മീശ : ഹരീഷിന്റെ രാമായണം
രാമായണ കഥ 1.
“ഇതിനു മുൻപെഴുതിയ ആയിരക്കണക്കിന് രാമായണങ്ങളിൽ എല്ലാം സീത രാമന്റെ കൂടെ കാട്ടിലേക്ക് പോകുന്നുണ്ട്, എന്നിട്ട് നിങ്ങൾ മാത്രം എന്നെ കൊണ്ടുപോകില്ല എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്?”
വനവാസത്തിന് പോകുന്നതിന് മുൻപ് സീതയെ കൊണ്ട് പോകേണ്ട എന്നതായിരുന്നു രാമന്റെ ആദ്യ തീരുമാനം. ഇതറിഞ്ഞ സീത പറഞ്ഞ വാചകം ആണ് മുകളിൽ, അദ്ധ്യാത്മ രാമായണത്തിൽ നിന്ന്..
രാമായണ കഥ 2.
രാവണവധവും മറ്റും കഴിഞ്ഞു വളരെ നാളുകൾക്ക് ശേഷം ഒരു ദിവസം രാമൻ തന്റെ രാജ മോതിരം വിരലിൽ നിന്ന് ഊരി നോക്കുന്നതിനിടെ ഭൂമിയിലെ ഒരു ചെറിയ വിടവിൽ വീണു പോയി. വായുപുത്രനായ, സ്വയം വലുതാവാനും, ചെറുതാവാവാനും കഴിവുള്ള, ഹനുമാൻ ഉള്ളപ്പോൾ എന്ത് പേടിക്കാനാണ് ? രാമൻ ഈ മോതിരം തിരക്കി ഹനുമാനെ അയച്ചു. ഹനുമാൻ കുറെ നേരം താഴേക്ക് പോയിട്ടും മോതിരം വീണുപോയ സ്ഥലം കണ്ടെത്താൻ പറ്റിയില്ല.
ഈ സമയത്തു, രാമനെ കാണാൻ, വസിഷ്ഠനും ബ്രഹ്മാവും വന്നു. രാമൻ തന്റെ ജന്മോദ്ദേശം പൂർത്തീകരിച്ചു കഴിഞ്ഞു എന്നും, രാമൻ തിരിച്ച ദേവലോകത്തേക്ക് വരണം എന്നും പറയാൻ ആണ് അവർ വന്നത്. ഇത് കേട്ട ഉടനെ, രാമൻ അവരുടെ കൂടെ ദേവലോകത്തേക്ക് പോയി.
പക്ഷെ ഹനുമാൻ ഈ സമയത് രാമന്റെ മോതിരം തിരക്കി പോയി താഴെ പാതാളം വരെ എത്തിക്കഴിഞ്ഞിരുന്നു. അവിടുള്ള രാക്ഷസ രാജാവ് ഹനുമാനെ കണ്ടു കാര്യവും അന്വേഷിച്ചപ്പോൾ, രാമന്റെ മോതിരം അന്വേഷിച്ചു വന്നത് ആണെന്ന് ഹനുമാൻ മറുപടി നൽകി. നൂറുകണക്കിന് മോതിരങ്ങൾ നിറഞ്ഞ ഒരു പത്രം ഹനുമാന്റെ മുൻപിലേക്ക് വച്ചിട്ട് ഇതിൽ നിന്ന് രാമന്റെ മോതിരം നോക്കി എടുത്തോളൂ എന്ന് രാക്ഷസ രാജാവ് പറഞ്ഞു, പക്ഷെ എല്ലാ മോതിരവും ഒരേ പോലെ രാമന്റെ കളഞ്ഞു പോയ മോതിരം പോലെ തന്നെ ഇരിക്കുന്നത് കണ്ട ഹനുമാന് ആകെ കൺഫ്യൂഷൻ ആയി. അപ്പോൾ രാക്ഷസ രാജാവ് പറഞ്ഞു
“രാമൻ ഓരോ ജന്മം എടുത്ത് ആ ജന്മ ഉദ്ദേശം നടന്നു കഴിയുമ്പോഴും ഇത് പോലെ അങ്ങേരുടെ മോതിരം താഴേക്ക് വീഴും. ഈ കാണുന്ന എല്ലാ മോതിരണങ്ങളും രാമന്റേത് തന്നെയാണ്, പല രാമായണങ്ങളിൽ പല കഥകളിൽ ഉള്ള എല്ലാ രാമന്മാരുടെയും മോതിരങ്ങൾ ആണിവ. ഇതിൽ ഏതെങ്കിലും എടുത്തു താങ്കൾക്ക് മുകളിയ്ക്ക് പോകാം, പക്ഷെ താങ്കൾ അവിടെ എത്തുമ്പോൾ ഏതു രാമൻ ആണോ താങ്കളെ ഇങ്ങോട്ട് അയച്ചത് അദ്ദേഹം അവിടെ ഉണ്ടാവില്ല, അദ്ദേഹത്തിന്റെ ജന്മ ഉദ്ദേശം കഴിഞ്ഞ തിരിച്ചു പോയിട്ടുണ്ടാവും.”
രാമായണ കഥ 3 :
കുട്ടികൾ ഇല്ലാതെ വിഷമിച്ചിരുന്ന രാവണനും മണ്ഡോദരിയും ശിവനെ വിളിച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥനയിൽ സംപ്രീതൻ ആയ ശിവൻ ഒരു സന്യാസിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് രാവണന് ഒരു അത്ഭുത മാങ്ങ സമ്മാനിച്ചു. മാങ്ങ മണ്ഡോദരിക്ക് കൊടുക്കാനും, മാങ്ങയുടെ അണ്ടി ചപ്പി ദൂരെ കളയാനും രാവണനോട് പറഞ്ഞു. വിശന്ന് കണ്ണ് കാണാതെയിരുന്ന രാവണൻ, മാങ്ങ കഴിക്കുകയും, അണ്ടി മണ്ഡോദരിക്ക് കൊടുക്കുകയും ചെയ്തു, എന്തായാലും അത്ഭുത മാങ്ങ ആണല്ലോ..
പക്ഷെ പണി പാളി, മണ്ഡോദരിക്ക് പകരം രാവണൻ ഗർഭണൻ ആയി. ഒരു ദിവസത്തിൽ ഒരു മാസം എന്ന കണക്കിൽ ഗർഭം വളർന്നു, പത്താം ദിവസം ഒരു തുമ്മലിലൂടെ രാവണന്റെ മൂക്കിലൂടെ സീത ജനിച്ചു ( വേദവതിയുടെ കഥ ഒരു പശ്ചാത്തലം ആയി ഇതിൽ ചേർത്ത് വായിക്കാം). കുട്ടി തന്റെ മരണകാരണം ആകും എന്നറിഞ്ഞ രാവണൻ, അവളെ പുഴയിൽ ഒഴുകുകയും ജനകന് കിട്ടുകയും ചെയ്തു. (കർണാടകത്തിലെ നാടോടിക്കഥ )
വായ്പ്പാട്ടിലൂടെയും എഴുത്തിലൂടെയും ഭാരതത്തിലും മാറ്റ് ഏഷ്യൻ രാജ്യങ്ങളിലും പല തരത്തിൽ ഉള്ള രാമായണ കഥകൾ നിലവിൽ ഉണ്ട്. ഉദാഹരണത്തിന് തായ്‌ലൻഡിൽ പോയവർക്ക് അവിടുള്ള കൊട്ടാരങ്ങളിൽ ചിത്രങ്ങളിൽ ഒരു മൽസ്യകന്യകയെ പ്രണയിക്കുന്ന ഹനുമാനെ കാണാം,പക്ഷെ ഇന്ത്യയിൽ ഹനുമാൻ ബ്രഹ്മചാരി ആണ്.
ചില ചെറിയ സംഭവങ്ങൾ പറഞ്ഞു പറഞ്ഞു പല ദേശങ്ങളിൽ പല തരത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നാണ് പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ടാകുന്നത്. അതിന്റെ ഒരു ചെറിയ വകഭേദം ആണ് ഹരീഷിന്റെ മീശയിൽ വാവച്ചനു സംഭവിക്കുന്നത്. വാവച്ചൻ അന്വേഷിച്ചു നടക്കുന്ന സ്ത്രീയുടെ പേര് സീത എന്ന് തന്നെയാണ്, വാവച്ചൻ ആണ് ഈ കഥയിലെ രാമൻ.
പക്ഷെ ഈ സീതയും രാമനും ദൈവിക പരിവേഷങ്ങൾ ഇല്ലാത്ത , നൂറ്റാണ്ടുകൾ ആയി മറ്റുള്ളവരാൽ ചവിട്ടിത്തേച്ചു കിടന്നിന്നിരുന്ന ഒരു ജനതയിൽ പെട്ടവർ ആയിരുന്നത് കൊണ്ട്, ആരും അറിയാതെ പോയ ലക്ഷക്കണക്കിന് കഥകളിൽ ഒന്ന് മാത്രം ആയി ഒതുങ്ങിപോയി, ഹരീഷ് എഴുതുന്നത് വരെ.
മുലക്കരത്തെ പറ്റി പലരും കേട്ടിട്ടുണ്ട്, പക്ഷെ മീശ വയ്ക്കുന്നതിനും അധഃകൃതർക്ക് ഇന്നാട്ടിൽ നികുതി കൊടുക്കേണ്ടി ഇരുന്ന ഒരു കാലത്തു, ഒരു നാടകവും ആയി ബന്ധപ്പെട്ട മീശ വളർത്തിയ വാവച്ചൻ, അത് ഉപേക്ഷിക്കാൻ തയ്യാറാവുന്നില്ല, പിന്നീട് വാവച്ചനെക്കാൾ വലുതാവുന്ന മീശയെ ആണ് നമ്മൾ കാണുന്നത്. ഈ മീശ വെറും മീശയുടെ കഥയേ അല്ല.
മാജിക്കൽ റിയലിസം ഞാൻ മലയാളത്തിൽ അധികം കണ്ടിട്ടില്ല. പക്ഷികളും, മീനുകളും തോടുകളും പുഴകളും പരസ്പരം സംസാരിക്കുന്ന ഒരു ലോകമാണ് ഹരീഷിന്റെ മീശയിൽ ഉള്ളത്. കേരള ചരിത്രവും ലോക പരിണാമ ചരിത്രവും ആഴത്തിൽ പഠിച്ചവർക്ക് അസാധാരണമായ ഒരു വായനാനുഭവം ആണ് മീശ സമ്മാനിക്കുന്നത്. ഉദാഹഹരണത്തിന്, സീതയെ തേടി വാവച്ചൻ പോകുന്നത്, കായലിനടിയിലൂടെ പുഴ ഒഴുകുന്ന ഒരിടത്തേക്കാണ്. കൊച്ചി മുതൽ പുറക്കാട് വരെ കപ്പലിന് പോകാവുന്ന ആഴത്തിലും വീതിയിലും ഓരു പുഴയോ ചാലോ കേരളത്തിൽ ഉണ്ടായിരുന്നു എന്നാണു ചരിത്രം പറയുന്നത്. പിന്നീട് മണ്ണ് വന്നു മൂടി ഇന്ന് കാണുന്ന കരകൾ ഉണ്ടായിട്ട് അധികം നാളുകൾ ആയിട്ടില്ല. കേരളത്തിൽ വളരെ കുറഞ്ഞ തോതിൽ മാത്രമാണ് നെല്ലും തെങ്ങും പോലും പണ്ട് കൃഷി ചെയ്തിരുന്നത്.
കുട്ടനാടും ലക്ഷക്കണക്കിന് വർഷങ്ങൾ വച്ച് നോക്കുമ്പോൾ പുതിയ നിർമിതിയാണ് അതും നിസാരമായ മനുഷ്യൻ ചെളി കുത്തി ഉണ്ടാക്കി എടുത്ത പാടങ്ങൾ.
കേരളത്തിലെ പണ്ടുള്ള ജാതിവ്യവസ്ഥയുടെ ഒരു നേർചിത്രം മീശ സമ്മാനിക്കുന്നുണ്ട്. മീശ വായിക്കുന്നതിന് മുൻപ്, എ കെ രാമാനുജന്റെ “മുന്നൂറു രാമായണങ്ങളും” , പി കെ ബാലകൃഷ്ണന്റെ “ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും” എന്ന രണ്ട് പുസ്തകങ്ങൾ തീർച്ചയായും വായിച്ചിരിക്കണം. അതിന്റെ പശ്ചാത്തലത്തിൽ ആണിതിന്റെ രചന.
പല ആളുകൾക്കും പല മീശകളെ ആണ് പരിചയം, അവർക്ക് തോന്നിയ പോലെ അവർ അവനെ കുറിച്ച് പാട്ടുണ്ടാക്കുന്നു. ഒരു സന്ദർഭത്തിൽ കഥാകൃത്ത് തന്നെ പറയുന്നു
“രണ്ടു മീശകളുണ്ടെണോ ?”
രണ്ടും അതിൽ കൂടുതലും മേശകൾ ഈ കഥയിൽ ഉണ്ട്. മുന്നൂറു രാമായണങ്ങൾ പോലെ. ഒരു സന്ദർഭത്തിൽ തന്നെ കുറിച്ച് മറ്റുള്ളവർ ഉണ്ടാക്കിയ പാട്ടിന് അനുസരിച്ച് ജീവിക്കാൻ തത്രപ്പെടുന്ന മീശയെയും കാണാം.
പക്ഷെ അവസാനം മരിച്ചു കിടക്കുമ്പോൾ എല്ലാവരും പറഞ്ഞ ആ മീശ വാവച്ചന്റെ മുഖത്തില്ല. ഹരീഷ് ഇത്രയും പറഞ്ഞ കഥകൾ പോലും കഥകൾ മാത്രമായി അവശേഷിപ്പിച്ചാണ് നോവൽ അവസാനിക്കുന്നത്.
ആർക്കറിയാം, ചരിത്രത്തിലെ യഥാർത്ഥ രാമൻ മരിച്ച് കിടന്നപ്പോൾ എങ്ങിനെ ആയിരുന്നു എന്ന്. നമുക്ക് പുരാണങ്ങളും ഇതിഹാസങ്ങളും മതിയല്ലോ.
ചരിത്രം രാജാക്കന്മാരുടെ മാത്രം ആവരുത് മറിച്ച് ഇവിടെ ജീവിച്ചു മരിച്ച ലക്ഷകണക്കിന് സാധാരണക്കാരുടേത് കൂടി ആവണം….
Leave a Reply