പശുവിന്റെ രാഷ്ട്രീയവും കോഗ്നിറ്റീവ് ബയാസുകളും …

“നിങ്ങൾ എനിക്ക് മാപ്പ് തരണം, എന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണ്, ഞാൻ എന്റെ സുഹൃത്തായ  ഒരു ശാസ്ത്രജ്ഞനും ആയി സംസാരിച്ച കാര്യം തെറ്റാണെന്നു അറിയാതെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്” സാമി ഉദിത് ചൈതന്യ കൈകൾ കൂപ്പി തല കുനിച്ചിട്ട് പറഞ്ഞു.

ന്യൂ ജേഴ്സിയിലെ ഒരു ഹൈന്ദവ സംഘട സംഘടിപ്പിച്ച സ്വാമി ഉദിത് ചൈതന്യയുടെ  രാമായണ പ്രഭാഷണം കേൾക്കാൻ പോയതായിരുന്നു ഞാൻ. സ്വാമി ഉദിത് ചൈതന്യ ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ ഇന്ത്യൻ പശുക്കളുടെ കൊമ്പുകൾക്ക് റേഡിയോ ആക്ടിവിറ്റി ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നും, ബാബ അറ്റോമിക് റിസേർച് സെന്ററിൽ പശുക്കളുടെ ചാണകത്തിൽ നിന്നാണ് പ്ലൂട്ടോണിയം വേർതിരിച്ച് എടുക്കുന്നത് എന്നെല്ലാം ഉള്ള മണ്ടത്തരങ്ങൾ  പറഞ്ഞതിനെ കുറിച്ച് ചോദിക്കണം എന്ന് കൂടി മനസ്സിൽ ഉണ്ടായിരുന്നു, പക്ഷെ സംഘാടകരിൽ ഒരാൾ തന്നെ അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചപ്പോൾ സ്വാമി പറഞ്ഞ ഉത്തരമാണ് മുകളിൽ. ഉത്തരം കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ചിരി വന്നു, കാരണം എന്റെ ചില സുഹൃത്തുക്കൾ നടത്തുന്ന സഞ്ജീവനി എന്ന വെബ്‌സൈറ്റിൽ വന്ന ഒരു ട്രോള് കണ്ണും പൂട്ടി വിശ്വസിച്ചത് ആയിരുന്നു അദ്ദേഹം ഈ മണ്ടത്തരമാ വിളമ്പാൻ കാരണമാ എന്ന് എനിക്ക് അറിയാമായിരുന്നു, അല്ലാതെ ഏതെങ്കിലും ശാസ്ത്രജ്ഞൻ പറഞ്ഞത് ഒന്നുമല്ല.

പക്ഷെ അതിന് ശേഷം ന്യൂ യോർക്കിയിലെ പ്രശസ്തമായ ഒരു കാർഡിയോളോജിസ്റ് ഡോകട്ർ പട്ടുസാരി എല്ലാം ഉടുത്തു വേദിയിൽ കയറിയിട്ട് ഇങ്ങിനെ പറഞ്ഞു.

“ഇപ്പോൾ ഒരു പക്ഷെ സ്വാമി പറഞ്ഞത് ആധുനിക ശാസ്ത്രത്തിന് തെറ്റായി തോന്നാം , പക്ഷെ നാളെ ഈ പറഞ്ഞതെല്ലാം ശാസ്ത്രം തെളിയിച്ചു കഴിയുമ്പോൾ നാമോരോരുത്തരും സ്വാമിയുടെ കാൽക്കൽ വീഴും….”

സ്വാമിയുടെ താന്നിരുന്ന മുഖം ഉയർന്നു, മുഖത്തെ ഒരു പുഞ്ചിരി ഒക്കെ വന്നു. സ്വാമി പോലും സമ്മതിച്ച തെറ്റ് ഇത്രയും പഠിച്ച ഒരു ഡോക്ടർ ന്യായീകരിക്കുന്ന കണ്ടപ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നി. കൺഫർമേഷൻ ബയാസിന്റെ ഇത്ര ഭീകരമായ അവസ്ഥ ഞാൻ ആദ്യമായി കാണുകയായിരുന്നു.

ഈ അടുത്ത വന്ന മറ്റു ചില വാർത്തകളും ചില പഴയ വിശ്വാസങ്ങളും നോക്കൂ..

“മരിച്ചുപോയ ഒരാളുടെ ആത്മാവിനെ വിളിച്ചു വരുത്തി ഒരു കേസ് തെളിയിച്ചു…” അലക്സാണ്ടർ ജേക്കബ് മുൻ ഡിജിപി കേരള പോലീസ്

“ഹിന്ദു അമ്പലങ്ങളിൽ ഉയർന്ന കാന്തിക മണ്ഡലം ഉണ്ട്, അതുകൊണ്ട് സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടാകാതെ പോകും” : ന്യൂ യോർക്കിലെ പ്രശസ്തയായ കാർഡിയോളജിസ്റ്

“മുഹമ്മദ് നബി ചന്ദ്രനെ രണ്ടതായി പകുതിട്ടു പിന്നീട് കൂട്ടിച്ചേർത്തിട്ടുണ്ട” : കണക്ക് ബിരുദധാരിയായ എന്റെ ഒരു സുഹൃത്ത്

“ഒരു കന്യകയിൽ ദൈവത്തിന് ജനിച്ച മകൻ ആണ് യേശുക്രിസ്തു ” : ബൈബിൾ

ഈ പറഞ്ഞ ചില  കാര്യങ്ങളും നിങ്ങൾ ചിരിച്ചു തള്ളും. ചിലത് നിങ്ങൾ ശരിയാണല്ലോ എന്ന് വിചാരിക്കും. ഏത് വാർത്തയാണ്  ചിരിച്ചു തള്ളുന്നത് ഏതാണ് ശരി എന്ന് കരുതുന്നത് എന്നതു നിങ്ങളുടെ വിശ്വാസത്തെ അനുസരിച്ചിരിക്കും..

എന്ത് കൊണ്ടാണ് വലിയ വിദ്യാഭ്യാസവും ,  ലോകപരിചയവും ഉള്ളവരും സാധാരണക്കാരും ഒരു പോലെ മണ്ടത്തരം പറയുന്നതും, അവർ പറയുന്ന ശരിയാണെന്ന് ശാസ്ത്രീയമായി ശരിയാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നതും  വിശ്വസിക്കുന്നതും? മനുഷ്യന്റെ തലച്ചോറിലെ ചില കുറവുകൾ കൊണ്ട് ഉണ്ടാവുന്ന പല കോഗ്നിറ്റീവ് ബയാസുകളിൽ ചിലതായ കൺഫർമേഷൻ ബയാസിലേക്കും ആങ്കറിങ് ബയാസിലേക്കും  സ്വാഗതം.

മനുഷ്യന്റെ തലച്ചോർ വളരെ അധികം വികാസം പ്രാപിച്ചതാണെങ്കിലും പഴയ ചില ജീവിതരീതികളുടെയും പരിണാമത്തിന്റെയും  ബാക്കി പത്രമായ ചില ഷോർട് കട്ടുകൾ നമ്മുടെ തലച്ചോർ കൊണ്ടുനടക്കുന്നുണ്ട്. അതിൽ ഒന്നാണ് ആദ്യം അറിഞ്ഞ കാര്യങ്ങൾ  എപ്പോഴും ശരിയാണെന്ന നമ്മുടെ വിശ്വാസം. മാത്രമല്ല നമ്മൾ നമ്മുടെ വിശ്വാസം ശരിയാണെന്നു സ്ഥാപിക്കുന്ന തെളിവുകൾ മാത്രമേ കാണുകയുള്ളൂ, മറ്റുള്ള തെളിവുകൾ നമ്മൾ അവഗണിക്കും.

ഉദാഹരണത്തിന് നമ്മൾ മതം പഠിക്കുന്നത് ശാസ്ത്രവും ശാസ്ത്ര രീതികളും (scientific method ) പഠിക്കാൻ തുടങ്ങുന്നതിന് മുൻപാണ്.  അത് കൊണ്ട് തന്നെ അമ്പലങ്ങളിൽ ഉയർന്ന കാന്തിക മണ്ഡലം ഉണ്ടെന്ന് ചെറുപ്പത്തിൽ കേട്ട് വിശ്വസിച്ച ഒരു ആൾക്ക്, ശാസ്ത്രീയമായി അത് ടെസ്‌ലാ മീറ്റർ വച്ച് തെളിയിച്ചു കഴിഞ്ഞാൽ, ഒരു പക്ഷെ ആ പരീക്ഷണം തെറ്റായിരുന്നു എന്നോ, അല്ലെങ്കിൽ ഇത് അമേരിക്കയിൽ ചെയ്‌താൽ ശരിയാവില്ല , ഇന്ത്യയിലെ അമ്പലങ്ങളിൽ ശരിയാവും എന്നൊക്കെ തോന്നുന്നത്. കാരണം നമ്മുടെ ആത്മാവിൽ വേരുപിടിച്ച  വിശ്വാസങ്ങൾക്ക് എതിരെ ഒരു തെളിവ് വന്നാൽ നമ്മൾ അത് അംഗീകരിക്കാൻ കുറച്ച് സാമ്യം പിടിക്കും. ചന്ദ്രനെ പിളർത്തി കാര്യത്തിലും ഹിന്ദു അമ്പലത്തിലെ കാന്തിക മണ്ഡലത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത് തലച്ചോറിന്റെ ഈ പ്രതിരോധവും, തന്റെ വിശ്വാസം ശരിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ കണ്ടുപിടിക്കാനുള്ള നെട്ടോട്ടവും ആണ്. ഇതാണ് ശാസ്ത്രീയമായി തെറ്റാണു എന്നറിഞ്ഞിട്ടും ന്യൂ യോർക്ക് കാർഡിയോളജിസ്റ്റിനെ കൊണ്ട് മണ്ടത്തരം വീണ്ടും വീണ്ടും പറയിപ്പിക്കുന്നത്.  അവരുടെ വീഡിയോ കാണുമ്പോൾ അവരോട് എനിക്ക് ദയ തോന്നുന്നത് അതുകൊണ്ടാണ്. ഞാനും നിങ്ങളും എത്ര ശ്രമിച്ചാലും കുറച്ചൊക്കെ ഇതേ ട്രാപ്പിൽ പെട്ട് പോവുകയും ചെയ്യും.

ചില ശാസ്ത്ര വസ്തുതകളും പിന്നീട് തെറ്റാണെന്നു തെളിയിക്കപെട്ടപ്പോഴോ കൂടുതൽ ശരിയായ വിശദീകരണങ്ങൾ വന്നപ്പോഴോ പഴയ നിയമങ്ങൾ ആണ് ശരിയെന്ന് കരുതിയ കുറെ ശാസ്ത്രജ്ഞന്മാരുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. കെൽ‌വിൻ ഭൂമിയുടെ  പ്രായം കണക്കുകൂട്ടിയത് തെറ്റാണെന്ന് കണ്ടുപിടിച്ചപ്പോഴും, ഐൻസ്റ്ററിന്റെ കോസ്മോളജിക്കൽ കോൺസ്റ്റന്റും എല്ലാം ഇതിന് ഉദാഹരണങ്ങൾ ആണ്.

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. വർഷങ്ങൾക്ക് മുൻപ് ഒരു സമൂഹം ആയി കൂട്ടായി ജീവിക്കുകയും വേട്ടയാടുകയും ചെയ്ത സമയത്ത് സമൂഹത്തിലെ നിയമങ്ങൾ അനുസരിക്കേണ്ടത് നിലനിൽപ്പിന്റെ ആവശ്യം ആയിരുന്നു. ഒരു കൂട്ടത്തിന്റെ രീതികൾ തെറ്റിച്ചാൽ ഒറ്റക്ക് അതിജീവിക്കാൻ കഴിയാതെ  മരണം ആയിരുന്നു ഫലം. അതുകൊണ്ട് തന്നെ ഒരു കൂട്ടത്തിന്റെ പൊതുവായ വിശ്വാസങ്ങൾ ഏറ്റെടുക്കുക എന്നത് നമ്മുടെ തലച്ചോർ സ്വാഭാവികമായി ചെയ്യുന്ന ഒരു കാര്യമാണ്.

മനുഷ്യന്റെ സ്വതന്ത്ര ചിന്തയെ ബാധിക്കുന്ന പത്തിൽ കൂടുതൽ പക്ഷപാതങ്ങളെ (biases ) കുറിച്ച് ഇന്ന് നമുക്കറിയാം, ഇതിൽ ചിലതെലാം രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നതും ഉണ്ട്. ഉദാഹരണത്തിന് ആങ്കറിന് ബയാസ്. ഒരാളെ കുറിച്ച് നമ്മൾ ആദ്യം മനസ്സിൽ ഉണ്ടാക്കുന്ന ഒരു നല്ല  ഇമേജ് പിന്നീട് അയാൾ എത്ര മണ്ടത്തരം കാണിച്ചാലും അതിന്റെ വസ്‍തുതകളെ വിശകലം ചെയ്യാതെ അയാളെ ഇഷ്ടപെട്ടുകൊണ്ടേ ഇരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് ഇതാണ്.

ഉദാഹരണത്തിന് മോദിയെ ഒരു ഗുജറാത്ത് മോഡൽ വികസന നായകൻ ആയാണ് ബിജെപി ഉയർത്തികൊണ്ട് വന്നത്. പിന്നീട് ഈ വികസനങ്ങളിൽ പലതും ഫോട്ടോഷോപ്പ് ആയിരുന്നു എന്നും,  നോട്ടു നിരോധനസമയത്തും മറ്റും പുള്ളി ഒരു പരാജയം ആണെന്ന് കണ്ടു കഴിഞ്ഞിട്ടും ആദ്യത്തെ ആ കെണിയിൽ വീണുപോയ എന്റെ പല സുഹൃത്തുക്കളും ഇപ്പോഴും മോദി ആരാധകർ ആയി തുടരാൻ കാരണം അതാണ്. രാഹുലിന്റെ കാര്യത്തിൽ ആദ്യം മാധ്യമങ്ങൾ ഉണ്ടാക്കി എടുത്ത ഒരു മോശം പ്രതിച്ഛായയുടെ പുറത്തു വരാൻ രാഹുലിന് ശരിക്കും വിയർക്കേണ്ടി വരും.

ഈ ബയാസുകളെ കണ്ടെത്താനും മറികടക്കാനും വളരെ ബുദ്ധിമുട്ടാണ്, പല കമ്പനികളും ശാസ്ത്രീയ പരീക്ഷണ സ്ഥാപനങ്ങളും ഈ ബയാസുകൾ കണ്ടെത്തി മറികടക്കാനുള്ള പരിശീലനവും മറ്റും നൽകാറുണ്ട്.

ആത്മാവിനെ വിളിച്ചു വരുത്തുന്ന പോലീസുകാരും  , ഖുർആൻ മുഴുവൻ ശാസ്ത്രമാണെന്ന് പറയുന്നവരും , അമ്പലത്തിന്റെ കാന്തികശക്തിയെ ശാസ്ത്രീയം ആണെന്ന് പറയുന്നവരും  പ്രകടിപ്പിക്കുന്നത് മനുഷ്യന്റെ ചില ആദിമ ചോദനകൾ മാത്രമാണ്. അവരോട് നമുക്ക് സഹതപിക്കാൻ അല്ലാതെ വേറെന്ത് ചെയ്യാനാണ്?

 

 

One thought on “പശുവിന്റെ രാഷ്ട്രീയവും കോഗ്നിറ്റീവ് ബയാസുകളും …

Add yours

  1. There is neither any bias or basis. All religions want to prove that their God is the greatest, their godmen are the most powerful and their place of worship is the most pious. So they call it HOLY – Holy Bible, Holy water, Holy oil, His Holiness, etc; but never a Holiday. It is to shove the belief down the child’s throat, even before he could learn to read or write.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: