ഹവായി : പുതിയ ആകാശം, പുതിയ ഭൂമി

എട്ടു ദ്വീപുകളുടെ ഒരു സമൂഹം ആണ് ഹവായി. അതിൽ മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുന്പോൾ, ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായി ദ്വീപിലേക്ക്‌ പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായി ദ്വീപ്. കേരളത്തിന്റെ നാലിൽ ഒന്ന് മാത്രം വലിപ്പം ഉള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങൾ ആണ് ഉള്ളത്. ജീവാണുള്ളത് വേണോ മരിച്ചത് വേണോ എല്ലാം ഇവിടെ ഉണ്ട്.

കനത്ത മഴയിലേക്ക് ആണ് കോന ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. കൊച്ചിയിൽ വിമാനമിറങ്ങുന്പോൾ ചുറ്റും പുഴകളും വയലുകളും കാണുന്നപോലെ, ഇവിടെ ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. എവിടെ നോക്കിയാലും ഒഴുകി ഉറച്ച ലാവ മാത്രം. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും, ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിൽ ആകും ഇവിടെ ഉള്ള എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലാവയുടെ മുകളിൽ ആണ് കെട്ടിപ്പൊക്കിയിരിക്കുന്നതു. ഒരു റോഡിലൂടെ കാറിൽ പോകുന്പോൾ ഒരു സ്റ്റോപ്പ് സൈൻ, മുൻപിൽ ലാവ റോഡ്‌ കുറുകെ ഒഴുകുന്നുണ്ട്, വഴി മാറി പോകുക! ഞങ്ങൾ എത്തുന്നതിനു ഏതാനും മാസം മുൻപാണ് പഹോവ എന്ന ഗ്രാമത്തിലെ എല്ലാവരും ലാവ പ്രവാഹത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മാറി താമസിക്കേണ്ടി വന്നത്.

കേൾക്കുന്പോൾ അഗ്നിപർവതങ്ങൾ കനത്ത നാശം വിതക്കുന്നതായി തോന്നുമെങ്കിലും, വളരെ പതുക്കെ മാത്രം ഒഴുകുകയും, വളരെ പതുക്കെ മാത്രം ദിശ മാറുകയും ചെയ്യുന്നത് കൊണ്ട് ഇവിടെ ആൾ നാശം വളരെ കുറവാണു.മാത്രം അല്ല ലാവ ഒഴുകി കടലിൽ പോയി വീഴുന്നത് കാണേണ്ട ഒരു കാഴ്ച തന്നെ ആണ്. ഇങ്ങിനെ കടലിൽ വീഴുന്ന ലാവ ഉറച്ചാണ് പുതിയ ഭൂപ്രദേശം ഹവായിയിൽ ഉണ്ടാവുന്നത്.പുതിയ ഭൂമി ഉണ്ടാവുന്നത് നമുക്ക് നമ്മുടെ കണ്ണ് കൊണ്ട് കാണാം.
(http://www.nytimes.com/…/as-volcano-erupts-around-them-hawa…)

കൊഹാല ആണ് ഇവിടുത്തെ ഏറ്റവും പഴക്കം ഉള്ള അഗ്നിപർവതം, കഴിഞ്ഞ 60,000 വർഷങ്ങൾ ആയി ഉറക്കത്തിൽ ആണ്. മൗന കിയ എന്ന രണ്ടാമൻ 3600 വർഷങ്ങൾക്ക് മുൻപാണ് അവസാനം പൊട്ടിത്തെറിച്ചത്. ഇവിടെ ആണ് ലോകത്തിലെ പല രാജ്യങ്ങളും ടെലെസ്കോപ് സെറ്റ് ചെയ്തിരിക്കുന്നത്, ഇതിനെ കുറിച്ച് ഈ ഗ്രൂപ്പിൽ തന്നെ ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. ഇങ്ങിനെ കുറെ വർഷങ്ങൾ ആയി പൊട്ടിത്തെറിക്കാത്ത അഗ്നിപർവതങ്ങളെ ഡോർമെൻറ് എന്ന് വിളിക്കുന്നു.

ബാക്കി മൂന്നും ഇപ്പോഴും ആക്റ്റീവ് ആണ്. ഇവയിൽ കീലൗഎയ (Kīlauea) ആണ് ഇപ്പോഴും ആകാശത്തേക്ക് ലാവ തുപ്പിക്കൊണ്ടിരിക്കുന്ന ഏറ്റവും ദേഷ്യക്കാരി ( ഹവായി വിശ്വാസം അനുസരിച്ചു ഈ അഗ്നിപർവതം പെണ്ണാണ്). പക്ഷെ പൊട്ടിത്തെറിയുടെ ഭീകരതയെക്കാൾ ലാവാ പ്രവാഹം നീണ്ടു നിൽക്കുന്നതിനാണ് ഇവൾ പ്രശസ്തം. 1983 ജനുവരി 3 നു പൊട്ടിത്തെറിച്ച ഈ അഗ്നിപർവ്വതത്തിന്റെ ലാവ പ്രവാഹം ഇപ്പ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദൈർഖ്യം ഏറിയ ലാവ പ്രവാഹം ആണിത്. പാവം ഹവായിക്കാർ, ചിലപ്പോൾ ലാവയുടെ ദിശ മാറുകയും, അതിന്റെ ദിശയിൽ വരുന്ന പട്ടണങ്ങളിലെ ആളുകൾ എല്ലാം ഉപേക്ഷിച്ചു മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടി വരികയും ചെയ്യുന്നു. പക്ഷെ അവർക്കു ഇത് വളരെ ചിരപരിചിതം ആണ്. വളരെ വർഷങ്ങൾ ആയി അവരുടെ ജീവിതം ലാവയുടെ ഒഴുക്കും ആയി ബന്ധപ്പെട്ടതാണ്.

ഇത്രയും നാൾ ലാവ ഒഴുകി എന്ന് പറയുന്പോൾ കുറച്ചു ലാവ മാത്രം ആണ് വരുന്നത് എന്ന് വിചാരിക്കരുത്. ഓരോ ദിവസവും 30 കിലോമീറ്റർ റോഡ് കവർ ചെയ്യാനുള്ള ലാവ ഇതിൽ നിന്നും വരുന്നുണ്ട്. ഇത് വരെ ഒഴുകിയ ലാവ വച്ച് 30 കിലോമീറ്റര് റോഡ് 30 കിലോമീറ്റര് ഉയരത്തിൽ പണിയാൻ മാത്രം ഉള്ള ലാവ ഇതിൽ ഇന്നും പുറത്തു വന്നിട്ടുണ്ട്.

കീലൗഎയ ഈകീ ട്രെയിൽ : തീയില്ല , പുക മാത്രം.
—————————————————–

വോൾക്കനോ നാഷണൽ പാർക്കിന്റെ പ്രധാനപ്പെട്ട കാഴ്ചകളിൽ ആദ്യത്തേത്, ഒരിക്കൽ പൊട്ടിത്തെറിച്ചു ഇപ്പോൾ തീയില്ലാതെ പുക മാത്രം വരുന്ന ഒരു അഗ്നിപര്വതത്തിന്റെ വായിലൂടെ ഒരു നടത്തം. അതാണ് കീലൗഎയ ഈകീ ട്രെയിൽ. നാല് മണിക്കൂർ ആണ് നടത്തം. ആദ്യം അഗ്നിപറവതത്തിന്റെ അരികിലൂടെ മുകളിലേക്ക് ഒരു കയറ്റം. ഒരു മല കയറ്റം തന്നെ ആണിത്. നല്ല പച്ചപ്പുള്ള വഴികൾ. ഒരു മഴക്കാട്ടിലൂടെ നടക്കുന്ന പ്രതീതി. മുകളിൽ എത്തിക്കഴിഞ്ഞാൽ ഇടയ്ക്കു അരികിലൂടെ മരങ്ങൾക്കിടയിലൂടെ താഴെക്കു നോക്കുന്പോൾ, ഒരു മരുഭൂമിക്ക് നടുവിലൂടെ ഉറുന്പുകൾ പോലെ മനുഷ്യർ നടന്നു പോകുന്നത് കാണാം. അതാണ് പൊട്ടിത്തെറിച്ചു കുഴിഞ്ഞു പോയ അഗ്നിപര്വതത്തിന്റെ തല. അങ്ങോട്ട് പതുക്കെ ഇറങ്ങി പോകണം.

ചെറുപ്പത്തിൽ അഗ്നിപര്വതത്തിന്റെ പടം വരച്ചും മറ്റും മാത്രം പരിചയമുള്ള എന്റെ മനസ്സിൽ ഒരു വലിയ മലയുടെ മുകളിൽ ഒരു ചെറിയ കുഴി എന്നതായിരുന്നു അഗ്നിപര്വതത്തിനെ കുറിച്ചുള്ള സങ്കല്പം. പക്ഷെ നേരിട്ട് കണ്ടപ്പോൾ ആണ് ഇതിന്റെ വലിപ്പം മനസ്സിൽ ആയതു. ഈ “ചെറിയ” കുഴിയുടെ ഇങ്ങേ തലക്കൽ നിന്ന് അങ്ങേ തലക്കൽ വരെ 2 കിലോമീറ്റര് നീളമുണ്ട്‌. ഇമ്മിണി ബല്യ കുഴി.

എല്ല്ലാ ജീവജാലങ്ങളെയും നശിപ്പിച്ച പൊട്ടിത്തെറിക്ക് ശേഷം ഒരു മരം പോലും ഇല്ലാത്ത ഈ ഭാഗത്തു കുറെ ചെറിയ ചെടികൾ നല്ല ചുവന്ന പൂവുകളും വിരിയിച്ചു അവിടെ അവിടെയായി നിൽക്കുന്നത് കാണാം. ജീവൻ പതുക്കെ ഈ ഭാഗത്തെ തിരിച്ചു പിടിച്ചു തുടങ്ങുകയാണ്.

മുഴുവൻ ചത്തിട്ടില്ലാത്ത ഒരു അഗ്നി പർവതത്തിന്റെ മുകളിലൂടെ ആണ് ഈ നടത്തം. എവിടെ നോക്കിയാലും പുകയും, സൾഫർ ഡൈയോക്സിടും മുകളിലേക്ക്‌ ഇന്നും വന്നു കൊണ്ടിരിക്കുന്നു. ചൂട് നീരാവി അവിടെ അവിടെ ആയി മുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഒത്ത നടുവിൽ ഒരു ചെറിയ കല്ലിന് കൂന്പാരം പോലെ കാണണം. മുകളിൽ കയറിയാൽ, അതിനു നടുക്ക് ഒരു കുഴി. അവിടെ നിന്ന് ഒരു മുരൾച്ച കേൾക്കാം. ഭൂമി ദേവി കുറച്ചു ദേഷ്യത്തിൽ ആണിവിടെ. നല്ല ചൂടുള്ള നീരാവി ശക്തിയായി പുറത്തേക്കു പ്രഭവിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും ജീവനുള്ള ഒരു അഗ്നിപർവതം ആണ് ഇതെന്ന് പെട്ടെന്ന് എനിക്ക് ഓർമ വന്നു. ചെറിയ പേടി തോന്നി. ഇങ്ങേർക്ക് ഇപ്പോഴൊന്നും പൊട്ടിത്തെറിക്കാൻ തോന്നല്ലേ ദൈവമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ആഞ്ഞു നടന്നു. ഇവിടെ ഭൂമിക്കടിയിൽ പല ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. താഴെ നടക്കുന്ന ആക്ടിവിറ്റീസ് എല്ലാം സ്ഥിരമായി ദൂരെ ഉള്ള ഒരു സെന്ററിൽ മോണിറ്റർ ചെയ്യുന്നുണ്ട്. അടുത്ത പൊട്ടിത്തെറി പ്രവചിക്കാൻ പറ്റുമെന്ന് തോന്നുന്നു.
ഇതിലൂടെ അങ്ങേ അറ്റത്തേക്ക് നടന്നു പിന്നെ മുകളിലേക്ക് തിരിച്ചു കയറണം. 8 കിലോമീറ്റര് ആണ് മൊത്തം നടത്തം. തിരിച്ചു കയറുന്ന അവിടെ ആണ് തദ്ദേശീയർ നാഹുക്കു എന്ന് വിളിക്കുന്ന തേർസ്റ്റൻ ലാവ ട്യൂബ്. അരക്കിലോമീറ്റർ മാത്രം നീളം ഉള്ള ഒരു ടണൽ ആണിത്. കണ്ടാൽ പ്രത്യേകിച്ച് വിശേഷം ഒന്നും തോന്നില്ല ഇത് എങ്ങിനെ ഉണ്ടായി എന്നറിയുന്നത് വരെ.

ഒരു പൊട്ടിത്തെറിക്ക് ശേഷം അഗ്നിപർവതത്തിൽ നിന്നും ലാവ അതി ശക്തിയായി പ്രവഹിക്കും. കുറെ കഴിയുമ്പോൾ ഈ ലാവാ പ്രവാഹത്തിന്റെ പുറത്തുള്ള ഭാഗം പതുക്കെ തണുക്കാൻ തുടങ്ങും. തണുക്കുന്നു ഭാഗം ഉറക്കുകയും , അത് ഒരു ഗുഹ പോലെ ആയി തീരുകയും ചെയ്യും. ഉള്ളിലുള്ള ലാവ പ്രവാഹം പെട്ടെന്ന് നിന്നാൽ ഈ പുറത്തുള്ള ഗുഹ മാത്രം ബാക്കി ആവും. അങ്ങിനെ ഉണ്ടായ ടണൽ ആണ് ഇത്. വര്ഷങ്ങള്ക്കു മുൻപ് ഒഴുകിപോയ്‌ ലാവയെ ഉറഞ്ഞ രൂപത്തിൽ നമുക്ക് തൊടാം.
നോട്ട് 1 : പറഞ്ഞു വരുന്പോൾ ഹവായിക്കാർ നമ്മുടെ ബന്ധുക്കളും പരിചയക്കാരായും വരും. ഇവിടെ ഉള്ള തദ്ദേശീയർ പോളിനേഷ്യയിൽ നിന്നും വന്നതാണ് എന്ന് ഇന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്റെ ഡിഎൻഎ ടെസ്റ്റ് ചെയ്തപ്പോൾ പോളിനേഷ്യ – മൈക്രോനേഷ്യയിൽ ആണ് 15 ശതമാനം ഉത്ഭവം എന്ന് കണ്ടു. എല്ലാ ഇന്ത്യക്കാർക്കും ഇത് ബാധകം ആണോ അതോ എന്റെ പൂർവികരുടെ കയ്യിലിരിപ്പാണോ എന്ന് എനിക്കറിയില്ല. നരവംശ ശാസ്ത്രം, ഹ്യൂമൻ മൈഗ്രേഷൻ, ഇന്ത്യയിലെ ആളുകളുടെ ഒറിജിൻ എന്നിവയെ കുറിച്ച് കൂടുതൽ അറിവുള്ളവർ ദയവായി അറിവ് പങ്കു വയ്ക്കുക.

നോട്ട് 2 : ചെറുപ്പത്തിൽ ഹവായ് ചെരുപ്പ് ഇട്ടു നടന്നത് മാത്രം ആണ് ഇതിനു മുൻപ് എനിക്ക് ഹവായിയും ആയുള്ള പരിചയം. അത് ഓർത്താണ് ഹവായിയിലെ ഒരു കടയിൽ ചെന്ന് കയറി ഹവായി ചെരുപ്പുണ്ടോ എന്ന് ചോദിച്ചത്. പുള്ളിയുടെ മുഖഭാവത്തിൽ നിന്ന് അങ്ങേര് ഹവായി ചെരുപ്പ് എന്ന് ആദ്യമായി കേൾക്കുക ആണെന്ന് മനസ്സിൽ ആയി. കുറെ അന്വേഷിച്ചിട്ടും ഒരിടത്തും കിട്ടിയില്ല. തിരിച്ചു വന്നു കുറെ നാൾ കഴിഞ്ഞാണ് അറിഞ്ഞത്, നാം അറിയുന്ന നമ്മുടെ സ്വന്തം ഹവായി ചെരുപ്പും ഹവായിയും ആയി ഒരു ബന്ധവും ഇല്ല, അത് ബാറ്റ കമ്പനിക്കാർ ഇറക്കിയ ഒരു ചെരിപ്പിന്റെ ബ്രാൻഡ് മാത്രം ആയിരുന്നു. വെറുതെ അല്ല ഹവായിയിലെ കടക്കാരൻ എന്റെ ചോദ്യം കേട്ട് മിഴുങ്ങസ്യാ നിന്നതു. ഐ ആം ദി സോറി അളിയാ. (http://timesofindia.indiatimes.com/…/articleshow/3150233.cms)

നോട്ട് 3 : ഹവായി അമേരിക്കയുടെ അന്പതാമത്തെ സംസ്ഥാനം ആയെങ്കിലും അവർ ശരിക്കും പോളിനേഷ്യൻ സംസ്കാരം അഭിമാനപൂർവം പിന്തുടരുന്നവർ ആണ്. ചില ദ്വീപുകളിൽ ഇവിടെ ഉള്ള നേറ്റീവ് ആളുകൾക്ക് മാത്രമേ പ്രവേശനം ഉള്ളു. അമേരിക്ക ഈ ദ്വീപിന്റെ സൈന്യ പ്രാധാന്യം മനസിലാക്കി ഇവിടെ കോളനി ആക്കിയത് ആണ്. അതിനു മുൻപ് കുറെ ജാപ്പനീസ് ആളുകൾ ഇവിടെ വന്നു സ്ഥിര താമസം ആക്കിയിട്ടുണ്ട്. അത് കൊണ്ട് ഇവിടെ 3 തരാം ആളുകളെ കാണാം. 100 ശതമാനം തദ്ദേശീയർ , ജാപ്പനീസ് , മറ്റു അമേരിക്കൻ വെള്ളക്കാരും കറുത്ത വർഗക്കാരും. ഹവായിക്കു സ്വയം ഭരണം വേണം എന്ന് പറഞ്ഞു ഒരു മൂവ്മെന്റ് നടക്കുന്നുണ്ട് : (https://en.wikipedia.org/wiki/Hawaiian_sovereignty_movement)

ഹവായിയിലെ വോൾക്കാനോ നാഷണൽ പാർക്കിലെ മുന്നറിയിപ്പു ബോർഡുകൾ രസകരം ആണ്.

“ഒഴുകുന്ന ലാവയിൽ കോലു കുത്തി നോക്കരുത്” (don’t poke stick in lava)
“ലാവയിൽ മാർഷ് മെല്ലോ റോസ്റ്റ് ചെയ്തു കഴിക്കരുത്” (don’t roast marshmallows in lava)

ഇങ്ങനെയെല്ലാം മുന്നറിയിപ്പ് നൽകാൻ കാരണം,ചില ആളുകൾ ഇതെല്ലം ചെയ്യുന്നത് കൊണ്ടാണ്. ഒഴുകുന്ന ലാവയെ പിന്തുടരുന്നത് ഇവിടെ വരുന്ന ടൂറിസ്റ്റുകൾ ചെയ്യുന്ന ഒരു പരിപാടി ആണ്. പ്രശ്നം എന്താണെന്നു വച്ചാൽ ഗൈഡ് ഇല്ലാതെ പോയാൽ പലവിധ അപകടങ്ങൾ നടക്കും. എല്ലാ ലാവാ പ്രവാഹങ്ങളും ചുവന്നു തീയായി ഒഴുകുന്നത് അല്ല. ചിലതു പതുക്കെ ഒഴുകുന്നതും, പുറത്തു നിന്ന് നോക്കിയാൽ ചാരനിരത്തിൽ പെട്ടെന്ന് ലാവ ആണെന്ന് തിരിച്ചറിയാൻ പറ്റാത്തതും ആണ്. അറിയാതെ കേറി ചവിട്ടിയാൽ പണി പാളും. വേറൊന്നു ഇതിൽ നിന്ന് വരുന്ന വിഷ വാതകങ്ങൾ ആണ്. ചിലർ ലാവയിൽ വടി കൊണ്ട് കുത്തി നോക്കും. വടിക്ക് പെട്ടെന്ന് തീ പിടിക്കും എന്ന് ഇവർ മറന്നു പോകുന്നത് പല അപകടങ്ങളും ക്ഷണിച്ചു വരുത്തും. കേരളത്തിൽ ഇങ്ങിനെ ഒരു അഗ്നിപർവതം ഉണ്ടായിരുന്നെങ്കിൽ ദയവായി ലാവയിൽ ചായ തിളപ്പിക്കരുത് എഴുതി വയ്ക്കാം ആയിരുന്നു 🙂

ലാവ ഒഴുകി കടലിൽ പോയി വീഴുന്നത് ബോട്ടിൽ പോയി കാണാൻ കഴിയും. ഇങ്ങിനെ വീഴുന്ന ലാവാ ഉറഞ്ഞു പുതിയ ഭൂമി ഉണ്ടായികൊണ്ടേ ഇരിക്കുന്ന ഒരു സ്ഥലം ആണ് ഹവായ്. ഓരോ വര്ഷം പോകുന്തോറും ഈ ദ്വീപ് വലുതായി കൊണ്ടിരിക്കുന്നു.

ഇത്തരം അപകടങ്ങൾ ഉള്ളത് കൊണ്ടും, കൂടെ കുട്ടികൾ ഉള്ളത് കൊണ്ട്, ഞങ്ങൾ ഇപ്പോൾ ഒഴുകുന്ന ലവയെ ഒഴിവാക്കി മുൻപ് ഒഴുകിയ ലാവയുടെ ദിശ നോക്കി യാത്രയായി. ചെയിൻ ഓഫ് ക്രേറ്റെർസ് എന്ന റോഡ് ആണ് പഴയ പൊട്ടിത്തെറികളും ലാവാ പ്രവാഹവാറും എല്ലാം ബന്ധിപ്പിച്ചുള്ള റോഡ്. ഇപ്പോൾ തീ തുപ്പുന്ന കിലൗഈയ അഗ്നിപർവതത്തിന്റെ പുഉഓഓ (Puʻu ʻŌʻō) കോണിൽ നിന്നും 30 കിലോമീറ്റര് ദൂരത്തേക്ക് ലാവ ഒഴുകി കടലിൽ ചെന്ന് ചേരുന്നു. അങ്ങോട്ടാണ് ഈ റോഡ് പോകുന്നത്. അസാധാരണമായ അനുഭവം ആണ് ഈ റോഡിലൂടെ ഉള്ള ഡ്രൈവ്. രണ്ടു വളരെ ഉയരത്തിൽ നിന്നും കടലിലേക്ക് താഴോട്ട് ആണ് ഈ മുപ്പതു കിലോമീറ്റർ യാത്ര. രണ്ടു വശത്തും കണ്ണെത്താത്ത ദൂരത്തോളം ലാവാ മാത്രം. ഇടയ്ക്കിടയ്ക്ക് അഗ്നിപർവതം പൊട്ടിത്തെറിച്ചതിന്റെ ഫലം ആയി ഉണ്ടായ വലിയ കുഴികൾ (crators).

ഒഴുകി ഉറച്ച ലാവ പാടത്തിലൂടെ ഞങ്ങൾ കുറച്ചു നേരം ഇറങ്ങി നടന്നു. ലാവ ഉറഞ്ഞു കഴിയുന്പോഴും അവ ഒഴുകിയ പാട് നിങ്ങള്ക്ക് കാണാൻ കഴിയും. കയ്യിൽ എടുക്കുന്നപ്പോൾ വളരെ ഭാരം കുറഞ്ഞതായി അനുഭവപ്പെട്ടു. അകത്തു കുറെ വായു അകപ്പെട്ടു ആണ് ഇത് ഉറക്കുന്നത്, അതുകൊണ്ടു ഒരു പൂവ് എടുക്കുന്ന പോലെ ആണ് ചെറിയ ലാവാ കല്ലുകൾ എടുക്കുന്പോൾ അനുഭവപ്പെടുക.

ഇപ്പോൾ ഞങ്ങൾ ഡ്രൈവ് ചെയ്യുന്ന റോഡ് മുൻപ് കടൽ ആയിരുന്നു. ലാവ വീണു ഉണ്ടായ പുതിയ ഭൂപ്രദേശം ആണിത്. കുറെ കഴിയുന്പോൾ ഈ റോഡ് അടച്ചിട്ടിരിക്കുക ആണ്. ഇത് കഴിഞ്ഞുള്ള ഭാഗത്ത് ഇപ്പോൾ ലാവാ കടലിലേക്ക് വീണു കൊണ്ടിരിക്കുക ആണ്. കടലിനടുത്തു ലാവ വീണു ഒരു കമാനം പോലെ ഉള്ള ഭാഗം കാണാം കഴിയും. കുറെ മാറി നോക്കിയാൽ ചിലപ്പോൾ നമ്മൾ മുൻപ് നിന്നിരുന്ന ഭാഗത്തിന്റെ അടിയിൽ വെറും ഗുഹ പോലെ കാണുന്പോഴായിരിക്കും എത്ര അപകടം ഉള്ള സ്ഥലം ആണ് ഇത് എന്ന് മനസിലാക്കുക.

ഇവിടെ നിന്ന് സൂര്യാസ്തമനവും കണ്ടിട്ടാണ് ഞങ്ങൾ നിങ്ങളുടെ ഈ ട്രിപ്പിന്റെ പ്രധാന കാഴ്ച കാണാം പോയത്. കിലൗഈയ ഇപ്പോൾ പൊട്ടിത്തെറിക്കുന്ന കാഴ്ച. 1983 ജനുവരി മുതൽ ഇത് ആക്റ്റീവ് ആണ്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നാൾ നീണ്ടു നിൽക്കുന്ന ഇപ്പോഴും തുടരുന്ന പൊട്ടിത്തെറി.

ഇതിനോട് അടുക്കുന്പോൾ തന്നെ ആകാശത്തു ചുവന്ന നിറത്തിൽ ഇതിന്റെ പുക കാണാൻ തുടങ്ങും. ജീവിതത്തിൽ മറ്റൊരിക്കലും കനത്ത ഒരു കാഴ്ച ആണത്. 230 ഏക്കർ ആണ് ഇതിന്റെ ഇപ്പോൾ ലാവാ മുകളിലേക്ക് തെറിക്കുന്ന ഭാഗത്തിന്റെ വലിപ്പം. ആകാശത്തേക്ക് പൊങ്ങുന്ന പുകയിൽ ഇതിന്റെ ലാവയുടെ നിറം കൂടി ചേർന്ന് അഭൗമമായ ഒരു കാഴ്ച ഇത് നമുക്ക് സമ്മാനിക്കുന്നു.

ഒരു മൈൽ അടുത്ത് മാത്രമേ സന്ദർശകരെ പ്രവേശിപ്പിക്കുകയുള്ളു. വിഷപ്പുകയും, ഇപ്പോഴും ഗതി മാറുന്ന ലാവയും കാരണം ആണ് ഈ കരുതൽ. വോൾക്കാനോ നാഷണൽ പാർക്കിന്റെ പ്രധാന സ്ഥലം ആണ് ഈ അഗ്നിപർവതത്തിന്റെ ഉള്ളിൽ ലാവ തിളക്കുന്നതു കാണാൻ കഴിയുന്ന വിസിറ്റർ സെന്റര്.

സിനിമയിലും മറ്റും കാണുന്നത് പോലെ ഉള്ള ഒരു കാഴ്ച ആണിത്. ആകാശത്തേക്ക് തീ തുപ്പുന്ന പർവതം. ഉള്ളിൽ തിളച്ചു കൊണ്ടിരിക്കുന്ന ലാവ. ഇടയ്ക്കു ഇടയ്ക്കു കഞ്ഞിക്കലത്തിൽ അരി ഇടുന്പോൾ വെള്ളം മുകളിലേക്ക് തെറിക്കുന്ന പോലെ ലാവാ മുകളിലേക്ക് തെറിക്കുന്നു. അഗ്നിപർവതത്തെ ഹവായിക്കാർ ദൈവം ആയി കണ്ടില്ലെങ്കിൽ അത്ഭുതം ഉള്ളു. നമ്മുടെ ദൈവ വിശാസത്തിന്റെയും മറ്റും ഉറവിടം തേടി വേറെ ഒരിടത്തും പോകേണ്ട ആവശ്യം ഇല്ല. പാതിരാത്രി വരെ ഞങ്ങൾ ഈ മാസ്മരിക കാഴ്ച്ചയിൽ മുഴുകി നിന്നു.

ഇത്രയും പറഞ്ഞത് കൊണ്ട് ഈ അഗ്നി പർവതം ആണ് ഹവായിയിലെ ഏറ്റവും വലുത് എന്ന് തെറ്റിദ്ധരിക്കരുത്. അത് മൗന ലോആ ആണ്. വലുപ്പം കൊണ്ട് പർവതം ഏതാണ് ;ഹവായി ദ്വീപിന്റെ ബാക്കി ഭാഗം ഏതാണ് എന്ന് മനസിലാക്കാൻ പറ്റാത്ത അത്തരം വലിപ്പം ആണതിന്. പുള്ളിയും ആക്റ്റീവ് ആണ്, ഇടയ്ക്കു ഇടയ്ക്കു ചില പൊട്ടിത്തെറികൾ ഉണ്ട്. പക്ഷെ കുറെ നാൾ നീണ്ടു നിൽക്കില്ല. വലിപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഗ്നി പർവതം ആണിത്. സ്ഥലകാല വിഭ്രമം ഉണ്ടാക്കാൻ പറ്റുന്നത്ര വലിപ്പം ഉള്ള ഒന്നാണിത്.

പിറ്റേന്ന് രാവിലെ ഹൈലോ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വച്ച് പിടിച്ചു. ബ്ലൂ ഹവായിയൻ ഹെലികോപ്റ്റർ കന്പനിയുടെ (http://www.bluehawaiian.com/bigisland/tours/) അഗ്നിപർവതങ്ങളും വെള്ളച്ചാട്ടങ്ങളും എന്ന ടൂർ ഞങ്ങൾ ബുക്ക് ചെയ്തിരുന്നു. ഹവായി ഇവ രണ്ടിനും പേര് കേട്ടതാണ്. അഞ്ചു അഗ്നിപർവതങ്ങളും ഞാൻ മുൻപ് എഴുതിയിട്ടുള്ള അക്കക്ക വെള്ളച്ചാട്ടം ഉൾപ്പെടെ നൂറു കണക്കിന് വെള്ളച്ചാട്ടങ്ങൾ ഇവിടെ ഉണ്ട്.

ആദ്യം ആയിട്ടാണ് ഹെലികോപ്റ്ററിൽ കയറുന്നതു. അതും ഇപ്പോഴും ലാവാ പുറത്തേക്കു തള്ളുന്ന ഒരു അഗ്നിപർവ്വതത്തിനു മുകളിലൂടെ. നല്ല പേടി ഉണ്ടായിരുന്നു, അത് പുറത്തു കാണിച്ചില്ലെങ്കിലും 🙂

ആകാശത്തു നിന്ന് കാണുന്പോൾ ആണ് ഈ അഗ്നി പർവതങ്ങളുടെ മുഴുവൻ വലുപ്പവും ഭീകരതയും മനസിലാക്കുക. ആദ്യം നമ്മെ ലാവാ ഒഴുകുന്ന പട്ടണങ്ങളുടെയും കാടുകളുടെയും മുകളിലൂടെ ആണ് കൊണ്ട് പോവുക. കുറെ വീടുകളും ഫാമുകളും ആയിരുന്നു അന്ന് ലാവയുടെ പാതയിൽ ഉണ്ടായിരുന്നത്. ആളുകൾ മാറി താമസിച്ചു കഴിഞിരുന്നു. കണ്ണെത്താത്ത ദൂരത്തോളം പുകയാണ്. ഒരു വലിയ കാടിനകത്തു കൂടി ലാവയുടെ മറ്റൊരു കൈവരി ഒഴുകുന്നുണ്ട്. മരങ്ങൾ നിന്ന് കത്തുന്നത് നമുക്ക് കാണാം.

ഹെലികോപ്റ്റർ പൈലറ്റ് ഇതെല്ലം വിശദീകരിച്ചു തന്നു. എല്ലാ ദിവസവും ഓരോ കാഴ്ചകൾ ആണ്. ദിവസവും ഏതാണ്ട് പത്തു തവണ അഗ്നിപർവതത്തിനു മുകളിലൂടെ പറക്കുന്ന ഇവർ ആണ് ലാവയുടെ ഗതി മാറ്റവും,അഗ്നിപര്വതത്തിൽ ഉണ്ടാകുന്ന പുതിയ ലാവാ പ്രവാഹങ്ങളും എല്ലാം ആദ്യം കാണുന്നത്. ഹവായിയിൽ ഉള്ള അഗ്നിപർവത നിരീക്ഷണ കേന്ദ്രത്തിനു (http://hvo.wr.usgs.gov) ഉപകരണങ്ങളിൽ കൂടി ലഭിക്കുന്ന വിവരങ്ങൾ പോലെ തന്നെ പ്രധാനം ആണ് ഇവർ നൽകുന്ന വിവരങ്ങളും.

ഒഴുകുന്ന ലാവയുടെ എതിരെ പോയ് ഞങ്ങൾ അഗ്നിപര്വതത്തിന്റെ മുകളിൽ എത്തി ചേർന്ന്. ഇതിന്റെ നേരെ മുകളിൽ കൂടി ഹെലികോപ്റ്റർ കൊണ്ടുപോകാൻ കഴിയില്ല. വിഷപുകയും ചൂടും ആണ് കാരണം. കാറ്റിന്റെ ഗതി അനുസരിച്ചു ഇതിന്റെ വശങ്ങളിൽ കൂടി ആണ് ഹെലികോപ്റ്റർ കൊണ്ട് പോവുക. ഉള്ളിൽ തീ തിളക്കുന്നതും ലാവാ പുറത്തേക്കു തെറിക്കുന്നതും മറ്റും വളരെ വ്യക്തമായി കാണാം. ഹെലികോപ്റ്റർ പല തരത്തിൽ ചരിച്ചും മറ്റും ഇതിന്റെ നല്ല ഒരു കാഴ്ച ഒരുക്കാൻ പൈലറ്റ് ശ്രദ്ധിച്ചു. ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കേണ്ടത് കഴിഞ്ഞ ഭാഗത്തിൽ എഴുതിയ പുഉഓഓ (pu’u o’o) ന്റെ മുകളിൽ അല്ല നമ്മെ കൊണ്ട് പോകുന്നത്, കുറച്ചു കൂടി ചെറിയ മറ്റൊരു കോണിന്റെ മുകളിൽ ആണ്. ഇന്നലെ എഴുതിയ അഗ്നിപര്വതത്തിന്റെ ഒരു മൈലിൽ കൂടുതൽ അടുത്തേക്ക് ആരെയും കര വഴിയോ വായുമാർഗമോ കടത്തി വിടില്ല, അത്ര കൂടുതൽ ഉയരത്തിൽ ആണ് അവിടെനിന്നുള്ള പുകയും ചൂടും. ഞങ്ങൾ ഇപ്പോൾ കാണുന്ന അഗ്നി പർവതം ചെറുതായതു കൊണ്ട് പൊട്ടിത്തെറി കാണുകയും ചെയ്യാം, സുരക്ഷാ കൂടുതലും ആണ്.

ഇതിനു ശേഷം ലാവാ പ്രവാഹം പിന്തുടർന്ന് ഹെലികോപ്റ്റർ കടലിലേക്ക് പറക്കും. ഈ പറക്കുന്പോൾ താഴെ കാണുന്ന കര എല്ലാം ലാവാ ഒഴുകി ഉറച്ചു ഉണ്ടായ ഭൂമി ആണ്. നീല ആകാശവും നീല കടലും ഒരുമിക്കുന്ന ചക്രവാളം വരെ ലാവയുടെ മുകളിലൂടെ യാത്ര ചെയ്യുന്നു. അവിടെ ലാവാ കടലിലേക്ക് വീണു പുക ഉയരുന്നത് കാണാം. ചില കാഴ്ചകൾ കണ്ടു തന്നെ അറിയണം എന്ന് തോന്നുന്നത് ഇതെല്ലം കാണുന്പോൾ ആണ്.

തിരിച്ചു വരുന്ന വഴിക്കാണ് വെള്ളച്ചാട്ടങ്ങളുടെ ഘോഷയാത്ര. ഹൈലോ എയർപോർട്ടിൽ തിരിച്ചു എത്തുന്നത് വരെ വലുതും ചെറുതും ആയ 20 ഓളം വെള്ളച്ചാട്ടങ്ങൾ കാണാം. മുകളിൽ നിന്ന് കാണുന്നത് ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു.

മറക്കാൻ ആവാത്ത അനുഭവങ്ങൾ ആണ് ഹവായിയിലെ വൽക്കനോ നാഷണൽ പാർക്ക് ഞങ്ങൾക്ക് സമ്മാനിച്ചത്. ഹവായിയിൽ പോകുന്നവർ ഓആഹു ദ്വീപ് മാത്രം പോകാതെ ഹവായി ദ്വീപിൽ കൂടി പോയി ഈ അനന്യമായ കാഴ്ചകൾ കൂടി കാണും എന്ന് പ്രതീക്ഷിക്കുന്നു.

The helicopter tour videos youtube link: https://www.youtube.com/playlist…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: