കേരള ചരിത്രം ഒരെത്തിനോട്ടം …

നിങ്ങൾ ഒരു രാജ്യത്ത് നിന്ന് വേറൊരു രാജ്യത്തേക്ക് നടന്നോ, സൈക്കിളിലോ മറ്റോ പോയിട്ടുണ്ടോ? ഞാൻ പോയിട്ടുണ്ട്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളും പല പ്രാവശ്യം പോയിട്ടുണ്ടാവണം. എങ്ങിനെ എന്ന് പറയുന്നതിന് മുൻപ് കുറച്ച് ചരിത്രം.

ഒരു രാജ്യം, രാജാവ് എന്നൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയാണ് നിങ്ങളുടെ മനസ്സിൽ വരുന്നത്?

അലക്സാണ്ടറെയും, ചന്ദ്രഗുപത മൗര്യനെയും അശോകനെയും തുടങ്ങിയവരെ കുറിച്ച് സ്കൂളിൽ പഠിച്ച നമ്മുടെ മനസിലെ സങ്കല്പം അനുസരിച്ച്, വളരെ വിസ്തൃതിയുള്ള ഒരു ഭരണപ്രദേശമായ രാജ്യം , വളരെ അധികാരമുള്ള, കോടിക്കണക്കിന് ജനങ്ങളുടെ മേൽ ഭരണ സ്വാധീനമുള്ള ഒരു ഭരണകർത്താവായ, വലിയ ഒരു കൊട്ടാരത്തിൽ സകല സുഖ സൗകര്യങ്ങളോടും കൂടി വാഴുന്ന ഒരു രാജാവ്, ഒരു നിയമസംഹിത, അത് നടപ്പിലാക്കാൻ പൊലീസ് , അന്യ രാജ്യക്കാർ ആക്രമിച്ചാൽ തിരിച്ചാക്രമിക്കാനും സുരക്ഷാ ഒരുക്കാനും ആയുധങ്ങളോട് കൂടിയ, അവ ഉപയോഗിക്കാൻ പരിശീലനം നേടിയ ഒരു വലിയ സൈന്യം, നികുതി വ്യവസ്ഥകൾ, ഖജനാവ്, നയങ്ങൾ നടപ്പിലാക്കാൻ മന്ത്രിമാർ എന്നിവ ഉൾപ്പെട്ട ഒരു വലിയ സെറ്റപ്പ് ആണ്. മാത്രമല്ല രാജ്യത്തിൽ കാർഷിക, വ്യവസായിക വ്യവസ്ഥകൾ ഉണ്ടാവും.

പക്ഷെ സിറ്റി സ്റ്റേറ്റ്സ് അഥവാ നാട്ടു രാജ്യങ്ങൾ എന്നൊരു സാധനം സാമൂഹിക ശാസ്ത്രത്തിൽ ഉണ്ട്. പണ്ടുകാലത്ത് നായാടി നടന്ന മനുഷ്യൻ കാർഷിക വിപ്ലവത്തിന്റെ ഭാഗമായി ഒരു സ്ഥലത്തു, മിക്കവാറും ഒരു നദീതീരത്ത്, കൃഷിയും ആയി ഒതുങ്ങി കൂടിയ ആദ്യ നാളുകളിൽ, ഒരു ചെറിയ നഗരത്തിലെ ജനങ്ങൾക്ക് മാത്രമായി രാജാക്കന്മാർ ഉണ്ടായിരുന്നു. അവിടെ അവരുടേതായ, മിക്കവാറും കൃഷിക്ക് വേണ്ടി ഉള്ള പ്രകൃതി ശക്തികളെ ആരാധിക്കുന്ന ദൈവങ്ങൾക്ക് വേണ്ടി, ഒരു ചെറിയ ക്ഷേത്രം, മിച്ചം വന്ന കാർഷിക വിഭവങ്ങൾ കൈമാറ്റം ചെയ്യാൻ രാജാവ് ഇറക്കുന്ന നാണയങ്ങൾ, അല്ലെങ്കിൽ ബാർട്ടർ സമ്പ്രദായം. ക്ഷേത്രം നടത്തിക്കൊണ്ടു പോകുന്ന, രാജാവിന് ദൈവത്തിന്റെ പരിവേഷം നൽകുന്ന പുരോഹിതർ തുടങ്ങിയ കാര്യങ്ങൾ ഉള്ള വളരെ ചെറിയ, ഏറ്റവും അടിസ്ഥാനപരമായ ഒരു ജനസമൂഹത്തെ ആണ് അന്ന് രാജ്യം എന്ന് വിളിച്ചു പോന്നത്. മെസോപ്പൊട്ടാമിയയിലെ സുമേറിയൻ നഗരമായ ഉർ , ബാബിലോൺ, ഈജിപ്തിലെ മെംഫിസ്, മായൻ നഗരമായ ചിച്ചെൻ ഇത്‍സാ എന്നിവ പഴയ നഗര രാജ്യങ്ങൾക്ക് ഉദാഹരങ്ങളാണ്‌. ആധുനിക ലോകത്ത് വത്തിക്കാൻ, മൊണാക്കോ എന്നിവ ഉദാഹരങ്ങളായി പറയാം.

വലിയ സാമ്രാജ്യങ്ങൾ നിലവിൽ വന്നപ്പോൾ പക്ഷെ ഈ സിറ്റി സ്റ്റേറ്റുകൾ അഥവാ നാട്ടുരാജ്യങ്ങൾ അപ്രത്യക്ഷമായി. അവയെല്ലാം വലിയ പടയോട്ടങ്ങളിൽ തകർന്ന് വലിയ രാജ്യങ്ങളുടെ ഭാഗമായി.

കേരളത്തിൽ പക്ഷെ കഥ തിരിച്ചായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് വരെ ചേര രാജാക്കന്മാരുടെ കുലശേഖര സാമ്രാജ്യത്തിൽ താരതമ്യേന ഒരു “രാജ്യമായിരുന്ന” കേരളം, കുലശേഖര സാമ്രാജ്യത്തിന്റെ അവസാനത്തിന് ശേഷം പല ചെറു നാട്ടുരാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടു. നമ്മുടെ ചെറിയ കേരളം പെരുമ്പടപ്പ് സ്വരൂപം, ആറ്റിങ്ങൽ സ്വരൂപം, കരുനാഗപ്പള്ളി സ്വരൂപം, കായംകുളം രാജവംശം, പൂഞ്ഞാർ രാജവംശം , ഇടപ്പളി സ്വരൂപം കൊടുങ്ങലൂർ രാജവംശം, വള്ളുവനാട്, കോട്ടയം ( ഇപ്പോഴുള്ള കോട്ടയം നഗരമല്ല, പഴശ്ശിയും ആയി ബന്ധപ്പെട്ട തലശ്ശേരിക്കടുത്തുള്ള കോട്ടയം), അറയ്ക്കൽ രാജവംശം തുടങ്ങി മുപ്പത്തി രണ്ടോളം നാട്ടുരാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ നീളത്തെ (580 km) 32 കൊണ്ട് ഹരിച്ചാൽ, ഈ ഓരോ “രാജ്യത്തിന്റെയും” രാജ്യത്തിൻറെ നീളം തെക്കുവടക്കായിട്ട് ഏകദ്ദേശം 18 കിലോമീറ്റർ മാത്രമേ ഉള്ളൂ. ഇതിൽ തന്നെ അമ്പലപ്പുഴ , ഇടപ്പള്ളി , പൂഞ്ഞാർ, പന്തളം തുടങ്ങി ഒരു സൈക്കിളിൽ ഒരു അറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് പോയി വരാവുന്ന രാജ്യങ്ങളും ഉണ്ടായിരുന്നു.

അരൂരിൽ ബസിറങ്ങി പള്ളുരുത്തിയിലേക്ക് നടന്നു വന്നാലോ, വൈപ്പിനിൽ നിന്ന് കൊടുങ്ങലൂരിലേക്ക് ബോട്ടിന് പോയാലോ എല്ലാം നിങ്ങൾ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ആണ് പോകുന്നത്. പല കുറ്റവാളികളും തിരുവിതാംകൂറിൽ നിന്ന് കായൽ നീന്തി കൊച്ചിയിൽ എത്തിയാൽ പിന്നെ തിരുവിതാംകൂർ പൊലീസിന് അയാളെ പിടിക്കാൻ കഴിയില്ല. വൈപ്പിനിൽ നിന്ന് കായൽ നീന്തി കൊടുങ്ങലൂരിൽ (മലബാറിൽ) എത്തിയാലും സ്ഥിതി അത് തന്നെ. എന്റെ കൂട്ടുകാരൻ സാമിന്റെ വീടിന്റെ അടുത്ത് ഇങ്ങിനെ ഒരു അതിരു കല്ല് അവൻ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. ഒരു വശത്തു കൊ എന്നും മറുവശത്തു തി എന്നും കൊത്തിവച്ചിട്ടുണ്ട്. കൊച്ചിയും തിരുവിതാംകൂറും തമ്മിൽ ഉള്ള അതിരായിരുന്നു അത്.

ഈ “രാജ്യങ്ങളിലെ” “രാജാക്കന്മാരെയും” കൊട്ടാരങ്ങളെയും സൈന്യങ്ങളെയും കുറിച്ചുള്ള ചരിത്രം നോക്കുന്നത് നല്ല രസകരമായ സംഗതിയാണ്.

പതിനാറാം നൂറ്റാണ്ടിലെ നായർ പടയാളികളുടെ കൂടെ കൊച്ചി രാജാവ് എഴുന്നള്ളുന്ന ഒരു പോർട്ടുഗീസ് പെയിന്റിംഗ് പ്രകാരം, വെറും മുണ്ട് മാത്രമാണ് രാജാവിന്റെ വേഷം. ഊരിയ വാളും പരിചയും ഉള്ള പ്രധാന നായർ പടയാളി ധരിച്ചിരിക്കുന്നത് കോണകം മാത്രമാണ്. മറ്റുള്ള നായർ പടയാളികളും വെറും കോണകം മാത്രം, കൈയിൽ കുന്തങ്ങൾ ഉണ്ട്. നമ്മൾ ചില പെയിന്റിങ്ങുകളിൽ കാണുന്ന പോലെ സിൽക്ക് വസ്ത്രങ്ങൾ ധരിച്ച ആളുകൾ ആയിരുന്നില്ല അന്നത്തെ രാജാക്കന്മാർ. നല്ല വസ്ത്രധാരണം എല്ലാം യൂറോപ്യൻ അധിനിവേശത്തിന് ശേഷം പിന്നീട് വന്നതാണ്. അതിനും മുൻപ് വെറും പരുത്ത കോട്ടൺ മുണ്ടും കോണകവും മറ്റുമായിരുന്നു ഇവരുടെ വസ്ത്രങ്ങൾ.

ഇവരുടെ “കൊട്ടാരങ്ങൾ” പ്രധാനമായും മുള , ചെളി എന്നിവ കൊണ്ട് നിർമിച്ച്, ഓല മേഞ്ഞവ ആയിരുന്നു. പന്തളം കൊട്ടാരത്തിന്റെ പഴയ ഭാഗങ്ങൾ നോക്കിയാൽ ഇത് മനസിലാവും. (Mud, bamboo, stone and wood are the mostly used construction components in the old structures). കേരളത്തിൽ നല്ലൊരു കൊട്ടാരം ആദ്യമായി വരുന്നത് 1555 ൽ മട്ടാഞ്ചേരിയിൽ കൊച്ചി രാജാവിന് ഡച്ചുകാർ മട്ടാഞ്ചേരി കൊട്ടാരം പണിതു കൊടുത്തപ്പോഴാണ്. സത്യം പറഞ്ഞാൽ കൊട്ടാരം പണിയാൻ അറിയാവുന്നവർ ആരും അന്ന് കേരളത്തിൽ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടിൽ നിന്ന് പണിക്കാരെ കൊണ്ടുവന്ന പദമനാഭപുരം കൊട്ടാരം പണിയുന്നത് 1601 ലാണ്, 1750 ലോ മറ്റോ പുതുക്കിപ്പണിത കൊട്ടാരമാണ് ഇപ്പോഴുള്ളത്.

കേരളത്തിലെ രാജാക്കന്മാർ ഇങ്ങിനെ ദരിദ്രനാരായണമാർ ആയിരിക്കാൻ പ്രധാന കാരണം ഭൂമിയുടെ ഉടമസ്ഥത അവർക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. ഒരു രാജ്യത്തിൽ നാടുവാഴികൾ, ദേശവാഴികൾ എന്നിങ്ങനെ പല കൂട്ടങ്ങളുടെ ഏകോപന ചുമതല മാത്രമായിരുന്നു പല രാജാക്കന്മാർക്കും ഉണ്ടായിരുന്നത്. ഭൂമി എല്ലാം നമ്പൂതിരിമാരുടെ ബ്രഹ്മസ്വമോ, ക്ഷേത്രത്തിന്റെ ഭാഗമായ ദേവസ്വമോ ആയിരുന്നു. കൃഷി ചെയ്തിരുന്ന “താഴ്ന്ന” ജാതിക്കാരുടെ മേൽ ഏർപ്പെടുത്തിയ പല തരത്തിൽ ഉള്ള നികുതികൾ ആയിരുന്നു രാജാക്കന്മാരുടെ പ്രധാന വരുമാനമാർഗം. അവ പിരിക്കാൻ നായർ പടയാളികൾക്കായിരുന്നു അവകാശം. ഭൂമിക്ക് ഉടമസ്ഥ അവകാശം ഇല്ലാത്തത് കൊണ്ട്, ഭൂനികുതി എന്നൊരു സംഭവം ഉണ്ടായിരുന്നില്ല. പക്ഷെ കച്ചവടക്കാരിൽ നിന്ന് പത്ത് ശതമാനം കരം പിരിച്ചിരുന്നു.

കുരുമുളകിന്റെയും മറ്റും വിദേശത്തേക്കുള്ള കയറ്റുമതി ആയിരുന്നു മറ്റൊരു പ്രധാന വരുമാനം. പക്ഷെ കുരുമുളകും മറ്റും സ്വാഭാവിക്കായി വരുന്ന ചെടികളിൽ നിന്ന് വിളവെടുക്കുന്നത് അല്ലാതെ ഒരു കൃഷി ആയി അന്നുണ്ടായിരുന്നില്ല. മാത്രമല്ല നെൽകൃഷിയും നാമമാത്രം ആയിരുന്നു. കേരളത്തിലെ ഭൂപ്രദേശവും മറ്റും ഇന്നത്തെ നിലയിൽ ആയിട്ട് വളരെ വർഷങ്ങൾ ആയിട്ടില്ല. കൊടുങ്ങലൂർ നിന്ന് പുറക്കാട് വരെ കപ്പലിന് പോകാൻ തക്ക ആഴത്തിലും വീതിയിലും ഒരു പുഴ ഉണ്ടായിരുന്നു. പുറക്കാട് തുറമുഖം ഉണ്ടായിരുന്നു. വൈപ്പിൻ പോലുള്ള ദ്വീപുകൾ ഉണ്ടായത് തന്നെ 14 ആം നൂറ്റാണ്ടിൽ മാത്രമാണ്. കടലിനോട് അടുത്തുള്ള സ്ഥലങ്ങളും കുട്ടനാടും എല്ലാം കൃഷിയോഗ്യമായി വന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രം ആയിരുന്നിരിക്കണം. കരമാർഗം സഞ്ചരിക്കാൻ നല്ല പാതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാളവണ്ടികൾ പോകുന്ന വഴികളും മറ്റുമായിരുന്നു അന്നത്തെ പ്രധാന ഹൈവേകൾ. ജലപാത ആയിരുന്നു പ്രധാന സഞ്ചാരമാർഗം.

ഇവരുടെ സൈന്യം ഇതിലേറെ തമാശയാണ്. നായർ “പടയാളികൾ” ആണ് പ്രധാന സൈന്യക്കാർ. ജന്മ ഉദ്ദേശം തന്നെ യുദ്ധമാണ്, പക്ഷെ ഇവരുടെ യുദ്ധം നമ്മൾ കരുതുന്ന പോലത്തെ യുദ്ധം അല്ല. നേരത്തെ പറഞ്ഞുറപ്പിച്ച ഒരിടത്ത് രണ്ടു പക്ഷത്തും ഉള്ള നൂറു കണക്കിന് നായന്മാർ വന്നു വാളും പരിചയും കൊണ്ട് കുറച്ച് മണിക്കൂറുകൾ നടത്തുന്ന ഒരു തരം മാമാങ്കമോ കൂട്ടത്തല്ലോ ആണ് ഇവരുടെ യുദ്ധം.യുദ്ധം ചെയ്യുന്ന രണ്ടു ഭാഗത്തുള്ളവരും ഈ “യുദ്ധം” തുടങ്ങുന്ന വരെ ഒന്നിച്ചിരുന്ന് വെടി പറയുകയും ഊണ് കഴിക്കുകയും ചെയ്യുമായിരുന്നു. രണ്ടോ മൂന്നോ ആളുകൾ പരിക്ക് പറ്റി വീണാൽ അന്നത്തെ യുദ്ധം അവസാനിക്കും. ഇരുപത് പേർ മരിക്കുന്ന യുദ്ധം ഒക്കെ അന്നത്തെ ആഴ്ചകൾ എടുക്കുന്ന മഹാ യുദ്ധങ്ങൾ ആയിരുന്നു. ആനകളെ ഉപയോഗിച്ചിരുന്നു, കുതിരപട്ടാളം ഉണ്ടായിരുന്നില്ല.

നമ്മുടെ നാട്ടിൽ ഇപ്പോൾ കാണുന്ന ചില ഗൂർഖകളെ പോലെ ഉള്ള ആളുകൾ ആയിരുന്നു നായർ പട്ടാളക്കാർ. കച്ചവടക്കാർക്ക് അവരുടെ സേവനം പണം നൽകി ആവശ്യപ്പെടാം. അവർ വാളും പരിചയും ആയി കച്ചവടക്കാരുടെ കൂടെ പോകും. നായന്മാർക്ക് താഴ്ന്ന ജാതിക്കാരെ കൊല്ലാൻ രാജാവ് അനുവാദം കൊടുത്തിട്ടുണ്ട്. ആദ്യത്തെ കൊലപാതകത്തിന് ഒരു ചെറിയ പിഴ മാത്രം ആണ് ശിക്ഷ എങ്കിൽ, രണ്ടാമത് മുതൽ അതുമില്ല. അത് കൊണ്ട് തന്നെ മറ്റുള്ള ജാതിക്കാർക്ക് ഇവരെ പേടിയായിരുന്നു.

ഈ രാജാക്കന്മാരും സൈന്യവും എല്ലാമാണ് ഇന്ത്യയുടെ ചരിത്ര ഗതി തന്നെ മാറ്റിയ യൂറോപ്പ്യൻ അധിനിവേശത്തിന് വഴി വച്ച് കൊടുത്തത്. കോഴിക്കോട് സാമൂതിരി കൊച്ചി രാജാവിനെ ആക്രമിച്ചതും മറ്റും പോർച്ചുഗീസുകാരും ഡച്ചുകാരും നടത്തിയ നിഴൽ യുദ്ധങ്ങൾ ആയിരുന്നു എന്ന് നമുക്ക് ഇന്ന് കാണാൻ കഴിയും. അവർക്ക് കോട്ടകൾ ഉണ്ടാക്കാനും ഫാക്ടറികൾ സ്ഥാപിക്കാനും മറ്റും ഈ “രാജാക്കന്മാരുടെയും” “സൈന്യങ്ങളുടെയും” കഴിവുകേടുകൾ നിമിത്തമായി. ടിപ്പുവിന്റെയും വിദേശികളുടെയും പീരങ്കികൾക്കും തോക്കുകൾക്കും മുൻപിൽ പിടിച്ചു നിൽക്കാൻ നായന്മാരുടെ മാമാങ്കം മതിയാകുമായിരുന്നില്ല.

ഇവരുടെ നീതിന്യായ വ്യവസ്ഥയും അതിപഴഞ്ചൻ ആയിരുന്നു. തറക്കൂട്ടങ്ങൾ ആയിരുന്നു വിചാരണയും ശിക്ഷയും നടപ്പിലാക്കിയിരുന്നത്. നിരപരാധിത്വം തെളിയിക്കാൻ മുതലകൾ നിറഞ്ഞ പുഴ നീന്തി കടക്കുന്ന ജല പരീക്ഷ, വിഷസർപ്പത്തെ ഇട്ട കുടത്തിൽ കയ്യിടുന്ന വിഷ പരീക്ഷ, തിളച്ച നെയ്യിൽ കൈ മുക്കുന്ന അന്ഗ്നിപരീക്ഷ തുടങ്ങിയ വളരെ “ശാസ്ത്രീയമായ” വിചാരണകൾ ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത്.

ശിക്ഷകൾ താഴെ പറയുന്ന പോലെ ആയിരുന്നു.

ബ്രാഹ്മണർ കൊലപാതകം നടത്തിയാലും, മേൽജാതിക്കാർ ജാതി വിരുദ്ധം ആയി കുറ്റങ്ങൾ ചെയ്താലും ജാതി ഭ്രഷ്ട് മാത്രം. നായർ താഴ്ന്ന ജാതിക്കാരനെ കൊന്നാൽ, പിഴ മാത്രം. പക്ഷെ മറ്റുള്ള ജാതിക്കാർ കുറ്റം ചെയ്‌താൽ ചെറിയ കുറ്റങ്ങൾക്ക് മൂക്ക്, ചെവി, നാക്ക് എന്നിവ ഛേദിച്ചു കളയും. വലിയ കുറ്റങ്ങൾക്ക് രണ്ടു കാലും രണ്ടാനകളും ആയി ബന്ധിപ്പിച്ച് ആ രണ്ടാനകളെയും രണ്ടു ദിശകളിലേക്ക് നടത്തി ആനക്കാലിൽ കെട്ടി വലിപ്പിക്കുക എന്ന ശിക്ഷാവിധി നടപ്പിലാക്കും. ജീവനോടെ മനുഷ്യനെ വലിച്ചു കീറും എന്ന് ചുരുക്കം. ഒരു നായരുടെ പറമ്പിൽ നിന്ന് മൂന്ന് തേങ്ങാ മോഷ്ടിച്ചതിന് ചാന്നാർ ജാതിയിൽ പെട്ട ഒരാളെ മൂന്ന് തേങ്ങയും കഴുത്തിൽ കെട്ടിയിട്ട് തൂക്കിലേറ്റിയത് അന്നത്തെ ആളുകളുടെ വിവരണങ്ങളിൽ ഉണ്ട്. മറ്റൊന്ന് കുറ്റവാളികളുടെ ആസനത്തിലൂടെ ഒരു ഇരുമ്പ് പാര കയറ്റി, തോളിലൂടെ പുറത്തെടുത്ത്, വെള്ളം കൊടുക്കാതെ പൊതു പ്രദർശനത്തിന് വച്ച് ഇഞ്ചിഞ്ചായി കൊള്ളുന്ന ഏർപ്പാടായിരുന്നു. ഇതൊന്നും പക്ഷെ “ഉയർന്ന” ജാതിക്കാർക്ക് ബാധകം ആയിരുന്നില്ല.

കന്നുകാലികളെയോ യന്ത്രങ്ങളെയോ കാർഷിക വൃത്തിക്ക് ഉപയോഗിക്കാത്തത് മൂലം കേരളത്തിലെ കാർഷിക രംഗം ഈ രാജാക്കന്മാരുടെ കീഴിൽ ഏറ്റവും മോശമായ സ്ഥിതിയിൽ ആയിരുന്നു. താഴ്ന്ന ജാതിക്കാരുടെ തോളിൽ കലപ്പ വച്ച് കൃഷിയിടം ഒരുക്കുന്ന പ്രക്രിയ ഒട്ടും കാര്യക്ഷമം ഇല്ലാത്തതായിരുന്നു. ഇങ്ങിനെ കാളയെ പോലെ പണിയെടുക്കുന്ന ആളുകളെ തല്ലാനും കൊല്ലാനും ഉള്ള അവകാശത്തോടെ കച്ചവടം ചെയ്യാൻ മേൽജാതിക്കാരായ ഉടമസ്ഥർക്ക് അവകാശം ഉണ്ടായിരുന്നു.

ഇന്ന് ഈ രാജാക്കന്മാർക്ക് വേണ്ടി വാദിക്കുന്ന ചില “താഴ്ന്ന” ജാതിക്കാർ അറിയേണ്ട ഒരു കാര്യമുണ്ട്. ഈ രാജാക്കമാരുടെ രാജഭരണത്തിൽ “താഴ്ന്ന” ജാതിക്കാർക്ക് വീട് വയ്ക്കുവാൻ അനുവാദം ഇല്ലായിരുന്നു. ഓല മേയാൻ പോലും അനുവാദം ഇല്ലാത്തത് കൊണ്ട് പട്ടികൂടുകളേക്കാൾ ശോചനീയം എന്നാണ് 1820 ൽ വാർഡും കോണറും രേഖപ്പെടുത്തിയിട്ടുള്ളത്.

മാറ് മറയ്ക്കാനും, മുട്ടിന് കീഴെ മുണ്ടുടുക്കാനും, കല്ല് മാല അല്ലാതെ വേറെ ആഭരങ്ങൾ ധരിക്കാനും ഒന്നും അനുവാദം ഇല്ലായിരുന്നു. സ്ത്രീകൾ മുല വളരുന്ന കാലം മുതൽ മുലയുടെ വലിപ്പം അനുസരിച്ച് നികുതി കൊടുക്കണം. ആണുങ്ങൾ തലക്കരവും (കഴുത്തിന് മീതെ തല ഇരിക്കാൻ…) തുടങ്ങി എണിക്കരം, വലക്കരം, വണ്ടിക്കരം , ഏഴ ,കോഴ, തപ്പ് ,പിഴ, പുരുഷാന്തരം, ദത്തുകാഴ്ച , പൊന്നരിപ്പ്, അടിമപ്പണം എന്നിവയെല്ലാം അന്നുണ്ടായിരുന്ന നികുതികളാണ്.

ഇങ്ങിനെ സ്വരുക്കൂട്ടിയ നികുതികളും മാറ്റ് രാജ്യക്കാരും ആയി നടത്തിയ കുരുമുളക് കച്ചവടത്തിൽ നിന്ന് കിട്ടിയ സമ്പാദ്യവും സൂക്ഷിക്കാൻ പക്ഷെ ഖജനാവുകൾ ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങൾ ആയിരുന്നു അന്നത്തെ ഖജനാവ്. രാജാക്കന്മാർ പരസ്പരം യുദ്ധം ചെയ്ത് കീഴ്പെടുത്തിയാൽ ക്ഷേത്രം ആക്രമിക്കുന്ന പതിവുണ്ടായിരുന്നില്ല. അത് കൊണ്ട് ഒരു രാജാവും തങ്ങളുടെ സമ്പാദ്യങ്ങൾ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചു. അവർക്ക് എപ്പോൾ വേണമെങ്കിലും പോയി എടുക്കാമല്ലോ.

പദമനാഭ സ്വാമി ക്ഷേത്രം ഉൾപ്പെടെ കേരളത്തിലെ പല ക്ഷേത്രങ്ങളിലും സമ്പത്ത് കുമിഞ്ഞു കൂടിയത് ഇത് കൊണ്ടാണ്. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുപ്രീം കോടതി കേസ് തുടങ്ങാൻ കാരണം തന്നെ രാജാവ് നിലവറയിൽ വേറെ ആളുകളുടെ കൂടെ അല്ലാതെ കയറുന്നു എന്ന ആരോപണത്തിൽ നിന്നാണ്. അവിടെ എന്താണ് ഉള്ളത് എന്ന് കണക്ക് എടുത്തു വയ്ക്കണം എന്ന് കോടതി പറയാൻ കാരണവും ഇത് തന്നെ. അയ്യപ്പൻറെ തിരുവാഭരണങ്ങൾ പലതും ഇതിനകം നഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ എനിക്ക് വലിയ അത്ഭുതം തോന്നാതിരുന്നതും ഇതേ കാരണം കൊണ്ടാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും രാജാവിനോടുള്ള കൂർ കൊണ്ട് നടക്കുന്നവർ അവരുടെ ഇങ്ങിനെ ഉള്ള ചരിത്രം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണു. മാലിക് കുഫുറിന്റെ ആക്രമണത്തിൽ തോറ്റ് ഓടിയ പാണ്ട്യ രാജവംശത്തിലെ ഒരു ശാഖ തിരുനെൽവേലിയിൽ വള്ളിയൂര് വന്നു, അവിടെ വീണ്ടും ആക്രമണം ഉണ്ടായപ്പോൾ, തമിഴ്‌നാട്ടിലെ തെങ്കാശിയിൽ വന്നു തമ്പടിച്ചു. പിന്നീട് തിരുമലൈ നയിക്കരുടെ ആക്രമണം പേടിച്ച് പുളിയൻകുടി, അച്ചൻകോവിൽ, ആര്യങ്കാവ് കുളത്തൂപ്പുഴ വഴി പന്തളത്തു വന്ന് പെട്ടവരാണ് ഇന്നത്തെ പന്തളം “രാജവംശം”. ഇവരുടെ രാജ്യം കൈപ്പുഴ തമ്പാൻ എന്നൊരു ഭൂപ്രഭു നൽകിയ ഭൂമിയാണ്. അച്ചന്കോവിലിലും ആര്യങ്കാവിലും എല്ലാം പ്രധാന അയ്യപ്പ ക്ഷേത്രങ്ങൾ വരാനുള്ള കാരണം ഇവർ വന്ന വഴികൾ ആണിതെല്ലാം എന്നതാണ്. പിന്നീട് ടിപ്പുവിൽ നിന്ന് സംരക്ഷണത്തിന് വേണ്ടി ശബരിമലയിലെ വരുമാനവും ക്ഷേത്രവും തന്നെ തിരുവിതാംകൂറിനു നൽകിയ രാജാക്കന്മാരാണ് ശബരിമല ഇന്ന് സംരക്ഷിക്കാൻ നടക്കുന്നത്.

ചില ആനകളെ ചങ്ങല മരത്തിൽ കെട്ടാതെ ചെവിയിൽ ഒരു തോട്ടി മാത്രം വച്ച് പാപ്പാന്മാർ ചായ കുടിക്കാൻ പോകുന്ന കാണാം. ആനകൾ ചങ്ങല മരത്തിൽ കെട്ടിയതാണ് എന്ന ബോധ്യത്തിൽ അനങ്ങാതെ നിൽക്കും. രാജഭരണത്തോടുള്ള വിധേയത്വം ഒരു തരാം ചങ്ങലയാണ്. ജനാതിപത്യം വന്നു കഴിഞ്ഞപ്പോൾ നമ്മൾ പൊട്ടിച്ചെറിഞ്ഞ ചങ്ങല. പക്ഷെ ചിലർക്കെങ്കിലും ഇപ്പോഴും മനസ്സിൽ ചങ്ങല കെട്ടി തന്നെ ഇട്ടിരിക്കുകയാണ്. മുന്നോട്ട് നടന്നാൽ മാത്രമേ ചങ്ങലകൾ പൊട്ടിച്ച കാര്യം അവർ മനസിലാക്കുകയുള്ളൂ.

ref : ജാതിവ്യവസ്ഥിതിയും കേരളം ചരിത്രവും : പികെ ബാലകൃഷ്ണൻ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: