സിറിയയിലെ ഇസ്രായേലി ചാരൻ ആയിരുന്നു ഏലി കോഹെൻ. സിറിയൻ പ്രസിഡന്റ് പദത്തിന് വരെ അടുത്തെത്തിയ ഒരു ചാരൻ.
ഇസ്രായേൽ രൂപീകൃതം ആകുന്നതിനും മുമ്പ് 1924 ഡിസംബർ ആറിന് ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ ഒരു ജൂത കുടുംബത്തിൽ ആണ് കോഹെൻ ജനിച്ചത്. അലക്സാണ്ഡ്രിയ യൂണിവേഴ്സിറ്റിയിൽ പഠിച്ച കോഹെന് അറബി ഭാഷയിൽ നല്ല സ്വാധീനം ഉണ്ടായിരുന്നു.ഈജിപ്ത്, സിറിയൻ , ലെബനീസ് എന്നീ രാജ്യങ്ങളിലെ ആളുകളുടെ അറബി ഉച്ചാരണം നന്നായി അനുകരിക്കാൻ കോഹെന് പ്രത്യക കഴിവുണ്ടായിരുന്നു. അന്നുള്ള എല്ലാ ജൂത വംശജരെയും പോലെ കോഹെൻ പഴയ നിയമത്തിൽ പറയുന്ന പോലെ ജൂതന്മാർക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന് വാദിക്കുന്ന സിയോണിസ്റ് മൂവേമെന്റിൽ ആകൃഷ്ടൻ ആയി അതിനു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി.
1948 ൽ ഇസ്രായേൽ സ്ഥാപിതം ആയപ്പോൾ കോഹെന്റെ കുടുംബം ഇസ്രായേലിലേക്ക് മാറി. പക്ഷെ ഈജിപ്തിൽ തുടർന്ന കോഹെൻ 1954 ൽ ഈജിപ്തിലെ സീയൂസ് കനാൽ ദേശസാൽകൃത സമയത്ത് ഈജിപ്തിനെതിരെ തന്നെ ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടു.
1961 ൽ ഈജിപ്തും സിറിയയും കൂടി ചേർന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്ന രാജ്യം നിലവിൽ വന്നത് ഇസ്രായേലിന് വലിയ ഭീഷണി ആയിരുന്നു. ഈ സഖ്യം പൊളിക്കാനും, തന്ത്രപ്രധാനമായ ഗോലാൻ കുന്നുകളിൽ ആയുധ വിന്യാസങ്ങളെ കുറിച്ച് അറിയാനും ഇസ്രായേലിന് ഒരു ചാരൻ സിറിയയിൽ അത്യാവശ്യമായി വന്നു. സിറിയൻ അറബി നന്നായി സംസാരിക്കുന്ന കോഹെന് ആണ് നറുക്കു വീണത്.
നേരിട്ട് സിറിയയിലേക്ക് പോകാതെ കോഹെൻ അര്ജന്റീനയിലേക്ക് ആണ് ആദ്യം പോയത്. അവിടെ കമാൽ ആമീൻ താബിത് എന്ന കള്ളപ്പേരിൽ ഒരു സിറിയൻ മുസ്ലിം ആയി അവിടെയുള്ള സിറിയൻ സമൂഹത്തിൽ വലിയ പേരുള്ള ഒരാളായി മാറി. വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്ന, ആവശ്യത്തിലേറെ പണം എറിയുന്ന, ഇപ്പോഴും സിറിയയുടെ ഭാവിയെ കുറിച്ച് പ്രസംഗിക്കുന്ന കമൽ ആമീനെ അർജെന്റീനയിലെ സിറിയക്കാർ വഴി സിറിയയിലെ പ്രധാന നേതാക്കളുടെ ശ്രദ്ധയിൽ വരാൻ സാധിച്ചു. അതിൽ പ്രധാനപ്പെട്ട ഒരാൾ ആയിരുന്നു അർജന്റീനയിലെ സിറിയയിൽ നിന്നുള്ള മിലിറ്ററി അറ്റാഷെ ആയ ജനറൽ ആമീൻ ഹഫീസ്. ഇദ്ദേഹം പിന്നീട് 1963 ലെ പട്ടാള അട്ടിമറിയിലൂടെ സിറിയൻ പ്രെസിഡന്റായി. അപ്പോഴേക്കും ഈജിപ്തും സിറിയയും രണ്ടു വ്യത്യസ്ത രാജ്യങ്ങൾ ആയി പിരിഞ്ഞു കഴിഞ്ഞിരുന്നു. ജനറൽ അമീൻ ഹഫീസ് ആണ് സിറിയയിലേക്ക് കമൽ അമീൻ താബത് എന്ന കള്ളപ്പേരിൽ അറിയപ്പെട്ട ഏലി കോഹെനെ കൊണ്ടുവരുന്നത്.
സിറിയയിൽ എത്തിയ “കമൽ അമീൻ താബത് ” വളരെ പെട്ടെന്നു അവിടെ പേര് നേടി. ഒരു അവസരത്തിൽ “കമൽ അമീൻ താബത്” നെ സിറിയയുടെ ഉപ പ്രതിരോധ മന്ത്രിയായി പോലും പരിഗണിച്ചിരുന്നു. കുറച്ച വർഷങ്ങൾ കൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നേക്കാവുന്ന ഒരു രാഷ്ട്രീയ വളർച്ച ആയിരുന്നു കോഹെന് അവിടെ ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായതു.
സിറിയൻ തലസ്ഥാനം ആയ ഡമാസ്കസിൽ നിന്ന് കോഹെൻ തന്ത്രപ്രധാനമായ വളരെ അധികം വിവരങ്ങൾ ഇസ്രായേലിനു കൈമാറി. സിറിയൻ സൈന്യ ആസ്ഥാനത്തിന്റെ നേരെ എതിർവശത്ത് ആയിരുന്നു കോഹെന്റെ വീട്. സൈന്യത്തിലെ ഉന്നതരായും, പ്രെസിഡന്റും ആയും ഉള്ള അടുത്ത ബന്ധം കൊണ്ട് ഗോലാൻ കുന്നിലെ എല്ലാ ആയുധങ്ങളുടെയും സ്ഥാനം കോഹെന് അറിയാൻ കഴിഞ്ഞു. 1967 ലെ സിക്സ് ഡേ വാർ എന്നറിയപ്പെടുന്ന ഇസ്രായേൽ അറബ് യുദ്ധത്തിൽ വെറും ആറു ദിവസം കൊണ്ട് അറബ് രാഷ്ട്രങ്ങളെ അമ്പേ പരാജയപ്പെടുത്താൻ ഇസ്രായേലിനു കഴിഞ്ഞത് പാശ്ചാത്യ ശക്തികളുടെ സൈനിക സഹായത്തിന്റെ കൂടെ കോഹെനെ പോലെയുള്ളവരുടെ രഹസ്യ വിവരങ്ങൾ കൂടി ഉണ്ടായിരുന്നത് കൊണ്ടാണ്. വെസ്റ്റ് ബാങ്ക്, ഗോലാൻ കുന്നുകൾ എന്നിവ ഇസ്രായേൽ പിടിച്ചെടുത്തത് ഈ യുദ്ധത്തിൽ ആണ്.
പക്ഷെ ഈ യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ കോഹെനെ സിറിയൻ സൈന്യം പിടി കൂടിയിരുന്നു. 1965 ജനുവരിയിൽ സിറിയയിലെ ഇന്ത്യൻ എംബസ്സി തങ്ങളുടെ റേഡിയോ വിനിമയത്തിൽ സ്ഥിരമായി വരുന്ന തടസ്സങ്ങളെ കുറിച്ച് സിറിയൻ അധികാരികളെ അറിയിക്കുകയും, റഷ്യ നൽകിയ വളരെ ആധുനികം ആയ ചില യന്ത്രങ്ങൾ ഉപയോഗിച്ച് സിറിയൻ പട്ടാളം കോഹെന്റെ അപ്പാർട്മെന്റിൽ നിന്ന് ഇസ്രായേലിലേക്ക് റേഡിയോ തരംഗങ്ങൾ വഴി രഹസ്യ സന്ദേശങ്ങൾ അയക്കുന്നുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു.
1965 മെയ് 18 ന് ഏലി കോഹെനെ സിറിയ തൂക്കിലേറ്റി. പരസ്യമായി ഒരു പൊതു ചത്വരത്തിൽ വച്ചായിരുന്നു തൂക്കിലേറ്റാൻ. മൃതദേഹം കുറെ നേരം ആളുകൾക്ക് കാണാൻ വേണ്ടി പ്രദർശിപ്പിച്ചു. മൃതദേഹം അജ്ഞാതമായ ഒരു സ്ഥലത്ത് അടക്കുകയും ചെയ്തു.
കോഹെനു ഇസ്രായേലിൽ വീര പരിവേഷം ആണുള്ളത്. കോഹെന്റെ മൃതദേഹം കണ്ടു പിടിക്കാനും തിരിച്ചു കൊണ്ടുവരാനും മൊസാദ് വളരെ അധികം ശ്രമിച്ചിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തിൽ പെട്ടുഴലുന്ന സിറിയയിൽ നിന്ന് ഇത് കണ്ടെത്തുന്നത് ശ്രമകരം ആയിരിക്കും. ഈ വർഷം (2018 ) കോഹെന്റെ വാച്ച് മൊസാദ് കണ്ടെത്തി ഏലി കോഹെന്റെ വിധവ നാദിയയ്ക്ക് കൊടുത്തത് വലിയ വാർത്ത ആയിരുന്നു.
ഒരു രാജ്യത്തെയോ സംഘടനയോ തകർക്കാൻ ഏറ്റവും എളുപ്പം അതിന്റെ അകത്ത് ഒരു ചാരനെ കയറ്റുന്നത് ആണ്. സംഘടനയുടെ പ്രഖ്യാപിത നയങ്ങൾക്ക് എതിരെ വരെ തീരുമാനങ്ങൾ എടുപ്പിക്കാനും, കുറച്ചു നാളുകൾ കൊണ്ട് സംഘടനയുടെ അടിത്തറ തോണ്ടുവാനും ഇത്തരം ചാരന്മാർക്ക് കഴിയും.
ശബരിമല വിഷയത്തിൽ ഇനിയെങ്കിലും കേരളത്തിലെ കോൺഗ്രെസ്സുകാർ ഇത് മനസിലാക്കും എന്ന് കരുതുന്നു.
Leave a Reply