മതവും ആയി ബന്ധപ്പെട്ട രണ്ടു വാർത്തകൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചത്.
അതിലൊന്ന് ശ്രീലങ്കയിലെ സ്‌ഫോടനങ്ങളിൽ 250 ഓളം പേര് കൊല്ലപ്പെട്ടതിനെ കുറിച്ചാണ്. ന്യൂസിലൻഡിലെ വെടിവെപ്പിന് പകരം ചോദിക്കാൻ ഐസിസ് ആണത് ചെയ്തത് എന്ന് കേട്ടപ്പോൾ എൻ്റെ വീടിനടുത്തുണ്ടായിരുന്ന ഒരു ചേട്ടനെ ആണോർമ വന്നത്. എൻ്റെ ചെറുപ്പത്തിൽ കവലയിൽ നിന്ന് മദ്യപിച്ച് ലക്ക് കെട്ട് പോകുന്നവരുടെ എല്ലാം മെക്കിട്ട് കേറി, ചിലരുടെ കയ്യിൽ നിന്നെല്ലാം തല്ലും വാങ്ങിക്കും. പക്ഷെ തിരിച്ചു തല്ലിയാൽ പണി കിട്ടും എന്ന് നല്ല വെള്ളത്തിലും ചേട്ടന് നല്ല ബോധം ഉള്ളത് കൊണ്ട്, ആ ദേഷ്യം എല്ലാം വീട്ടിൽ വന്നു സ്വന്തം ഭാര്യയുടെ ദേഹത്ത് തല്ലി തീർക്കും. അവർ പാവം ആയത് കൊണ്ട് സഹിച്ചു നിൽക്കും. പക്ഷെ അവരുടെ മക്കൾ വലുതായപ്പോൾ ഈ കുടിയനെ അവർ നന്നായി കൈകാര്യം ചെയ്തു, അക്രമ സ്വഭാവം കാണിച്ചപ്പോൾ എല്ലാം വീട്ടിൽ ചങ്ങലക്കിട്ടു.
ന്യൂസിലൻഡിലെ വെടിവയ്പ്പിന് ശ്രീലങ്കയിൽ സ്ഫോടനം നടത്തിയവർക്ക് ഏതാണ്ട് ഈ കുടിയന്റെ സ്വഭാവമാണ്. ന്യൂസിലാൻഡിൽ ഗവണ്മെന്റ് വളരെ പക്വതയോടെ പെരുമാറി, പക്ഷെ അവിടെ ഉള്ള വൈറ്റ് സുപ്രീമിസ്റ്റിനോട് കളിച്ചാൽ പണി കിട്ടും എന്ന് മനസിലായ ഐസിസ് പാവം ശ്രീലങ്കക്കാരുടെ മേൽ അവരുടെ ദേഷ്യം തീർത്തു. തരത്തിൽ പോയി കളിയെടാ എന്ന് പറയാൻ പറ്റുമോ, പുകൾപെറ്റ ഐസിസ് അല്ലെ…
ഞാൻ 2001 ൽ ആണ് ആദ്യമായി കൊളംബോയിൽ പോകുന്നത്. ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വഴിക്ക് ഒരു ദിവസത്തെ സ്റ്റേ മാത്രം ഉണ്ടായിരുന്നുള്ളൂ. അന്ന് സുരക്ഷയുടെ ഭാഗമായി എന്റെ പാസ്പോര്ട്ട് എല്ലാം വിമാനത്താവളത്തിൽ വാങ്ങിവച്ചിട്ടാണ് പുറത്തേക്ക് വിട്ടത്. ഭൂമിശാസ്ത്രപരമായും മറ്റും കേരളത്തിലെ ഒരു സ്ഥലത്തു നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. തെങ്ങും പുളിമരങ്ങളും ഓട്ടോറിക്ഷകളും മറ്റും എല്ലായിടത്തും. എഴുതിയ ഭാഷ മാത്രം വ്യത്യാസം. അല്ലെങ്കിൽ ആരായാലും നില്കുന്നത് കൊച്ചിയിൽ ആണോ കൊളംബോയിൽ ആണോ എന്ന് സംശയിച്ചു പോകും.
വെറും പത്ത് ശതമാനം താഴെ മാത്രം മുസ്ലിങ്ങളെ ശ്രീലങ്കയിൽ ഉള്ളൂ. 1990 ൽ കട്ടൻകുടിയിൽ LTTE ഒരു പള്ളിയിൽ കയറി 147 മുസ്ലിങ്ങളെ വെടിവച്ചു കൊന്നതാണ് അവസാനമായി അവർ വാർത്തയിൽ നിറയുന്നത്. ഏറ്റവും സമാധാനപൂർണം ജീവിച്ചു പോകുന്ന ഇവരുടെ ഇടയിൽ നിന്നാണ് ഐസിസ് ഇപ്പോൾ ചാവേർ ഭടന്മാരെ റിക്രൂട് ചെയ്തിരിക്കുന്നത്. തീർച്ചയായും ഭയപ്പെടുത്തുന്ന ഒരു കാര്യമാണിത്.
മതം കൊടുക്കുന്ന ഒരു ഐഡന്റിറ്റി ഉണ്ട്. പല രാജ്യത്ത് ഉള്ള തങ്ങളുടെ മതത്തിൽ പെട്ടവർ ഒരേ രക്തമാണെന്നു തോന്നിപ്പിക്കുന്ന ഒരു ഐഡന്റിറ്റി. അത് കൊണ്ടാണ് ന്യൂസീലൻഡിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രതികാരം ചെയ്യാൻ ന്യൂസിലാൻഡും ആയി ഭൂമിശാസ്ത്രപരമോ, ഭാഷാപരമോ സംസ്കാരപരമോ ആയി ഒരു ബന്ധവും ഇല്ലാത്ത ശ്രീലങ്കയിൽ ഈ സ്‌ഫോടനത്തിനു ആളെ റിക്രൂട് ചെയ്യാൻ കഴിയുന്നത്.
പക്ഷെ ഒന്നാലോചിച്ചു നോക്കൂ, ശ്രീലങ്കയിൽ ഇവർ കൊന്ന ക്രിസ്ത്യാനികളോട് അല്ലെ ഇവർക്ക് കൂടുതൽ അടുപ്പം. ഒരു പക്ഷെ ഒരേ കുടുംബത്തിലെ രണ്ടു സഹോദരങ്ങൾ ആയിരിക്കും ഒരാൾ ഇസ്ലാമിലും ഒരാൾ ക്രിസ്ത്യൻ മതത്തിലും ചേർന്നിരിക്കുക. ലങ്കയിലെ ക്രിസ്ത്യാനിയും മുസ്ലിമും തമ്മിലുള്ള ബന്ധം എങ്ങിനെ നോക്കിയാലും പുറത്തുള്ള മുസ്ലിങ്ങളും ലങ്കൻ മുസ്‌ലിംങ്ങളും തമ്മിൽ ഉള്ളതിനേക്കാൾ ആഴത്തിൽ ഉള്ളതാണ്. ഇസ്ലാമിന്റെ ശക്തിയും ദൗർബല്യവും ആഗോള സാഹോദര്യം ആണെന്ന് ഒരേ പോലെ കാണിച്ചു തന്ന ഒരു സംഭവം ആണിത്.
ഇനി ഈ സംഭവത്തിൽ മതത്തെ കുറ്റം പറയേണ്ട കാര്യമില്ല എന്ന് പറയുന്നവരോട് ഒരു വാക്ക്. മനുഷ്യന്റെ തലച്ചോറിൽ മിറർ ന്യൂറോൺ എന്നൊരു സാധനം ഉണ്ട്. മറ്റൊരാൾക്ക് വേദന തോന്നുമ്പോൾ അത് തങ്ങളുടെ വേദന കൂടിയാണ് എന്ന് മനുഷ്യന് തോന്നിപ്പിക്കുന്നത് അതാണ്. ഒരു മതത്തിലും വിശ്വസിക്കുന്നത് കൊണ്ടല്ല ആളുകൾ പരസപരം സഹായങ്ങൾ ചെയ്യുന്നതും, ദീനാനുകമ്പ കാണിക്കുന്നതും. മനുഷ്യൻ ജനിച്ചു വീഴുന്നതെ ആ കഴിവോടെയാണ്. ചിലർ എങ്കിലും തൻ്റെ മതം ആണ് തന്നെ ഒരു നല്ല മനുഷ്യൻ ആക്കുന്നത് എന്ന് തെറ്റദ്ധരിച്ചു വച്ചിട്ടുണ്ട്.ചരിത്രപരം ആയി ഒരു സാമൂഹിക ഘടനയും അതോടു അനുബന്ധിച്ചുള്ള സാമൂഹിക ആഘോഷങ്ങളും മതങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട് എന്നല്ലാതെ ഒരാളെ നല്ല മനുഷ്യൻ ആക്കാൻ മതങ്ങളുടെ ആവശ്യമില്ല. കുടിയേറ്റക്കാരുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ നിരീശ്വരവാദികൾ ഉള്ള സ്കാന്ഡിനേവിയൻ രാജ്യങ്ങൾ സ്വീകരിച്ച നിലപാടുകൾ നോക്കുന്ന ആളുകൾക്ക് അത് മനസിലാവും. ഇനി നിങ്ങൾ മതത്തിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രം ആണ് മറ്റു ആളുകളെ സഹായിക്കുന്നത് എങ്കിൽ ണ് നിങ്ങൾ നിങ്ങളുടെ മാനവിക പാഠങ്ങൾ ഒന്നുകൂടി പഠിക്കുന്നത് നന്നായിരിക്കും.
ഐസിസ് ശ്രീലങ്കയിൽ നടത്തിയത് നാളെ നമ്മുടെ നാട്ടിലും നടക്കാൻ ഉള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. കാരണം ആളുകൾ അത്രമാത്രം മതത്തിലേക്ക് ആഴത്തിൽ ഇറങ്ങിയിട്ടുണ്ട്. അതിൽ ഭൂരിപക്ഷവും ഇതുപോലെ ഗർഭിണിയായ ഭാര്യയും കുട്ടികളും വീട്ടിൽ ഉള്ളപ്പോൾ തന്നെ ചാവേറായി പൊട്ടിത്തെറിക്കുന്ന ആളുകൾ ഒന്നുമല്ല, പക്ഷെ ഒരു ന്യൂനപക്ഷം മതത്തിനു വേണ്ടി കൊല്ലാനും ചാകാനും തയ്യാറായി നടക്കുന്നവരാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇന്ത്യയിലെ മുസ്ലിം സമൂഹം തയ്യാറാവേണ്ടതുണ്ട്. എല്ലാ മതങ്ങളിൽ പെട്ടവരും പരസ്പരം ഇടപഴകാൻ കൂടുതൽ സാധ്യത നൽകുന്ന പൊതു വിദ്യാലയങ്ങളും മറ്റും കൂടുതൽ ശക്തി ആർജ്ജിക്കേണ്ടതുണ്ട്.
രണ്ടാമത്തെ സംഭവം ബിൽക്കീസ് ബാനുവിന്റെ കേസിലെ സുപ്രീം കോടതി വിധിയാണ്. ഗുജറാത്ത് കലാപകാലത്ത് അഞ്ച് മാസം ഗർഭിണിയായിരുന്ന ഇവരെ സ്വന്തം ഗ്രാമവാസികൾ കൂട്ടബലാത്സംഗം നടത്തി മരിച്ചു എന്ന് കരുതി ഇട്ടിട്ടു പോയതാണ്. സ്വന്തം മകളെ ഇവരുടെ മുൻപിൽ വച്ചാണ് അടിച്ചു കൊന്നത്. കുടുംബത്തിലെ എല്ലാവരെയും ചുട്ടുകരിച്ച ആ സംഭവത്തിന് ശേഷം കേസ് കൊടുത്തപ്പോൾ പോലീസ് എഴുതി തള്ളാൻ ആണ് നോക്കിയത്. പിന്നീട് സിബിഐ , സുപ്രീം കോടതി എന്നിവരുടെ ഇടപെടൽ മൂലം 17 വർഷങ്ങൾക്ക് ശേഷം ആണ് നീതി കിട്ടിയിരിക്കുന്നത്. എൻ്റെ അത്ഭുതം ഇവർ ഇത്ര നാൾ എങ്ങിനെ ഭ്രാന്ത് പിടിക്കാതെ പിടിച്ചു നിന്ന് എന്നാണ്. അന്ന് ഈ കേസുകൾ തേയ്ച് മായിച്ചു കളയാൻ ശ്രമിച്ച പോലീസുകാരുടെ പെൻഷൻ പിടിച്ചു വയ്ക്കാനും കോടതി വിധിയായിട്ടുണ്ട്. കിട്ടുന്ന 50 ലക്ഷം രൂപയിൽ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ മറ്റു ഇരകൾക്ക് വേണ്ടി മാറ്റിവയ്ക്കും എന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. മതം ഒരു ഗ്രാമത്തിന്റെയും സമൂഹത്തിന്റെയും മുഴുവൻ മാനസിക നില തെറ്റിച്ച ഒരു കാഴ്ചയായിരുന്നു ഗുജറാത്ത് കലാപം കാണിച്ചുതന്നത്.
മതങ്ങളെ മനുഷ്യത്വം പഠിപ്പിക്കാൻ ആ മതങ്ങളിലെ ആളുകൾ തന്നെ മുന്നോട്ട് വരണം. കാലം ആവശ്യപ്പെടുന്നത് അതാണ്.
Remember Vayalar’s words
Manushyan mathangale srishtichu …
LikeLike