരാം. നോട്ട് ചെയ്യേണ്ട ഒരു കാര്യം നിങ്ങൾ 95 നോ 105 നോ വാങ്ങുന്ന ബോണ്ടിന്റെ പലിശ നിരക്ക് സ്ഥിരമായി നിൽക്കും. 5% കൂപ്പൺ റേറ്റ് ഉള്ള 100 രൂപയുടെ ബോണ്ട് നിങ്ങൾക്ക് എപ്പോഴും 5 രൂപ പലിശ തന്നെയാണ് തരുന്നത്.
4 . ബോണ്ടുകളുടെ പലിശ നിരക്ക് മാറ്റമില്ലാത്തതായതു കൊണ്ട്, ബോണ്ടിന്റെ വില കൂടിയാൽ അതിന്റെ ആദായം കുറയും. ഉദാഹരണത്തിന് നൂറു രൂപയ്ക്ക് അഞ്ച് ശതമാനം പലിശ കിട്ടുന്ന ബോണ്ട് വാങ്ങിയാൽ ഒരു വർഷത്തെ ആദായം അഞ്ച് രൂപ ആയിരിക്കും. പക്ഷെ ഈ ബോണ്ടിന്റെ വില കൂടി 110 രൂപയാൽ, പലിശ അഞ്ച് രൂപ (ബോണ്ടിന്റെ ആദ്യ വിലയായ നൂറിന്റെ അഞ്ച് ശതമാനം) തന്നെയായി നിലനിൽക്കുന്നതിനാൽ നിങ്ങൾക്ക് കിട്ടുന്ന പലിശ 4.5 ശതമാനമായി കുറയും. കാരണം മുൻപ് നൂറു രൂപയ്ക്ക് അഞ്ച് രൂപ കിട്ടുന്ന സ്ഥാനത്ത് ഇപ്പോൾ 110 രൂപയ്ക്കാണ് അഞ്ച് രൂപ കിട്ടുന്നത്. നമ്മൾ കൊടുത്ത പണത്തിന്റെ അടിസ്ഥാനപ്പെടുത്തി ഇപ്പോൾ കിട്ടുന്ന ലാഭ ശതമാനത്തെയാണ് യീൽഡ് എന്ന് പറയുന്നത്. മുകളിലെ ഉദാഹരണത്തിന് 5% ബോണ്ടിന്റെ ഇപ്പോഴത്തെ യീൽഡ് 4.5 ശതമാനം മാത്രമാണ്.
ഇനി ഒരു സാമ്പത്തികമാന്ദ്യം വരുമ്പോൾ ആളുകൾ ചെറിയ കാലയളവുകളിൽ കാലാവധി പ്രാപിക്കുന്ന ബോണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് പകരം ദീർഘനാൾ കൊണ്ട് കാലാവധി പ്രാപിക്കുന്ന ബോണ്ടുകളിലാണ് പണം നിക്ഷേപിക്കുക. കാരണം അടുത്ത കാലത്തൊന്നും ഈ പണം എടുത്ത് സ്റ്റോക്ക് മാർകെറ്റിൽ നിക്ഷേപിക്കാൻ കഴിയില്ല എന്ന് ആളുകൾക്കറിയാം. അതുകൊണ്ട് ദീർഘ നാൾ കൊണ്ട് കാലാവധി ആകുന്ന ബോണ്ടുകൾക്ക് ഡിമാൻഡ് അടുത്ത് തന്നെ കാലാവധിയാകുന്ന ബോണ്ടുകളേക്കാൾ ഡിമാൻഡ് വളരെയധികം കൂടും. പ്രശ്നം എന്താണെന്നു വച്ചാൽ, ഡിമാൻഡ് കൂടുന്നത് കൊണ്ട് അങ്ങിനെയുളള ബോണ്ടുകളുടെ വിലയും വർധിക്കും. നേരത്തെ നമ്മൾ കണ്ടപോലെ വില വർധിക്കുമ്പോൾ യീൽഡ് കുറയും.
സാമ്പത്തിക മാന്ദ്യം ഇല്ലാത്ത സമയത്ത് ദീർഘകാല ബോണ്ടുകളുടെ യീൽഡ് ഹ്ര്വസ്വകാല ബോണ്ടുകളുടെ യീൽഡിനെക്കാൾ കൂടുതലായിരിക്കും, പക്ഷെ സാമ്പത്തിക മാന്ദ്യ സമയത്ത് ദീർഘകാല ബോണ്ടുകളുടെ വില വർധിക്കുന്നത് കൊണ്ട് ഹ്ര്വസകല ബോണ്ടുകളുടെ യീൽഡിനെക്കാൾ ഇവയുടെ യീൽഡ് താഴെപ്പോകും. ഇതിനെയാണ് യീൽഡ് കർവ് ഇൻവെർഷൻ എന്ന് പറയുന്നത്. ഇത് സാമ്പത്തിക മാന്ദ്യം പ്രവചിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സൂചികയാണ്. 1950 മുതൽ ഏതാണ്ട് എല്ലാ സാമ്പത്തിക മാന്ദ്യത്തിനു മുൻപും യീൽഡ് കർവ് ഇൻവെർഷൻ നടന്നിട്ടുണ്ട്. ഒരു തവണ ഇത് തെറ്റായി പ്രവചിച്ചിട്ടുമുണ്ട്.
ഇപ്പോൾ പ്രശനമെന്താണെന്നു വച്ചാൽ തൊഴിലില്ലായ്മ കൂടിയതിന്റെയും, അടിവസ്ത്രവിലപ്പന കുറഞ്ഞതിന്റെയും കൂടെ ഈ മാസം അമേരിക്കയിലെയും ഇന്ത്യയിലെയും യീൽഡ് കർവ് തലതിരിഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ക്വാണ്ടിറ്റേറ്റീവ് ഈസിങ് എന്ന പേരിൽ ട്രെഷറി കുറെ കറൻസി അച്ചടിച്ചിറക്കിയത് കൊണ്ട് ഇത്തവണത്തെ യീൽഡ് കർവ് ഇൻവെർഷൻ സാമ്പത്തിക മാന്ദ്യം പ്രവചിക്കുമോ എന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ സാമ്പത്തികരംഗം നോട്ടുനിരോധനം മൂലം നട്ടെല്ലൊടിഞ്ഞു കിടക്കുകയായിരുന്നത് കൊണ്ട് സാമ്പത്തികമാന്ദ്യം ഇത്ര വൈകിയതെന്താണെന്ന അത്ഭുതം മാത്രമാണ് പലർക്കും.
അപ്പോൾ എല്ലാവരും പോയി ഷഡ്ഢി വാങ്ങൂ , നമ്മുടെ സാമ്പത്തിക രംഗം ഉഷാറാക്കൂ…
Leave a Reply