ഒരുപക്ഷെ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കാര്യം പറയട്ടെ? ഞങ്ങൾ മട്ടാഞ്ചേരിയിൽ താമസിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ തൂറിയിരുന്നത് അവിടെയുള്ള കാണകളിലായിരുന്നു. എന്റെ ഉമ്മയുടെ വീടൊരു ലൈൻ വീടായിരുന്നു, അഞ്ചു വീടുകൾ അടുത്തടുത്തായി മതിലുകൾ ഷെയർ ചെയ്യുന്നതുപോലെ പണിതു വച്ചത്. ഏറ്റവും മുൻപിലെ ചെറിയ വരാന്തയും, ഒരു മുറിയും അടുക്കളയും ചേർന്ന് ഏതാണ്ട് 300 അല്ലെങ്കിൽ 400 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള വീടുകളാണിവ. പക്ഷെ എല്ലാ വീട്ടുകാർക്കും കൂടി ഒരു കിണറും ഒരു കക്കൂസും മാത്രമേ ഉള്ളൂ. അതുകൊണ്ട് രാവിലെ വലിയവർ ക്യൂ നിന്ന് കക്കൂസിൽ പൊകുമ്പോൾ ഞങ്ങൾ കുട്ടികൾ വീടിന്റെ മുന്നിലുള്ള കാണകളുടെ അരികത്തിരുന്നു കാര്യം സാധിക്കും. അന്നൊന്നും ഈ കാണകളുടെ മുകളിൽ സ്ലാബും ഉണ്ടായിരുന്നില്ല.
മുതിർന്നവർ വിസര്ജിക്കുന്ന കക്കൂസും അടിയിൽ പാട്ട വച്ച തരത്തിലുള്ള പാട്ടക്കക്കൂസുകൾ ആയിരുന്നു. അന്നൊന്നും സെപ്റ്റിക് ടാങ്ക് അത്ര പ്രചാരത്തിലായിട്ടില്ല. ഈ പാട്ടകൾ നിറയുമ്പോൾ “തോട്ടി” ജാതിയിൽ പെട്ട ആളുകൾ വന്ന് മലം എടുത്തുകൊണ്ടുപോയി വേറെ സ്ഥലത്തു നിക്ഷേപിക്കും. തകഴിയുടെ തോട്ടിയുടെ മകൻ എന്ന നോവലിൽ പരാമർശിക്കപ്പെട്ട ആളുകളാണിവർ.
പള്ളുരുത്തിയിലേക്ക് മാറിയപ്പോഴും കുറെ വീട്ടുകാർക്ക് കക്കൂസുകൾ ഉണ്ടായിരുന്നില്ല. ഒരു പൊതുസ്ഥലത്ത് പോയാണ് അവരും കാര്യം സാധിച്ചിരുന്നത്. ഇപ്പോൾ കച്ചേരിപ്പടി ഗവണ്മെന്റ് ആശുപത്രി നിൽക്കുന്ന സ്ഥലമെല്ലാം തീട്ടപ്പറമ്പെന്നു അറിയപ്പെട്ടിരുന്ന അത്തരം സ്ഥലമായിരുന്നു.
ഭാഗ്യത്തിന് ഞാൻ ജനിച്ചത് കേരളത്തിലായി. മധ്യപ്രദേശിൽ ഒരു ദളിതനായിട്ടായിരുന്നു ജനിച്ചതെങ്കിൽ ഒരു പക്ഷെ ഈ വാർത്തയിൽ പറയുന്ന കുട്ടികളെ പോലെ, എന്നെയും അടിച്ചു കൊന്നേനെ. മട്ടാഞ്ചേരിയിലെ കാണകളിൽ വിസർജിച്ച് വളർന്ന എനിക്ക് ന്യൂ യോർക്കിൽ ഒരു ബാങ്കിലെ ഉദ്യോഗസ്ഥനാകാമെങ്കിൽ, അവസരം കിട്ടിയിരുന്നെങ്കിൽ ഈ കുട്ടികളും വലുതായി നല്ല നിലയിൽ എത്തേണ്ടിയിരുന്നവരാണ്.
പശുവിനെയും ജാതിയുടെയും പേര് പറഞ്ഞ് ആളെകൊല്ലുമ്പോൾ ഇവർ ഇല്ലാതെയാക്കുന്നത് ഒരു പക്ഷെ ഒരു അംബേദ്കറെയോ അയ്യങ്കാളിയെയോ ആണ്. മനഃസാക്ഷിയുള്ള ഇന്ത്യക്കാരുടെ പേരിൽ ഈ കുട്ടികളോട് നമുക്ക് മാപ്പ് ചോദിക്കാം..
Leave a Reply