മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ..

മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ..

“നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത്?” എന്റെ അടുത്തു നിന്ന കറുത്ത് ഉയരം കൂടിയ ആൾ എന്നോട് ചോദിച്ചു.

“**** എന്ന സ്വിസ് ബാങ്കിലാണ്” 

“നിങ്ങൾ അവിടെ  ഡ്രൈവറോ ക്ലർക്കോ മറ്റോ ആണോ ?” 

“അല്ല, ഞാൻ അവിടെ മാർക്കറ്റ് റിസ്ക് ഡിപ്പാർട്മെന്റിൽ ഒരു ഡയറ്കടറാണ്‌ ?”

“പിന്നെയെന്തിനാണ് നിങ്ങൾ ഈ സമരത്തിൽ പങ്കെടുക്കുന്നത്? ഈ സമരം തന്നെ നിങ്ങളെപോലെയുന്നവർക്കെതിരെയല്ലേ?”

“ഞാൻ എന്റെ ബാപ്പയ്ക്ക് വേണ്ടിയാണിവിടെ നില്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒരു സ്ഥാപനങ്ങളിൽ ഒന്നായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഏതാണ്ട് മുപ്പതു വർഷത്തോളം ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിട്ട്, എല്ലാ വർഷവും പുതുക്കിനൽകുന്ന കരാറടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത് എന്ന ഒറ്റക്കാരണം കൊണ്ട്, ഒറ്റപൈസ പെൻഷൻ ഇല്ലാതെ പിരിയേണ്ട വന്നൊരാളാണ് എന്റെ ബാപ്പ. അതെ കാലഘട്ടത്തിൽ അവിടെ ജോലി ചെയ്തിരുന്ന പല ക്ലാർക്കുമാരും ഓഫീസർമാരും അവരുടെ ജീവിതകാലം മുഴുവൻ കിട്ടുന്ന പെൻഷനുമായാണ് റിട്ടയർ ആയത്”

“ഓ അപ്പോൾ ഇന്ത്യയിലും മുതലാളിത്യത്തിന്റെ പ്രശനങ്ങൾ ഉണ്ടല്ലേ?”

“തീർച്ചയായും, ഇപ്പോൾ അത് വളരെ കൂടുതലാണ് താനും”

2008 / 2009 ലെ സാമ്പത്തിക തകർച്ചയ്ക്ക് ശേഷം ഇതിനു കാരണമായ ചില അടിസ്ഥാന  പ്രശനങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2011 ൽ ന്യൂ യോർക്കിലെ സുക്കോട്ടി പാർക്കിൽ നടന്ന “ഒക്കുപ്പൈ വാൾ സ്ട്രീറ്റ്” സമരത്തിൽ ഞാനും പങ്കെടുത്തിരുന്നു. അവിടെ വച്ച് നടന്ന ഒരു സംഭാഷണമാണ് മുകളിൽ. ഈ സമരത്തിന്റെ  അടിസ്ഥാന കാരണം ഞാൻ ചെറുതായി ഏറ്റവും ചെറുതായി വിശദീകരിക്കാം. അതിനു മുൻപ് മുതലാളിത്തത്തിന്റെ നട്ടെല്ലായ ഷെയർ മാർക്കറ്റിനെ കുറിച്ച് ഒരു ചെറിയ ക്ലാസ്.

ഒരു സ്ഥാപനത്തിന്റെ മൂല്യത്തെ ഒരുപാട് ഭാഗങ്ങളായി തിരിക്കുമ്പോൾ കിട്ടുന്ന  ഓരോ ഭാഗത്തെയുമാണ് നമ്മൾ ഷെയർ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പക്ഷെ നമ്മളിൽ ഭൂരിഭാഗവും ഒരു സ്റ്റോക്ക് മാർക്കറ്റിൽ  ഷെയർ ട്രേഡ് ചെയുമ്പോൾ പലപ്പോഴും ആ കമ്പനിയുടെ പക്കൽ നിന്നല്ല ഷെയർ വാങ്ങുന്നത്, പകരം പണ്ട് ഈ കമ്പനിയിൽ നിന്ന് നേരിട്ടോ, അല്ലെങ്കിൽ വേറൊരാളിൽ നിന്നോ ഷെയർ വാങ്ങി കയ്യിൽ വച്ചിരിക്കുന്ന ഒരാളുടെ കയ്യിൽ നിന്നാണ്. ഇതിനെ സെക്കണ്ടറി മാർക്കറ്റ് എന്നാണ് പറയുന്നത്.  പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങാനോ ഇപ്പോഴുള്ള ബിസിനസ് സംരംഭങ്ങൾ വലുതാക്കാനോ ഒക്കെയാണ് സാധാരണയായി കമ്പനികൾ പ്രാരംഭ ഷെയറുകൾ ഇറക്കുന്നത്. കൊച്ചി വിമാനത്താവളം നിർമിക്കുന്ന സമയത്ത് അതിനുള്ള പണം കണ്ടെത്തിയത് ഇങ്ങിനെ ഷെയർ ഇഷ്യൂ ചെയ്തായിരുന്നു. ഇപ്പോഴും മുപ്പതു ശതമാനത്തിനു മുകളിൽ വിദേശ ഇന്ത്യക്കാരുടെ കയ്യിലും അത്രയും തന്നെ സംസ്ഥാന ഗവൺമെന്റിന്റെ കയ്യിലും ആണ് സിയാലിന്റെ ഷെയറുകൾ. 

ഇങ്ങിനെ പണസമാഹരണം നടത്തുന്ന കമ്പനികൾ അവരുടെ ലാഭവിഹിതം എല്ലാ ഷെയർ ഹോൾഡേഴ്‌സിനും ആയി ഡിവിഡന്റ് എന്ന പേരിൽ നൽകും. ഇങ്ങിനെ കിട്ടുന്ന ഡിവിഡന്റ് ആണ് ഷെയർ വഴി പണം നിക്ഷേപിക്കുന്നതിന് നിക്ഷേപകന് കിട്ടുന്ന ലാഭം. 100 രൂപ ഷെയർ ഇട്ട് 10 രൂപ ഡിവിഡന്റ് കിട്ടിയാൽ 10% ലാഭം കിട്ടുമെന്ന് ചുരുക്കം.

പക്ഷെ ചില കമ്പനികൾ ആദ്യത്തെ വിഭവ സമാഹരണത്തിനു ശേഷം വലിയ വളർച്ച കൈവരിക്കുമ്പോൾ ആദ്യം വാങ്ങിയ ഷെയറിന്റ വില അതിനൊപ്പം വർധിക്കും. 100 കോടി രൂപ സമാഹരിച്ച് തുടങ്ങിയ ഒരു കമ്പനിക്ക് ഇപ്പോൾ 1000 കോടിയുടെ ബിസിനസ് ഉണ്ടെങ്കിൽ അതിന്റെ മൂല്യം തുല്യ ഭാഗങ്ങളായി വീതിച്ചു കൊടുത്ത ഷെയറുകൾ ആയത് കൊണ്ട് ഓരോ ഷെയറിനും പത്ത് മടങ്ങ് വിലയുണ്ടാകും എന്ന് വ്യക്തമാണല്ലോ. പക്ഷെ ടെസ്‌ല പോലുള്ള ചില കമ്പനികളിൽ വളർച്ച മുന്നിൽ കണ്ടുകൊണ്ട് ആളുകൾ ഷെയർ വാങ്ങുന്നത് കൊണ്ട് കമ്പനി ലാഭം ഉണ്ടാക്കുന്നതിനു മുൻപുതന്നെ പലപ്പോഴും ഷെയർ വില മുകളിൽ പോകും.

സാധാരണക്കാർ മാത്രമല്ല ഇതുപോലെ ഷെയർ വാങ്ങുന്നത്. വലിയ മ്യൂച്ചൽ ഫണ്ടുകൾ, ഹെഡ്ജ് ഫണ്ടുകൾ, കോളേജ് / യൂണിവേഴ്സിറ്റി എന്നിവയുടെ എൻഡോവ്മെന്റ് ഫണ്ട് മാനേജർമാർ, വലിയ ടൗണ്ഷിപ് സാമ്പത്തികം കൈകാര്യം ചെയ്യുന്നവർ ഒക്കെ ഇവ വാങ്ങും. നേരിട്ട് വാങ്ങുന്നതിനു പകരം ഇവർ ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ (ബ്രോക്കർ) വഴിയാണ്  വലിയ തോതിൽ ഷെയറുകൾ വാങ്ങുക. 

നമ്മൾ പണം ഇടുന്ന ബാങ്കുകൾക്കും, ഇൻഷുറൻസ് കമ്പനികൾക്കും വരെ ഷെയർ മാർക്കെറ്റിൽ പണം ഇട്ടു കളിക്കാം. പക്ഷെ പലപ്പോഴും പൊതുജനത്തിന്റെ വലിയ തുകകൾ നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകൾക്ക് ഇങ്ങിനെ ട്രേഡ് ചെയാൻ ഗവണ്മെന്റ് നിയന്ത്രണങ്ങളുണ്ടാകും. ഉദാഹരണത്തിന് അമേരിക്കയിൽ 1933 ലെ ഗ്ലാസ് – സ്റ്റീഗൽ നിയമം ഒരു ബാങ്കിൽ പൊതുജനം ഇടുന്ന പണം ട്രേഡ് ചെയ്യാൻ ബാങ്കിനെ അനുവദിച്ചിരുന്നില്ല.  കാരണം ബാങ്കിന് ഇങ്ങിനെ പണം നഷ്ടപ്പെട്ടാൽ ബാങ്കിനെ വിശ്വസിച്ച് പണം നിക്ഷേപിച്ചവർക്ക് പണം നഷ്ടപെടും , പ്രത്യേകിച്ച് ഇത്തരം നിക്ഷേപകർ നേരിട്ട് ഷെയർ മാർകെറ്റിൽ പണം നിക്ഷേപിക്കാതെ കൂടുതൽ സുരക്ഷിതമായ ബാങ്ക് നിക്ഷേപത്തിന് മുതിർന്നവരായത് കൊണ്ട്, ബാങ്ക് ഇങ്ങിനെ ചെയ്യുന്നത് വളരെ വലിയ തെറ്റാണ്.

2008 ലെ സാമ്പത്തിക തകർച്ചയുടെ ആണി 1999 ൽ പാസ്സാക്കിയ  Gramm-Leach-Bliley നിയമമാണ്. മുതലാളിത്തത്തിന്റെ ഒരു പ്രധാന മുദ്രാവാക്യം ഷെയർ മാർക്കെറ്റില് ഗവണ്മെന്റ് ഇടപെടൽ അധികം പാടില്ലെന്നാണ്. ഫ്രീ മാർക്കറ്റ് സിദ്ധാന്തം പറയുന്നത് മാർക്കറ്റ് സ്വയം നിയന്ത്രിക്കുകയും ദിശ ശരിയാക്കുകയും ചെയ്യുമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മുകളിൽ പറഞ്ഞ നിയമം ബാങ്കുകൾക്ക് മുൻപ് ഷെയർ മാർക്കെറ്റിൽ പൊതുജനത്തിന്റെ  പണം നിക്ഷേപിക്കാൻ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു കളഞ്ഞു. 

ഇവിടെയാണ് പ്രധാന പ്രശ്നം തുടങ്ങുന്നത്. ബാങ്കുകളിൽ ഉള്ള ട്രേഡേഴ്സിന് വളരെ അധികം പണം നിക്ഷേപിക്കാനുള്ള അവസരം കിട്ടി. ഷെയർ മാർകെറ്റിൽ കൂടുതൽ റിസ്ക് എടുത്താൽ കൂടുതൽ ലാഭം  (കുറഞ്ഞ സമയത്തേക്കെങ്കിലും) ലഭിക്കും. ബാങ്കുകളിൽ ട്രേഡേഴ്സിന്റെ ബോണസ് അവരുടെ ലാഭവിഹിതവുമായി ബന്ധപെട്ടു കിടക്കുന്നത് കൊണ്ട് എല്ലാവരും ഏറ്റവും വലിയ റിസ്ക് എടുത്ത് വലിയ ലാഭം ഉണ്ടാക്കാൻ പരക്കം പാച്ചിൽ തുടങ്ങി, അങ്ങിനെയാണ്, തിരിച്ചടക്കാൻ ഒരു തരത്തിലും കഴിവില്ലാത്ത അമേരിക്കക്കാർക്ക് വരെ ലോൺ കൊടുക്കാനായി ഉണ്ടാക്കിയ സബ്പ്രൈം മോർട്ടഗേജ് എന്ന ഒരു സംഭവം ഇവർ ഇറക്കുന്നതും അമേരിക്കൻ ഷെയർ മാർക്കറ്റ് തകർന്നു വീഴുന്നതും. 

പക്ഷെ ഈ തകർച്ച തുടങ്ങുന്നത് വരെയുള്ള എല്ലാ വർഷവും ഈ ട്രേഡേഴ്സ് ലാഭം ഉണ്ടാക്കിക്കൊണ്ടിരുന്നു, അതുവഴി വലിയ സംഖ്യകൾ അവർക്ക് ബോണസായി കിട്ടികൊണ്ടിരിക്കുകയും ചെയ്തു. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ തകർച്ച തുടങ്ങിക്കഴിഞ്ഞു ബാങ്കിനും പൊതുജനത്തിനു നഷ്ടം വന്നപ്പോൾ ഈ നഷ്ടം വരുത്തിയ ട്രേഡ് നടത്തിയ ആരുടെയും  ബോണസ് തിരിച്ചു കൊടുക്കേണ്ടി വരുന്നില്ല. 

ഫ്രീ മാർക്കറ്റ് എക്കോണമിയിൽ ഇങ്ങിനെ നഷ്ടം വന്നു കൂപ്പു കുത്തുന്ന കമ്പനികൾ തകർന്നു വീഴണം. പക്ഷെ ഇവിടെയാണ് സർക്കാരിന്റെ കളി വരുന്നത്. ഏതാണ്ട് എല്ലാ ബാങ്കുകളും അങ്ങോട്ടും ഇങ്ങോട്ടും പണം കൈമാറുകയും മറ്റും ചെയ്യുന്നത് കൊണ്ട്, ഒരു വലിയ ബാങ്ക് പൊളിഞ്ഞാൽ മൊത്തം മാർക്കറ്റ് തകരും എന്ന കാരണം പറഞ്ഞ പലപ്പോഴും സർക്കാർ ബാങ്കുകളെ ഏറ്റെടുക്കുകയോ, പണം കൊടുത്ത് രക്ഷപെടുത്തുകയോ, വലിയ മറ്റു ബാങ്കുകളെ കൊണ്ട് ഈ ബാങ്കുകളെ ഏറ്റെടുപ്പിക്കുകയോ ചെയ്യും. 

2008 ൽ ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന മെറിൽ ലിഞ്ച് എന്ന സ്ഥാപനം ഇങ്ങിനെ പൊളിഞ്ഞു വീഴാൻ തുടങ്ങി ഗവണ്മെന്റ് സഹായത്താൽ രക്ഷപെട്ട ഒന്നാണ്. അമേരിക്കൻ ഗവണ്മെന്റിന്റെ ഇടപെടൽ കൊണ്ട് എന്റെ കമ്പനിയെ ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുത്തു. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറഞ്ഞ പോലെ മാർക്കറ്റ് നന്നായി നടക്കുമ്പോൾ അവർ ലാഭം ഉണ്ടാക്കുകയും അവർക്ക് നഷ്ടം വരുമ്പോൾ സാദാരണക്കാരുടെ നികുതി വരുമാനം കൊണ്ട് അവരെ രക്ഷപെടുത്തുകയും ചെയ്യുക എന്നതാണ് കാലാകാലങ്ങളായി സർക്കാരുകൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരു ചെറിയ കമ്പനി നടത്തുന്നവർക്കോ ചെറുകിട കർഷകർക്കോ നഷ്ടം വന്നാൽ സർക്കാർ ഇതുപോലെ ഒരു ഇടപെടലും നടത്തില്ല എന്നതായിരുന്നു ഒക്ക്യൂപൈ വാൾ സ്ട്രീറ്റ് സമരത്തിന്റെ അടിസ്ഥാന കാരണം. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് ഇപ്പോഴേ സമ്പന്നരായ ഇത്തരം ബാങ്കുകളെ രക്ഷിക്കേണ്ട ഒരാവശ്യവുമില്ല എന്ന മുദ്രാവാക്യങ്ങളാണ് അവിടെ മുഴങ്ങിയത്. പങ്കെടുത്തവരിൽ ഭൂരിഭാഗവും ഒരു ദിവസം രണ്ടിലധികം ജോലി ചെയ്തിട്ട് പോലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പാവപെട്ടവരായിരുന്നു.

ലോകത്ത് എല്ലായിടത്തും ഈ പ്രശനമുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിൽ ധനമന്ത്രി നിർമല സീതാരാമൻ  കോർപ്പറേറ്റ് നികുതി നിരക്ക് 35 ശതമാനത്തിൽ നിന്നും 25 ശതമാനം ആയി കുറച്ചു. 20 ബില്യൺ അമേരിക്കൻ ഡോളർ ആണ് ഇതുവഴി ഇന്ത്യയ്ക്ക് നഷ്ടപ്പെടുക.   ഷെയർ മാർക്കറ്റ് കുതിച്ചുയർന്നു, പക്ഷെ ഇതിനർത്ഥം സാധാരണക്കാരോ അവിടെയുള്ള ജോലിക്കാരോ ഇതുവഴി ലാഭം ഉണ്ടാകുമെന്നല്ല , മറിച്ച് ഈ കമ്പനികളിലെ ഷെയറിൽ നിക്ഷേപിച്ചിരിക്കുന്ന ആളുകൾക്കാണ് ഈ ലാഭം പോയി ചേരുന്നത്. അല്ലെങ്കിൽ കമ്പനികൾ അവർ ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ വില കുറക്കണം, ഇത് നടക്കില്ല എന്നറിയാവുന്നത് കൊണ്ടാണ്, ഷെയർ വില മുകളിലേക്ക് പോയത്. കമ്പനികൾ അടക്കാത്ത  ഈ നികുതി വരുമാനം സാധാരണക്കാരുടെ നികുതിയിൽ നിന്ന് സർക്കാർ കണ്ടെത്തേണ്ടി വരും അല്ലെങ്കിൽ ബഡ്ജറ്റ് താളം തെറ്റും.

മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാന പ്രശ്നങ്ങളിൽ ഒന്നായ സമ്പത്തിന്റെ അസന്തുലിതാ വിതരണത്തിനാണ്  ഇത് വഴിവയ്ക്കുക. അമേരിക്കയിൽ 20 ശതമാനം ആളുകളാണ് ഇവിടെയുള്ള 86 ശതമാനം സമ്പത്തും കൈയടക്കി വച്ചിരിക്കുന്നത്. ബാക്കിയുള്ള 80 ശതമാനം ആളുകൾ 14  ശതമാനം സമ്പത്തു മാത്രമേ കയ്യിലുള്ളൂ. ഇന്ത്യയിലെ സമ്പത്തിന്റെ 73 ശതമാനം കയ്യടക്കി വച്ചിരിക്കുന്നത് ഒരു ശതമാനം ആളുകളാണ്. ബാക്കി 99 ശതമാനം ആളുകൾക്കും കൂടി  27 ശതമാനം സമ്പത്ത് വീതിച്ചു പോകും

മുതലാളിത്തത്തിന്റെ രണ്ടാമത്തെ പ്രശ്‌നം കമ്പനി മേധാവികളുടെ ശമ്പളവും മറ്റുമായി ബന്ധപ്പെട്ടതാണ്. ഒരു കമ്പനിയുടെ ഷെയർ വില കൂട്ടാനാണ് പല കമ്പനി സിഇഒ മാരും മറ്റും ശ്രമിക്കുന്നത്. ജീവനക്കാരുടെ ശമ്പളം കുറക്കുകയും, അവരുടെ ആനുകൂല്യങ്ങൾ എടുത്തു കളയുകയും ചെയ്താലും ലാഭം കൂടും എന്നുള്ളത് കൊണ്ട്, പല കമ്പനികൾക്കും അവരുടെ ജീവനക്കാരുടെ ജീവിത നിലവാരം കൂട്ടുക എന്നുള്ളത് ഒരു പ്രധാന വിഷയം അല്ല എന്ന് വരുന്നു. പല കമ്പനികളിലും വളരെ ചെറിയ ശതമാനം തൊഴിലാളികൾക്ക് മാത്രമേ കമ്പനികളുടെ ഷെയർ ഉണ്ടാവുകയുള്ളൂ. 

മുതലാളിത്തത്തിന്റെ അടുത്ത  പ്രശ്നം മേല്പറഞ്ഞ പോലുള്ള ഇക്കണോമിക് സൈക്കിളുകളാണ്. സ്ഥിരമായ ഒരു വളർച്ചയ്ക്ക് പകരം, ഉയർച്ചയ്ക്കും താഴ്ചയും ഇടകലർന്ന  ഒരു വികസന രീതിയാണിത്. സെക്കണ്ടറി മാർക്കെറ്റിൽ ഉണ്ടാകുന്ന സമ്പത്ത് , ഉല്പാദനത്തിന്റെ കുറഞ്ഞ ഒരു ശതമാനം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ എന്നുള്ളത് കൊണ്ട്, വളർച്ച്‌ കൃതൃമമായി വലുതാക്കി കാണിക്കാൻ ഈ സൈക്കിളുകൾ ഇടവരുത്തും. ഉദാഹരണത്തിന് മുകളിൽ പറഞ്ഞ 100 കോടി 1000 കോടി ആയികൂടിയ ഉദാഹരണത്തിൽ , സാധാരണ ഗതിയിൽ ഭാവി വളർച്ച മുന്നിൽ കണ്ട് ,  ഷെയറിന്റെ വില പത്തു മടങ്ങിനു പകരം അൻപത് മടങ്ങായി വർധിക്കാനാണ് സാധ്യത. 

ഒരു ഷെയർ ട്രേഡറിനോ, അല്ലെങ്കിൽ കമ്പനി നടത്തുന്ന ഒരാൾക്കോ, നഷ്ടം വന്നാൽ കമ്പനി പൂട്ടിയോ, പാപ്പരായി പ്രഖ്യാപിച്ചോ അടുത്ത സംരംഭത്തിലേക്ക് നീങ്ങാൻ. ഉദാഹരണത്തിന് കിംഗ് ഫിഷർ എയർലൈൻ നഷ്ടത്തിലായാൽ ആ കമ്പനിയുടെ ആസ്തികൾ വിൽക്കാൻ വകുപ്പുണ്ടെങ്കിലും ആ കമ്പനിയിൽ നിന്നുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയ വകയിൽ കിട്ടിയ പണം കൊണ്ട് അതിന്റെ മുതലാളിമാർ വാങ്ങിയ സാധങ്ങൾ ഏറ്റെടുക്കാനുള്ള വകുപ്പിലെ. അതേസമയം ഒരു കൃഷിക്കാരൻ കാലാവസ്ഥയുടെ പ്രശ്നം കൊണ്ടോ, മറ്റു കീടങ്ങളുടെ ആക്രമണം കൊണ്ടോ കൃഷി നഷ്ടം സംഭവിച്ചാൽ ബാങ്കിൽ നിന്നെടുത്ത ലോൺ അടച്ചു തീർക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

ഇനി പറയുന്ന പോയിന്റാണ് എനിക്ക് മുതലാളിത്തത്തിന്റെ  ഏറ്റവും വലിയ പ്രശ്നമായി തോന്നുന്നത്. അത് മുതലാളിത്തം നമ്മളെ മനുഷ്യന് ജന്മനാ ഉണ്ടാകുന്നു എന്ന് ഞാൻ വിശ്വസിക്കുന്ന മനുഷ്യത്വത്തെ പിന്നോട്ട് നടത്തുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന് പരിപൂർണ മുതലാളിത്ത രാഷ്ട്രമായ അമേരിക്കയിൽ , മണിക്കൂറിന് മിനിമം കൂലിക്ക് ജോലി ചെയ്യുന്ന ഒരാൾക്ക് കാൻസർ പോലെ ചിലവുള്ള ഒരസുഖം വന്നാൽ അയാളുടെ കിടപ്പാടം വരെ വിറ്റാലും ജീവിക്കാൻ കഴിയാത്ത അത്ര ചെലവേറിയതാണ് അതിന്റെ ചികിത്സ. അതുപോലെ തന്നെ മിനിമം കൂലിയിൽ ജീവിക്കുന്ന ഒരാൾക്ക് അവരുടെ മക്കളെ എത്ര മാത്രം നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിയും എന്നതും സംശയമാണ്. യഥാർത്ഥത്തിൽ ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മൾ ജീവിത സാഹചര്യങ്ങൾ കൊണ്ട് സമൂഹത്തിലെ ഏറ്റവും താഴേക്കിടയിൽ ആയിപോയവരുടെ കാര്യങ്ങൾ നോക്കേണ്ടതാണെന്നു എനിക്ക് തോന്നുന്നു. പക്ഷെ മുതലാളിത്തം ഈ ആശയത്തെ നിരാകരിക്കുന്നു. 

പ്രകൃതി വിഭവങ്ങളുടെ അമിതമായ ദുരുപയോഗമാണ് മുതലാളിത്തത്തിന്റെ മറ്റൊരു പ്രശ്‌നം. ഇപ്പോഴത്തെ ലാഭം മാത്രം നോക്കുന്ന, വരുന്ന തലമുറയെ കുറിച്ച് ഒരു തരത്തിലും ചിന്തയില്ലാത്ത ഒരാശയമാണ് മുതലാളിത്തം. 

ഇതിനർത്ഥം ഞാൻ മുതലാളിത്തത്തിന് പൂർണമായും എതിരാണെന്നല്ല. ഒരു സോഷ്യൽ  ക്യാപിറ്റലിസം, ഇപ്പോൾ യൂറോപ്പിലെ പല രാജ്യങ്ങളിലും നിലവിലുണ്ട്. ഷെയർ മാർക്കറ്റും മറ്റും പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സൗജന്യ  ആരോഗ്യ പരിരക്ഷണവും, 

 കോളേജ് വരെ സൗജന്യ വിദ്യാഭ്യാസവും   മറ്റും നൽകുന്ന നാടുകളുണ്ട്. ഫിൻലൻഡ്‌, ജർമനി, സ്വീഡൻ തുടങ്ങിയ ചില രാജ്യങ്ങൾ ഓർമ  വരുന്നു. ഹാപ്പിനെസ് ഇന്ഡക്സില് ഇപ്പറഞ്ഞ പല രാജ്യങ്ങളും മുകളിൽ വരാനും കാരണം ഇത്തരം സോഷ്യലിസ്റ്റിക് മുതലാളിത്തം ആണെന്ന് എനിക്ക് തോന്നുന്നു.

ഇന്ത്യയിലെ ഇന്നത്തെ  സാമ്പത്തിക പ്രശനം തീർക്കാൻ നമ്മൾ  മുതാളിമാരെ സുഖിപ്പിക്കുന്നതിനു പകരം അടിസ്ഥാന ജനവിഭാഗത്തിന് പണം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം.  കാരണം ഉല്പാദനമല്ല ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം, ഉപഭോഗമില്ലായ്മയാണ്. ആളുകളുടെ കൈയിൽ പണമില്ലാത്തത് കൊണ്ട് അവർ വാങ്ങൽ കുറച്ചതു കൊണ്ടാണ്, ഫാക്ടറികൾ ഉണ്ടാക്കിയ വസ്തുക്കൾ കെട്ടിക്കിടക്കുന്നത്, ക്രയവിക്രയങ്ങൾ നടക്കാത്തത് കൊണ്ടാണ്.  താഴെ പറയുന്ന കാര്യങ്ങളാണ് സാമ്പത്തിക വിദഗ്ദയായ ജയതി ഘോഷ് പറയുന്നത്.

  1. തൊഴിലുറപ്പു പദ്ധതി ഇപ്പോൾ ജിഡിപി യുടെ വളരെ ചെറിയൊരു ശതമാനം മാത്രമാണ്, അത് ഒന്നോ രണ്ടോ ഇരട്ടിയായി വർധിപ്പിച്ചാൽ  പാവപ്പെട്ടവരുടെ അടുത്ത് പണം വരും, അവർ അത് ചിലവാക്കുകയും സാമ്പത്തിക രംഗത്തിനു ഉണർവ് വരികയും ചെയ്യും.
  2. പുതിയ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുകയും ഇപ്പോഴുള്ളത് ആധുനികവത്കരിക്കുകയും ചെയ്യുക.  
  3. അടിസ്ഥാന  സൗകര്യങ്ങൾ വിപുലപ്പെടുത്തുക. ഗവണ്മെന്റ് പണം എടുത്ത് റോഡുകൾ  പാലങ്ങൾ , പുതിയ റെയിൽ പാതകൾ എന്നിവ പണിയാനുള്ള സമയമിതാണ്. ഇത്തരം കാര്യങ്ങൾ സമൂഹത്തിലേക്ക് പണത്തിന്റെ ലഭ്യത കൂട്ടും, കൂടുതൽ ക്രയവിക്രയങ്ങൾ നടക്കും.

 

 

One thought on “മുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ..

Add yours

  1. ഇന്ത്യയിലെ പ്രധാന പ്രശ്നം അഴിമതി – അത് എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നു. പോരാഞ്ഞതിനു അഴിമതിക്ക് ചുക്കാൻ പിടിക്കുന്ന മതങ്ങളും രാഷ്ട്രീയവും. സാമൂഹിക അഴിമതി ഇതിനും അപ്പുറം. എല്ലാം കൂടി ചേർന്ന് അടിസ്ഥാന ജനവിഭാഗത്തിനെ ചൂഷണം ചെയ്യുന്നു, തന്മൂലം അവരും അഴിമതിയിൽ മുങ്ങുന്നു.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: