സംഘപരിവാർ ഒരു മനോഭാവമാണ്..

രണ്ടു വർഷം മുമ്പ് നോട്ടു നിരോധനം വരുന്നത് വരെ സംഘി എന്നാൽ ബിജെപി / ആർ എസ് എസ്സുകാർ മാത്രമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഞാൻ പുരോഗമന ചിന്താഗതിക്കാരാണെന്നു കരുതിയ പലരും കുറച്ച് സംഘി മനസുള്ളവരാണെന്ന് നോട്ടു നിരോധനനത്തിന്റെ അന്നാണ് മനസിലായത്. സംഘിസം പാർട്ടി മെമ്പർഷിപ്പിനും മത ജാതി വേലിക്കെട്ടുകൾക്കും ഉപരി ഒരു മാനസിക അവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു സംഘികളുടെ സവിശേഷ സ്വഭാവങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം.

1) പഴമയോടുള്ള അമിതമായ അഭിനിവേശം.

ആധുനിക ശാസ്ത്രത്തിന്റെ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിക്കുകയും അതേസമയം തന്നെ പഴയ കാലം അടിപൊളി ആയിരുന്നു എന്ന് നെടുവീർപ്പിടുകയും ചെയ്യുക ഇവരുടെ ഒരു പൊതു സ്വഭാവമാണ്. ഉദാഹരണത്തിന് ആധുനിക വൈദ്യശാസ്തത്തിന്റെ സംഭാവനയായ വാക്‌സിനും മറ്റും എടുക്കുകയും, നെഞ്ച് വേദന വന്നാൽ ആദ്യം തന്നെ ഏറ്റവും മുന്തിയ ആശുപത്രിയിലേക്ക് ഓടുകയും ചെയ്യുമെങ്കിലും, പണ്ട് നമ്മുടെ ഋഷിമാർ തല മാറ്റിവെയ്ക്കൽ സർജ്ജറി ചെയ്തിരുന്നു എന്ന് മുതൽ, അദ്ധ്യാത്മ രാമായണത്തിൽ ഒരു മനുഷ്യ ജീവന്റെ ഓരോ ഘട്ടങ്ങളും കൃത്യമായി പ്രചിച്ചിട്ടുണ്ട് വരെ തള്ളും.

ഡോക്ടറേറ്റ് എടുത്ത ആളാണെങ്കിൽ കൂടി രാഹുകാലം കഴിയാതെ പുതിയ കാര്യങ്ങൾ തുടങ്ങില്ല. പൂച്ച കുറുകെ ചാടുന്നത് അപശകുനം ആയി കരുതും. റോക്കറ്റ് വിടുന്നതിന് മുൻപ് രഹസ്യമായോ പരസ്യമായോ പൂജ നടത്തും.

നെറ്റിയിൽ കുങ്കുമം തൊടുന്നതിന്റെ ശാസ്ത്രം, വിവാഹം കഴിഞ്ഞ സ്ത്രീകൾ കാലിൽ മോതിരം ഇടുന്നതിന്റെ ശാസ്ത്രം, അമ്പലത്തിൽ മണി മുഴക്കുന്നതിന്റെ ശാസ്ത്രം, തുളസി ചെടി വളർത്തുന്നതിന്റെ ശാസ്ത്രം തുടങ്ങി പുരാതന ഭാരതത്തിലെ ശാസ്ത്രങ്ങളുടെ വിശദീകരണം കുറെ കേൾക്കേണ്ടി വരും. പിന്നെ അവരുടെ വീട് വയ്ക്കുന്നതും അതിൽ കക്കൂസ് എവിടെ വയ്ക്കണം എന്നത് വരെ വാസ്തു ശാസ്ത്രം അനുസരിച്ച് തീരുമാനിച്ചു കളയും.

ഇതെല്ലാം ആധുനിക ശാസ്ത്രപ്രകാരം ഒരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങൾ ആണെന്ന് എത്ര പറഞ്ഞാലും തലയിൽ കേറുകയും ഇല്ല.

ഭരദ്വാജ മുനിയുടെ വൈമാനിക ശാസ്ത്രമാണ് ഇവർ പുതുതായി ഉണ്ടാക്കിക്കൊണ്ടുവന്നിട്ടുള്ളത്, ഇത് ഇരുപതാം നൂറ്റാണ്ടിൽ മാത്രം എഴുതപെട്ട, പ്രായോഗികം അല്ലാത്ത ഒരു പുസ്തകമാണെന്ന് പറഞ്ഞു നോക്കൂ, അവർ നിങ്ങളെ ദേശദ്രോഹിയാക്കി കളയും.

2) ചരിത്രത്തിന്റെ പുനർനിർമിതി

നെഹ്‌റു ഒരു പെണ്ണ് പിടിയനാണെന്ന് പറയുന്ന കുറെ സുഹൃത്തുക്കൾ എനിക്കുണ്ട്. അതിന്റെ തെളിവായി കാണിക്കുന്നത് നെഹ്‌റു ഒരു സ്ത്രീയെ കെട്ടിപ്പിടിക്കുന്ന ചിത്രവും, മറ്റൊന്ന് ഒരു പെൺകുട്ടി നെഹ്‌റുവിനെ ഉമ്മ വയ്ക്കുന്ന ചിത്രവുമാണ്.

പക്ഷെ അവർ ചോദിക്കാത്തതോ മനസ്സിലാക്കാത്തതോ ആയ കാര്യം, അതിലെ ആദ്യത്തെ സ്ത്രീ നെഹ്രുവിന്റെ പെങ്ങളായ വിജയലക്ഷ്മി പണ്ഡിറ്റ് ആണെന്നും , രണ്ടാമത്തെ ചിത്രത്തിലെ പെൺകുട്ടി വിജയലക്ഷ്മിയുടെ മകൾ നയൻ‌താര ആണെന്നും ഉള്ളതാണ്. സോണിയ ഗാന്ധി തുടങ്ങി ഇവർക്ക് ഇഷ്ടമില്ലാതെ എല്ലാവരെയും കുറിച്ച് കഥകൾ ഉണ്ടാക്കാൻ ഇവർക്ക് പ്രത്യക വിഭാഗം ഉണ്ടെന്നു തോന്നുന്നു.

നമ്മൾ എന്ന ഒരു വിഭാഗത്തെയും അവർ എന്ന് അപരവൽക്കരിക്കുന്ന മറ്റൊരു വിഭാഗത്തെയും (പ്രധാനമായും ഇന്ത്യൻ മുസ്ലിങ്ങൾ) ഉണ്ടാക്കാൻ അവർ ഉപയോഗിക്കുന്ന മാർഗങ്ങൾ ആണ് ചരിത്രത്തിന്റെ പുനർനിർമിതി. മുഗളരുടെ ഇന്ത്യൻ ആക്രമണത്തെ കുറിച്ചുള്ള ചരിത്രം അറിയാവുന്ന ഇവർക്ക് പക്ഷെ ഹിന്ദു രാജാക്കന്മാർ പരസ്പരം ആക്രമിച്ച കാര്യം അജ്ഞാതം ആയിരിക്കും.

ആർ എസ് എസ്സിനെ നിരോധിച്ച പട്ടേലിനെ സ്വന്തമാക്കി കഴിഞ്ഞ ഇവരുടെ വായിൽ നിന്ന് ഇനി സ്വാതന്ത്ര്യ സമരത്തിൽ അവർ വഹിച്ച വലിയ പങ്കുകൾ കൂടി കേട്ട് തുടങ്ങേണ്ടിവരും.

3) അമിതമായ എന്നാൽ പൊള്ളയായ ദേശസ്നേഹം

കേരളത്തിൽ വെള്ളപ്പൊക്ക സമയത്ത് പണം കൊടുക്കാതിരിക്കാൻ പല കാരണങ്ങളും കണ്ടുപിടിച്ചു പറഞ്ഞ എന്റെ സുഹൃത്തുക്കൾ തന്നെയാണ് ഇപ്പോൾ ശബരിമലയുടെ കാര്യത്തിൽ പിണറായി വിജയനെ എതിർക്കുന്നത് എന്നത് എനിക്ക് വലിയ അത്ഭുതം തോന്നാത്ത ഒരു കാര്യമാണ്. പുറം രാജ്യങ്ങൾ കേരളത്തിന് സഹായം കൊടുക്കരുത് എന്ന് പറഞ്ഞ കേന്ദ്ര സർക്കാരിനെ വരെ ന്യായികരിക്കാൻ ഇവർക്ക് യാതൊരു മടിയുമില്ല, ഗുജറാത്ത് സഹായം വാങ്ങിയ കാര്യം പറയാതെ ഇരുന്നാൽ മാത്രം മതി.

നമ്മുടെ നാടിൻറെ പുനർനിർമാണം ഒന്നും ഇവരുടെ അജണ്ടയിലെ ഉണ്ടാവില്ല. എന്നാൽ നാട്ടിൽ ഒരു ക്ഷേത്രം പുതുക്കിപ്പണിയാൻ പണം ചോദിച്ചാൽ പണം എപ്പോഴേ റെഡി. അതും വീട്ടിനടുത്തുള്ള അമ്പലമോ , കുടുംബ ക്ഷേത്രമോ ആണെങ്കിൽ പറയുകയും വേണ്ട.

പുറം നാട്ടിലെ എല്ലാ വിധ സ്വാതന്ത്ര്യങ്ങളും, സ്ത്രീ സ്വാതന്ത്ര്യം ഉൾപ്പെടെ ആഘോഷിക്കുന്ന അവർ, പക്ഷെ പുറം നാട്ടിൽ നിന്ന് ഇന്ത്യയിലെ പഴകിയ ആചാരങ്ങൾക്ക് വേണ്ടി തൊള്ള കീറി വാദിക്കും.

അമേരിക്കയിലും മറ്റും അനേകം ഇന്ത്യക്കാർ നിയമവിധേയം ആയും അല്ലാതെയും അഭയാർത്ഥികൾ ആയും അല്ലാതെയും കുടിയേറിയിട്ടുണ്ട്. പക്ഷെ റോഹിൻഗ്യൻ മുസ്ലിങ്ങളെ ഇന്ത്യയിൽ അഭയാർത്ഥികൾ ആയി കയറ്റുന്ന കാര്യം ഇവരോട് ചോദിച്ചു നോക്കൂ, കളി മാറും.

4) വസ്തുതകളുടെ നിരാസം

മോഡി നോട്ടു നിരോധിച്ചത് മണ്ടത്തരം ആണെന് എത്ര വസ്തുതകൾ വച്ച് സമർത്ഥിച്ചാലും ഇവർക്ക് മനസിലാവില്ല. മൂവായിരം കോടി രൂപ കൊണ്ട് ഉണ്ടാക്കിയ പ്രതിമ കൊണ്ട് ദിവസേന കോടികണക്കിന് രൂപ വരുമാനം കിട്ടും എന്നൊക്കെ അടിച്ചു വിടുന്നവരോട് എന്ത് പറയാൻ.

അമേരിക്കയിലെ ക്ഷേത്രങ്ങളിൽ പ്രത്യേക കാന്തിക പ്രഭാവം ഒന്നും ഇല്ല എന്ന് ഞാൻ തെളിയിച്ചു കഴിഞ്ഞ് എന്റെ കുറെ കൂട്ടുകാർ പറഞ്ഞു, ഇത് അമേരിക്ക ആയത് കൊണ്ടാണ്, ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഉണ്ടാവും. എത്ര തെളിയിച്ചാലും എവിടെയെല്ലാം തെളിയിച്ചാലും ഇതൊരു വിശ്വാസം മാത്രമാണ്, ശാസ്ത്രമല്ല എന്ന് ഇവർ വിശ്വസിക്കില്ല.

5) അക്രമ വാസന

ശബരിമലയിലെ കാഴ്ചകൾ കാണുന്നവരോട് കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല എന്ന് തോന്നുന്നു. അക്രമത്തിൽ ഊന്നിയ ഒരു തത്വശാസ്ത്രം ആണ് ആർ എസ് എസ്സിന്റേത്, പക്ഷെ തല്ലാൻ ഇറങ്ങുന്നതും തല്ലു കൊല്ലുന്നതും സവർണരും നേതാക്കളും ആയിരിക്കില്ല എന്ന് മാത്രം. നാലായിരം ആളുകളെ കൊന്ന മോഡി അതുകൊണ്ട് തന്നെ അവതാരപുരുഷനാണ് എന്നൊക്കെ പ്രസംഗിക്കുന്ന നേതാക്കന്മാരുള്ളവരെ കുറിച്ചെന്തു പറയാൻ.

6) ഉയർന്ന വിദ്യാഭ്യാസം താഴ്ന്ന കോമ്മൺസെൻസ്

ജന്മനാ എന്തോ മെച്ചപ്പെട്ടവർ ആണെന്ന മിഥ്യാ ബോധം ഉള്ള ഇക്കൂട്ടരിൽ, പലരും നല്ല വിദ്യാഭ്യസം ഉള്ളവരാണ്, പക്ഷെ വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ കോമ്മൺസെൻസ് വളരെ കുറവാണു. ന്യൂ യോർക്കിലെ കാർഡിയോളജിസ്റ്റിന്റെ വീഡിയോ തന്നെ ഉത്തമ ഉദാഹരണം.

7) വിശ്വാസം അതല്ലേ എല്ലാം..

സംഘികളോട് ശബരിമലയെ കുറിച്ച് ചോദിച്ചു നോക്കൂ, ആചാരങ്ങൾ, ആർത്തവം, പിണറായി, റിവ്യൂ ഹർജി എന്നിങ്ങനെ തെന്നിക്കളിക്കുകയല്ലാതെ കൃത്യമായി എന്ത് കൊണ്ടാണ് നിങ്ങൾ ഇത് എതിർക്കുന്നത് എന്ന് ആരും പറയില്ല. ശബരിമല വിധിയെ കുറിച്ചുള്ള സനലിന്റെയോ ശ്രീചിത്രാന്റെയോ പ്രഭാഷങ്ങൾ കേൾക്കാനുള്ള ക്ഷമയും ഇവർക്കുണ്ടാവില്ല.

അടിസ്ഥാനം ഇല്ലാത്ത വിശ്വാസം അതാണ് ഇവരുടെ മുഖമുദ്ര.

8) പല നാൾ നുണകൾ, ഒരുനാൾ സത്യം..

ഹജ്ജ് സബ്‌സിഡി വഴി ഗോവെർന്മേന്റിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു , ലവ് ജിഹാദ്, ഗുരുവായൂരിലെ പണം എടുത്ത് വേറെ ചിലവ് ചെയ്യുന്നു, പിണറായി വിചാരിച്ചാൽ സുപ്രീം കോടതി വിധി മാറ്റാൻ കഴിയും തുടങ്ങി അനേകം നുണകൾ പറഞ്ഞ് പറഞ്ഞ് സത്യം ആക്കുക എന്നതാണ് ഇവരുടെ മറ്റൊരു രീതി. പല സംഘി സുഹൃത്തുക്കളും ഈ നുണ പ്രചാരണങ്ങളിൽ വീണു പോവുന്നവരാണ്.

9) ഉയർന്ന ജാതി ചിന്ത

എന്റെ ജാതി എന്റെ ഡി എൻ എയുടെ ഭാഗം ആണെന്ന് പറഞ്ഞ ഒരു സംഘി സുഹൃത്ത് എനിക്കുണ്ടായിരുന്നു. അത്ര മാത്രം മനസ്സിൽ ഉറച്ചു കിടക്കുന്ന ജാതി ചിന്ത ഉള്ളവരാണിവർ.എന്നാൽ ലോക സമസ്ത സുഖിനോ ഭവന്തി എന്നൊക്കെ അടിപൊളി മഹാവാക്യങ്ങൾ എടുത്ത് വീശുകയും ചെയ്യും. പച്ചയ്ക്ക് ജാതി പറയുന്ന കുറെ സംഘി കൂട്ടുകാർ എനിക്ക് ഇവിടെ തന്നെ ഉണ്ട്.

10) അടിസ്ഥാന ഹിന്ദു തത്വശാസ്ത്രങ്ങളിലെ അറിവില്ലായ്മ.

ഉദിത് ചൈതന്യ ഇവിടെ രാമായണ പ്രഭാഷണം നടത്തുമ്പോൾ രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്, അവ ഏതൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ അറിയാവുന്ന ഒരാൾ പോലും ഉണ്ടായിരുന്നില്ല സദസിൽ. ചുരുക്കി പറഞ്ഞാൽ ഉപനിഷത്, വേദം എന്ന് പോട്ടെ രാമായണവും മഹാഭാരതവും പോലും മുഴുവൻ വായിച്ച ഒരാൾ പോലും ഇവരുടെ കൂട്ടത്തിൽ ഉണ്ടാവില്ല. മണ്ഡൂക്യം, കടോപനിഷത് എന്നൊക്കെ പറഞ്ഞതു തുടങ്ങുമ്പോൾ തന്നെ “ഞങ്ങൾ വായിച്ചിട്ടല്ല ഹിന്ദു ആകുന്നത് ” എന്നൊരു ഡയലോഗ് കേൾക്കാം. പലരും അമ്പലത്തിൽ പോകുന്നതും മറ്റും ആയുള്ള ആചാരങ്ങൾ മാത്രമാണ് ഹിന്ദു മതം എന്ന് തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നവരാണ്.

ഇവരിൽ ചിലർക്കെങ്കിലും താൻ ഒരു സംഘി ആണെന്ന് മനസിലായി കഴിഞ്ഞിട്ടുണ്ടാവില്ല. അവരുടെ പല വാചകങ്ങളും തുടങ്ങുന്നത്, ഞാൻ ഒരു സംഘിയല്ല , പക്ഷെ സത്യം പറയുന്നതിന് എന്നെ സംഘിയായി മുദ്ര കുത്തരുത് എന്നായിരിക്കും.

മേൽപ്പറഞ്ഞ പോലെ സംഘിത്വം ഒരു മനോഭാവമാണ്. അതിൽ ബിജെപിക്കാരുണ്ട് , കോൺഗ്രെസ്സുകാരുണ്ട്, സിപിഎം കാരും ഉണ്ട്. നമ്മുടെ നാട്ടിലെ വിദ്യാഭ്യസം പൊതുവിലും ചരിത്ര/ ശാസ്ത്ര വിദ്യാഭ്യാസം പ്രത്യേകിച്ചും അഴിച്ചു പണിയാതെ ഈ മനോഭാവത്തെ നേരിടാൻ കഴിയില്ല.

ഇതൊക്കെയാണ് എനിക്ക് പെട്ടെന്ന് ഓർമ വന്ന കാര്യങ്ങൾ, നിങ്ങളുടെ സംഘി സുഹൃത്തുക്കളുടെ സ്വാഭാവങ്ങൾ നിങ്ങൾ പറയൂ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: