“ഇക്കാലത്ത് ആരും ജാതി ഒന്നും നോക്കില്ല നസീർ, നിനക്ക് വെറുതെ തോന്നുന്നതാണ്”
ജാതിസ്പിരിറ്റ് മൂലം, വിവാഹം കഴിഞ്ഞ് 18 വർഷം കഴിഞ്ഞിട്ടും, എന്റെ ഭാര്യാസഹോദരീഭർത്താവ് എന്നെ കാണുകയോ അവരുടെ വീട്ടിൽ കയറ്റുകയോ ചെയ്യില്ല എന്ന് എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടി ആണിത്.
ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയതി രഞ്ജൻ ഗൊഗോയി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ആയപ്പോൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്താണെന്ന് അറിയാമോ? അദ്ധേഹത്തിന്റെ ജാതി. സംശയം ഉണ്ടെങ്കിൽ ഗൂഗിളിൽ പോയി രഞ്ജൻ ഗോഗോയ് എന്നടിച്ചു നോക്കൂ ആദ്യം വരുന്ന സൂചന ജാതിയെക്കുറിച്ചുള്ള സേർച്ച് ആയിരിക്കും.
ഏഷ്യൻ ഗെയിംസിൽ മെഡല നേടിയ ഹിമ ദാസിനെ കുറിച്ചും ഇന്ത്യക്കാർ ആദ്യം തിരഞ്ഞത് ജാതി ആണ്. യഥാർത്ഥത്തിൽ ഇന്ത്യക്കാർ എല്ലാവരുടെയും ജാതി നോക്കുന്നുണ്ട്, മറ്റു എല്ലാവരുടെയും ജാതി പേരിൽ നിന്ന് തന്നെ അറിയാൻ കഴിയും, അങ്ങിനെ അറിയാൻ കഴിയാത്തവരുടെ ജാതി ആണ് ഗൂഗിളിൽ നോക്കുന്നത്.
ഇരുപത് വര്ഷം മുൻപ് ഗൂഗിൾ തുടങ്ങുമ്പോൾ കൃത്യമായി ഫലം നൽകാൻ പേജ് റാങ്കിങ് എന്ന അൽഗോരിതം ആണ് അവർ ഉപയോഗിച്ചത്, പക്ഷെ അതിന്റെ കൂടെ അവർ വേറൊന്നു കൂടി ചെയ്തു, നമ്മൾ തിരയുന്ന വാക്കുകൾ, തിരച്ചിൽ വരുന്ന സ്ഥലം, എല്ലാം ശേഖരിച്ചു വച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗൂഗിൾ ട്രെൻഡ്സ് എന്ന പേരിൽ അവർ ഈ ഡാറ്റ പൊതുജനത്തിന് തുറന്നു കൊടുത്തു. ( https://trends.google.com/trends/?geo=IN ). ഇതിൽ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന വാക്കുകൾ ആണ്, നിങ്ങൾ ഒരു വാക്ക് സെർച്ച് ചെയ്യുവാൻ ഗൂഗിളിൽ ടൈപ്പ് ചെയ്യുമ്പോൾ സൂചനകൾ ആയി ഗൂഗിൾ കാണിക്കുന്നത്.
ജാതി പോലെ, പുറമെ മറ്റുള്ളവരുടെ മുൻപിൽ ഒന്ന് പറയുകയും, രാത്രി ഒറ്റയ്ക്ക് കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരിക്കുമ്പോൾ മാത്രം പുറത്തു വരികയും ചെയ്യുന്ന, വിഷയങ്ങളിൽ ആളുകളുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്ന ഒന്നാണ് ഗൂഗിൾ ട്രെൻഡ്സ് വച്ചുള്ള അനാലിസിസ്. അതിനെ കുറിച്ച് പിന്നീട് വിശദമായി പറയാം.
എന്ത് കൊണ്ട് ഞാൻ ഒരു ഹിന്ദുവല്ല എന്ന പ്രശസ്തമായ പുസ്തകത്തിൽ ഉച്ചനീചത്വങ്ങൾ കൊണ്ട് പല നിലകളിൽ വിഭജിക്കപ്പെട്ട, വിഭിന്ന ജാതികളുടെ ഒരു കൂട്ടായ്മ മാത്രമേ ഇന്ത്യയിൽ ഉള്ളൂ എന്നും, അതിനെ ഒരു മതം എന്ന് വിളിക്കാൻ കഴിയില്ല എന്നും, കാഞ്ച ഐലയ്യ നിരീക്ഷിക്കുന്നുണ്ട്. ആരും ഹിന്ദുവായി ജനിക്കുന്നില്ല, നായർ,മേനോൻ, നമ്പൂതിരി, ഈഴവൻ, പുലയൻ, പറയൻ എന്നിങ്ങനെ തങ്ങളുടെ കൂട്ടത്തിൽ നിന്ന് മാത്രം വിവാഹം കഴിച്ച് ജാതിശുദ്ധി സൂക്ഷിക്കുന്ന കൂട്ടങ്ങളെ പൊതുവായി ഹിന്ദു എന്ന് വിളിക്കപ്പെടുന്നു എന്ന് മാത്രം.
എന്റെ പേരിൽ കിഴക്കേടത്ത് എന്ന് വരാൻ കാരണം ഏറണാട്ട് അന്പലം എന്ന് ഞങ്ങൾ ചുരുക്കി വിളിക്കുന്ന ഏറണാട്ട് വനദുർഗ ക്ഷേത്രം ആണ്. അതിന്റെ കിഴക്കു ഭാഗത്തു താമസിച്ചിരുന്ന എല്ലാവരുടെയും വീട്ടു പേർ കിഴക്കേടത്തു എന്നായിരുന്നു. അതിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉൾപ്പെടും. ഈ ക്ഷേത്രം സ്വന്തമെന്ന പോലെ നടത്തിക്കൊണ്ടു പോയിരുന്നത് അതിനടുത്തു താമസിച്ചിരുന്ന നായർ, കുറുപ്പ്, മേനോൻ എന്നിങ്ങനെ പേരുകളിൽ വാലുള്ള ചിലർ ആയിരുന്നു.
എന്റെ വീടിന്റെ ഒരു മതിലിനപ്പുറം ആയിരുന്നു കുറുപ്പിന്റെ വീട്. ഞങ്ങൾ കുട്ടികൾ അവരുടെ പറമ്പിൽ നിൽക്കുന്ന പുളിമരത്തിൽ കയറുന്നതിന് വഴക്കു പറയാൻ മാത്രം ആയിരുന്നു അയാൾ ഞങ്ങളുടെ വീടിനടുത്തു വരുന്നത്.
കുറുപ്പിന്റെ ഭാര്യയെ ഞങ്ങൾ സാവിത്രി അന്തർജ്ജനം എന്നായിരുന്നു വിളിച്ചിരുന്നത്, എന്തുകൊണ്ടാണെന്ന് ഇന്നും അറിയില്ല. പാല് വാങ്ങിക്കാൻ മാത്രമാണ് ഞങ്ങൾ അവിടെ പോയികൊണ്ടിരുന്നത്. പാല് ഞങ്ങളുടെ പാത്രത്തിൽ ഒഴിച്ചതിനു ശേഷം ഞങ്ങളുടെ ദേഹത്തു തൊടാതെ നാണയം അവരുടെ കയ്യിലേക്ക് ഇട്ടു കൊടുക്കുക ആണ് അന്ന് ചെയ്തിരുന്നത്. അല്ലെങ്കിൽ അരമതിലിൽ വയ്ക്കും.
അവിടെ അടിച്ചുവാരാനും പാത്രം കഴുകാനും മറ്റും നിന്നിരുന്നതാണ് പുലയ സമുദായത്തിൽ പെട്ട ശാന്തച്ചേച്ചി.
ഒരു ദിവസം സാവിത്രി അന്തർജ്ജനം തല കറങ്ങി താഴെ വീണു..
“എന്നെ തൊടരുത് …. ” ബോധം പോകുന്നതിനു മുൻപ് സാവിത്രി ശാന്ത ചേച്ചിയോട് പറഞ്ഞു..
പേടിച്ചരണ്ട ശാന്തച്ചേച്ചി അവരെ തൊടാതെ, അയല്പക്കത്തെ ആളുകളെ വിളിച്ചു കൊണ്ട് വന്നപ്പോഴേക്കും ആളുടെ കാറ്റു പോയിരുന്നു.
ഒരു സ്ട്രോക് വന്നു ബോധം പോകുന്ന സമയത്തു പോലും ജാതിയെ കുറിച്ച് ചിന്തിക്കണം എങ്കിൽ, മറ്റൊരു മനുഷ്യൻ തനിക്ക് അശുദ്ധം ആണെന് വിചാരിക്കണമെങ്കിൽ എത്ര ശക്തമായി ജാതിബോധം വരുടെ അകത്ത് ഉണ്ടായിക്കാണണം?
കേരളാ മുഖ്യമന്ത്രിയുടെ ജാതി വെച്ച് തെറി പറയുന്നത്, നമ്മുടെ ആത്മാവിന്റെ ഉള്ളിൽ വരെ ജാതി കയറിപ്പിടിച്ചതിന്റെ അനന്തരഫലം ആണ്, അത് ഒറ്റതിരിഞ്ഞ ഒന്നല്ല. ജാതി പുറത്തു പറയാത്ത ലക്ഷക്കണക്കിന്ന് ആളുകളുടെ ഇടയിൽ നിന്ന് ഒരാളുടെ വായിൽ നിന്ന് അബദ്ധത്തിൽ പുറത്തേക്ക് വന്നു എന്നെ ഉള്ളൂ.
ഇന്ത്യൻ സേനയിൽ ഞങ്ങളുടെ റെജിമെന്റിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു – ഒരു ബാറ്ററി (Battery) ദക്ഷിണഇന്ത്യൻ സൈനികരുടെയും, ഒന്ന് ജാട്ടുകളുടെയും, മറ്റൊന്ന് വടക്കേഇന്ത്യൻ ബ്രാഹ്മിണരുടെയും. ബാറ്ററി എന്നാൽ ആറു വലിയ ബൊഫോഴ്സ് പീരങ്കിയും, മറ്റു സൈനിക ഉപകരണങ്ങളും, വാഹനങ്ങളും, അവയെ പ്രവർത്തിപ്പിക്കുവാൻ 150 സൈനികരും. (Sutan’s Battery മലയാളീകരിച്ചു സുൽത്താൻ ബത്തേരി ആയി). ദക്ഷിണഇന്ത്യൻ ബാറ്ററിയുടെ (ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സൈനികർ) കമാണ്ടർ സിഖ് മതക്കാരനായിരുന്ന മേജർ ജോഗിന്ദർ സിങ്. ജാട്ട് ബാറ്ററിയുടെ കമാണ്ടർ പാർസിയായ മേജർ മിസ്ടറി. ബ്രാഹ്മിണരുടെ ബാറ്ററിയുടെ കമാണ്ടർ ക്രിസ്തിയാനി ആയ ഞാൻ. ഇത് ഇന്ത്യൻ സേനയിൽ മാത്രം കണ്ടുവരുന്ന ജാതി- മതനിരപേക്ഷമായ സത്യം. ദക്ഷിണഇന്ത്യൻ ബാറ്ററിയുടെ പോര്വിളിയോ “സ്വാമിയെ ശരണമയ്യപ്പ.” ഇന്ത്യൻ സൈന്യത്തിൽ ഈ പോർവിളി വേറെ ഒരു റെജിമെന്റിലും കേട്ടിട്ടില്ല.
LikeLiked by 2 people
👍
LikeLiked by 1 person