പി ജെ കുര്യൻ രാജ്യസഭാ സ്ഥാനാർഥി ആകണോ വേണ്ടയോ എന്ന് ആരാണ് തീരുമാനിക്കേണ്ടത്?
ഇന്നായിരുന്നു ന്യൂ ജേഴ്സിയിലെ പ്രൈമറി തിരഞ്ഞെടുപ്പ്. ഞാൻ ഇവിടെ രജിസ്റ്റർ ചെയ്ത ഒരു ഡെമോക്രാറ്റിക് പാർട്ടി അംഗമായത് കൊണ്ട് വരുന്ന നവമ്പർ തിരഞ്ഞെടുപ്പിൽ ഏതു സ്ഥാനാർത്ഥിയെ ആണ് ഡെമോക്രാറ്റിക് പാർട്ടി നിർത്തേണ്ടത് എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് ചെയാം. അങ്ങിനെ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന ആളെ ആണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ആയി പാർട്ടി നിർത്തുക. അതുപോലെ തന്നെ ഏതു സ്ഥാനാർത്ഥിയെ നിർത്തണം എന്ന് തീരുമാനിക്കാൻ രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻ അംഗങ്ങൾക്കും അവസരം നൽകുന്ന വോട്ടെടുപ്പ് ആണ് ഇന്ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പ് . പ്രസിഡന്റ്, ഗവർണർ തുടങ്ങി പാർട്ടിയുടെ എല്ലാ ലോക്കൽ സ്ഥാനാർത്ഥിയെ വരെ ഇങ്ങിനെ പാർട്ടിയുടെ രജിസ്റ്റർ ചെയ്ത അംഗങ്ങൾ ആണ് തിരഞ്ഞെടുക്കുന്നത്.
പി ജെ കുര്യനെ രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി ആക്കണോ എന്നതിനെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇങ്ങിനെയുള്ള പ്രൈമറി ഇലക്ഷനുകൾ ഇന്ത്യയിലും കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് എന്നെനിക്ക് തോന്നുന്നു.
വിവിധ പാർട്ടികൾ നിർത്തുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിൽ വ്യവസ്ഥ ഉണ്ടെങ്കിലും, ഈ പാർട്ടികൾ ഏത് സ്ഥാനാർത്ഥിയെ നിർത്തണം എന്ന കാര്യത്തിൽ ഇന്ത്യയിലെ വോട്ടർമാർക്ക് വലിയ അഭിപ്രായ സ്വാതന്ത്ര്യം ഇല്ല. അതാ പാർട്ടിക്കാരുടെ കാര്യം എന്ന് പറഞ്ഞൊഴിയാൻ വരട്ടെ, പാർട്ടികൾ എന്ന് പറഞ്ഞാൽ ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളുകൾ തന്നെയാണ്. പാർട്ടി കൊണ്ടുനടക്കുന്ന ചില തമ്പുരാക്കന്മാർ കൽപ്പിച്ചു നിർത്തേണ്ടവർ അല്ല ജനാതിപത്യ പാർട്ടികളിലെ സ്ഥാനാർത്ഥികൾ. അത് കേരള കോൺഗ്രസിൽ കെ എം മാണിയുടെ മകൻ ആയാലും അഖിലേന്ത്യാ കോൺഗ്രസിൽ ഗാന്ധി കുടുംബത്തിലെ അംഗമായാലും ആരെ സ്ഥാനാർത്ഥിയായി നിർത്തണം എന്ന് പാർട്ടി അംഗങ്ങൾ തീരുമാനിക്കണം. കുടുംബ , മത, ജാതി സമവാക്യങ്ങൾ ഒഴിവാക്കി പൊതുസമ്മത സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ അംഗങ്ങൾക്ക് അങ്ങിനെ അവസരം ലഭിക്കും.
1992 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പള്ളുരുത്തി യൂണിറ്റ് തിരഞ്ഞെടുപ്പിൽ, യൂണിറ്റിലെ ആളുകളുടെ അഭിപ്രായത്തിന് വിരുദ്ധമായി ജില്ലാകമ്മിറ്റിയുടെ ചില സ്ഥാനാർത്ഥികളെ പാനലിൽ കണ്ടപ്പോൾ ആണ് , ഇടതുപക്ഷ അഭിമുഖ്യം ഉള്ള സംഘടനകളിലും ഉൾപാർട്ടി ജനാതിപത്യം ഞാൻ വിചാരിച്ച പോലെ അല്ലെന്ന് മനസിലായത്. പലപ്പോഴും മുകളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ ചുമക്കേണ്ട ചുമതല കീഴ്ഘടകങ്ങൾക്ക് വന്നുചേരും.
പാർട്ടികൾ പേരിന് വേണ്ടി ഉൾപാർട്ടി ജനാധിപത്യത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ടെങ്കിലും ഇത് പുറത്തുള്ള ഒരു ഏജൻസി ചെയ്യുന്നത് ആയിരിക്കും നല്ലത്. ഇവിടെ സ്റ്റേറ്റ് ഇലെക്ഷൻ കമ്മീഷൻ ആണ് രണ്ടു പാർട്ടികളുടെയും പ്രൈമറി തിരഞ്ഞെടുപ്പ് നടത്തുന്നത്. പാർട്ടികൾ സ്വയം തിരഞ്ഞെടുപ്പ് നടത്തിയാൽ അത് അകത്ത് നിന്ന് സ്വാധീനിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
രണ്ടു തരത്തിൽ ആണ് അമേരിക്കയിൽ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്. ന്യൂ ജേഴ്സിയിൽ ഒരു പാർട്ടിയിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് ആ പാർട്ടിയുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ഉള്ള അവകാശം മാത്രമേ ഉള്ളൂ (closed primary). ചില സംസ്ഥാനങ്ങളിൽ ആർക്ക് വേണം എങ്കിലും ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യാം, പക്ഷെ ഒരാൾക്ക് ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയെ മാത്രമേ ഒരു സമയത്ത് തിരഞ്ഞെടുക്കാൻ കഴിയൂ(open primary )
ഇന്ത്യയിൽ ഇങ്ങിനെ ഒരു പരിപാടി വന്നാൽ ഒരു പക്ഷെ തീവ്ര ചിന്താഗതി വച്ച് പുലർത്തുന്ന ചില പാർട്ടികളിൽ കൂടുതൽ മൃദു സമീപനം പാലിക്കുന്ന ആളുകളെ സ്ഥാനാർത്ഥിയായി നിർത്താൻ ജനങ്ങൾക്ക് സ്വാധീനം ചെലുത്തതാണ് കഴിയും. നാളെ ഒരു പക്ഷെ ബിജെപി പോലുളള ഒരു പാർട്ടിയെ അതിന്റെ തീവ്ര ഹിന്ദു നിലപാടിൽ നിന്ന് വ്യതിചലിപ്പിക്കാൻ ഇങ്ങിനെയുള്ള തിരഞ്ഞെടുപ്പുകൾക്ക് സാധിച്ചാലോ?
ഇതിനർത്ഥം ഇപ്പോഴും നല്ല സ്ഥാനാർത്ഥികളെ കിട്ടും എന്നല്ല,ഇവിടെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രമ്പിനെ തിരഞ്ഞെടുത്ത പോലെ ഭൂരിപക്ഷത്തിനും ചിലപ്പോൾ ഭ്രാന്ത് പിടിക്കാം, പക്ഷെ ഭൂരിപക്ഷത്തിന്റെ കളിയാണല്ലോ ജനാധിപത്യം.
അപ്പോൾ എല്ലാ കോൺഗ്രെസ്സുകാരും കൂടി വോട്ട് ചെയ്ത് തീരുമാനിക്കട്ടെ പി ജെ കുര്യൻ രാജ്യസഭാ സ്ഥാനാർഥി ആകണോ വേണ്ടയോ എന്ന്.
Leave a Reply