പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് അമേരിക്കയിലെ കാലിഫോർണിയയിൽ ഉള്ള യോസമിറ്റി നാഷണൽ പാർക്ക്. ജോൺ മുയിർ എന്നാ ഋഷി തുല്യൻ ആയ ഒരാളുടെ ഒരായുസ് നീണ്ട പ്രവർത്തനങ്ങൾ ആണ് ഈ പ്രദേശം പുറം ലോകം അറിയുവാനും, അധികം നാശനഷ്ടം ഇല്ലാതെ നില നിർത്തുവാനും കാരണം. അദ്ദേഹത്തിന് യൊസമിറ്റി ഒരു ക്ഷേത്രം തന്നെ ആയിരുന്നു. (https://en.wikipedia.org/wiki/John_Muir)
ദുബായിയിൽ ഉള്ള എന്റെ പ്രിയ സുഹൃത്ത് രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപെട്ടത്. 3 മണിക്കൂർ ഡ്രൈവ് ആണ്. കറി വില്ലേജിൽ ടെന്റ് ബുക്ക് ചെയ്തിരുന്നതു കൊണ്ട് വൈകി ആണ് സ്റ്റാർട്ട് ചെയ്തത്, പക്ഷെ മല എല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും രാത്രി ആയിരുന്നു.
ടെന്റിലേക്ക് പോകുന്നതിനു മുൻപ് ഒരു വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. വളരെ അധികം കരടി ശല്യം ഉള്ള സ്ഥലം ആയതു കൊണ്ട് കരടികളെ എങ്ങിനെ അകറ്റി നിർത്താം എന്നതിനെ കുറിച്ചാണ് അത്. യോസമിറ്റിയിലെ കരടികൾ, സ്ഥിരം ശല്യക്കാർ ആണ്. യാത്രികർ കൊണ്ട് വന്നു കളയുന്ന ഭക്ഷണം ആണ് കാരണം. അസാധാരണ ഘ്രാണ ശക്തി ഉള്ള ഇവ വളരെ ദൂരെ നിന്ന് തന്നെ മണം പിടിച്ചു വരും എന്നുള്ളത് കൊണ്ട്, നമ്മുടെ കൈയിൽ ഉള്ള ഏതാണ്ട് എല്ലാ ടൂത്ത് പേസ്റ്റ് ഉൾപെടെ ഉള്ള സാധനങ്ങൾ,ടെന്റിന്റെ പുറത്തു സ്ഥാപിച്ച, കരടിക്ക് തുറക്കാൻ പറ്റാത്ത ഒരു പെട്ടിയിൽ നിക്ഷേപിക്കണം. വീഡിയോ, ഒരു കരടി കാറിന്റെ ചില്ല് പൊട്ടിച്ചു അകത്തുള്ള ചിപ്സ് എടുത്തു കഴിക്കുന്നതാണ്. അത് കണ്ടതിനു ശേഷം, രാത്രി ഇരുട്ടിലൂടെ നടന്നു ടെന്റിൽ എത്തുന്നത് വരെ നല്ല പേടി ആയിരുന്നു.
കുറച്ചു നക്ഷത്ര നിരീക്ഷണ ശീലം ഉള്ളതിനാൽ, വളരെ പെട്ടെന്ന്, ആകാശ ഗംഗ ഞാൻ ശ്രദ്ധിച്ചു, പക്ഷെ ആകാശത്തിന്റെ പകുതി വരെ മാത്രം, പിറ്റേന്ന് നേരം വെളുക്കുന്ന വരെ അതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല.അടുത്തുള്ള നഗരങ്ങളിൽ നിന്നും വളരെ ദൂരെ ആയതിനാൽ , വളരെ വ്യക്തം ആയി വളരെ ഏറെ നക്ഷത്രങ്ങളെ നമുക്ക് കാണാൻ സാധിക്കും.
1899-ഇൽ ഡേവിഡ് കറിയും, മദർ കറി എന്നറിയപ്പെടുന്ന ജെന്നി ഏറ്റ ഫോസ്റെറും കൂടി തുടങ്ങിയ വില്ലേജ് ആണിത്. ഇന്ന് ആയിരത്തോളം ആളുകള്ക്ക് താമസിക്കാവുന്ന, സ്ഥിരം ടെന്റും , ഷെയർ ചെയ്തു ഉപയോഗിക്കാവുന്ന ബാത്ത് റൂമും എല്ലാം ഉൾപെടെ പ്രകൃതിയോട് ഇണങ്ങി പോകുന്ന തരത്തിൽ നിർമിച്ചിരിക്കുന്ന ഒരു സംവിധാനം ആണ്.
റെന്റിനുള്ളിലെ രാത്രി ഉറക്കം നല്ല പേടിയോടെ ആയിരുന്നു. പുറത്തു കരടി വന്നു സാധങ്ങൾ എടുക്കാൻ ശ്രമിക്കും എന്ന് വിഡിയോയിൽ പറഞ്ഞിരുന്നത് കൊണ്ട്, കേൾക്കുന്ന ചെറിയ എല്ലാ ശബ്ദവും കരടിയുടെത് ആണോ എന്ന് പേടിച്ചു ഉറങ്ങിയത് എപ്പോഴാണ് എന്നറിഞ്ഞില്ല.
രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ ആണ് തലേ രാത്രി ആകാശം നേർ പകുതി മാത്രം കണ്ടതിന്റെ കാരണം പിടി കിട്ടിയത്. നങ്ങളുടെ ടെന്റിന്റെ തൊട്ടടുത്ത് പകുതി ആകാശവും മറച്ചു കൊണ്ട് 5000 അടി ഉയരത്തിൽ അങ്ങിനെ നിൽക്കുകയാണ് ഹാഫ് ഡോം എന്നാ ഒരു വലിയ കരിങ്കൽ മല. ഒരു താഴിക കുടത്തിന്റെ പകുതി മുറിച്ചു മാറ്റിയാൽ ഉള്ള ആകൃതി ആണിതിന്, അത് കൊണ്ടാണ് ഹാഫ് ഡോം എന്ന് വിളിക്കുന്നത്. ഇതിനു മുകളിൽ കയറുന്നത് സാഹസികം ആണെങ്കിലും അമേരിക്കയിൽ ഹൈക്കിംഗ് ചെയ്യുന്നവർക്കിടയിൽ വളരെ പ്രശസ്തം ആണ്. 17 മൈൽ , 4800 അടി, 12 മണിക്കൂർ കൊണ്ട് കയറി തീർക്കാം. അവസാനത്തെ 400 അടി കയറ്റം, ഒരു കേബിൾ വയറിൽ പിടിച്ചു മുകളിലേക്ക് ഒറ്റ കയറ്റം ആണ്, ചിത്രം കാണുക. വേനൽ കാലത്ത് മാത്രം ആണ് ഈ ഹൈക് തുറക്കുന്നത്. അടുത്ത തവണ അവിടെ പോകുമ്പോൾ ഈ ഹൈക് ചെയ്യണം എന്ന് വിചാരിക്കുന്നു. ആരോഗ്യം അനുവദിച്ചാൽ. (https://en.wikipedia.org/wiki/Half_Dome)
യോസമിറ്റി താഴ്‌വര ഗ്ലേസിയർ എന്നറിയപ്പെടുന്ന അസാധാരണ വലിപ്പം ഉള്ള മഞ്ഞു മലകൾ മൂലം ഉണ്ടായതാണ്. 5 കോടി വര്ഷം കൊണ്ട് പ്രകൃതി ഒരുക്കിയ അസാധാരണ പ്രദേശം ആണിത്. ഇത് എങ്ങിനെ ഉണ്ടായി എന്ന് ഇവിടെ വായിക്കാം : http://www.yosemite.ca.us/formation/
ഹാഫ് ഡോം ഒരു അത്ഭുദം ആണെങ്കിൽ അതിലും വലിയ സംഭവം ആണ് എൽ കപ്പിത്താൻ (https://en.wikipedia.org/wiki/El_Capitan). ഹാഫ് ഡോമിൽ നിന്ന് കുറച്ചു അകലെ മാറിയുള്ള ഒരു കരിങ്കൽ മതിൽ ആണിത്. ഉയരം 3000 അടി. ഹാഫ് ഡോം ഹൈകിങ്ങിനു ആണ് പ്രശസ്തം എങ്കിൽ എൽ കപ്പിത്താൻ മല കയറ്റത്തിന് ആണ് പ്രശസ്തം. ഇതിന്റെ കുത്തനെ ഉള്ള ഭാഗത്ത് കൂടി ഫ്രീ ക്ലൈമ്ബിംഗ് ആദ്യം ആയി ചെയ്തത് 2015 ഇൽ മാത്രം ആണ്. 19 ദിവസം എടുത്തു, കുത്തനെ ഉള്ള കയറ്റത്തിൽ കെട്ടിയിട്ട ടെന്റിൽ താമസിച്ചു ചെയ്ത ഈ കയറ്റം, നാഷണൽ geographic ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. (http://news.nationalgeographic.com/…/150114-climbing-yosem…/).
വളരെ സീരിയസ് മല കയറ്റക്കാർ മാത്രം ആണ് ഇത് കയറാൻ ശ്രമിക്കുന്നത്.ഈ കയറ്റം ഗൂഗിൾ മാപ്പിൽ നിങ്ങള്ക്കും ചെയ്യാം, തടി കേടാക്കാതെ : https://www.google.com/…/behind…/streetview/treks/yosemite/… . മല കയറ്റക്കാർ രാത്രി ഉറങ്ങുന്നത് എങ്ങിനെ എന്ന് ഇതിൽ നിങ്ങള്ക്ക് കാണാം.
കാഴ്ചകളുടെ തൃശൂർ പൂരം ആണ് യൊസെമിറ്റിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഗ്ലേസിയർ പോയിന്റ് ആണ് അതിൽ ഏറ്റവും പ്രധാനം. യൊസെമിറ്റി താഴ്‌വാരത്തിലെ ഏതാണ്ട് എല്ലാ കാഴ്ചകളും ഇവിടെ നിന്ന് കാണാം. മഞ്ഞു മലകൾ എങ്ങിനെ ഈ പ്രദേശത്തെ ഉണ്ടാക്കി എന്ന് ഇവിടെ നിന്ന് മനസിലാക്കാൻ സാധിക്കും.
ബ്രൈഡ് വെയിൽ വെള്ളച്ചാട്ടം, വെർനൽ വെള്ളച്ചാട്ടം തുടങ്ങി വെള്ളച്ചാട്ടങ്ങൾ നിരവധി ഉണ്ടെങ്കിലും, ഹോഴ്സ് ടെയിൽ വെള്ളച്ചാട്ടം, സുര്യസ്തമായ സമയത്ത് മുകളിൽ നിന്ന് തീ വീഴുന്ന പോലെ കാണുന്നത് വളരെ മനോഹരം ആണ്. കൊല്ലത്തിൽ ചില ദിവസങ്ങളിൽ ഇത് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ആളുകൾ യൊസെമിറ്റി സന്ദർശിക്കാറുണ്ട്.
210 മൈൽ നീളം ഉള്ള ജോൺ മുയിർ ട്രെയിൽ യോസെമിറ്റിയിലൂടെ കടന്നു പോകുന്നു. അമേരിക്കയിലെ വേറെ എല്ലാ ട്രെക്കിംഗുകളും ജോൺ മുയിർ ട്രെകിങ്ങിനു ഉള്ള തയാറെടുപ്പ് ആണെന്നാണ് പറയുക. 8000 അടിക്കും 10000 അടിക്കും ഇടയിലൂടെ ആണ് ഭൂരിഭാഗം യാത്രയും. ജോൺ മുയിറിനു അനുയോജ്യം ആയ സ്മാരകം.
യ്യൊസമിറ്റിയുടെ അടിവാരത്തിൽ ആണ് മരിപോസ ഗ്രോവ് ( സ്പാനിഷ് വാക്ക് : പൂന്പാറ്റകളുടെ കൂട്ടം എന്ന് മലയാളം). 2400 വർഷത്തോളം പഴക്കമുള്ള, ഇപ്പ്പോഴും, വളർന്നുകൊണ്ടിരിക്കുന്ന ജയന്റ് സികോയ (Giant Sequoias) മരങ്ങളുടെ കൂട്ടം ആണ് ഇവിടെ. അസാധാരണ വലുപ്പം കൊണ്ടും ഇവ ശ്രദ്ധേയം ആണ്. ഒരു മരത്തിലൂടെ ഒരു റോഡ് കടന്നു പോകുന്നു എന്ന് പറയുന്പോൾ, ഇതിനെ വലുപ്പം നിങ്ങള്ക്ക് ഊഹിക്കാം. മരങ്ങളെ സംബന്ധിച്ച എന്റെ കാഴ്ച്ചപ്പാടുകള മാറ്റിമറിച്ച ഒന്നായിരുന്ന ഈ ഗ്രോവ് സന്ദർശനം, മുഹമ്മദിനും ക്രിസ്തുവിനും മുൻപ് ഇന്ത്യയിൽ ആദിമ വേദങ്ങൾ രചിക്കപ്പെടുന്ന കാലത്ത് മുളച്ച ഒരു വിത്ത് ഇന്നും ജീവിച്ചിരിക്കുന്നു എന്ന അത്ഭുത പ്രതിഭാസം. ഇവയുടെ കട്ടിയുള്ള തൊലിക്ക് കാട്ടുതീ യുടെ ചൂട് താങ്ങാൻ കഴിവുണ്ട്. കാട്ടുതീയുടെ ചൂട് കൊണ്ടാണ് ഇവയുടെ കായയുടെ തോട് പൊട്ടുന്നത്. കുറെ നാൾ കാട്ടുതീ തുടങ്ങുമ്പോൾ തന്നെ അഗ്നിശമന സേന അണക്കാൻ തുടങ്ങിയപ്പോൾ ഇവയുടെ പ്രജനനം ഏറെക്കുറെ അവസാനിച്ചതാണ്. ഇപ്പോൾ കൃത്രിമ നിയന്ത്രിത തീയുണ്ടാക്കി ഇവയുടെ പ്രജനനം സാധ്യമാക്കുന്നു.
ചില അനുഭവങ്ങൾ വിവരിക്കുന്പോൾ ഭാഷാപരിമിതി ഒരു വലിയ വെല്ലു വിളി ആണ്. ഇന്ത്യൻ തത്വ ശാസ്ത്രത്തിലെ പ്രധാനപെട്ട ഒരാശയം, ചേതനവും അചേതനവും ആയ എല്ലാം, കർമ ഫലങ്ങളുടെ അടിസ്ഥാനത്തിൽ പുനർജനിക്കും എന്നതാണ്. ഇവിടെ ഉള്ള ഓരോ പാറക്കൂട്ടത്തിലും വെള്ളചാട്ടത്തിലും, മരങ്ങളിലും, എന്റെ പൂർവികരെ കാണുന്നു എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. എല്ലാ വലിയ യാത്രകളും നടക്കുന്നതു മനസ്സിൽ ആണല്ലോ!
നോട്ട് 1. ആപ്പിൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ഈ പേരുകൾ എല്ലാം കേട്ട് കാണും. കഴിഞ്ഞ കുറച്ചു നാളുകൾ ആയി ആപ്പിൾ യൊസെമിറ്റി / എൽ കപ്പിത്താൻ എന്നെല്ലാം അവരുടെ ഒപെരെറ്റിങ്ങ് സിസ്റെതിനു പേരിടുന്നു.
നോട്ട് 2: ചില ചിത്രങ്ങൾ ഞാൻ എടുത്തതും, ചിലത് വിക്കിയിൽ നിന്ന് പൊക്കിയതും ആണ്.
നോട്ട് 3 : Rock Climbing , hiking , trekking എന്നിവയ്ക്ക് അനുയോജ്യം ആയ മലയാള പദങ്ങൾ പറഞ്ഞു തരാമോ? മല കയറ്റം എന്നെല്ലാം പറയുമ്പോൾ, നമ്മുടെ മനസ്സിൽ ശബരി മലയും, മലയാറൂർ മല കയറ്റവും, മറ്റും ആണ് തെളിയുന്നത്, rock climbing പാറയിൽ അള്ളി പിടിച്ചു കയറൽ ആണ്.
Leave a Reply