കിത്താബും കിത്താബിലെ കൂറയും

കിത്താബും കിത്താബിലെ കൂറയും ..

സീൻ 1 :

ഞങ്ങളുടെ കോളേജ് വാട്സ്ആപ് ഗ്രൂപ്പിൽ, പഠനം കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞ ശേഷം ഞങ്ങളുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. പഠിക്കുന്ന സമയത്ത് മറ്റു പെൺകുട്ടികളെ പോലെ സൽവാർ കമ്മീസും ഷാളും ഇട്ടു വന്നിരുന്ന അവൾ പക്ഷെ ഇപ്പോൾ ഒരു ഹിജാബ് കൂടി ധരിക്കുന്നുണ്ട്.

“അവൾ ഇപ്പോൾ ഒരു തനി മുസ്‌ലിയാർ കുട്ടിയാണ്” ഇവളെ ഗ്രൂപ്പിൽ ചേർത്ത പെൺകുട്ടി പറഞ്ഞു

“ഓ താലിബാൻ ആണല്ലേ” ഗ്രൂപ്പിലെ ഒരു ആൺകുട്ടിയുടെ കമന്റ് ഉടനെ വന്നു…

ഒരു മുസ്ലിം പെൺകുട്ടിയെ തട്ടം ഇട്ട് കണ്ട ഉടനെ ലോകം കണ്ട ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങൾ ചെയ്ത ഒരു സംഘടനയുമായി ബന്ധപ്പെടുത്തിയതിന്റെ പ്രധാന കാരണം നമ്മുടെ സിനിമകളും പുസ്തകങ്ങളും പത്ര മാധ്യമങ്ങളും നിർമിച്ചു വച്ച ചില വാർപ്പ് മാതൃകകളുടെ ഫലമാണ്. പ്രിയദർശന്റെ കിളിച്ചുണ്ടൻ മാമ്പഴം പോലെയുള്ള സിനിമകൾ ചെയ്തു വച്ച ദ്രോഹം ചെറുതല്ല. മലപ്പുറത്ത് എൻട്രൻസിന് മുസ്ലിങ്ങൾക്ക് റാങ്ക് കിട്ടിയപ്പോൾ 2005 ൽ അച്യുതാന്ദൻ നടത്തിയ വിവാദ പ്രസ്താവനയും മുസ്ലിങ്ങളെ കുറിച്ചുള്ള ഇതേ മുൻധാരണകൾ രാഷ്ട്രീയ നേതൃത്വങ്ങളിൽ പോലും എത്ര ആഴത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന എന്ന് വെളിവാക്കിയ സംഭവം ആയിരുന്നു.

സീൻ 2 :

എന്റെ ജീവൻ തന്നെ ഒരു നാടകത്തിന് കടപ്പെട്ടിരിക്കുന്നു. ഞാൻ ഉപ്പ എന്ന് വിളിക്കുന്ന എന്റെ ഉമ്മയുടെ ബാപ്പ ശരിക്കും പയ്യന്നൂരിനടുത്ത് രാമന്തളി എന്ന സ്ഥലക്കാരനാണ്. 1929 ൽ ആണ് വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം കേരളത്തിലെ നമ്പൂതിരി സമുദായത്തിൽ വെളിച്ചം വിതറികൊണ്ട് പുറത്തു വന്നത്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ഉപ്പ ഒരു നാടകം അവതരിപ്പിച്ചു. അന്ന് പക്ഷെ ഉപ്പ ജീവിച്ചിരുന്ന സ്ഥലത്തു സമുദായത്തിൽ നാടകം അവതരിപ്പിക്കുന്നതും മറ്റും ആലോചിക്കാൻ കഴിയാത്ത തെറ്റായിരുന്നു (ശിർക്) , അതും ഓത്ത് പഠിച്ച ഒരു മുസ്‌ലിയാർ അവതരിപ്പിക്കുന്നത്. ഉപ്പയെ സമുദായത്തിൽ നിന്ന് പുറത്താക്കി. അന്നൊക്കെ സമുദായത്തിൽ നിന്ന് പുറത്താക്കിയാൽ, നാട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അങ്ങിനെയാണ് ഉപ്പ മട്ടാഞ്ചേരിയിൽ വരുന്നതും, എന്റെ ഉമ്മയുടെ ഉമ്മയെ കല്യാണം കഴിക്കുന്നതും. മട്ടാഞ്ചേരിയിൽ ഉപ്പ ഖുർആൻ പഠിപ്പിച്ച കുറെ പേരുണ്ടായിരുന്നു. എനിക്ക് കുറെ മലയാളം പദ്യങ്ങളും മറ്റും പഠിപ്പിച്ച് തന്നിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് വളരെ കുറച്ച് പ്രാവശ്യം മാത്രമാണ് രാമന്തളിയിൽ പോയിട്ടുള്ളത്. ഒരു പക്ഷെ ഈ ഓർമ്മകൾ കൊണ്ടായിരിക്കണം, അവസാന കാലത്ത് മനസിന് സുഖം ഇല്ലാതെയാണ് മരിച്ചത്.

ചരിത്രം എടുത്ത നോക്കിയാൽ , ഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്യുന്ന വേളയിൽ ബ്രിട്ടൻ ഇന്ത്യയിലെ എല്ലാ മുസ്ലിങ്ങളുടെയും ശത്രു ആയിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം കേരളത്തിലെ മുസ്ലിങ്ങൾ ഇംഗ്ലീഷുകാരും ആയി ബന്ധപ്പെട്ട ഇംഗ്ലീഷ് ഭാഷയും ആധുനിക വിദ്യാഭ്യാസവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒഴിവാക്കുകയും കൂടുതലും കച്ചവടവും ആയി ബന്ധപ്പെട്ട ജോലികളി ഏർപ്പെടുകയും ചെയ്തു. അറബിയും അറബി മലയാളവും ആയിരുന്നു ഇവർ മദ്രസകളിൽ നിന്ന് പഠിച്ചുകൊണ്ടിരുന്നത്. അതിന് വളരെയധികം മാറ്റങ്ങൾ പിന്നീട് ഉണ്ടായെങ്കിലും ബാബരി മസ്ജിദിന്റെ തകർച്ചയോടെ ആണ് കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർധിച്ചതും, മറ്റു ആളുകളുടെ ഒപ്പമോ അതിനു മുന്നെയോ മുസ്ലിം സമൂഹം വിദ്യാഭ്യസത്തിന്റെ കാര്യത്തിൽ നടക്കാനും തുടങ്ങിയത്. പക്ഷെ ഇത് ഒന്നും മത സംഘടനകളുടെ പ്രവർത്തങ്ങൾ കൊണ്ട് നടന്നതല്ല എന്നത് പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യമാണ്. രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളും, വിദേശത്തു ചേക്കേറിയ വഴി ഉണ്ടായ സാമ്പത്തിക ഭദ്രതയും കാര്യങ്ങൾ എളുപ്പം ആക്കിക്കാണണം.

പള്ളിയിൽ പോയി ബാങ്ക് കൊടുക്കാൻ ആഗ്രഹിക്കുന്ന, ഒരു മുക്രിയുടെ മകളായ, പെൺകുട്ടിയുടെ കഥയാണ് കിത്താബ് എന്ന നാടകം കൈകാര്യം ചെയ്യുന്നത്. ആ നാടകത്തിന്റെ ഒരു പ്രധാന പോരായ്മയായി പറയുന്നത് മേൽപ്പറഞ്ഞ മുൻധാരണകൾ ധാരാളമായി ഉണ്ടെന്നുള്ളതാണ്. അത് വെളിവാക്കാൻ ആണ് കിത്താബിലെ കൂറ എന്ന പ്രതി നാടകം ചില സംഘടനകൾ നടത്തിയത്. പ്രായം ചെന്ന എല്ലാ മുസ്ലിങ്ങളും പച്ച ബെൽറ്റ് ധരിച്ചവരാണ് എന്ന ചില സിനിമാ മാധ്യമ ധാരണകളെ പൊളിച്ചെഴുതുന്നത് ആണവർ ഉദ്ദേശിച്ചത്. പക്ഷെ കിത്താബ് ഉയർത്താൻ ശ്രമിച്ച പ്രശ്നങ്ങൾക്ക് ഒരു തരത്തിലും ഉള്ള മറുപടികൾ ഈ പ്രതി നാടകത്തിൽ ഉണ്ടായില്ല എന്ന് മാത്രമല്ല, ചില കാര്യങ്ങൾ അപഹാസം ആയി പോവുകയും ചെയ്തു.

ഉദാഹരണത്തിന്, എല്ലാ മൊല്ലാക്കമാർക്കും താടി ഉണ്ടാവുമോ എന്ന ചോദ്യം. എന്റെ ഓഫീസിൽ പോലും താടി വടിക്കാതെ മീശ മാത്രം വാദിച്ചു വരുന്ന ധാരാളം മുസ്ലിങ്ങളുണ്ട്. ഏതോ ഹദീസിൽ മുഹമ്മദ് അങ്ങിനെ ചെയ്തു എന്നതാണ് ഇതിനാധാരം. ചില പൊതുധാരണകൾ സമൂഹത്തിലെ നിരീക്ഷണത്തിൽ നിന്ന് വരുന്നതാണ്.

പിന്നെ നാടകത്തിൽ പറയുന്ന മുക്രി നാല് കെട്ടിയതാണ് എന്ന കാര്യം. ഇപ്പോൾ നാല് കെട്ടിയ ആരെങ്കിലും ഉണ്ടാവുമോ എന്നുള്ള ചോദ്യം പ്രസക്തമാണ്, പക്ഷെ ഇസ്ലാമിൽ അനുവദനീയം ആണ് എന്നുള്ള കാര്യം മറച്ചു വച്ചിട്ട് കാര്യമില്ല. ഇപ്പോൾ അപൂർവ്വം ആണെങ്കിലും അത് മതമായിട്ട് തിരുത്തിയതല്ല, മറിച്ച് നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഇടപെടലുകൾ ആണത് തിരുത്തിയത്. പക്ഷെ ഇപ്പോഴും ഇങ്ങിനെയുള്ള തെറ്റിദ്ധാരണകൾ ഉണ്ടെന്നുള്ളത് സത്യമാണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തു വച്ച് ഒരു പെൺകുട്ടി മലപ്പുറത്തുള്ളവരൊക്കെ ഒന്നിൽ കൂടുതൽ കല്യാണം കഴിക്കുന്നവരാണ് എന്ന ഒരു കമന്റ് ചെയ്തത് കേട്ടിട്ട്, ഞാനും, കൂടെ ഉണ്ടായിരുന്നു മലപ്പുറം സുഹൃത്തും ഞെട്ടിയതും ഓർക്കുന്നു. മൂന്നു കെട്ടിയ ബാപ്പയും ഏഴു കെട്ടിയ ബാപ്പയുടെ ബാപ്പയും ഉള്ള ഞാൻ തന്നെ ഇത് സാധാരണ നടക്കുന്നതല്ല എന്ന് പറഞ്ഞു മനസിലാക്കേണ്ടി വന്നു. വ്യക്തികളുടെ സ്വകാര്യ അനുഭവവും സമൂഹത്തിലെ ഡാറ്റ അനുസരിച്ചുള്ള മനസിലാക്കലുകളും രണ്ടും രണ്ടാണ്.

കണ്ണ് മാത്രം കാണുന്ന രീതിയിൽ ഉള്ള വസ്ത്രധാരണത്തെ കുറിച്ച് അത് അങ്ങിനെയല്ല എന്ന് വരുത്താൻ ഒരു ശ്രമം ഈ പ്രതിനാടകക്കാർ നടത്തിയിരുന്നു, പക്ഷെ പാളിപ്പോയി. കാരണം കറുത്ത പർദ്ദയിൽ പൊതിഞ്ഞ കുറച്ച് പെൺകുട്ടികൾ ഈ തെരുവ് നാടകം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരുടെ ഇടയിൽ തന്നെ ഉണ്ടായിരുന്നു. അറേബ്യയിലെ മരുഭൂമിയിൽ ഉപയോഗിക്കുന്ന തരം വസ്ത്രം ഇത്ര മാത്രം ഹ്യൂമിഡിറ്റി ഉള്ള കേരളത്തിൽ ഇടാൻ പറയുന്നതിന്റെ മണ്ടത്തരം ഇവർക്കറിയാൻ പാടില്ലാത്ത അല്ല, കാരണം ഈ പറഞ്ഞ തരാം വസ്ത്രം ആണുങ്ങൾ ധരിക്കുന്നില്ല എന്നത് തന്നെ. ഈ പ്രതി നാടകത്തിലെ നായകൻ പോലും ജീൻസ് ധരിച്ചു വരുമ്പോൾ പെൺകുട്ടികൾ ശരീരം മുഴുവൻ മൂടിപൊതിഞ്ഞു ഹിജാബും ധരിച്ചാണ് അഭിനയിക്കുന്നത്. എന്റെ ചെറുപ്പത്തിൽ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത വസ്ത്ര ധാരണ രീതികളാണ് കേരളത്തിൽ മുസ്ലിം സ്ത്രീകളിൽ മതം അടിച്ചേൽപ്പിക്കുന്നത്.

കിത്താബ് എന്ന നാടകം മേൽപ്പറഞ്ഞ പോലെ ചില പൊതു വാർപ്പുമാതൃകകൾ ഉണ്ട് എന്ന കുറ്റം ഒഴിച്ചാൽ ഇസ്ലാമിലെ ഒരു പ്രധാനപ്പെട്ട വിഷയത്തെ ചർച്ച ചെയ്യുന്ന ഒന്നാണ്. ഇസ്ലാമിൽ സ്ത്രീകൾക്ക് വാങ്ക് കൊടുക്കാമോ? ഇവിടെ അമേരിക്കയിൽ സ്ത്രീകൾക്ക് മാത്രമായി ചില സ്ത്രീപക്ഷ സംഘടനകൾ മുസ്ലിം പള്ളികൾ ആരംഭിക്കുകയും അവിടെ സ്ത്രീകൾ വാങ്ക് കൊടുക്കുകയൂം ചെയ്ത വാർത്ത വായിച്ചിരുന്നു. പക്ഷെ ആണുങ്ങൾ വരുന്ന പള്ളിയിൽ പെണ്ണുങ്ങൾ വാങ്ക് കൊടുത്താൽ എന്താണ് പ്രശ്നം?

എന്റെ ഉമ്മയുടെ ഉമ്മ മരിച്ച ശേഷം കബർസ്ഥാനത് പോയിരുന്നു യാസീൻ ഓതിയ എന്റെ ഉമ്മയൊട് പള്ളിയിലെ ചിലർ പറഞ്ഞത് സ്ത്രീകൾക്ക് ഇങ്ങിനെ ചെയ്യാൻ പാടില്ല എന്നാണ്. അത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് ഉമ്മ തിരിച്ചു ചോദിച്ചപ്പോൾ മറുപടി ഉണ്ടായില്ല.

സ്ത്രീകൾ വാങ്ക് കൊടുത്താൽ എന്താണ് എന്ന ചോദ്യത്തിനും ഉത്തരം അത് തന്നെയാണ്, ആരും ഇങ്ങിനെ ചെയ്യാറില്ല. എന്തുകൊണ്ടാണ് എന്ന് ആർക്കും വലിയ പിടിയില്ല. ഖുർആനിൽ സ്ത്രീകൾ വാങ്ക് കൊടുക്കരുത് എന്നില്ല. ഖുർആൻ സ്ത്രീവിരുദ്ധം അല്ല എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ നോക്കുമ്പോൾ, പുരുഷ നിർമിതമായ മറ്റെല്ലാ മതങ്ങളെയും പോലെ സ്ത്രീവിരുദ്ധം തന്നെയാണ് ഇസ്ളാം. പക്ഷെ സ്ത്രീക്ക് ഒരു തരത്തിലും സ്വത്തവകാശം ഇല്ലാതിരുന്ന കാലത്ത് പുരുഷന് കിട്ടുന്നതിന്റെ പകുതി എങ്കിലും സ്വത്തവകാശം നൽകിയ ഒരു മതം, കാലം മാറിയതിന് അനുസരിച്ച് മാറാതെ വന്നപ്പോൾ സ്ത്രീവിരുദ്ധം ആയി മാറി. ഖുർആൻ മാറാതെ നിന്നു, കാലവും സമൂഹങ്ങളും മുന്നോട്ട് നടന്നു. സ്ത്രീക്ക് പകുതി സ്വത്തിനു അവകാശം ഉള്ളെങ്കിൽ പുരുഷൻ ഇടുന്ന വസ്ത്രത്തിന്റെ പകുതി വസ്ത്രം സ്ത്രീ ധരിച്ചാൽ പോരെ എന്ന പരിഹാസത്തിൽ കൂടിയാണ് കിത്താബ് എന്ന നാടകം ഈ വിഷയത്തെ അവതരിപ്പിക്കുന്നത്.

ആദ്യമായി വാങ്ക് കൊടുത്തത് അടിമയും ആദ്യമായി ഇസ്ലാം സ്വീകരിച്ച ചുരുക്കം ചിലരിൽ ഒരാളും ആയ ബിലാൽ ആണ്. ഇസ്ലാം തുടങ്ങിയ സമയത്ത് എങ്ങിനെ വാങ്ക് കൊടുക്കണം എന്ന ചർച്ച നടക്കുമ്പോൾ അടുത്തുണ്ടായിരുന്ന ബിലാലിനോട് വാങ്ക് കൊടുക്കാൻ മുഹമ്മദ് കൽപ്പിച്ചു എന്നാണ് കഥ. ഒരു പക്ഷെ ഒരു പെൺകുട്ടിയാണ് അടുത്ത് ഉണ്ടായിരുന്നത് എങ്കിൽ വാങ്ക് വിളിക്കാൻ അവളോടാവും അങ്ങിനെ പറയാൻ സാധ്യത.

പറഞ്ഞു വരുമ്പോൾ, ഖുറാനും ഹദീസുകളും അതെ പോലെ തന്നെ പിന്തുടരാനോ അതോ കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യന്റെ ബുദ്ധി ഉപയോഗിക്കാനോ എന്നുള്ളത് ഇസ്ലാമിലെ ഒരു പഴയ ചോദ്യമാണ്.എന്റെ ചെറുപ്പത്തിൽ ഖുർആൻ വാക്യങ്ങൾ ഒരു പ്ലേറ്റിൽ മഷി കൊണ്ടെഴുതി കുറച്ചു പ്രാർത്ഥനകൾക്ക് ശേഷം അത് വെള്ളം കലക്കി കുടിക്കുമായിരുന്നു. ഖുർആൻ വാക്യങ്ങൾ ദൈവം തന്നെയാണ് എന്നുള്ള ചില ധാരണകളുടെ അടിസ്ഥാനനത്തിൽ ആണ് അങ്ങിനെ ചെയ്യുന്നത്. ഖുർആൻ അറബി ഭാഷയിൽ മാത്രമേ പഠിക്കാൻ പാടുള്ളൂ എന്ന് ചില മുസ്ലിങ്ങൾ നിർബന്ധം പിടിക്കുന്നതിന്റെ കാരണവും അത് തന്നെ.

ഇസ്ലാമിൽ ഉയർന്നുവന്ന രണ്ടു ചിന്താധാരകൾ ഉണ്ട്. ഖുർആൻ ദൈവ വചനം മാത്രമാണ് എന്നും, ദൈവം മനുഷ്യൻ ബുദ്ധി നൽകിയിട്ടുള്ളത് അത് ഉപയോഗിക്കാൻ ആണെന്നും പറയുന്ന മുത്തസില (Mu’tazila) വിഭാഗത്തിനായിരുന്നു ഇസ്ലാമിന്റെ പുഷ്കല കാലത്തെ സ്വാധീനം. അള്ളാഹു മനുഷ്യന് സ്വതന്ത്രമായി ചിന്തിക്കാൻ തലച്ചോറ് കൊടുക്കുകയും എന്നാൽ അതുപയോഗിക്കാതെ ഖുർആനിൽ പറയുന്ന കാര്യങ്ങൾ അതെ പോലെ തന്നെ ചെയ്യുകയും ചെയ്യുന്നതിൽ സാംഗത്യം ഒന്നുമില്ല എന്നാണിവർ വിശ്വസിച്ചത്. ദൈവം തന്ന തലച്ചോർ മനുഷ്യ നന്മയ്ക്ക് ഉപയോഗിക്കുക എന്നതായിരുന്നു ഇവരുടെ നിലപാട്. ശാസ്ത്ര രംഗത്ത് ഇസ്ളാമിലെ സുവർണ കാലഘട്ടം ഇവരുടെ കാലത്തായിരുന്നു.

പക്ഷെ ഇബ്ൻ ഹൻബാലിന്റെ വധത്തിനു ശേഷം ഇസ്ലാമിൽ അശ്‌ഹരി (Ash’ari) എന്ന പാരമ്പര്യ വാദികൾക്ക് മുൻകൈ വന്നു . ഖുർആൻ തന്നെ ദൈവം ആണെന്നും, അതിൽ പറയുന്ന കാര്യങ്ങൾ അതേപടി പാലിക്കണം എന്നും. മനുഷ്യൻ സ്വതന്ത്ര ബുദ്ധി ഉപയോഗിക്കുന്നത് ഖുർആൻ എതിരാണെന്നും മറ്റുമുള്ള ഈ വിഭാഗക്കാർക്കാണ് ഇന്ന് ഇസ്ലാമിൽ മുൻകൈ. നാടകം അവതരിപ്പിക്കുന്നത് ശിർക്കാണ്‌ എന്ന അവസ്ഥ എങ്കിലും മാറിയല്ലോ, ഭാഗ്യം…

നാടകങ്ങൾ മാത്രമല്ല ഒരു കലയും നിരോധിക്കേണ്ടതല്ല.എല്ലാവരും അവരവരുടെ കാര്യങ്ങൾ അവതരിപ്പിക്കട്ടെ. കലകൾ നിരോധിച്ചത് കൊണ്ട് മനുഷ്യൻ പരസ്പരം അകലുക മാത്രെമേ ഉള്ളൂ. ഗുലാം അലിയുടെ ഗസൽ ശിവസേന മുടക്കിയതും, മീശ നിരോധിക്കണം എന്ന് പറഞ്ഞു ഹൈന്ദവ സംഘടനകൾ ഒച്ചപ്പാട് ഉണ്ടാക്കിയതും, എല്ലാം മനുഷ്യനെ പരസ്പരം അകറ്റിയിട്ടേ ഉള്ളൂ.

തെറ്റുകൾ തിരുത്തി കിത്താബ് എന്ന നാടകം കൂടുതൽ വേദികളിൽ അവതരിപ്പിച്ചു കാണും എന്ന് പ്രതീക്ഷിച്ചു കൊണ്ട്….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: