ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ

ബദൽ സത്യങ്ങൾ അഥവാ സത്യാനന്തര സത്യങ്ങൾ..

“അമേരിക്കൻ പ്രസിഡന്റായി ട്രമ്പ് അധികാരത്തിൽ കയറിയപ്പോഴാണ് വാഷിങ്ടണിൽ ഏറ്റവും വലിയ ജനക്കൂട്ടം വന്നത്” : ട്രമ്പ് അധികാരത്തിൽ കയറിയ സമയത്തു പ്രസ് സെക്രട്ടറി ആയി നിയമിച്ച ഷോൺ സ്പൈസെർ പറഞ്ഞതാണ്.

പക്ഷെ അമേരിക്കയിലെ മാധ്യമങ്ങൾ ആ അവകാശവാദം പൊളിച്ചു കയ്യിൽ കൊടുത്തു. ഉൽഘാടന സമയത്തെ ഏരിയൽ ഫോട്ടോ , അന്ന് എത്ര പേർ പൊതു ഗതാഗതം ഉപയോഗിച്ച് എന്നെല്ലാം ഉള്ള ഡാറ്റ ഉപയോഗിച്ച് ട്രമ്പ് അധികാരത്തിൽ കയറിയപ്പോൾ ഉള്ളതിനേക്കാൾ ഏറെ പേർ ഒബാമയുടെ ഇനാഗുറേഷന് വന്നിരുന്നു എന്ന് തെളിവ് സഹിതം സമ്മതിച്ചപ്പോൾ ട്രമ്പ് പറഞ്ഞു..

” അത് നിങ്ങളുടെ സത്യം, ഞങ്ങൾ പറഞ്ഞത് ഞങ്ങളുടെ സത്യം…”

ബദൽ സത്യം അഥവാ സത്യാനന്തര സത്യം എന്ന ഒരു പുതിയ സംഗതിയുടെ ഉത്ഘാടനം ആയിരുന്നു അത്. തിരഞ്ഞെടുപ്പ് സമയം മുഴുവൻ ട്രമ്പിന്റെ ടീം ഉപയോഗിച്ച് കൊണ്ടിരുന്ന, സത്യത്തെ വളച്ചൊടിച്ച്, ആടിനെ പട്ടിയാക്കുക എന്ന സംഗതിയാണ് സത്യാനന്തര സത്യം , alternative truth അല്ലെങ്കിൽ post truth .

ഈ സംഗതി ഇന്ത്യയിൽ ഏറ്റവും ആദ്യമായും ഫലപ്രദമായും ഉപയോഗിക്കുന്നത് ബിജെപിയാണ്. എന്റെ കൂടെ എഞ്ചിനീയറിംഗ് കോളേജിൽ പേടിച്ച് ഇൻഫോസിസിൽ ക്യാമ്പസ് ഇന്റർവ്യൂ കിട്ടി വലിയ പോസ്റ്റിൽ ഇരുന്ന ഒരു സുഹൃത്ത്, ഏതാണ്ട് 6 വര്ഷം മുൻപ്, ജോലി രാജി വച്ച് ബിജെപി ഐ ടി സെല്ലിന്റെ തിരുവനന്തപുരം ടീമിൽ ചേർന്നു എന്ന് കേട്ടപ്പോൾ അവരുടെ വെബ്‌സൈറ്റ് എന്തെങ്കിലും ശരിയാക്കാനോ മറ്റോ ആയിരിക്കുമ എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ അവർ നടത്തുന്ന ആയിരക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകൾക്ക് അർദ്ധസത്യങ്ങൾ നിറഞ്ഞ കണ്ടെന്റ് ട്രോളുകൾ ആയും മറ്റും ഉണ്ടാക്കി കൊടുത്ത്, അത് പല ഫാമിലി ഗ്രൂപ്പുകൾ വഴി ഏറ്റവും അടിത്തട്ടിലുള്ള ആളുകളിൽ വരെ എത്തിച്ച് ആശയകുഴപ്പം ഉണ്ടാക്കി വെടക്കാക്കി തനിക്കാക്കുന്ന പരിപാടിയാണ് അവരും,ബിജെപി യുടെ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ ഐടി സെല്ലുകളും ചെയ്യുന്നത് എന്ന് വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത്. അതും അവരോട് തെറ്റിപ്പിരിഞ്ഞ വന്ന വേറെയൊരു സുഹൃത്ത് വഴി. ഇതെല്ലാം ഇന്ത്യ ഒട്ടാകെ ഏകോപിപ്പിക്കാൻ സാമൂഹിക മനഃശാസ്ത്രഞ്ജരും പരസ്യ തന്ത്രങ്ങൾ ഒരുക്കുന്നവരും , ഡാറ്റ അനാലിസിസ് ചെയ്യുന്നവരും, മാധ്യമ പ്രവർത്തകരും ഒക്കെ ആയി വളരെ അധികം പണം ചിലവാക്കി നിലനിർത്തിയിരിക്കുന്ന പ്രൊഫെഷണങ്ങൾ ആളുകളുടെ ഒരു ടീം വേറെയും ഉണ്ട്.

നിങ്ങൾ ബിജെപിക്ക് എതിരായി ഒരു പോസ്റ്റിട്ടാൽ കുറെ ആളുകൾ, മിക്കവാറും ഫേക്ക് ഐ ഡിയിൽ നിന്ന് വന്നു ഒരേ പോലുള്ള കമന്റ് ഇടുന്നത് ഒരു പക്ഷെ നിങ്ങൾ ശ്രദ്ധിച്ചു കാണും. ഇത് ബിജെപി ഐ ടി സെല്ലിന്റെ ചെറിയൊരു രൂപം മാത്രം. ഏറ്റവും വലിയ പണി പക്ഷെ അർദ്ധസത്യങ്ങൾ പ്രചരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന് ജവാഹർലാൽ നെഹ്‌റു കുറെ സ്ത്രീകളും ആയി നിൽക്കുന്നതും, സിഗരറ്റ് വലിക്കുന്നതും ആയുള്ള ഫോട്ടോകളുടെ ഒരു കൊളാഷ് പ്രചരിപ്പിച്ചത് ബിജെപി ഐ ടി സെൽ മേധാവിയായ അമിത് മാളവ്യ തന്നെയാണ്. സംഭവം എല്ലാ ഫോട്ടോയും സത്യം തന്നെയാണ്. പക്ഷെ അതിലെ രണ്ടു ഫോട്ടോയിലും നെഹ്‌റു കെട്ടിപിടിച്ച് നിൽക്കുന്നത് സ്വന്തം സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റിനെ ആണെന്നും, മറ്റൊരു ഫോട്ടോയിൽ നെഹ്‌റു അഭിനന്ദിക്കുന്ന സ്ത്രീ, നെഹ്രുവിന്റെ കൂടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അമ്മു സ്വാമിനാഥന്റെ മകളും, ഇന്ത്യ കണ്ട പ്രഗത്ഭ ശാസ്ത്രജ്ഞൻ ആയ വിക്രം സാരാഭായിയുടെ ഭാര്യയും ആയ മൃണാളിലി സാരാഭായിയെ ഒരു നൃത്ത പരിപാടി കഴിഞ്ഞു അഭിനന്ദിക്കുന്നത് ആണെന്നും, അവർ പറയില്ല. ഈ ഫോട്ടോസ് മാത്രം കാണുന്ന, അധികം റിസേർച് ചെയ്യാത്ത സാധാരണക്കാരുടെ കണ്ണിൽ നെഹ്‌റുവിനെ ഒരു പെണ്ണുപിടിയാണ് ആക്കാൻ ഈ ഫോട്ടോ ധാരാളം മതി എന്നവർക്കറിയാം.

സത്യാനന്തര സത്യത്തിന്റെ ഒരു സ്വഭാവം ഇതാണ്. ഒരു ന്യൂനപക്ഷം ആളുകൾ മാത്രം മനസിലാക്കുന്ന വസ്തുതകൾക്ക് പകരം ഭൂരിഭാഗം ആളുകളിലേക്ക് എത്തുന്ന വികാരങ്ങളെ മുതലെടുക്കുക. ഉദാഹരണത്തിന് ശബരിമല വിഷയത്തിൽ അവർ നടത്തിയ പ്രചാരണം കേരളത്തിലെ ഇടതു ഗവണ്മെന്റ് ഹിന്ദു ആചാരങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു എന്ന നിലയിലാണ്. സുപ്രീം കോടതിയിൽ കേസിനു പോയത് ഇടതു ഗവണ്മെന്റ് അല്ലെന്നും, സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചാൽ അത് നടപ്പിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും വിവേകപൂർവം അന്ന് പറഞ്ഞ ആളുകളേക്കാൾ കൂടുതൽ ആളുകളുടെ ഇടയിലേക്ക് ഇടതു സർക്കാർ ഹിന്ദു വിരുദ്ധം ആണെന്ന സന്ദേശം എതിർക്കാൻ അവർക്കായി. ഈയടുത്ത് പാർലമെന്റിൽ , സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം ആയത് കൊണ്ട് ശബരിമല വിഷയത്തിൽ ഇടപെടാൻ കഴിയില്ല എന്ന് ബിജെപി മന്ത്രി പറഞ്ഞത് പക്ഷെ എത്ര പേര് കണ്ടുകാണും?

ഇതുപോലെ പറയാൻ അനേകം അർദ്ധസത്യങ്ങൾ ബിജെപിയുടെ വകയായുണ്ട്. നെഹ്‌റു ആണ് ഇൻഡ്യയെ വിഭജിച്ചത് എന്ന് മുതൽ, രാഹുലിന് നാല് പാസ്പോർട്ട് ഉണ്ടെന്നും വരെ.

രാഹുലിന് നാലു പാസ്പോര്ട്ട് ഉണ്ടെങ്കിൽ അധികാരത്തിൽ ഇരിക്കുന്ന ഗവൺമെന്റിന് പുള്ളിയെ പിടിച്ച് അകത്തിടാൻ പാടില്ലേ എന്നാരും ചോദിക്കരുത്. സോണിയ ഗാന്ധിയുടെ പേരിലും രാജീവ് ഗാന്ധിയുടെ പേരിലും സ്വിസ് ബാങ്കിൽ ആയിരകണക്കിന് കോടി കള്ള പണം ഉണ്ടെന്നും മറ്റും ഒരു വശത്ത് വാട്സാപ്പ് സന്ദേശം പ്രചരിപ്പിക്കുമ്പോൾ, ഈ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന് സോണിയ ഗാന്ധിയോട് 2011 ൽ തന്നെ എൽ കെ അദ്വാനി മാപ്പു പറഞ്ഞ കാര്യം അവർ സൗകര്യപൂർവം മറച്ചുവയ്ക്കും.

മലപ്പുറത്ത് നോമ്പുകാലത്ത് ഭക്ഷണം കിട്ടില്ല എന്നതൊക്കെ ഇതിന്റെ ഒരു ലോക്കൽ വെർഷനാണ്, മലപ്പുറത്തെ മുസ്ലിം പുരുഷന്മാരിൽ ഭൂരിഭാഗത്തിനും ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിനെ ഞാൻ തിരുവനന്തപുരത്തു കണ്ടിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം എടുത്താണ് ന്യൂനപക്ഷങ്ങളുടെ മത സ്ഥാപനങ്ങൾ നടത്തികൊണ്ടുപോകുന്നത് എന്ന നുണയുടെ സത്യാവസ്ഥ വിഷകലയെ സതീശൻ എം എൽ എ നിയമസഭയിൽ പൊളിച്ചടുക്കുന്നത് കണ്ടവർക്ക് അറിയാം, അല്ലാത്തവർ ഇന്നും അത് വിശ്വസിക്കുന്നുണ്ടാവും.

ട്വിറ്റെർ, ഫേസ്ബുക്, വാട്സാപ്പ് , ഗൂഗിൾ തുടങ്ങിയ കമ്പനികൾ തന്നെ ഇങ്ങിനെ ഉള്ള ഫേക്ക് വാർത്തകൾ പറക്കുന്നതിനെ കുറിച്ച് ബോധവാന്മാരാണ്. അതുകൊണ്ടാണ് തിരഞ്ഞെടുത്ത ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് ഗൂഗിൾ “എങ്ങിനെ ഫേക്ക് വാർത്തകൾ” കണ്ടുപിടിക്കാം എന്നു സൗജന്യമായി ട്രെയിനിങ് കൊടുക്കുന്ന പരിപാടി എല്ലാം തുടങ്ങിയത്.

അമേരിക്കയിൽ കേംബ്രിഡ്ജ് അനാലിറ്റിക്ക എന്നൊരു കമ്പനി ഒരു ആപ്പ് വഴി ഫേസ്ബുക്കിലെ ഡാറ്റ എടുത്ത്, രാഷ്ട്രീയ പാർട്ടികൾക്ക് വിട്ടു പൈസ ഉണ്ടാക്കിയിരുന്നു. കംബ്രിഡ്ജ് അനാലിറ്റിക്കയ്ക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ര വലിയ ഡാറ്റ അനാലിസിസും, നുണ പ്രചാരണങ്ങളും മറ്റുമാണ് ബിജെപി ഇന്ത്യയിൽ നടത്തുന്നത്. ഉത്തരേന്ത്യയിൽ അർണബിന്റെ റിപ്പബ്ലിക്ക് ടിവിയും, കേരളത്തിൽ ഷാജന്റെ മറുനാടൻ മലയാളിയും സ്വതന്ത്ര പത്രങ്ങൾ എന്ന നിലയിൽ വളരെ നല്ല നിലയിൽ ബിജെപിയെ വെള്ള തേക്കുകയും എതിരാളികളെ തേജോവധം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഒരു ഭാഗത്ത് ഇതെല്ലം നടക്കുമ്പോൾ അത്ഭുതം എന്ന് പറയട്ടെ ഇന്ത്യയിലെ മറ്റു പാർട്ടികൾ ഇങ്ങിനെ ഒരു സംഭവം നടക്കുന്നതായി അറിയുന്നതേ ഇല്ല, അല്ലെങ്കിൽ അറിഞ്ഞാലും അറിയാത്ത ഭാവത്തിൽ പോകുന്നു. കേരളത്തിൽ ഔട്സ്പോക്കൺ എന്ന ബിജെപി ട്രോൾ പേജിനെ പ്രതിരോധിക്കാൻ കോൺഗ്രെസ്സിനോ ഇടതുപക്ഷത്തിനോ നല്ലൊരു ടീമും ഇല്ല പേജും ഇല്ല. മുകളിൽ നിന്ന് നൂലിൽ കെട്ടിയിറക്കിയ ചിലർ കോൺഗ്രസിൽ മലമറിക്കും എന്നോ മറ്റോ കേട്ടിരുന്നു, പക്ഷെ ഇതുവരെ ഫാസിസത്തെ പ്രതിരോധിക്കുന്ന ഒരു സംഭവം പോലും കണ്ടിട്ടില്ല. ധ്രുവ് രാതീ, ദിവ്യ സ്പന്ദന പോലുള്ള ചില വ്യക്തിഗത അക്കൗണ്ടുകൾ മാത്രമാണ് കുറച്ചെങ്കിലും പ്രതിരോധം തീർക്കുന്നത്. ഇടതുപക്ഷത്തിന് പ്രൊഫെഷണൽ അല്ലാത്ത കുറെ പേജുകൾ ഉപകാരത്തെക്കാൾ ഉപദ്രവം ചെയ്യുന്നുണ്ട് താനും. ഇടതുപക്ഷവും കോൺഗ്രസ്സും ഇതെല്ലം മനസിലാക്കി വരുമ്പോഴേക്കും കാൽക്കീഴിലെ മണ്ണുണ്ടാവില്ല.

ശബരിമല വിഷയത്തിൽ ക്ഷേതങ്ങളിലെ മാഗ്നെറ്റിക് ഫീൽഡ് കൂടുതൽ ആണെന്ന ഒരു ഡോക്ടറുടെ വാദം ഞാൻ തെറ്റാണെന്നു തെളിയിച്ചപ്പോൾ അത് അമേരിക്കയിലെ അമ്പലം ആയത് കൊണ്ടാണെന്നും, ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മാഗ്നെറ്റിക് ഫീൽഡ് കൂടുതൽ ആയിരിക്കും എന്ന് പറഞ്ഞ, ഉന്നതവിദ്യാഭ്യാസം ഉള്ള മലയാളി കൂട്ടുകാർ എനിക്കുണ്ട്. അങ്ങിനെ ശാസ്ത്രബോധം അടുത്തുകൂടെ പോയിട്ടില്ലാത്ത ഒരു ജനതയെ സത്യാനന്തര സത്യമൊക്കെ പറഞ്ഞു മനസിലാക്കി വരുമ്പോഴേക്കും നമ്മുടെ രാജ്യവും ജനാധിപത്യവും ഒക്കെ അവിടെ തന്നെ കാണുമോ ആവോ.

സത്യം ചെരുപ്പിന്റെ വാര്‍ ഇടുമ്പോഴേക്കും നുണ ലോകത്തിന്‍റെ പാതി ചുറ്റിയിരിക്കും എന്നല്ലേ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: