എനിക്ക് കിട്ടാനുള്ള ആ ഒന്നര ലക്ഷം രൂപ..

എനിക്ക് കിട്ടാനുള്ള ആ ഒന്നര ലക്ഷം രൂപ..

എനിക്ക് ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ട് എന്ന് പറയുമ്പോൾ നിങ്ങളെല്ലാം വിചാരിക്കും ഞാൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണം തിരികെ കൊണ്ടുവന്നിട്ട് തരാം എന്ന് പറഞ്ഞ പൈസയുടെ കാര്യമാണ് പറയുന്നതെന്ന്. എന്നാൽ അതിനു പുറമെ എനിക്കൊരു ഒന്നര ലക്ഷം രൂപ കിട്ടാനുണ്ട്, ഇത്തവണ തിരുവിതാംകൂർ രാജാവിന്റെ കയ്യിൽ നിന്നാണ്.

നിങ്ങളിൽ ചിലരെങ്കിലും ഊഹിച്ച പോലെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. ഇതുവരെ തുറന്ന് നോക്കി ചിട്ടപ്പെടുത്തിയ സാധനങ്ങൾ മാത്രം 90,000 കോടി രൂപ വിലവരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ പണം തിരുവിതാംകൂർ രാജാവ് കഷ്ടപ്പെട്ട് പണി ചെയ്ത ഉണ്ടാക്കിയതല്ല, മറിച്ച് നമ്മുടെ നാട്ടിൽ നിന്നും കയറ്റുമതി ചെയ്ത കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിലയായി ഗ്രീക്കുകാർ മുതൽ റോമാക്കാർ വരെ കൊടുത്ത പണവും, ചേരന്മാരും, പാണ്ട്യൻമാരും കൊടുത്ത പണ്ടങ്ങളും ആയിരുന്നു. പക്ഷെ ഇതിൽ ഭൂരിഭാഗവും നാട്ടുകാർക്ക് നടുവൊടിക്കുന്ന രീതിയിൽ നികുതി ചുമത്തി എടുത്ത പണവും കൂട്ടിവെച്ച് വാങ്ങിക്കൂട്ടിയ സാധനങ്ങളാണ്. അവർണ സ്ത്രീകൾക്ക് മാറ് മറക്കാൻ ആയി മുലക്കരം, അവർണ പുരുഷന്മാർക്ക് കൊല്ലപ്പെടാതിരിക്കാൻ ആയി തലക്കരം തുടങ്ങി ജനാധിപത്യവിരുദ്ധമായ പല കരങ്ങളും കഷ്ടപ്പെട്ട് പണിചെയ്ത “താഴ്ന്ന” ജാതിക്കാർ അടച്ചതും കൂടിയാണ് ഈ ഇത്രയും സ്വത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിൽ കുന്നുകൂടാൻ കാരണം.

തിരുവിതാംകൂറിലെ ജനസംഖ്യ ഏതാണ്ട് അറുപത് ലക്ഷ്യമായിരുന്നു. അങ്ങിനെ കണക്കുകൂട്ടിയാൽ ഓരോരുത്തരും പല തലമുറകളായി ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്കുള്ള നികുതി കൊടുത്തിട്ടുണ്ട്. ( 900000000000/6070018 = 148269) ഇനി കേരളത്തിലെ മൊത്തം ജനസംഖ്യ എടുത്തു കൂട്ടിനോക്കിയാൽ പോലും ഏതാണ്ട് എല്ലാവര്ക്കും മുപ്പതിനായിരം രൂപ വച്ച് കിട്ടും (900000000000/34000000 = 26470).

ഓരോരുത്തർക്കും പണം വീതിച്ചു കൊടുക്കുന്നതിനു പകരം, വിദ്യാഭ്യാസം , റോഡ് പോലെ നാട്ടുകാർക്ക് ഉപകാരം ഉള്ള എന്തെങ്കിലും ചെയ്യാൻ ഈ പണം ഉപകരിക്കും. അത് ചെയ്യാൻ കഴിയില്ല എങ്കിൽ തന്നെ ഈ രത്നങ്ങളും മറ്റും ഒരു മ്യൂസിയം ഉണ്ടാക്കി അവിടെ വച്ചാൽ അത് പ്രദർശിപ്പിക്കുന്ന വകയിൽ തന്നെ നല്ലൊരു തുക നമുക്ക് ഉണ്ടാക്കാൻ കഴിയും. ലണ്ടനിലെ രാഞ്ജിയുടെ രത്നങ്ങൾ മുതൽ പഴയ വാളുകളും പീരങ്കികളും പ്രദർശിപ്പിച്ചിരിക്കുന്ന ടവർ ഓഫ് ലണ്ടൻ, ലണ്ടനിലെ ഏറ്റവും കൂടുതൽ ആളുകൾ പോകുന്ന ടൂറിസ്റ്റ് സ്ഥലമാണ്. വർഷത്തിൽ 400 കോടി രൂപയാണ് അവർ അതിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നത്.

ഇനി നാട്ടുകാർക്ക് കൊടുത്തില്ലെങ്കിലും ഈ പണം എടുത്ത് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ എങ്കിലും സംരക്ഷിക്കാൻ സർക്കാരോ ഹൈന്ദവ സംഘടനകളോ ശ്രമിക്കും എന്ന് നമ്മൾ വിചാരിക്കും, പക്ഷെ കഴിഞ്ഞ കേരള ഗവണ്മെന്റ് ബഡ്ജറ്റ് എടുത്തു നോക്കിയാൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന കാര്യം തികച്ചും വ്യത്യസ്തമാണ്. മതസ്ഥാപനങ്ങൾ നിലനിർത്താനായി പൊതുജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് ഗവണ്മെന്റ് ചിലവഴിക്കുന്നത്.

739 കോടി – ശബരിമല മാസ്റ്റർ പ്ലാൻ – പൊതുജനങ്ങളുടെ നികുതി പണം

100 കോടി – തിരുവിതാംകൂർ ദേവസ്വം – പൊതുജനങ്ങളുടെ നികുതി പണം

36 കോടി – മലബാർ കൊച്ചി ദേവസ്വം – പൊതുജനങ്ങളുടെ നികുതി പണം

ഇത് കൂടാതെ ഞാൻ ഈയടുത്ത് വായിച്ച മറ്റൊരു വാർത്ത മത തീർത്ഥാടന കേന്ദ്രങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റ് കോടികണക്കിന് ഗ്രാന്റ് നൽകുന്നുണ്ട് എന്നാണ്. പല പ്രശസ്ത മുസ്ലിം / ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളും ഇത്തരത്തിൽ ഗ്രാൻന്റ് കൈപ്പറ്റുന്നുണ്ട്.

നാട്ടിലെ പൊതു വിദ്യാലയങ്ങൾ പണിയാനും അവ നവീകരിക്കാനും ഉള്ള പണമാണ് ഇങ്ങിനെ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നടത്തിപ്പിന് വേണ്ടി ചിലവഴിച്ചു കളയുന്നത്, അതും ഒരു പ്രളയം കഴിഞ്ഞു സംസ്ഥാനം കരകയറി വരുന്ന സമയത്ത്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകൾ നിലവറകളിൽ മൂടി വയ്ക്കാതെ പുറത്തെടുത്ത് മനുഷ്യന് ഉപകാരം ഉള്ള എന്തെങ്കിലും ചെയ്യാൻ സമയം കഴിഞ്ഞിരിക്കുന്നു. മനുഷ്യൻ നന്നാവുന്ന കാണുമ്പോഴല്ലേ ദൈവങ്ങൾക്കും സന്തോഷമാവുള്ളൂ….

നോട്ട് : ഒരു ഹിന്ദു ക്ഷേത്രത്തിലെ സ്വത്തുക്കളുടെ കാര്യം പറയാൻ ഒരു ഡിങ്കോയിസ്റ്റിന് എന്ത് അവകാശം എന്ന് സംശയം കൂറുന്നവർക്ക് : പല തലമുറകൾക്ക് മുൻപ് കേരളത്തിൽ അവർണരായി ജീവിച്ചവരാണ് കേരളത്തിലെ ഭൂരിഭാഗം ഇതര മതസ്ഥരും. എന്റെ ബാപ്പയുടെ ബാപ്പയുടെ ബാപ്പയുടെ ബാപ്പയുടെ നികുതിയും കൊണ്ട് കൂടിയാണ് ഈ ക്ഷേത്രത്തിലെ സ്വത്തുവകകൾ സ്വരുകൂട്ടിയിരിക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: