നാസ്തികന്റെ ദൈവം..

പശുക്കൾക്കും കുതിരകൾക്കും കൈകൾ ഉണ്ടായിരുന്നെങ്കിൽ,  അവർക്ക് ചിത്രം വരക്കാൻ കഴിവുണ്ടായിരുന്നെകിൽ , പശുക്കൾ അവരുടെ ദൈവങ്ങളെ പശുക്കളെ പോലെയും കുതിരകൾ അവരുടെ ദൈവങ്ങളെ കുതിരകളെ പോലെയും വരച്ചേനെ എന്ന് പറഞ്ഞത് ക്രിസ്തുവിന് ആറു നൂറ്റാണ്ട് മുൻപ് പുരാതന ഗ്രീസിലെ ക്സിനോഫെയിൻസ് ആണ്.  

ഇത് വായിച്ചപ്പോൾ എനിക്ക് വയലാറിനെ ആണ് ഓർമ വന്നത്.

“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണ് പങ്കു വച്ചൂ, മനസ് പങ്കു വച്ചൂ…”

വയലാറിന്റെ നിരീക്ഷണം കിറുകൃത്യം ആണ്. നമ്മുടെ പല ദൈവ മത സങ്കൽപ്പങ്ങൾ എടുത്തു നോക്കിയാലും മനുഷ്യൻ വരയ്ക്കുന്ന ദൈവങ്ങൾ മനുഷ്യന്റെ സ്വഭാവ ഗുണവിശേഷങ്ങൾ ഉള്ളത് ആണെന്ന് കാണാം.

ഉദാഹരണത്തിന് ശബരിമലയിലെ  അയ്യപ്പന് ആർത്തവ പ്രായത്തിൽ ഉള്ള സ്ത്രീകളെ ഇഷ്ടമല്ല, അദ്ദേഹം നൈഷ്ഠിക ബ്രഹ്‌മചാരി ആയതാണ് കാരണം.

പക്ഷെ ഒന്നാലോചിച്ചു നോക്കൂ. ഭൂമിയിൽ മനുഷ്യന്റെ മാത്രം ദൈവം അല്ല അയ്യപ്പൻ. സകല ചരാചരങ്ങളുടെയും ദേവനാണ്. പശുവും കാളയും പക്ഷിയും മീനും അമീബയും, ജീവന്റെയും വസ്തുവിന്റെയും ഇടയ്ക്കുള്ള ചില സ്ഥിതിവിശേഷങ്ങൾ കാണിക്കുന്ന വൈറസിന്റെയും ദൈവം കൂടിയാണ്. വളരെ ചൂടുള്ള ജലത്തിൽ ഓക്സിജൻ ഇല്ലാതെ ജീവിക്കുന്ന ജീവികൾ മുതൽ അമേരിക്കൻ കാട്ടുപോത്ത് (bison) വരെ  അമേരിക്കയിലെ യെല്ലോഡസ്റ്റൺ നാഷണൽ പാർക്കിൽ തന്നെ ഉണ്ട്, അവരുടെയും ദൈവം ആണ് അയ്യപ്പൻ. ഈ പറഞ്ഞ ജീവജാലങ്ങളിൽ എത്ര എണ്ണത്തിന് ആർത്തവം ഉണ്ട് എന്നുള്ളത് ഒരു ചോദ്യം. എന്റെ അറിവിൽ സസ്തനികൾക്ക് മാത്രം ആണ് ആർത്തവം ഉള്ളത്, ബാക്ടീരിയകളുടെയും വൈറസുകളുടെയും എണ്ണം എടുക്കുമ്പോൾ സസ്തനികൾ വെറും ന്യൂനപക്ഷം ആണ്.

കുറച്ച് കൂടി വിശാലമായി ചിന്തിച്ചാൽ ഭൂമി പോലെ പല ഗ്രഹങ്ങൾ ഉണ്ട്, ഗാലക്സികൾ ഉണ്ട്, നെബുലകൾ ഉണ്ട്, പല യൂണിവേഴ്‌സുകൾ ഉണ്ടോ എന്ന് ശാസ്ത്രം കണ്ടുപിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അവിടെയെല്ലാം മനുഷ്യന്റെ രൂപത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ജീവികൾ ഉണ്ടാവാം. ആർത്തവം ഒക്കെ ഭൂമിയിലെ സസ്തനികളുടെ മാത്രം  ആർത്തവത്തിന്റെ കാര്യത്തിൽ ഇത്ര കണിശമായ നിലപാട്?

ഉത്തരം ഈ ചോദ്യത്തിൽ തന്നെ ഉണ്ട്. ആർത്തവത്തെ ഭയക്കുന്നതും അത് അശുദ്ധി ആണെന് പറയുന്നതും മനുഷ്യൻ ദിവത്തിൽ ആരോപിക്കുന്ന ഒരു സ്വഭാവം മാത്രം ആണ്.

ഇനി നൈഷ്ഠിക ബ്രഹ്മചര്യം എന്ന പേരിൽ അയ്യപ്പന് ആർത്തവ പ്രായത്തിൽ ഉള്ള സ്ത്രീകളെ ഇഷ്ടം അല്ല എന്ന് പറയുമ്പോൾ അത് ഇത്ര ശക്തനായ പല യൂണിവേഴ്‌സുകളിൽ ഉള്ള ജീവികളെ ഉൾകൊള്ളുന്ന ഒരു ദൈവസങ്കല്പത്തിലേക്ക്  മനുഷ്യന്റെ മനസിലെ ചാപല്യം സന്നിവേശിപ്പിക്കുക ആണ്.

എന്റെ മനസിലെ അയ്യപ്പൻ എത്ര സുന്ദരിയായ സ്ത്രീയോ പുരുഷനോ ട്രാൻസ് ജെൻഡറോ വന്നാലും തന്റ സൃഷ്ടിയായി കണ്ട് വാത്സല്യം ചൊരിയുന്ന ഒരു സങ്കല്പം ആണ്. അല്ലാതെ ഈ പീറ മനുഷ്യന്റെ വൃത്തികെട്ട മാനസിക വ്യാപാരങ്ങൾ കൊണ്ടുനടക്കുന്ന ഒരു മനുഷ്യ സങ്കല്പം അല്ല.

പള്ളികളിൽ സ്ത്രീകൾ കയറിയാണ് പാടില്ല എന്നു പറയുന്നതും ഇതേ പ്രശ്നം കൊണ്ടാണ്. സ്ത്രീയെ കണ്ടാൽ പള്ളിയിൽ വരുന്ന പുരുഷൻ വികാരം ഉണ്ടാവും എങ്കിൽ പുരുഷൻ ആണ് പുറത്തു പോവേണ്ടത്, സ്ത്രീ അല്ല, കാരണം  അല്ലാഹുവിനെ പ്രാർത്ഥിക്കാൻ അർഹത ആയിട്ടില്ലാത്തതു ഇങ്ങിനെ വികാരം കൊള്ളുന്ന പുരുഷനാണ്.

പക്ഷെ പറഞ്ഞു വരുമ്പോൾ ഒരു നാസ്തികൻ ആയ ഞാൻ എന്തിനാണ് ദിവസങ്കല്പത്തെ കുറിച്ച് സംസാരിക്കുന്നതു.

വേദങ്ങളും ഉപനിഷത്തുക്കളും അമ്പലവും പള്ളിയും എല്ലാം മനുഷ്യന്റെ ചരിത്രത്തിന്റെ ഭാഗം ആണ്. ആയിരകണക്കിന് വർഷത്തെ ശാരീരികവും മാനസികവും ആയ വികാസത്തിലെ ചില പടികളിലൂടെ കടന്നു പോയ മനുഷ്യന്റെ ചരിത്ര വസ്തുതകൾ ആണ് വേദങ്ങളും ഉപനിഷത്തുകളും, ഖുർആനും ബൈബിളും എല്ലാം. അവ ഒരു ചരിത്രം എന്ന നിലയിൽ എനിക്ക് വളരെ താല്പര്യം ഉള്ള വിഷയം ആണ്. അത് കൊണ്ടാണ് കുത്തിയിരുന്ന് 108 ഉപനിഷത്തുക്കളും റിഗ് വേദവും ഖുർആനും എല്ലാം  വായിച്ചതും.

ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നവരും തുല്യ  ബഹുമാനം അർഹിക്കുന്ന വ്യക്തികളാണെനിക്ക്. മനുഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിവര വിപ്ലവത്തിലൂടെ കടന്നു പോയ്കൊണ്ടിരിക്കുകയാണ്. അതിൽ ചിലർ ആ വിവരങ്ങൾ മനസിലാക്കി പുതിയ ചിന്തകളിലേക്കും കാഴ്ചപ്പാടിലേൽക്കും മാറിക്കഴിഞ്ഞു, മറ്റു ചിലർ മനുഷ്യന്റെ തലച്ചോറിന്റെ അടിസ്ഥാന പരിമിതികളും മറ്റും കൊണ്ട്  പഴയ ചിന്താ രീതികൾ പിന്തുടരുന്നു, പക്ഷെ അടുത്ത ഒരു നൂറ്റാണ്ടിൽ കൂടുതൽ കണ്ടുപിടുത്തങ്ങൾ നടക്കുകയും മനുഷ്യൻ പഴയ വിശ്വാസങ്ങളുടെ പടം പൊഴിക്കുക തന്നെ ചെയ്യും. പക്ഷെ അതുവരെ പുതിയതും പഴയതും ആയ ചിന്താ രീതികൾ പിന്തുടരുന്ന എല്ലാവരും എന്റെ സഹോദരങ്ങൾ തന്നെയാണ്.

അതുകൊണ്ടാണ് ഞാൻ എന്റെ പേര് കേട്ട് അസ്സലാമു അലൈക്കും പറയുന്നവരോട് തിരിച്ച് വ അലൈക്കും സലാം എന്ന് മറുപടി പറയുന്നത്. എന്റെ ആശയങ്ങളെ എതിർക്കുന്ന ഏറ്റവും വിശ്വാസികളുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നതും പുതിയ സുഹൃത്‌ബന്ധം സ്ഥാപിക്കുന്നതും. ഓണത്തിനും വിഷുവിനും അമ്പലത്തിൽ പോയി ആളുകളും ആയി ഒരുമിച്ച് കൂടുന്നതും.

എനിക്ക് വരുന്ന പല മെസ്സേജുകളിലും സാധാരണ കാണുന്ന യുക്തിവാദികളെ പോലെ അല്ല ഞാൻ എന്ന് പറഞ്ഞു കാണുന്നുണ്ട്, പക്ഷെ പുറത്ത് മതത്തിന്റെ  പഞ്ചസാര പുരട്ടി കാണിക്കുന്നില്ല എന്ന് കരുതി യുക്തിവാദികൾ മറ്റുള്ളവരെ സഹായിക്കാതെ ഇരിക്കുന്നവർ അല്ല. കണ്ണാടി ന്യൂറോണുകൾ (mirror neurons ) എന്ന തലച്ചോറിലെ പ്രതിഭാസം ആണ് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ നമുക്ക് വേദന ഉളവാക്കുന്നതും അവരെ സഹായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതും, അതിനെ യുക്തിവാദി മിതവാദി എന്ന് വ്യത്യാസം ഒന്നുമില്ല.

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും കണികകളും  നമ്മൾ തന്നെയാണ് എന്ന തോന്നൽ വന്നുകഴിയുമ്പോൾ പ്രത്യേക ദൈവങ്ങളുടെ ആവശ്യം ഒന്നും വരില്ല, ശബരിമലയിലെ ഛാന്ദോഗ്യ ഉപനിഷത്തിൽ മഹാവാക്യമായ തത്വമസി മനസ്സിലാവുകയും ചെയ്യും.

അത്രയും കഴിഞ്ഞില്ലെങ്കിലും നമുക്ക് നമ്മുടെ ദൈവങ്ങളെ മനുഷ്യന്റെ മാനസിക ചാപല്യങ്ങളിൽ നിന്നെങ്കിലും ഉയരെ  നിർത്താം.

അപ്പോൾ എല്ലാവർക്കും നവരാത്രി ആശംസകൾ.     

One thought on “നാസ്തികന്റെ ദൈവം..

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: