മുസ്ലിങ്ങൾ ഇങ്ങിനെ പെറ്റുപെരുകിയാൽ ഇന്ത്യ അടുത്ത് തന്നെ ഒരു ഇസ്ലാമിക രാഷ്ട്രമാകും, വസ്തുതകൾ..

മുസ്ലിങ്ങൾ ഇങ്ങിനെ പെറ്റുപെരുകിയാൽ ഇന്ത്യ അടുത്ത് തന്നെ ഒരു ഇസ്ലാമിക രാഷ്ട്രമാകും. പലപ്പോഴായി പലയിടത്ത് നിന്ന് കേട്ടിട്ടുളള ഒരു പരാമർശമാണിത്. അതിൻറെ വസ്തുതകൾ പരിശോധിച്ചാൽ അത് ശരിയാണെന്നു തോന്നാം. കാരണം 2011 ലെ സെൻസസ് അനുസരിച്ച് പത്ത് വർഷത്തെ ഹിന്ദു വളർച്ചാ നിരക്ക് 16.8 ശതമാനം ആയിരുന്നെങ്കിൽ മുസ്ലിം ജനസംഖ്യാ വളർച്ചാ നിരക്ക് 24.6 ശതമാനമാണ്. പക്ഷെ ഇതിലൊരു ചെറിയ പ്രശ്നമുണ്ട്.

അതിനെ കുറിച്ച് പറയുന്നതിന് മുൻപ് ചെറിയ മൂന്ന് കാര്യങ്ങൾ പറയട്ടെ.

മനുഷ്യന്റെ തലച്ചോറിൽ പെട്ടെന്ന് കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു സിസ്റ്റവും, വിവേകപൂർവം വസ്തുതകൾ പഠിച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന മറ്റൊരു സിസ്റ്റവുമുണ്ടെന്ന് “Thinking fast and slow” എന്ന പുസ്തകത്തിൽ ഡാനിയേൽ കാനീമാൻ പറയുന്നുണ്ട്. കിഡ്‌നി കാൻസർ രോഗ വിവരങ്ങൾ ഉപയോഗിച്ച് എങ്ങിനെയാണ് നമ്മുടെ തലച്ചോർ ചില ഡാറ്റകൾ കാണുമ്പോൾ അവ തമ്മിലുള്ള ബന്ധം പെട്ടെന്നു തീരുമാനിക്കുന്നതെന്നും അവ എന്ത് കൊണ്ട് തെറ്റായിരുന്നു എന്നും ഉദാഹരണസഹിതം അദ്ദേഹം സമര്ഥിക്കുന്നുണ്ട്. രണ്ടേ രണ്ടു കാര്യങ്ങൾ മാത്രം കണ്ടിട്ട് നമ്മൾ തീരുമാനിക്കുന്ന പലതും വേറെ കുറെ കാര്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ നമ്മുടെ വിശ്വാസം തെറ്റായി എന്ന് നമുക്ക് മനസിലാകും.

മറ്റൊന്ന് സ്റ്റാറ്റിസ്റ്റിക്‌സ് / ഡാറ്റ അനാലിസിസ് / മെഷീൻ ലേർണിംഗ് എന്നീ വിഷയങ്ങളിൽ വരുന്ന “curse of dimensionality” എന്നൊരു സംഭവമാണ്. രണ്ടു കാര്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാൻ നമുക്ക് കഴിയും എങ്കിലും, വളരെ അധികം കാര്യങ്ങൾ തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയ്ക്ക് നമുക്ക് തെറ്റ് പറ്റുകയും ചെയ്യും എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പോസ്റ്റിന്റെ അവസാനം ഈ പാരഗ്രാഫ് ഒന്ന് കൂടി നിങ്ങൾ വായിച്ചാൽ നിങ്ങൾക്ക് കാര്യം മനസിലാകും.

മൂന്നാമത്തെ കാര്യം “causation and correlation” എന്നതാണ്. രണ്ടു കാര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു എന്നത് കൊണ്ട്, ഒന്ന് മറ്റൊന്നിനു കാരണമാകണം എന്നില്ല എന്നതാണ് ഇതിന്റെ അർഥം. ഉദാഹരണത്തിന് അമേരിക്കയിൽ കൂളിംഗ് ഗ്ലാസ് (സൺ ഗ്ലാസ്) വിൽപ്പനയും ഐസ് ക്രീം വിലപ്പനയും correlated ആണ്. ഐസ് ക്രീം വിലപ്പന ഉയരുന്ന അതെ സമയം കൂളിംഗ് ഗ്ലാസിന്റെ വില്പനയും ഉയരും. അതിനർത്ഥം ഐസ് ക്രീം വിൽപ്പന സൺ ഗ്ലാസ് വിൽപ്പനയെ സ്വാധീനിക്കുന്നു എന്നല്ല, മറിച്ച് വേനൽക്കാലത്തു ആണ് ആളുകൾ ഇത് രണ്ടും വാങ്ങുന്നത് എന്ന് മാത്രമാണ്.

ഇനി കാര്യത്തിലേക്ക് വരാം.

മുസ്ലിങ്ങളാണ് ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവിന് കാരണമെങ്കിൽ നിങ്ങൾ എങ്ങിനെ കേരളവും ബിഹാറും തമ്മിലുള്ള ജനസംഖ്യ വർധനവിൽ അന്തരം വിശദീകരിക്കും എന്നതാണ് ചോദ്യം. 26.56 ശതമാനം മുസ്ലിങ്ങൾ ഉള്ള കേരളത്തിലെ ജനസംഖ്യാ വർദ്ധനവ് 4.9 ശതമാനം മാത്രമാകുമ്പോൾ 17 ശതമാനം മാത്രം മുസ്ലിങ്ങൾ ഉള്ള ബീഹാറിലെ ജനസംഖ്യാ വർദ്ധനവ് കണ്ണ് തള്ളിക്കുന്ന 25.42 ശതമാനമാണ്.

എന്ന് വച്ചാൽ വേറെ എന്തോ ഇതിനു പിറകിൽ ഉണ്ടെന്നാണ്. ഇനി ഞാൻ മറ്റൊരു ഡാറ്റ കാണിച്ചു തരാം.

ഇന്ത്യയിലെ പ്രതിശീർഷ വരുമാനം (per capita GDP ) എടുത്താൽ ഏറ്റവും ദരിദ്രരായ ജനങ്ങൾ ഉള്ള സംസ്ഥാനങ്ങൾ ബീഹാർ , ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ് , വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഢ് , രാജസ്ഥാൻ എന്നിവയാണ്.

ഇനി ഏറ്റവും കൂടുതൽ ജനസംഖ്യാ വര്ധനവുള്ള സംസ്ഥാനങ്ങൾ നോക്കിയാൽ അവ ബീഹാർ, ഛത്തീസ്ഗഡ് , ജാർഖണ്ഡ്, രാജസ്ഥാൻ , മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവയാണ്.

ഈ ഡാറ്റ വച്ച് നോക്കിയാൽ മതമല്ല, മറിച്ച് ദാരിദ്ര്യമാണ് ജനസംഖ്യാ വർദ്ധനവിന് കാരണമെന്ന് നമുക്ക് കാണാം. എന്തുകൊണ്ടാണ് ദാരിദ്ര്യം ജനസംഖ്യാ വർദ്ധനവിന് കാരണമാകുന്നത്? അതോ ജനസംഖ്യാ വർദ്ധനവ് ദരിദ്രത്തിനാണോ കാരണമാകുന്നത്? ഇതിനെകുറിച്ച് പഞ്ചാബിലെ ഒരു ഗ്രാമത്തെ അടിസ്ഥാനമാക്കി ദശകങ്ങൾ നീണ്ട പഠനങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ രത്നച്ചുരുക്കം ഇതാണ്.

ഒരു കുടുംബം ദരിദ്രമായിരിക്കുമ്പോൾ അവർക്ക് കുട്ടികളെ സ്കൂളിൽ വിടാനോ, പ്രൈമറി സ്കൂളിൽ പോയാൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിനു വിടണോ ഉള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവില്ല. പല ദരിദ്ര കുടുംബങ്ങളിലും കുട്ടികൾ പത്ത് വയസാവുമ്പോൾ തന്നെ ചെറിയ പണികൾ ചെയ്തു തുടങ്ങുകയും ആ പൈസ കുടുംബത്തിന് സഹായം ആവുകയും ചെയ്യും. തമിഴ്‌നാട്ടിലെ പല ഹോട്ടലുകളിലും ജോലി ചെയ്യുന്ന കുട്ടികൾ ഇതുപോലെ ഉള്ള ദരിദ്ര കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. ഇതാണ് ദരിദ്ര കുടുംബങ്ങളിൽ കൂടുതൽ കുട്ടികളുണ്ടാവാനുള്ള കാരണം. പക്ഷെ ഇതിനൊരു മറുവശമുണ്ട്. കൂടുതൽ കുട്ടികളുള്ളത് കൊണ്ട് ഈ കുടുംബങ്ങൾ ഒരിക്കലും ഈ ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്നില, മറിച്ച് കുട്ടികൾ വലുതായി കുടുംബം നടത്താൻ തുടങ്ങുമ്പോൾ ആദ്യം പ്രയോജനം നഷ്ടപ്പെടുകയും മറിച്ച് കൂടുതൽ ദരിദ്രത്തിലേക്ക് ഇവർ വീഴുകയും ചെയ്യുന്നു. ഇതൊരു ചാക്രിക പ്രക്രിയയായി തുടർന്നു പോവുകയും ചെയ്യുന്നു.

സമ്പന്നരായ കുടുംബങ്ങൾക്ക് ഓരോ കുട്ടിയും വലിയ ബാധ്യതയാണ്, കാരണം വളരെ നാൾ നീണ്ടുനിൽക്കുന്ന പഠനം, നല്ല ഭക്ഷണം, നല്ല വസ്ത്രം എന്നതിനൊക്കെ വളരെ അധികം പണം ചിലവഴിക്കേണ്ടിവരും എന്നുള്ളത് കൊണ്ട്, മതപരമായ കാരണങ്ങൾ കൊണ്ടല്ലാതെ കൂടുതൽ കുട്ടികൾ ഉള്ള സമ്പന്ന കുടുംബങ്ങൾ ചുരുക്കമായിരിക്കും.

ജനസന്ഖ്യ വർധനവിന്റെ ഡാറ്റ വായിക്കുമ്പോൾ, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ മാത്രമല്ല, മറിച്ച് സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിൽ കൂടി ഒരു വായന നടത്തിയാൽ വളരെ അധികം തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ കഴിയും. ഇന്ത്യയിൽ ചില ജാതികളും, ചില മതങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവയാണ്. അതുകൊണ്ട് തന്നെ ജനസംഖ്യാ വർധനവും അവയും തമ്മിൽ ഒരു correlation കാണും, പക്ഷെ അതിനർത്ഥം അവയാണ് ഈ വർദ്ധനവ് cause ചെയ്യുന്നത് എന്നല്ല എന്ന് മനസിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്, കാരണം തലച്ചോറിലെ സിസ്റ്റം 2 ജോലി ചെയ്താലേ ഈ വസ്തുതകൾ ശരിയായി മനസിലാകാൻ കഴിയൂ.

ജനസംഖ്യ വർദ്ധനവ് നിശ്ചിത പ്രകൃതിവിഭവങ്ങളും , റോഡുകളും മറ്റും മാത്രമുള്ള ഒരു രാഷ്ട്രത്തിന്റെ പുരോഗതിക്ക് വിലങ്ങു നിൽക്കുന്ന ഒന്നാണ്. പക്ഷെ അടിസ്ഥാന ജനവിഭാഗത്തിന്റെ സാമ്പത്തിക സ്ഥിതി ഉയർത്തികൊണ്ടുവന്നാൽ സ്വയമേ തന്നെ ജനസംഖ്യാ നിയന്ത്രണം രാജ്യത്ത് നടപ്പിൽ വരും. അടിസ്ഥാനവ വർഗ്ഗത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള പദ്ധതികൾ ആണ് നമ്മൾ ആവിഷ്കരിക്കാൻ നോക്കേണ്ടത്.

നോട്ട് : ഈ പറഞ്ഞതിനർത്ഥം ഇസ്ലാം മതം ഉൾപ്പെടെ മതങ്ങൾ ജനസംഖ്യ വർദ്ധനവിന് കാരണം ആകുന്നില്ല എന്നല്ല. എന്റെ ഒരു ക്രിസ്ത്യൻ സുഹൃത്തിന് അവന്റെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ 5 കുട്ടികൾ ഉണ്ട്, മറ്റു മതങ്ങളിലും ഇങ്ങിനെയുളളവർ കാണുമായിരിക്കും, പക്ഷെ ഇത്തരം ആളുകൾ ന്യൂനപക്ഷം ആയിരിക്കും എന്ന് കരുതുന്നു.

നോട്ട് 2 : സാമ്പത്തിക നില, ജാതി , ജനസംഖ്യ വർദ്ധനവ് എന്നിവ എല്ലാം ഉള്ള ഒരു സ്റ്റാറ്റിസ്റ്റിക്‌സ് ഞാൻ നോക്കിയിട്ട് കിട്ടിയില്ല. ആരെങ്കിലും കിട്ടുമെങ്കിൽ നമുക്ക് ഒരുമിച്ച് ഒരു അനാലിസിസ് ചെയ്യാം.

നോട്ട് 3 : എല്ലാ വിഭാഗങ്ങളിലും ജനസംഖ്യ വളർച്ചാ നിരക്കിന്റെ വളർച്ച താഴോട്ടാണ്. രാജ്യത്തിൻറെ സാമ്പത്തിക പുരോഗതി അനുസരിച്ച് ഇനിയും ഇത് താഴോട്ട് പോകാനാണ് സാധ്യത.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: