മാണ്ഡൂക്യത്തിലെ   മനസ്… (ഒരു മുസ്ലിം വേദം വായിക്കുമ്പോൾ രണ്ടാം ഭാഗം)

പട്ടുമെത്തയിൽ നിന്ന് താഴെ വീണപ്പോൾ ആണ് ജനകമഹാരാജാവ് ഞെട്ടിയുണർന്നത്. പേടിച്ച് വിറച്ച, വിയർത്തൊലിച്ച അദ്ദേഹം താൻ ഇത്രയും നേരം കണ്ടത്, അനുഭവിച്ചത് സ്വപ്നം ആണെന്ന് തിരിച്ചറിയാൻ ഒരു നിമിഷമെടുത്തു. അത്രയ്ക്ക് ഭയാനകം ആയിരുന്നു ആ സ്വപ്നം.

സ്വപ്നത്തിൽ അദ്ദേഹം രാജാവല്ലായിരുന്നു, ശത്രു സൈന്യത്താൽ തോൽപ്പിക്കപ്പെട്ടു നാടുകടത്തപ്പെട്ട ഒരാൾ മാത്രം. തന്നെ തോൽപ്പിച്ച് രാജ്യം കൈക്കലാക്കിയ ശത്രുവിന്റെ ദയ കൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടിയ അദ്ദേഹം  നടന്നു ക്ഷീണിച്ച് അടുത്ത രാജ്യത്ത് എത്തി. ഭിക്ഷക്കാർക്ക് ഭക്ഷണം നല്‌കുന്ന ഏതോ ഇടത്തിൽ വരിയിൽ നിന്ന് ഒരു ചിരട്ടയിൽ കുറച്ച് കഞ്ഞി കിട്ടിയത് കുടിക്കാൻ വരണ്ട ചുണ്ടോട് അടുപ്പിച്ചപ്പോഴാണ് ഒരു ഭീമൻ പക്ഷി തന്റെ കയ്യിൽ നിന്ന് തട്ടിപറിച്ചുകൊണ്ടുപോയതു. ജനകൻ പേടിച്ച്  താഴെ പൊടിയിൽ വീണു പോയി.

പിന്നെ കാണുന്നത് കിടക്കയിൽ നിന്ന് വിയർത്തു കുളിച്ചു താഴെ വീണു കിടക്കുന്ന തന്നെയാണ്. സ്വപ്നത്തിൽ നടന്നു തളർന്ന ക്ഷീണവും, വിയർപ്പും പേടിയും ധൃതഗതിയിൽ മിടിക്കുന്ന ഹൃദയവും എല്ലാം രാജാവ് തിരിച്ചറിഞ്ഞു.

“അഷ്ടാവക്രനോട് വരാൻ പറയൂ? ” രാജാവ് കൽപ്പിച്ചു. സാധാരണ ഒരു രാജാവായിരുന്നില്ല ജനകൻ, മറിച്ച് തത്വശാസ്ത്രത്തിൽ അഗാധ താല്പര്യവും ജ്ഞാനവും ഉള്ളയാൾ. അഷ്ടാവക്ര ഗീത രചിച്ച അഷ്ടാവക്രൻ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. ഓടിക്കിതച്ചെത്തിയ അഷ്ടാവക്രനോട് ജനകൻ ചോദിച്ചു.

“ഗുരോ, ഞാൻ സ്വപ്നത്തിൽ കണ്ടതാണോ യാഥാർഥ്യം, അതോ ഇതാണോ യാഥാർഥ്യം?”

കൂടിനിന്നവർക്ക്  മനസിലായില്ലെങ്കിലും, ഗുരുവിന് ജനകന്റെ ചോദ്യം മനസിലായി.

“താങ്കൾ കാണുകയും അനുഭവിക്കുകയും ചെയ്ത സ്വപ്നത്തിലെ  യുദ്ധവും, തോൽവിയും, ഭയവും, കഴുകനും എല്ലാം ഇപ്പോൾ ഇവിടെ കാണുന്നുണ്ടോ?”

“ഇല്ല…”

“അപ്പോൾ അത് യഥാർത്ഥമല്ല”

“പിന്നെ ഇപ്പോൾ കാണുന്നതാണോ യാഥാർത്ഥം?, ഈ കൊട്ടാരവും, രാജപദവിയും താങ്കളും എല്ലാം “

“ഇപ്പോൾ കാണുന്ന കൊട്ടാരവും രാജപദവിയും ഞാനും അങ്ങയുടെ സ്വപ്നത്തിൽ ഉണ്ടായിരുന്നോ? “

“ഇല്ല..”

“അപ്പോൾ അതും യാഥാർത്ഥമല്ല…”

“എന്ന് പറഞ്ഞാൽ എങ്ങിനെയാണ്? അപ്പോൾ എന്താണ് യാഥാർത്ഥം? സ്വപ്‌നാവസ്ഥയും യാഥാർത്ഥമല്ല , ഉണർന്നിരിക്കുന്ന അവസ്ഥയും യഥാർത്ഥമല്ല എന്ന് വന്നാൽ പിന്നെ എന്താണ് ശരിക്കുള്ള യാഥാർഥ്യം “

“സ്വപ്നത്തിൽ അങ്ങുണ്ടായിരുന്നു അല്ലെ? അവിടെയുള്ള യുദ്ധത്തിൽ താങ്കൾ പങ്കെടുത്തു, തോറ്റു , ഭിക്ഷക്കാരനായി അലഞ്ഞു നടന്നു, പൊടിയിൽ വീണു, അതെല്ലാം താങ്കൾ അനുഭവിച്ചതല്ലേ? അങ്ങയുടെ  ഹൃദയം ഭയം കൊണ്ട് കൂടുതൽ മിടിച്ചതും, അപമാനത്താൽ ശിരസു കുനിഞ്ഞതും എല്ലാം അങ്ങോർക്കുന്നില്ലേ? അങ്ങ് ആ സ്വപ്നത്തിൽ മുഴുവൻ മനസോടെ ഉണ്ടായിരുന്നില്ലേ?”

“അതെ…”

 

“അങ്ങ് ഇപ്പോൾ ഇവിടെയും ഇല്ലേ, ഞാൻ പറയുന്നത് കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്നില്ലേ?”

“ഉണ്ട്..”

“അപ്പോൾ അങ്ങാണ് യാഥാർഥ്യം, സ്വപ്നാവസ്ഥയും, ഉണർന്നിരിക്കുന്ന ഈ ജാഗ്രതാവസ്ഥയും വെറും തോന്നൽ മാത്രമാണ്”

“ഞാൻ എന്ന് പറഞ്ഞാൽ ആരാണ്? എന്റെ ശരീരമാണോ, മനസാണോ, അതോ വേറെ വല്ലതുമോ ?” രാജാവിന്റെ സംശയം തീർന്നില്ല..

ഉപനിഷത്തുക്കളിൽ ഏറ്റവും ചെറിയ മാണ്ഡൂക്യോപനിഷത്ത് മനസിലാക്കാൻ ഈ കഥ സഹായിക്കും. വെറും പന്ത്രണ്ട് മന്ത്രങ്ങൾ മാത്രമുള്ള, വേറെ ഒരു ഉപനിഷത്ത് വായിച്ചില്ലെങ്കിലും ഈ ഉപനിഷത്ത് വായിച്ചാൽ മോക്ഷം ലഭിക്കും എന്ന് പറയപ്പെടുന്ന ഈ ഉപനിഷത്തിൽ മനുഷ്യ മനസിന്റെ നാല് അവസ്ഥകളെ കുറിച്ചാണ് പറയുന്നത്. ശങ്കരാചാര്യരുടെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദർ ഈ ഉപനിഷത്തിന് രചിച്ച വ്യാഖ്യാനം ശങ്കരന്റെ  അദ്വൈത സിദ്ധാന്തത്തിന്റെ അടിത്തറ ഒരുക്കുന്ന ഒന്നാണ്.

 

മനുഷ്യന്റെ നാല് അവസ്ഥകൾ താഴെ പറയുന്നവയാണ് എന്ന് ഈ ഉപനിഷത് പറയുന്നു.

 

എ) ജാഗ്രത് :

ഉണർന്നിരിക്കുന്ന, നമ്മൾ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ലോകത്തെ അറിയുന്ന ജാഗ്രത് എന്ന അവസ്ഥ. ഈ പോസ്റ്റ് വായിക്കുന്ന നിങ്ങൾ എല്ലാവരും ഈ അവസ്ഥയിൽ ആണിപ്പോൾ. മനസ് അതിന്റെ പല സ്വഭാവങ്ങളും ഈ അവസ്ഥയിൽ പ്രദർശിപ്പിക്കും. അന്തഃകരണം എന്ന് നമ്മൾ സാധാരണയായി പറഞ്ഞു പോകുന്ന മനസിന് ഉപനിഷത്ത്പ്രകാരം  മനസ് , ഓർമ (ചിത്തം) , ബുദ്ധി , അഹങ്കാരം എന്ന ഈഗോ എന്നീ ഉപവിഭാഗങ്ങൾ ഉണ്ട്. ഈ സമയത്ത് EEG എടുത്താൽ ബീറ്റാ തരംഗങ്ങൾ നമുക്ക് കാണാൻ കഴിയും (14-30 Hz frequency).

ബി) സുഷുപ്തി.

നല്ല ആഴത്തിൽ ഉള്ള ഉറക്കം ആണ് സുഷുപ്തി. ഡീപ് സ്ലീപ്. സ്വപ്‌നങ്ങൾ ഇല്ലാത്ത നമ്മൾ ഉറങ്ങുകയാണ് എന്ന് നമുക്ക് തന്നെ അറിയാത്ത, “പാതി മരണം” ആയി അവസ്ഥ.  ഇതിനെ കുറിച്ച് കൂടുതൽ പറയുന്നതിന് മുൻപ് കുറച്ചു “ഉറക്ക ശാസ്ത്രം” പറയാം.

നമ്മുടെ ഉറക്കത്തെ ആധുനിക ശാസ്ത്രം EEG പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച്  പഠനവിധേയം ആക്കിയിട്ടുണ്ട്. 90 മിനിറ്റ് നീണ്ടു നിൽക്കുന്ന നാലോ അഞ്ചോ ചാക്രികയമായ പ്രക്രിയ ആയിട്ടാണ്  (സ്ലീപ് സൈക്കിൾസ് )ആയിട്ടാണ് നമ്മുടെ ഉറക്കം പുരോഗമിക്കുന്നത്. ഇങ്ങിനെ ഉള്ള ഓരോ സൈക്കിളിലും അഞ്ച് ഭാഗങ്ങൾ ഉണ്ട്.

1) ഉറക്കം തുടങ്ങുന്ന സമയം. ശരീരത്തിലെ മസിലുകൾ അയഞ്ഞു തുടങ്ങും. ഉറക്കം തൂങ്ങുക എന്നൊക്കെ നമ്മൾ പറയുന്നത് ഇതിന്റെ തുടക്കം ആണ്. ഉറക്കത്തിന്റെ അഞ്ച് ശതമാനം ഈ അവസ്ഥയിൽ ആണ്. EEG യിൽ ആൽഫാ തരംഗങ്ങൾ ആണ് ഈ ഘട്ടത്തെ അടയാളപെടുതുന്നതു (8 – 13 Hz frequency. 1 – 7 മിനിറ്റ്  ).

2) നമ്മുടെ ശ്വാസഗതിയും ഹൃദയ മിടിപ്പും കുറഞ്ഞുവരുന്ന ഘട്ടവും ആണ് അടുത്തത്. ആഴത്തിലേക്കുള്ള ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് മുൻപുള്ള സമയം.  ശരീര ഊഷ്മാവ് ചെറുതായി കുറയുന്നു. ( Theta waves 10 – 25 മിനിറ്റ്)

3 & 4 ) സുഷുപ്തി അഥവാ ഡീപ് സ്ലീപ്. EEG യിൽ 3.5 നേക്കാളും frequency  കുറവുള്ള ഡെൽറ്റാ തരംഗങ്ങൾ തലച്ചോർ പുറപ്പെടുവിക്കുന്ന സമയം ആണിത്. നമ്മളുടെ ചിന്തിക്കുന്ന തലച്ചോറും, മസിലുകളും എല്ലാം വിശ്രമിക്കുന്ന സമയമാണിത്. ഈ അവസ്ഥയിൽ ഒരാളെ വിളിച്ച് ഉണർത്തുക വളരെ ബുദ്ധിമുട്ടാണ്. ( 40 – 80 മിനിറ്റ്)   

മുകളിൽ പറഞ്ഞ നാല് ഘട്ടങ്ങളെ NREM (non rapid eye movement) സ്ലീപ് എന്നാണ് പറയുന്നത്, കാരണം ഈ സമയത്ത് നമ്മുടെ കണ്ണുകൾ ചലിക്കുന്നില്ല. ഇങ്ങിനെ പ്രത്യകിച്ച് പറയാൻ കാരണം അഞ്ചാമത്തെ ഘട്ടത്തെ കുറിച്ച് പിന്നീട്  പറയുമ്പോൾ മനസിലാവും.

മുകളിൽ പറഞ്ഞ സുഷുപ്തി ആണ് മാണ്ഡൂക്യത്തിലെ രണ്ടാമത്തെ അവസ്ഥ.

സി) സ്വപ്നാവസ്ഥ.

ഉറക്കത്തിലെ അഞ്ചാമത്തെ സ്റ്റേജ് ആണ് REM സ്ലീപ്  (rapid eye movement sleep ). ഒന്നര മണിക്കൂർ വീതം ഉള്ള നാലോ അഞ്ചോ ഘട്ടങ്ങൾ ആയിട്ടാണ് നമ്മുടെ ഉറക്കം എന്ന് പറഞ്ഞല്ലോ. ഇങ്ങിനെ ഉള്ള ഓരോ ഘട്ടത്തിലും ആണ് മുകളിൽ പറഞ്ഞ 1 മുതൽ 4 വരെയുള്ള ഉപഘട്ടങ്ങൾ സംഭവിക്കുന്നത്. ഇങ്ങിനെയുള്ള ഉപഘട്ടങ്ങളിൽ അഞ്ചാമത്തേത് ആണ് REM. ഇപ്പോഴാണ് നമ്മൾ സ്വപ്‌നങ്ങൾ കാണുന്നത്. നമ്മുടെ കണ്ണുകൾ ഈ സമയത്തു വളരെ വേഗത്തിൽ വിവിധ ദിശകളിലേക്ക് ചലിക്കുന്നത് കൊണ്ടാണ് ഇതിനെ REM എന്ന് വിളിക്കാൻ കാരണം.  മുകളിൽ പറഞ്ഞ മൂന്നും നാലും അവസ്ഥകളിലെ കുറഞ്ഞ തലച്ചോർ ആക്ടിവിറ്റികൾ കൂടുതൽ ഉണർന്നു വരുന്നത് ഈ അവസ്ഥയിൽ ആണ്. കണ്ണുകൾ മാത്രമാണ് ഈ അവസ്ഥയിൽ ചലിക്കുന്നത്, ബാക്കി എല്ലാ പേശികളും ഈ അവസ്ഥയിലും മയങ്ങുന്ന അവസ്ഥയിലാണ് (10 – 60 മിനിറ്റ് ഉണർന്നിരിക്കുമ്പോൾ ഉള്ള പോലെ തന്നെ ആൽഫാ വേവ്സ് ).

ഡി ) തുരീയം.

ഉണർന്നിരിക്കുമ്പോഴും, നന്നായി ഉറങ്ങുമ്പോഴും, സ്വപ്നം കാണുമ്പോഴും എല്ലാം പല പ്രകാരത്തിൽ പ്രകാശിക്കപ്പെടുന്നത് ഒരേ ബ്രഹ്മം ആണെന്ന ഒരു ഹൈപോതെസിസ് ആണ് പിന്നീട് മണ്ഡൂക്യ ഉപനിഷദ് മുന്നോട്ടു വയ്ക്കുന്നത്. തുരീയം എന്ന പേരിൽ   ഏഴാം മന്ത്രത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത് ഇതിനെയാണ്.

സ്വർണം എന്ന വസ്തുവിനെ നിങ്ങൾ മാലയായും, മോതിരമായും, വളയായും വിവിധ പേരുകൾ പറയുന്ന പോലെ ആത്മാവ് അഥവാ  ബ്രഹ്മം ആണ് ജാഗ്രത, സുഷുപ്തി, സ്വപ്നം എന്നിങ്ങനെ പല പ്രകാരത്തിൽ പ്രത്യക്ഷമാവുന്നത് എന്നതാണ് ഈ മന്ത്രത്തിന്റെ ചുരുക്കം.

ഈ ഉപനിഷത്  പക്ഷെ ഒരു പടി കടന്നു ഈ ബ്രഹ്മം തന്നെയാണ് ലോകത്തിലെ എല്ലാ ചരാചരങ്ങളിലും ഉള്ളത് എന്ന് പറഞ്ഞു വയ്ക്കുന്നു. ലോകത്ത് ജീവനുള്ളതും ഇല്ലാത്തതും ആയ എല്ലാ വസ്തുക്കളിലും ഉള്ള പരബ്രഹ്മം  (നാലാമത്തെ അവസ്ഥ തുരീയം) തന്നെയാണ് നിങ്ങളുടെ ഉള്ളിൽ എന്നാണ് ഇതിന്റെ അർഥം. എല്ലാത്തിലും ഇങ്ങിനെ ഉള്ള ബ്രഹ്മത്തിന്റെ അഥവാ തുരീയത്തിന്റെ ആകെത്തുകയെ ആണ് ഈശ്വരൻ എന്ന് നമ്മൾ വിളിക്കുന്നതു. ഗീതയിൽ അർജുനന് കൃഷ്ണൻ കാണിച്ചുകൊടുത്ത വിശ്വരൂപവും വേറൊന്നല്ല. ഈശ്വരൻ എന്ന മഹാ സങ്കൽപ്പത്തിന്റെ ഒരു ഭാഗം നമ്മൾ തന്നെയാണ് എന്നതാണ് അദ്വൈത സാരാംശം.ശബരിമലയിലെ തത്വമസിയും പറയുന്നത് ഇത് തന്നെ. (ഇതറിഞ്ഞു കഴിഞ്ഞു ശബരിമല  സ്ത്രീ പ്രവേശന തർക്കത്തെ കുറിച്ചൊക്കെ ചിന്തിച്ചാൽ നല്ല രസമാണ്)

ഓം എന്ന വാക്ക് ഈ പരബ്രഹ്മത്തെ അടയാളപ്പെടുത്തുന്നു എന്ന് മണ്ഡൂക്യത്തിന്റെ ബാക്കി ഉള്ള ഭാഗങ്ങൾ വിശദീകരിക്കുന്നു.  ഓം എന്ന് പറഞ്ഞാൽ ഉദ്ദേശിക്കുന്നത് ഈ വസ്തുത ആയതു കൊണ്ടാണ്, ഓം അത്രമേൽ പ്രാധാന്യം അർഹിക്കുന്ന ഒരു വാക്കായി ഹിന്ദു തത്വശാസ്ത്രത്തിൽ മാറാൻ കാരണം. തത്വമസി, അഹം ബ്രഹ്മാസ്മി എന്നെല്ലാം ഉള്ള മഹാവാക്യങ്ങളുടെ അടിസ്ഥാനവും ഇത് തന്നെയാണ്. ഈ തത്വസ്ത്രം അറിഞ്ഞു കഴിഞ്ഞാൽ മോക്ഷം കിട്ടുമെന്ന് പറയുന്നതും ഇതുകൊണ്ട് തന്നെ. ബാക്കി എല്ലാവരും  താൻ തന്നെയാണ് എന്നറിഞ്ഞു കഴിഞ്ഞാൽ ലോകത്തെ കാണുന്ന രീതി തന്നെ മാറിപ്പോകും എന്നുള്ളത് കൊണ്ടാവാം അത്.

പാദമുദ്ര എന്ന സിനിമയിലെ അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി എന്ന പാട്ട് ഓർത്തുനോക്കുക.   

ഇതൊരു ഹൈപോതെസിസ് മാത്രമാണ്. ആധുനിക ശാസ്ത്രം തെളിവിന്റെ അഭാവത്തിൽ എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന  ഒരു ഊർജത്തെ എല്ലാം തള്ളിക്കളയുന്ന ഒന്നാണ്. നമ്മൾ എന്തിന് ഉറങ്ങുന്നു എന്നുള്ളതിന്റെ കുറിച്ച് പല തിയറികളും ആധുനിക ശാസ്ത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒരു ദിവസം ഒരാൾ അറിയുന്ന ഹ്ര്വസ കാല ഓർമ്മകൾ (short term memory ) ദീർഘ കാല ഓർമ്മകൾ ആയി ശേഖരിച്ചു വയ്ക്കുന്നത് ഉറക്കത്തിൽ ആണെന്ന് ഒരു സിദ്ധാന്തം ആണ്.

തലച്ചോറിൽ ന്യൂറോണുകൾ തമ്മിൽ വളരെ അധികം കണക്ഷനുകൾ ഉറക്കത്തിൽ ഉണ്ടാവുന്നുണ്ട്. ഓർമയ്ക്കും പുതിയ അറിവുകൾക്കും ഡീപ് സ്ലീപ് അത്യാവശ്യമാണ്.

സ്വപ്നത്തെക്കുറിച്ചും ആധുനിക ശാസ്ത്രം പല സിദ്ധാന്തങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഫ്രോയ്ഡ് 1900 ൽ  മുന്നോട്ട് വച്ച നമ്മൾ അടക്കി വച്ച വികാരങ്ങൾ ആണ് സ്വപ്‌നങ്ങൾ ആയി വരുന്നത് എന്ന സിദ്ധാന്തം ഇപ്പോൾ ഏതാണ്ട് എല്ലാവരും തെറ്റാണെന്നു സമ്മതിച്ചു കഴിഞ്ഞു. നമ്മൾ പരിചയപ്പെട്ട ചില സാഹചര്യങ്ങളെ മുൻനിർത്തി ഇനി വരാൻ ഇരിക്കുന്ന ചില സാഹചര്യങ്ങളെ അതിജീവിക്കാൻ തലച്ചോർ നടത്തുന്ന ശ്രമങ്ങൾ ആണ് സ്വപ്‌നങ്ങൾ എന്ന് ചില പുതിയ സിദ്ധാന്തങ്ങൾ വന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു മൃഗശാല സന്ദർശിച്ച ഒരാൾ കടുവ കൂടുപൊളിച്ച് നമ്മെ ആക്രമിക്കാൻ വരുന്ന സ്വപ്നം കണ്ടേക്കാം. അങ്ങിനെ ഒരു സാഹചര്യം എങ്ങിനെ നേരിടണം എന്ന് തലച്ചോർ ഒരു ട്രെയിനിങ് എടുക്കുന്നത് ആണിതെന്നാണ് ഒരു സിദ്ധാന്തം. ഇനിയും ഗവേഷണങ്ങൾ നടക്കുന്ന ഒരു മേഖലയാണ് സ്വപ്നങ്ങളും

fMRI (functional MRI ) വന്നതിൽ പിന്നെ തലച്ചോറിന്റെ ഏതെല്ലാം ഭാഗങ്ങൾ ആണ് നമ്മുടെ പല ചിന്തകൾക്കും, അനുഭവങ്ങൾക്കും, പ്രവർത്തികൾക്കും നിദാനം എന്ന് ഇന്ന് ആധുനിക ശാസ്ത്രത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഒലിവർ സാക്‌സ്, വി എസ്  രാമചന്ദ്രൻ (Phantom Limbs fame ) എന്നിവരുടെ പുസ്തകങ്ങൾ ഈ മേഖലകളിൽ വെളിച്ചം വീശുന്നവയാണ്.

 

ഗ്രീക്ക് തത്വചിന്തയാണ് ആധുനിക ശാസ്ത്രത്തിന് വഴിതെളിച്ചത് എന്ന്  പറയുന്നു. കാരണം ഭൗതിക ലോകത്തെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയാണ് നമ്മൾ ആധുനിക ശാസ്ത്രത്തിന്റെ വഴി വെട്ടിയത്. എന്നാൽ ഇന്ത്യയിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഋഷിമാർ അറിയാൻ ശ്രമിച്ചത് മനസ്, ആത്മാവ് തുടങ്ങിയ കാര്യങ്ങളെകുറിച്ചാണ്. വേദാന്ത ഉപനിഷത്തുക്കൾ മുന്നോട്ട് വച്ച ചില ചോദ്യങ്ങൾക്ക് ആധുനിക ശാസ്ത്രം ഉത്തരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ഞാൻ മുൻപ് പറഞ്ഞ പോലെ അന്നത്തെ ഋഷിമാർ ഇന്നുണ്ടായിരുന്നെങ്കിൽ പർണാശ്രമങ്ങളിൽ നിന്ന് പുറത്തു വന്ന്  ആധുനിക ലാബുകളിൽ അവർ ഗവേഷണം നടത്തിയേനെ, തിരിച്ചു പറഞ്ഞാൽ, കാവി ഉടുത്തു നടക്കുന്നവരല്ല മറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവരും അതിന്റെ ഉത്തരം കണ്ടെത്താൻ മനുഷ്യന് ഗുണമുള്ള കാര്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവരും ആണ് യഥാർത്ഥ സന്യാസിമാർ.

ഓർക്കുക ക്ഷേത്രങ്ങളും ആചാരങ്ങളും മാത്രമല്ല ഒരു വലിയ തത്വശാസ്ത്ര ചരിത്രവും പാരമ്പര്യവും നമുക്കുണ്ട്, ഇടക്കൊക്കെ അതിനെ കുറിച്ച് സ്വല്പം അന്വേഷങ്ങൾ ഒക്കെയാവാം..

ഒരു മുസ്ലിം വേദം വായിക്കുമ്പോൾ ഒന്നാം ഭാഗം : https://nazeerhussain.com/2017/09/26/ഒരു-മുസ്ലിം-വേദം-വായിക്ക/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: