പ്രിയപ്പെട്ട ദീപയ്ക്ക്,
നമ്മൾ തമ്മിലുള്ള പ്രണയത്തിന്റെ കാര്യം ഞാൻ ഇന്ന് എന്റെ വീട്ടിൽ പറഞ്ഞു. ആചാരപരമായി നമ്മുടെ വിവാഹം നടത്തണം എന്ന് പറഞ്ഞപ്പോൾ അമ്മ നീ ഏത് ഇലത്തെതാണ് എന്ന് ചോദിച്ചു, അപ്പോഴാണ് നീ ഒരു അഭിമാനമുള്ള നായർ കുടുംബത്തിലെതാണു എന്ന് ഞാൻ അമ്മയോട് പറഞ്ഞത്.
പക്ഷെ അപ്പോഴാണ് ചെറിയ പ്രശ്നങ്ങൾ തുടങ്ങിയത്. അത് മനസിലാക്കാൻ എനിക്ക് കുറച്ച് ചരിത്രം എന്റെ വീട്ടുകാർ പറഞ്ഞു തരികയുണ്ടായി.
ഞാൻ ഒരു നമ്പൂതിരി ആണെന്ന് ദീപയ്ക്ക് അറിയാമല്ലോ. എട്ടോ ഒൻപതോ നൂറ്റാണ്ടിൽ ആന്ധ്രയിലെ റയലസീമ പ്രദേശത്തെ വരൾച്ചയിൽ നിന്ന് രക്ഷപെട്ട് മംഗലാപുരം വഴി കേരളത്തിൽ എത്തിച്ചേർന്നു എന്ന് ഇന്നത്തെ ചില ചരിത്രകാരന്മാർ വിശ്വസിക്കുന്ന നമ്പൂതിരിമാർ പക്ഷെ തങ്ങൾ പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടായപ്പോൾ കേരളത്തിലെ ഭൂമി പല നമ്പൂതിരി കുടുംബങ്ങൾക്കായി വീതിച്ചു നൽകി എന്ന് വിശ്വസിക്കുന്നവരാണ്. കേരളത്തിലെ ഭൂമി എന്തായാലും സ്വകാര്യ സ്വത്തായി വിഭജിക്കപ്പെടാതെ കിടന്ന അക്കാലത്തു , വിധത്തിലുള്ള അറിവും, പഞ്ചാംഗം പോലെ കാലാവസ്ഥ പ്രവചിക്കാനുള്ള ജ്യോതിശാസ്ത്രപരമായ അറിവും ഉള്ള നമ്പൂതിരിമാർ കേരളത്തിലെ കൃഷിഭൂമി മേൽപ്പറഞ്ഞ പരശുരാമ കഥയുടെ അടിസ്ഥാനത്തിൽ തങ്ങൾക്ക് ജന്മനാ സിദ്ധിച്ചതാണെന്ന് വരുത്തിത്തീർത്തു. രാജസ്വവും ദേവസ്വവും വരുന്നതിനു മുന്നേ കേരളത്തിലെ എല്ലാ ഭൂമിയും നമ്പൂതിരി ജൻമസ്വം ആയിരുന്നു.
കാലടിയിലെ ശങ്കരാചാര്യർ ഉണ്ടാക്കി എന്ന് പറയപ്പെടുന്ന പ്രത്യേക ആചാരങ്ങൾ എന്നർത്ഥം വരുന്ന 64 “അനാചാരങ്ങൾ” പാലിക്കുന്നവർ ആണ് ഞങ്ങൾ. കുളിക്കുമ്പോൾ തുണി ഉടുക്കരുത്, നമ്പൂതിരി സ്ത്രീ വെളുത്ത വസ്ത്രമേ ഉടുക്കാവൂ, എന്ന് തുടങ്ങിയ ചെറിയ കാര്യങ്ങൾ ഉണ്ടെകിലും ഇതിൽ പ്രധാനമായത്, നേരത്തെ പറഞ്ഞ ഭൂമി സ്വാത്തവകാശം പല ആളുകളിലേക്ക് കൈമാറി പോകാതിരിക്കാൻ ഏർപ്പെടുത്തിയ 59 – ആമത്തെ നമ്പൂതിരിമാരിൽ മൂത്ത ആൺകുട്ടി മാത്രമേ വേളി കഴിക്കാവൂ എന്നത് ആണ്, അതും സ്വജാതിയിൽ നിന്ന് മാത്രം.
പക്ഷെ നമ്പൂതിരി സമുദായത്തിലെ ഏറ്റവും വലിയ പ്രശ്നം തുടങ്ങുന്നത് ഈ ആചാരത്തിൽ നിന്നാണ്. ഒരു കുടുംബത്തിലെ മൂത്ത പുരുഷൻ മാത്രം വേളി കഴിക്കാൻ തുടങ്ങിയപ്പോൾ, രണ്ടു കാര്യങ്ങൾ സംഭവിച്ചു.
ഒന്നാമതായി ഒരു കുടുംബത്തിലെമൂത്ത പുരുഷൻ മാത്രം വേളി കഴിക്കുന്നത് കൊണ്ട്, കുറെ നമ്പൂതിരി സ്ത്രീകൾക്ക് ഭർത്താക്കന്മാരെ കിട്ടാതെ നിത്യ കന്യകമാരായി ജീവിച്ചു മരിക്കേണ്ടി വന്നു. ഇവർക്ക് ജൈവപരമായ ഉണ്ടാവുന്ന ലൈംഗികമോഹങ്ങളെ തല്ലികെടുത്താനുള്ള പല പണികളും നമ്പൂതിരി പുരുഷന്മാർ ചെയ്തുവച്ചിരുന്നു. ഒന്നാമതായി ഒരു ദാസി ഇല്ലാതെ പുറത്തു ഇറങ്ങരുത്. ജാതിയിൽ തീണ്ടാപ്പാടകലെ നിർത്തുന്ന മറ്റുള്ളവരെ അറിയിക്കാൻ ഓ ഹോയ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഒരു ദാസി മുന്നിൽ നടക്കും. ആരും കാണാതിരിക്കാൻ ഒരു മറക്കുട നിർബന്ധം ആയിരുന്നു. ഇങ്ങിനെയുള്ള കന്യകമാർക്ക് പക്ഷെ ചിലപ്പോൾ ചില വൃദ്ധ നമ്പൂതിരിമാരെ വേളി കഴിക്കേണ്ടി വന്നു. ചെറു പ്രായത്തിൽ തങ്ങളുടെ ലൈംഗിക ദാഹം അടക്കി ഇല്ലങ്ങളുടെ അകത്തളങ്ങളിൽ ജീവിച്ചു മരിച്ച ജന്മങ്ങൾ ആയിരുന്നു നമ്പൂതിരി സ്ത്രീകൾ.
സെൻസസ് അനുസരിച്ച് 1891 ൽ തിരുവിതാംകൂറിലെ നമ്പൂതിരിമാരുടെ ജനസംഖ്യ 12395 ആണ്, 6787 പുരുഷന്മാരും, 5608 അന്തർജനങ്ങളും. 1239 ഓളം ഇല്ലങ്ങളിൽ ആയി ഉണ്ടായിരുന്ന 5608 അന്തർജനങ്ങൾക്ക് പക്ഷെ വേളി ചെയ്യാനാവുന്ന മൂസ് നമ്പൂതിരിമാരുടെ എണ്ണം വെറും 1300 മാത്രം ആയിരുന്നു. ഒരു നമ്പൂതിരിയും മൂന്നു വേളി കഴിച്ചാൽ പോലും രണ്ടായിരത്തോളം അന്തർജനങ്ങൾ വേളി കഴിക്കാതെ ആയുഷ്കാല കന്യകൾ ആയി അകായിലുകളിൽ ചത്തൊടുങ്ങി..
ഇനി ഇവർ വേറെ ആളുകളും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് സ്മാർത്ത വിചാരം എന്ന വൃത്തികെട്ട ചോദ്യം ചെയ്യലുകളിലൂടെ തെളിയിക്കുന്ന നമ്പൂതിരിക്കൂട്ടങ്ങൾ ആയിരുന്നു ഓത്തന്മാർ. ബന്ധപ്പെട്ട ആളിന്റെ രഹസ്യഭാഗത്തെ അടയാളങ്ങൾ ഒക്കെയായിരുന്നു ഇവരുടെ ചോദ്യങ്ങളിൽ ഉള്ളത്. തെളിയിച്ചു കഴിഞ്ഞാൽ പിന്നെ ജാതിയിൽ നിന്നും കുടുംബത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിച്ചു പുറത്താക്കും. താത്രികുട്ടിയുടെ സ്മാർത്തവിചാരത്തെ കുറിച്ച് നീ കെട്ടുകാണുമല്ലോ..
രണ്ടാമതായി , മൂത്ത മകനൊഴിച്ച് വീട്ടിലെ ബാക്കി അപ്ഫൻ നമ്പൂതിരിമാർ വിവാഹം കഴിക്കാതെ, ഒരു കുടുംബ ജീവിതം എന്തെന്നറിയാതെ ജീവിച്ചു മരിച്ചു. വി ടി ഭട്ടതിരിപ്പാടിന്റെ ഭാഷയിൽ “പട്ടിയായി ജനിക്കാം, പൂച്ചയായി ജനിക്കാം, പക്ഷെ ഒരില്ലത്തെ അപ്ഫൻ നമ്പൂതിരിയായി ജനിക്കാൻ സാധ്യമല്ല..” എന്ന അവസ്ഥയിൽ ആയിരിക്കുന്നു അവരുടെ ജീവിതം.
പക്ഷെ വേളി കഴിയാത്ത സ്ത്രീകളുടെ കാര്യത്തിൽ വളരെ കടുംപിടുത്തം ആയിരുന്നെങ്കിലും വേളി കഴിക്കാൻ പാടില്ലാത്ത അപ്ഫൻ നമ്പൂതിരിമാരുടെ കാര്യത്തിൽ ഞങ്ങൾ ഒരു ഇളവ് അനുവദിച്ചു കൊടുത്തു. അവർക്ക് നായർ വീടുകളിലെ സ്ത്രീകളെ സംബന്ധം ചെയ്യാം. ലൈംഗിക ദാഹം ശമിക്കാൻ മാത്രം ഉണ്ടാക്കിയ ഒരു സെറ്റപ്പ് ആയിരുന്നു ഇത്. ജാതിയിൽ തങ്ങളേക്കാൾ മേന്മ ഉണ്ടെന്നു ധരിച്ചിരുന്ന നമ്പൂതിരിമാരും ആയി സംബന്ധം ചെയ്യാൻ നായർ കുടുംബങ്ങൾക്കും ഉത്സാഹം ആയിരുന്നു.
നായർ ജാതിയിൽ ആചാരപരമായി വിവാഹം ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ തിരളുന്നതിനു മുൻപ് ഉള്ള താലികെട്ട് കല്യാണവും, തിരണ്ടതിന് ശേഷം ഉള്ള തിരണ്ടു കല്യാണവും കേമം ആയി നടത്തിവന്നു. താലികെട്ട് കല്യാണത്തിൽ കുറെ ചെറിയ പെൺകുട്ടികളെ സ്വജാതിയിൽ ഉള്ള ഒരു പുരുഷൻ താലി ചാർത്തുന്നതാണ്, അതിന് വിവാഹവും ആയി ബന്ധമില്ല. പക്ഷെ സംബന്ധം എന്ന പറ്റ ലൈംഗിക വേഴ്ചയ്ക്കുള്ള ഒരു ലൈസൻസ് ആയിട്ടാണ് ഈ ചടങ്ങുകളെ കണ്ടിരുന്നത്.
ഒരു നിലവിളക്കിന്റെയും നിറപറയുടെയും സാനിധ്യത്തിൽ നമ്പൂതിരി നായർ സ്ത്രീക്ക് പുടവ കൊടുക്കുന്ന ചടങ്ങാണ് സംബന്ധം എന്ന് പറയുന്നത്. വീട്ടിലെ കാരണവന്മാരുടെ അറിവുണ്ടാവുമെങ്കിലും അവരും വീട്ടിലെ മറ്റു പുരുഷന്മാരും ഇത് അറിഞ്ഞ ഭാവം കാണിക്കില്ല. സിന്ദൂരമോ താലിചരടോ ഇതിന്റെ ഭാഗം ആയിരുന്നില്ല. അന്തർജങ്ങളെ തട്ടിച്ച് നോക്കുമ്പോൾ നായർ സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടായിരുന്ന മരുമക്കത്തായം ആണ് നായർ ജാതി പിന്തുടർന്നിരുന്നത്.
പക്ഷെ ഇങ്ങിനെ ഉള്ള സംബന്ധത്തിൽ പുരുഷന് വെറും ലൈംഗിക വേഴ്ചയ്ക്കുള്ള ലൈസെൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം കുട്ടികളെ ലാളിക്കാനോ, കുടുംബം നോക്കണോ ഉള്ള അവകാശം അവർക്കുണ്ടായിരുന്നില്ല. മാത്രമല്ല സ്ത്രീ തീരുമാനിക്കുന്ന ദിവസം കിട്ടിയ പുടവ തിരിച്ചു കൊടുത്ത് സംബന്ധം അവസാനിപ്പിക്കാനും നായർ സ്ത്രീകൾക്ക് അവകാശം ഉണ്ടായിരുന്നു. നായന്മാർ സ്ഥിരം നീണ്ടനാൾ കൂടിയ യുദ്ധങ്ങൾക്ക് പോകുന്ന സാഹചര്യത്തിൽ അവരെ കുടുംബ പരമായ ചുമതലകളിൽ നിന്ന് അകറ്റി നിർത്താനാണ്, ഇങ്ങിനെ, സ്വന്തം ഭാര്യ പോലും സ്വന്തമല്ലാത്ത, ഒരു കുടുംബ ചട്ടക്കൂട് ഉണ്ടാക്കിയത് എന്നൊരു വാദം നിലവിലുണ്ട്.
കേരളത്തിലെ ജാതികളിൽ ഉപജാതികൾ ധാരാളമുണ്ടായിരുന്നു. നമ്പൂതിരിമാരിൽ തന്നെ ഉയർന്ന ഇല്ലങ്ങളും താഴ്ന്ന ഇല്ലങ്ങളും ഉണ്ടായിരുന്നു. നായർ ജാതിയിൽ പല ഉപജാതികൾ ഉണ്ട്. ഇല്ലത്തുനായർ, സ്വരൂപത്തിൽ നായർ, പുറത്തു ചാർണവർ , അകത്തു ചാർണവർ , പട്ടോല മേനോൻ, പദമംഗലം നായർ, പള്ളിച്ചൻ നായർ എന്നിങ്ങനെ 14 പ്രധാന നായർ ഉപജാതികളും പരസ്പരം തുല്യർ ആയിരുന്നില്ല. ക്ഷേത്രങ്ങളിലും നമ്പൂതിരി ഇല്ലങ്ങളിലും ജോലി ചെയ്യുന്ന ഉത്പാദന വ്യവ്യസ്ഥയും ആയി ഒരു ബന്ധവും ഇല്ലാത്ത ജാതികളെ മാത്രമേ നമ്പൂതിരിമാർ കുറച്ചെങ്കിലും അടുപ്പിച്ചിരുന്നുള്ളൂ. ഉല്പാദന വ്യവസ്ഥയിൽ നേരിട്ട് പങ്ക് കൊള്ളുന്ന, പുലയർ, പറയർ , ഈഴവർ എന്നിങ്ങനെ എല്ലാവരും നമ്പൂതിരിമാർക്കും (നായന്മാർക്കും) തീണ്ടാപ്പാടകലെ ഉള്ളവർ ആയിരുന്നു. പക്ഷെ രാത്രിയിൽ കൂടെ കിടക്കുന്ന നമ്പൂതിരിയെ പകൽ തൊടാൻ നായർ സ്ത്രീക്ക് അവകാശം ഇല്ല. മറ്റുള്ള ജാതിക്കാർ 72 അടി മാറി നിൽകുമ്പോൾ നായർക്ക് 6 അടി മാറി നിന്നാൽ മതിയായിരുന്നു എന്ന് മാത്രം.
പറഞ്ഞു വന്നത് നമ്മൾ തമ്മിൽ ആചാര പ്രകാരം സംബന്ധം മാത്രമേ നടക്കൂ, പക്ഷെ അങ്ങിനെ വരുമ്പോൾ നിനക്ക് എന്റെ വീട്ടിൽ നിൽക്കാനോ, എനിക്ക് നമ്മുടെ കുട്ടികളുടെ മേൽ അവകാശം ചോദിക്കാനോ സാധ്യമല്ലാതെ വരും.
പക്ഷെ നീ പേടിക്കേണ്ട. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭരണഘടനാ എന്നൊരു സാധനം നിലവിൽ വന്നിട്ടുണ്ടത്രെ. ഇതിന്റെ അടിസ്ഥാനത്തിൽ 1955 ൽ നിലവിൽ വന്ന ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഏത് ജാതിയിൽ പെട്ട രണ്ടു ഹിന്ദുക്കൾക്കും നിയമപരിരക്ഷയോടെ കല്യാണം കഴിക്കാനും കുടുംബം നടത്താനും ഇപ്പോൾ കഴിയും, നീ ആചാരം അനുസരിച്ച് തന്നെ കല്യാണം കഴിക്കണം എന്ന് നിർബന്ധം പിടിക്കാതെ ഇരുന്നാൽ മതി. ഇതിനെ കുറിച്ച് ഒക്കെ ആഴത്തിൽ അറിയാവുന്ന സന്ദീപാനന്ദഗിരി സ്വാമികൾ നമ്മുടെ കല്യാണത്തിന് കാർമികത്വം വഹിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്..
എന്ന് നിന്റെ സ്വന്തം രാഹുൽ…
നോട്ട് : പേരുകൾ തികച്ചും സാങ്കൽപ്പികം , ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരെങ്കിലും ആയും ഈ പോസ്റ്റിന് ബന്ധം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും മനപ്പൂർവം മാത്രം 🙂
Leave a Reply