അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച്…

എല്ലാവരും പറഞ്ഞു കഴിഞ്ഞെങ്കിൽ…

നമ്മളെ എല്ലാം ഞെട്ടിക്കുകയും വളരെ സങ്കടപെടുത്തുകയും ചെയ്ത ഒരു കുറ്റകൃത്യം നടന്നു കുറച്ച ദിവസങ്ങൾ കഴിഞ്ഞു. പലർക്കും വളരെയേറെ വേദന തോന്നിയത് തങ്ങളുടേതുമായി പൊരുത്തം തോന്നിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് പൊരുതി കയറി വന്ന ഒരു യുവാവിന്റെ ജീവൻ അകാലത്തിൽ തന്നെ കൊഴിച്ച് കളഞ്ഞതിലാണ്.

എന്റെ നാട്ടിലെല്ലാം സാധാരക്കാരായ ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആദ്യം സമീപിക്കുന്നത് സഖാക്കളായ മാത്യു ചേട്ടനെയോ , ശശി ചേട്ടനെയോ ഒക്കെയാണ്. സാധാരണക്കാരിൽ സാധാരണക്കാരായ അവരോട് കാര്യങ്ങൾ പറയാൻ എളുപ്പം ആണെന്നുള്ളതും , പറഞ്ഞാൽ അവർക്ക് കാര്യം പെട്ടെന്ന് മനസിലാവും എന്നുള്ളതും ഒക്കെ ആണ് കാരണങ്ങൾ. അവർക്ക് പലപ്പോഴും പണമോ പദവിയോ കിട്ടിയിട്ടല്ല ഇതൊക്കെ ചെയ്യുന്നത്. കേട്ടിടത്തോളം മഹാരാജാസിലെ ഇത്തരം ഒരു സഖാവ് ആയിരുന്നു അഭിമന്യു. എന്റെ മോനെക്കാളും കുറച്ച് വയസുമാത്രം മൂപ്പുള്ളെങ്കിലും ചെയ്ത കാര്യങ്ങൾ വച്ച് നോക്കുമ്പോൾ അവൻ ഒരു മുതിർന്ന രാഷ്ട്രീയക്കാരാണ്, അതിന്റെ ശരിയായ അർത്ഥത്തിൽ. മഹാരാജാസ് കെ എസ് യു യൂണിറ്റ് ഇട്ട പോസ്റ്റിലും അവന്റെ കൂട്ടുകൂടുന്ന ഗ്രാമീണ മനസ് നമുക്ക് വായിക്കാം.

പഠിക്കുമ്പോൾ അരാഷ്ട്രീയ വാദി അല്ലെങ്കിലും കലാലയങ്ങളിൽ അന്നുണ്ടായിരുന്ന അക്രമസംഭവങ്ങളും ആയി പൊരുത്തപ്പെടാൻ കഴിയാത്തതു കൊണ്ട് ഒരു “നല്ല കുട്ടി” ആയി രാഷ്ട്രീയത്തിന് പുറത്തു നിന്ന ഒരു സാധാരണ വിദ്യാർത്ഥി ആയിരുന്നു ഞാൻ. കുറെ വർഷങ്ങൾ കഴിഞ്ഞാണ് ഈ “ചീത്ത കുട്ടികളിൽ” ചിലരാണ് ഞങ്ങളെ പോലുള്ള “നല്ല” കുട്ടികൾക്ക് സമാധാനമായി ക്യാമ്പസുകളിൽ നടക്കാൻ അവസരം ഒരുക്കി തന്നത് എന്ന് മനസിലാകുന്നത്, അതും ചിലപ്പോഴൊക്കെ അവരുടെ ജീവിതം തന്നെ ബലി കൊടുത്ത് കൊണ്ട്. കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് വർഗീയത അകറ്റിനിർത്തുന്നതിൽ വിദ്യാർത്ഥി സംഘടനകൾ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ചിലപ്പോഴെക്കെ സംഘടനകൾ വഴിതെറ്റി പോയിട്ടുമുണ്ട്.

Bsc തോറ്റ് ഒരു വർഷം കളമശേരി പോളിടെക്‌നിക്കിൽ സിവിൽ പഠിക്കാൻ പോയപ്പോഴാണ് ആദ്യത്തെ വിദ്യാർത്ഥി സംഘട്ടനം ഞാൻ നേരിട്ട് കണ്ടത്. ഒരു ഹോക്കി സ്റ്റിക് കൊണ്ട് ഒരു വിദ്യാർത്ഥി നേതാവിനെ ഓടിച്ചിട്ട് ബസ്റ്റോപ്പിൽ എന്റെ മുൻപിൽ ഇട്ടാണ് തലയ്ക്ക് തല്ലിയത്. ചോര കുടുകുടാ ഒഴുകി തുടങ്ങിയപ്പോൾ അക്രമികൾ ഓടിപ്പോയി. ചോരയിൽ കുളിച്ച് ഒരാൾ പിടയുന്ന കണ്ടപ്പോൾ എനിക്ക് കയ്യും കാലും വിറച്ചു, ഛർദിക്കാൻ തോന്നി. നമ്മളിൽ പലരും അക്രമം കണ്ടാൽ കൈ വിറക്കുന്നവരാണ്. കരുതിക്കൂട്ടി കൊല്ലാൻ പരിശീലനം നേടിയവർക്കും അക്രമം കണ്ടും ചെയ്തും അറപ്പ് മാറിയവർക്കും മാത്രമേ പറ്റൂ.

അന്ന് വീണ് കിടന്നത് കെ എസ് യു നേതാവും, അടിച്ചത് എസ് എഫ് ഐ ഗാങ്ങും ആയിരുന്നു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച്കൊണ്ടിരുന്നപ്പോൾ ഞാൻ എസ് എഫ് ഐ ആണെന്ന് കരുതി ആർ എസ് എസ് ഗുണ്ടകൾ തടഞ്ഞുനിർത്തി കൊല്ലാൻ വന്ന കഥ ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. അടിപിടിയും പുറത്തു നിന്ന് ആളെ വിളിക്കലും എല്ലാം, അന്നും സാധാരണം ആയിരുന്നു. പക്ഷെ കരുതിക്കൂട്ടി കൊല്ലാൻ വേണ്ടി പരിശീലനം ചെയ്ത് പുറത്തു നിന്നുള്ളവർ അക്രമം നടത്തുന്നത് അന്നും ഇന്നും അസാധാരണമായ സംഭവമാണ്.

ഇപ്പോഴുള്ള അക്രമത്തെ മാറ്റിനിർത്തുന്ന ഒരു കാര്യം, രണ്ട് വിദ്യാർത്ഥികളുടെയും മുറിവുകളുടെ സ്വഭാവം വച്ച് നോക്കുമ്പോൾ കൊല്ലാൻ വേണ്ടി പരിശീലനം സിദ്ധിച്ചവർ ചെയ്തതാണ് എന്ന യാഥാർഥ്യമാണ്. ഒരു കോളേജിന്റെ ചുറ്റുവട്ടത്ത് വിളിപ്പുറത്ത് ഇങ്ങിനെ ഒറ്റകുത്തിന് കൊല്ലുന്നവർ ഉണ്ട് എന്നുള്ളത് ഓരോ രക്ഷിതാവിന്റെ മനസിലും തീ കോരിയിടുന്ന കാര്യമാണ്.

ഇങ്ങിനെയുള്ള ആക്രമണങ്ങൾ പെട്ടെന്ന് ഒരു നിമിഷത്തിന്റെ ചോരത്തിളപ്പിൽ സംഭവിക്കുന്നതാണ് എന്ന് നമുക്ക് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും സത്യം അതല്ല. ഇങ്ങിനെയുള്ള അക്രമങ്ങൾ കരുതിക്കൂട്ടി പരിശീലനം നടത്തി ചെയ്യുന്നതും, ഇത് അവരുടെ കൂട്ടത്തിലേക്ക് ആളെക്കൂട്ടാൻ വേണ്ടി ഒരു പ്രചാരണ ആയുധം ആയി ഉപയോഗിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. അൽ ക്വാഇദയും ഐസിസും അവരുടെ അക്രമങ്ങളുടെ വിഡിയോകൾ അവർക്ക് ആളെക്കൂട്ടാൻ ഉപയോഗിക്കുന്നതും, അമേരിക്ക തങ്ങൾ മറ്റു രാജ്യങ്ങളിൽ നടത്തുന്ന അക്രമങ്ങളുടെ വീഡിയോ സൈന്യത്തിൽ ആളെക്കൂട്ടാൻ ഉപയോഗിക്കുന്നതും എല്ലാം ഒരേ കാറ്റഗറിയിൽ പെടുത്താവുന്ന കാര്യങ്ങളാണ്. SDPI, ക്യാമ്പസ് ഫ്രണ്ട് എന്നിവ ഈ സംഭവം ഒരു പ്രചാരണ ആയുധമായി ഉപയോഗിക്കാൻ സാധ്യത ഉണ്ട്, പുറമെ അങ്ങിനെ ചെയ്യില്ലെങ്കിലും.

പലപ്പോഴും ഇത്തരം ഒരു അക്രമം നടന്നു കഴിഞ്ഞു ചില തൽപരകക്ഷികൾ ഇതിൽ നിന്ന് മുതലെടുപ്പ് നടത്താറുണ്ട്, ഇത്തവണയും അത് നടന്നതായി കാണാം.

1) ഈ സംഭവത്തെ, അക്രമം നടത്തിയ സംഘത്തിന്റെ എതിർ പാർട്ടികൾ, അത് ഒരേ തൂവൽപ്പക്ഷികൾ ആയ സംഘങ്ങൾ ആണെങ്കിൽ പോലും, ഇത് നടത്തിയ സംഘത്തിനെതിരെ മാത്രമല്ല അതിന്റെ കൂടെ ഒരു വംശത്തിനെതിരെയോ മതത്തിനെതിരെയോ ഉപയോഗിക്കാൻ ശ്രമിക്കും. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളുടെ അതെ സ്വഭാവം പേറുന്ന, ഭൂരിപക്ഷ അക്രമ വർഗീയത കൊണ്ട്, കുറെ കൂടി അക്രമകാരികൾ ആയ ആർ എഎസ്എസ്സും അനുബന്ധ സംഘടനകളും ഈ സംഭവം, അവർക്ക് ആളെകൂട്ടാനും, പറ്റുമെങ്കിൽ എല്ലാ മുസ്ലിങ്ങളും ഈ സംഭവത്തിന് ഉത്തരവാദികൾ ആണെന്ന് കാണിക്കാനും ശ്രമിക്കുന്നത് ഇതിന് ഉദാഹരണമാണ്.

2) സ്വതന്ത്രമായി ചിന്തിക്കുന്ന, തങ്ങൾക്ക് എതിരെ നിൽക്കുന്ന ആളുകളെ എങ്ങിനെ എങ്കിലും ഈ അക്രമകാരികളുടെ നുകത്തിൽ കൊണ്ട് വന്നു കെട്ടി, വെടക്കാക്കി തനിക്കാക്കുന്ന, ഒരു രീതി ചില വ്യക്തികളും സംഘടനകളും സ്വീകരിക്കും. ദീപ നിഷാന്തിനെതിരെ ആർ എസ് എസ് അനുകൂലികൾ നടത്തുന്ന കമന്റ് യുദ്ധം ഇതിൽ ചേർത്ത് വായിക്കാവുന്നതാണ്. നിരുപദ്രവകരാണ് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഇത്തരം ആരോപണങ്ങളിൽ ഇതിൽ വീണുപോയാൽ പിന്നെ കരകേറാൻ ബുദ്ധിമുട്ടാണ്.

3) ഇത്തരം അക്രമ സംഘടനകളോട് മനസ് കൊണ്ട് അനുഭവം പുലർത്തുന്നവരുടെ മൗനം. അക്രമം ആര് നടത്തിയാലും അപലപിക്കേണ്ടതാണ്. ആധുനിക ജനാതിപത്യ സമൂഹങ്ങൾ അക്രമം കൊണ്ട് ഒരു തരത്തിലും പുരോഗതി പ്രാപിക്കുന്നില്ല. പക്ഷെ ചിലർ ചിലരുടെ അക്രമങ്ങൾ മാത്രം അപലപിക്കുന്നവരാണ്. എന്റെ സുഹൃത് ലിസ്റ്റിൽ ഉള്ള ചിലർ പോലും ഹിന്ദുത്വ അക്രമങ്ങളെ എതിർത്ത് പോസ്റ്റിടുമ്പോൾ ഇസ്ലാമിക തീവ്രവാദികളുടെ അക്രമങ്ങൾ വരുമ്പോൾ മൗനം പാലിക്കുന്നവരാണ്. മാർട്ടിൻ നിയമോളേരുടെ വാക്കുകൾ ആണ് ഓർമ വരുന്നത്.

ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു

ഞാൻ ഒന്നും മിണ്ടിയില്ല

കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു

പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു

അപ്പോഴും ഞാനൊന്നും മിണ്ടിയില്ല

കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവർ ജൂതരെ തേടി വന്നു

ഞാനൊന്നും മിണ്ടിയില്ല

കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു

അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ

ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

ഒടുവിൽ അവർ എന്നെ തേടി വന്നു

അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ

ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

4) ഇത്രരം സംഭവങ്ങൾ ഉപയോഗിച്ച് ഒരു മതത്തിന്റെയും വംശത്തിനെയും പഴി ചാരാനുള്ള ശ്രമം

കുത്തിയത് മുസ്ലിമെങ്കിൽ എല്ലാ മുസ്ലിങ്ങളും ഈ കുറ്റകൃത്യത്തിന് പരോക്ഷമായെങ്കിലും പങ്കാളികളാണ് എന്ന വിധത്തിൽ ഉള്ള പ്രചാരങ്ങൾ ചില യുക്തിവാദി സുഹൃത്തുക്കൾ വരെ നടത്തിക്കാണുന്നുണ്ട്. എന്റെ വീട്ടിലെ അനുഭവം വച്ചിട്ട്, കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ, മുസ്ലിങ്ങൾ ആയിരിക്കുമ്പോൾ തന്നെ കട്ട കമ്മ്യൂണിസ്റ്റ് ആയ ബാപ്പയും ഉമ്മയും അനിയനും മാമയും എല്ലാം ഉള്ള ഒരാളാണ് ഞാൻ. സോഷ്യൽ മീഡിയയിൽ കണ്ട പോസ്റ്റുകൾ വച്ച് ബഹു ഭൂരിപക്ഷം മുസ്ലിങ്ങളും ഈ അക്രമത്തെ അപലപിച്ച് കാണുന്നുണ്ട്, പക്ഷെ ചിലർ ഈ സംഭവത്തെ എല്ലാ മുസ്ലിങ്ങളുടെയും തലയിൽ കെട്ടിവച്ച് മുതലെടുക്കാൻ ശ്രമം നടത്തുന്നുണ്ട്.

5) ചില മതസ്ഥരുടെയും മത സംഘടനകളുടെയും തീവ്ര സ്വഭാവത്തെ വിമര്ശിക്കുമ്പോൾ അതവരുടെ കാര്യം എന്ന് കൈ കഴുകിയ എല്ലാവര്ക്കും ഈ കൊലപാതകത്തിൽ പങ്കുണ്ട്. പശുവിന്റെ പേരിലും പുരോഹിത നിന്ദയുടെ പേരിലും ആളുകളെ കൊല്ലുമ്പോൾ ന്യായീകരിക്കുന്നവർക്ക് എല്ലാം ഈ കൊലപാതകത്തിൽ പരോക്ഷമായ പങ്കുണ്ട്. ആർക്കും കൈ കഴുകാൻ പറ്റില്ല.

ഒരു കുറ്റകൃത്യം നടന്നു കഴിയുമ്പോൾ സ്റ്റേറ്റും ഒരു സമൂഹം എന്ന നിലയിൽ നമ്മളും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

ഒന്നാമതായി, വളരെ ശാസ്ത്രീയമായും കാര്യക്ഷമമായും അന്വേഷിച്ച് ഈ കുറ്റം തെളിയിച്ച് കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം. അത് കുത്തിയവന് മാത്രമല്ല, ഈ സംഘത്തെ വളർത്തി കൊണ്ട് വന്ന നേതാക്കൾക്കും കിട്ടണം ശിക്ഷ. പ്രധാനമായും സമയബന്ധിതം ആയി ശിക്ഷ കൊടുക്കണം. അമേരിക്കയിൽ പലപ്പോഴും ശിക്ഷ വിധിക്കുന്നത് കുറ്റകൃത്യത്തിന്റെ കുറിച്ചുള്ള ഓർമ്മകൾ ഫ്രഷ് ആയി മനസ്സിൽ നിൽക്കുമ്പോൾ തന്നെയാണ്. ഇന്ത്യയിൽ പല ദശകങ്ങൾക്ക് വർഷം മുൻപ് നടന്ന കുറ്റകൃത്യത്തിന്റെ ശിക്ഷ വിധികൾ ഒക്കെ ആണ് ചിലപ്പോൾ വരുന്നത്. പിന്നെ ഈ ശിക്ഷ ഇളവ് കൊടുക്കാതെ പൂർത്തീകരിക്കുകയും വേണം. ബാലകൃഷ്ണപിള്ളയെ പോലെ മാപ്പു നേടി പുറത്തു വരാം എന്ന് കാണുന്ന ഏത് രാഷ്ട്രീയക്കാരൻ ആണ് അഴിമതിയെ ഭയക്കാൻ പോവുന്നത്.

അമിത മത വിശ്വാസം മൂലം അപരവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് ഈ കുറ്റകൃത്യത്തിന് കാരണക്കാർ എങ്കിൽ അവർ എങ്ങിനെ ഇത്തരം വിശ്വാസത്തിൽ എത്തിപ്പെടുന്നു എന്നും, അതിനുള്ള സാമ്പത്തിക സ്രോതസുകൾ എവിടെ ആണെന്നും കണ്ടുപിടിച്ച് ഇനി ഇത്തരം സംഭവങ്ങൾ നടക്കാതെ നോക്കേണ്ട ചുമതല കൂടി സ്റ്റേറ്റിന് ഉണ്ട്.

വട്ടവട പോലെയുള്ള ഒരു സ്ഥലത്തെ വിദ്യാഭ്യസ പിന്നോക്കാവസ്ഥയും അവർക്ക് നല്ല കോളേജുകളിൽ പഠിക്കാനുള്ള ബുദ്ധിമുട്ടുകളും ഒരു മരണം കൊണ്ട് മാത്രം നമ്മുടെ മുന്നിലെത്തേണ്ട ഒന്നല്ല. അഭിമന്യുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം, ഇപ്പോൾ മാത്രമല്ല എപ്പോഴും, ചെയ്യണം എന്നതിന്റെ കൂടെ, നമ്മുടെ സ്കൂളുകളിലും, കോളേജുകളിൽ പഠിക്കുന്ന ഇത്തരം മിടുക്കന്മാരെ കണ്ടെത്തി അവരെ വളർത്തിക്കൊണ്ട് വരേണ്ടത് ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ കടമയാണ്. ഒരു നൂറ് അഭിമന്യുമാരെ വട്ടവടകളിൽ നിന്ന് മഹാരാജാസുകളിൽ എത്തിക്കാൻ കഴിഞാൻ അതിനേക്കാൾ വലിയ ഒന്നുമില്ല അവന്റെ ഓർമ നിലനിർത്താൻ. അവന്റെ പേരിൽ ഒരു ഫണ്ട് തുടങ്ങി സ്കോളർഷിപ് ഏർപ്പെടുത്തുന്നത് സർക്കാരോ എസ് എഫ് ഐയോ പരിഗണിക്കേണ്ട കാര്യമാണ്. നമ്മളെല്ലാവരും ഒത്തു പിടിച്ചാൽ അവന്റെ പേര് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മറക്കാതെ നിലനിൽക്കും.

One thought on “അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച്…

Add yours

  1. If you are so motivated to kill and maim the enemy, why can’t they join the army? They will never as these future political leaders have no love for their country and it’s people.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: