ഇടുക്കി ഡാമിന്റെ ഷട്ടർ എപ്പോൾ തുറക്കണം? (വി ടി ബൽറാം എം എൽ എ എം എം മണിക്കെതിരെ ഡാമിന്റെ ഷട്ടർ തുറക്കുന്നതും ആയി ബന്ധപെട്ടു ഇട്ട പോസ്റ്റിന്റെ ഒരു അവലോകനം )
ഒരു നിമിഷത്തേക്ക് ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ആയുള്ള വ്യക്തിയാണ് നിങ്ങൾ എന്ന് കരുതുക. നിങ്ങൾ എങ്ങിനെ ആയിരിക്കും ഡാമിന്റെ ഷട്ടർ തുറക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോകുന്നത്? ഒറ്റ നോട്ടത്തിൽ കുറെ മഴ പെയ്താൽ തുറക്കണം കുറവ് മഴ പെയ്താൽ തുറക്കേണ്ട എന്ന് വളരെ എളുപ്പത്തിൽ തീരുമാനിക്കാൻ കഴിയുന്ന ഒരു കാര്യം ആണിത് എന്ന് നിങ്ങൾക്ക് തോന്നാം, എന്നാൽ യഥാർത്ഥത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് വളരെ അധികം ഉപയോഗിച്ച് കണ്ടു പിടിക്കേണ്ട ഒരു കാര്യമാണ് ഷട്ടർ എപ്പോൾ തുറക്കണം എന്നത്. യഥാർത്ഥ അളവുകൾക്ക് പകരം നമുക്ക് എളുപ്പം മനസ്സിലാക്കാവുന്ന കണക്കുകൾ വച്ച് ഞാൻ ഇത് വിശദീകരിക്കാൻ ശ്രമിക്കാം.
നിങ്ങൾ മാനേജ് ചെയ്യുന്ന ഡാമിന്റെ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന ത്രാണി 100 ലിറ്റർ ആണെന്ന് കരുതുക. 100 ലിറ്ററിൽ കൂടിയാൽ ഡാം തകരാൻ സാധ്യത ഉള്ളത് കൊണ്ട്, 100 ലിറ്ററിന് മുകളിൽ ഒരു തരത്തിലും വെള്ളം അനുവദിക്കാൻ കഴിയില്ല. ഒരു പ്രഷർ കുക്കറിന്റെ വെയ്റ്റ് പ്രഷർ കൂടുമ്പോൾ തനിയെ തുറന്ന് പ്രഷർ കുറക്കുന്ന പോലെ ഡാമുകൾക്ക് സ്പിൽവേകൾ ഉണ്ട്. ഇടുക്കിയിൽ ചെറുതോണി അണക്കെട്ടിൽ അഞ്ച് സ്പിൽവേകൾ ഇതിന് വേണ്ടി ഉണ്ട്.
വെള്ളം തുറന്നു വിടണോ വേണ്ടയോ എന്നത് ഡാമിൽ ഇപ്പോൾ എത്ര വെള്ളം ഉണ്ട്, ഡാമിലേക്ക് അടുത്ത ദിവസങ്ങളിൽ എത്ര നീരൊഴുക്ക് ഉണ്ടാവും എന്നീ രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇത് കണക്കിന്റെ രീതിയിൽ പറഞ്ഞാൽ ഡാം എപ്പോൾ തുറക്കണം എന്നത് ഡാമിൽ ഇപ്പോൾ ഉള്ള വെള്ളം, ഡാമിലേക്ക് വരുന്ന നീരൊഴുക്ക്, ഡാമിന്റെ കപ്പാസിറ്റി എന്നീ മൂന്ന് കാര്യങ്ങളുടെ ഒരു ഫങ്ക്ഷൻ ആണ്.
നിങ്ങളുടെ ഡാമിൽ ഇപ്പോൾ 99 ലിറ്റർ വെള്ളം ഉണ്ടെന്നു കരുതുക. ദിവസവും വൈദുതി ഉത്പാദനത്തിനും മറ്റുമായി ഒരു ലിറ്റർ വെള്ളം നിങ്ങൾ ഡാമിൽ നിന്ന് പുറത്തു വിടുന്നു എന്നും കരുതുക. ഓർക്കുക ഇത് സ്പിൽവേ വഴി കളയുന്ന വെള്ളം അല്ല. വൈദ്യതി ഉത്പാദിപ്പിക്കാൻ വേണ്ടി പെൻസ്റ്റോക്ക് പൈപ്പുകളിലൂടെ പോകുന്ന വെള്ളമാണ്.
അടുത്ത ദിവസം രണ്ട് ലിറ്റർ നീരൊഴുക്ക് ഉണ്ടായാൽ നിങ്ങൾക്ക് സ്പിൽവേ തുറക്കേണ്ടി വരില്ല, കാരണം ഒരു ലിറ്റർ ഡാം ഉൾക്കൊള്ളും, മറ്റൊരു ലിറ്റർ വൈദ്യതി ഉല്പാദനത്തിന് ഉപയോഗിക്കും.
പക്ഷെ അടുത്ത ദിവസം മൂന്ന് ലിറ്റർ നീരൊഴുക്ക് വന്നാലോ? പണി പാളും. ഇക്കാരണത്താൽ സാധാരണ ഡാമുകളിൽ രണ്ട് തരം കപ്പാസിറ്റി ആണ് പറയുന്നത്. സാധാരണ ഡാമിന്റെ മാക്സിമം വെള്ളം നിറച്ചു വയ്ക്കുന്ന ഫുൾ റിസെർവോയർ ലെവലും, അതിന്റെ കൂടെ അടിയന്തിര സന്ദർഭങ്ങളിൽ കുറച്ച് നാളത്തേക്ക് പെട്ടെന്ന് ഉണ്ടാവുന്ന മഴയും നീരൊഴുക്കും കൈകാര്യം ചെയ്യാൻ വേണ്ടി കുറച്ച് റിസേർവ് കൂട്ടിയ മാക്സിമം വാട്ടർ ലെവലും. ഫുൾ റിസേർവ് ക്യാപസിറ്റിക്ക് മുകളിൽ ജലനിരപ്പ് പോയാൽ ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളിൽ ഈ അധിക ജലം ഡാമിൽ നിന്ന് ഒഴുക്കി കളയഞ്ഞു ജലനിരപ്പ് ഫുൾ റിസെർവോയർ ക്യാപസിറ്റിയിലേക്ക് കൊണ്ടുവരണം. ചെറുതോണിയിൽ ഫുൾ റിസെർവോർ ലെവൽ 2403.0 അടിയും മാക്സിമം വാട്ടർ ലെവൽ 2408.5 അടിയും ആണ്.
നിങ്ങളുടെ ഡാമിന്റെ കാര്യത്തിൽ ഒരു 99 ലിറ്റർ ആണ് ഫുൾ റിസെർവോയർ ലെവൽ എന്ന് കരുതുക, എന്ന് വച്ചാൽ ഡാമിൽ 99 ലിറ്റർ വെള്ളം നിറയുമ്പോഴേ നിങ്ങൾ സ്പിൽവേ തുറന്നു വിടാൻ തുടങ്ങണം. ഒരു കാര്യം കൂടി ശ്രദ്ധിക്കുക സ്പിൽവേയിൽ കൂടി കളയാൻ കഴിയുന്ന വെള്ളത്തിന് ഒരു നിയന്ത്രണം ഉണ്ട്, ഡാമിന്റെ മുഴുവൻ ക്യാപസിറ്റിയും നല്ല മഴ പെയ്യുമ്പോൾ ഉള്ള നീരൊഴുക്കും ഒക്കെ ആയി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ചു വെള്ളം മാത്രമേ ഇങ്ങിനെ ഒഴുക്കി വിടാൻ കഴിയൂ.
ഇത്രയും എളുപ്പം ഉള്ള കാര്യം, പക്ഷെ എത്ര മാത്രം മഴ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പെയ്യുമെന്നോ, എത്രമാത്രം നീരൊഴുക്ക് ഉണ്ടാകുമെന്നു പ്രവചിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മഴയുടെ കാര്യം തന്നെ കൃത്യമായി രണ്ടോ മൂന്നോ ദിവസം മുൻപ് കണക്കാക്കുന്നത് വരെ ബുദ്ധിമുട്ടാണ്, പിന്നെയാണ് രണ്ടോ മൂന്നോ ആഴ്ചയിലെ കാര്യം.
അപ്പോഴാണ് ചില സ്റ്റാറ്റിസ്റ്റിക്കൽ മെതേഡ്സ് നമ്മൾ ഉപയോഗിക്കുന്നത്.ഡാമിന്റെ വൃഷ്ടി പ്രദേശത്തുള്ള കഴിഞ്ഞ നൂറു വർഷത്തെ ദിവസവും ഉള്ള മഴയുടെ അളവ് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ അത് പരിശോധിക്കുമ്പോൾ നിങ്ങൾക്ക് ഒരു കാര്യം മനസിലാവും, ഏറ്റവും കൂടുതൽ സമയവും ശരാശരിയോട് അടുത്ത മഴ ആയിരിക്കും വൃഷിതപ്രദേശത് പെയ്യുന്നത്. ഉദാഹരണനത്തിന് ഓഗസ്റ്റ് 15 ആം തീയതി 200 മില്ലിമീറ്റർ ആണ് ഇടുക്കിയിലെ വൃഷ്ടിപ്രദേശത്തെ ശരാശരി മഴ എങ്കിൽ കഴിഞ്ഞ നൂറു വർഷത്തിലെ കണക്ക് എടുത്താൽ ഏതാണ്ട് കൂടുതൽ റീഡിങ്ങും 200 മില്ലിമീറ്ററിന് അടുത്ത് ആയിരിക്കും.
ഇങ്ങിനെ ഉള്ള കണക്കുകൾ വച്ച് നമ്മൾ ഒരു ഹിസ്റ്റോഗ്രാം (മഴയുടെ അളവ് y ആക്സിസിലും, എത്ര തവണ അങ്ങിനെ ഉണ്ടായി എന്ന അളവ് y ആക്സിസിലും) ഉണ്ടാക്കിയാൽ, നമുക്ക് കാണാൻ കഴിയുന്ന ഒരു കാര്യമുണ്ട്, ഈ ഹിസ്റ്റഗ്രാമിന് കമഴ്ത്തി വച്ചിരിക്കുന്ന ഒരു മണിയുടെ ആകൃതി ആയിരിക്കും, കാരണം ഇതിന്റെ ഇടതു വശത്തു ശരാശരിയിൽ കുറഞ്ഞ അളവിൽ മഴ പെയ്തത് എത്ര തവണ എന്നതും, വലതു വശത്തു ശരാശരിയിൽ കൂടുതൽ അളവിൽ മഴ പെയ്തത് എത്രയെന്നും ആയത് കൊണ്ടാണിത്. ബെൽ കർവ് എന്നാണ് ഇതിനെ വിളിക്കുന്നത്. ശരാശരിയിൽ നിന്നും വളരെ കുറവ് മഴ പെയ്ത സന്ദര്ഭങ്ങളും, ശരാശരിയിൽ നിന്ന് വളരെ കൂടുതൽ മഴ പെയ്ത സന്ദര്ഭങ്ങളും വളരെ കുറവായിരിക്കും. ഏറ്റവും കൂടുതൽ മഴ പെയ്ത സന്ദർഭം ഒരു ദിവസമോ രണ്ടു ദിവസമോ മാത്രം ആയിരിക്കും, ഈ ഹിസ്റ്റഗ്രാമിന്റെ ഏറ്റവും വലത് വശത്തു അത് കാണാം.
ഈ ഹിസ്റ്റഗ്രാമിന്റെ x ആക്സിസ് ഒരേ വലിപ്പം ഉള്ള നൂറു ഭാഗങ്ങൾ ആയി വിഭജിച്ചാൽ ഏറ്റവും വലതു വശത്തുള്ള ഭാഗത്ത് കാണിക്കുന്ന അത്ര വലിയ മഴ പെയ്യാൻ ഉള്ള സാധ്യത നൂറിൽ ഒന്നാണ്. ഇതിനെ ആണ് 99% കോൺഫിഡൻസ് ലെവൽ എന്ന് പറയുന്നത്. അതായത് അത്രയും മഴ പെയ്യാൻ ഉള്ള സാധ്യത നൂറിൽ ഒന്ന് മാത്രം ആണ് (1%). ഇതുപോലെ തന്നെ നൂറിന് പകരം ആയിരം ആയി വിഭജിച്ചത് ആയിരത്തിൽ ഒരു ഭാഗം ( .1%) സാധ്യതയും നമുക്ക് കണക്കുകൂട്ടാം.
ഡാം ഏതാണ്ട് നിറയാറാവുമ്പോൾ, ഈ ബെൽ കർവ് ഉപയോഗിച്ചാണ്, ഇനി എത്ര വെള്ളം ഡാമിലേക്ക് വരാൻ സാധ്യത ഉണ്ടെന്ന് കണക്കുകൂട്ടുന്നത്. ശരാശരി എത്ര മഴ അടുത്ത ദിവസങ്ങളിൽ പെയ്യും എന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ നിന്നും, കാലാവസ്ഥ പ്രവചനത്തിനു പറയാൻ സാധിക്കാത്ത ദിവസങ്ങളിലെ നീരൊഴുക്ക്, മുകളിൽ പറഞ്ഞ ബെൽ കർവിൽ നിന്നും കണ്ടുപിടിക്കുന്നു. 99 ശതമാനം സാധ്യത ആണോ, 95 ശതമാനം സാധ്യത ആണോ ഷട്ടർ തുറക്കാൻ ആയി കണക്കാക്കുന്നത് എന്നതും വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആണ്.
പക്ഷെ ഇതിന് ഒരു പ്രശ്നം ഉണ്ട്. കറുത്ത അരയന്നങ്ങൾ എന്ന ഒരു പ്രതിഭാസം ഉണ്ട്. കറുത്ത അരയന്നങ്ങളെ കാണുന്നത് വരെ മനുഷ്യർ എല്ലാ അരയന്നങ്ങളും വെളുത്തവ ആയിരുന്നു എന്ന് കരുതിയിരുന്നു എന്നതാണ് ഈ പ്രതിഭാസത്തെ കറുത്ത അരയന്നങ്ങൾ എന്ന് വിളിക്കാൻ കാരണം. കഴിഞ്ഞ നൂറു വർഷത്തേക്കാൾ കൂടുതൽ മഴ ഒരു ദിവസമോ ഒരാഴച്ചയോ പെയ്താൽ മുകളിൽ പറഞ്ഞ എല്ലാ കണക്കുകൂട്ടലുകളും തെറ്റിപ്പോകും. നമ്മൾ 99 ശതമാനം ആത്മവിശ്വാസത്തോടെ, പ്രവചിക്കുന്ന മഴയുടെ പത്ത് ശതമാനം കൂടുതൽ എങ്ങാനും മഴ പെയ്താൽ എല്ലാ ഷട്ടറുകളും ഒരുമിച്ച് തുറക്കുക അല്ലാതെ വേറെ വഴിയില്ല. ഇതാണ് 2018 ഓഗസ്റ്റ് മാസം കേരളത്തിൽ സംഭവിച്ചത് എന്നാണ് എന്റെ അനുമാനം. KSEB ഇങ്ങിനെ ഒരു കണക്കുകൂട്ടൽ ഉപയോഗിക്കുന്നുണ്ടോ എന്നെനിക്കറിയില്ല, കാരണം ഞങ്ങൾ ഫിനാൻഷ്യൽ മാർക്കറ്റിൽ റിസ്ക് പ്രവചിക്കാൻ ഉപയോഗിക്കുന്ന ഒരു മോഡൽ ആണിത്. ഇതോ അതല്ലാതെ വേറെ ഏതെങ്കിലും മോഡിലോ KSEB ഉപയോഗിക്കുന്നുണ്ടെങ്കിൽ അതും സ്റ്റാറ്റിസ്റ്റിക്സിന്റെയും സാധ്യതകളുടെയും അടിസ്ഥാനത്തിൽ മാത്രമേ പറ്റുകയുള്ളൂ. വളരെ കൃത്യമായി പ്രവചിക്കാനും, അതേസമയം തന്നെ ഡാമിന്റെ വൈദുത ഉൽപ്പാദനം കാരികക്ഷമമായി നടത്താനും 100% സമയത്തും കഴിഞ്ഞെന്നു വരില്ല.
പക്ഷെ ഈ കറുത്ത അരയന്നങ്ങൾ ഒരിക്കൽ സംഭവിച്ച കഴിഞ്ഞാണ്, അവ ബെൽ കർവിന്റെ ഭാഗം ആയി മാറുന്നത് കൊണ്ട്, അടുത്ത തവണ ഇതിനേക്കാൾ കൂടുതൽ മഴ പെയ്യുമ്പോൾ മാത്രം ആണ് നമ്മൾ ഇത് പോലെ പെട്ട് പോവുക. അതുകൊണ്ട് KSEB കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മഴ അവരുടെ കണക്കുകൂട്ടലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവും എന്നുറപ്പാണ്.
ഞാൻ പറയാൻ വന്നത് ഡാമിന്റെ ഷട്ടറുകൾ തുറക്കാനോ, എത്ര എണ്ണം തുറക്കണം, എത്ര മാത്രം തുറക്കണം, എത്ര വെള്ളം ഒഴുക്കി വിടണം എന്നെല്ലാം ഉള്ളത് വളരെ ഗൗരവമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ചെയ്യന്നതാണ്. അതിനെപറ്റി മുഴുവൻ പഠിക്കാതെ തവണ ഡാം വൈകി തുറന്നുവിട്ടത് കൊണ്ട് വെള്ളപ്പൊക്കം ഉണ്ടായി എന്നും, ഇത്തവണ നേരത്തെ തുറക്കാൻ തീരുമാനിച്ചത് നന്നായി എന്നും എളുപ്പത്തിൽ നിഗമനങ്ങളിൽ എത്തുന്നത് ശരിയല്ല. എം എം മണിയല്ല വി ടി ബലറാം വൈദ്യത മന്ത്രി ആയിരുന്നാലും കറുത്ത അരയന്നങ്ങളെ കണ്ടെത്താനും തടയാനും ബുദ്ധിമുട്ടാണ്…
(ഈ പോസ്റ്റ് KSEB ഇങ്ങിനെ ഉള്ള മെത്തേഡുകൾ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതും ആയി ബന്ധപ്പെട്ട് ഉപയോഗിക്കുന്നുണ്ട് എന്ന ഒരു അനുമാനത്തിന്റെ പുറത്താണ്, അങ്ങിനെ അല്ലെങ്കിൽ, this post is void )
Leave a Reply