ഇതിന്റെ തലകെട്ട് കണ്ടിട്ട് തള്ള് ആണെന്ന് വിചാരിക്കരുത്, സത്യം ആണ്.
സാധാരണ ആയി ഒരു പർവതത്തിന്റെയൊ കൊടുമുടിയുടെയോ ഉയരം കണക്കാക്കുന്നത് സമുദ്ര നിരപ്പിൽ നിന്നാണ്. സമുദ്രത്തിനു നടുക്കുള്ള കൊടു മുടികളിൽ വളരെ വലിയ ഒരു ഭാഗം കടലിന്റെ അടിയിൽ ആയിരിക്കും, നാം അത് കണക്കാക്കാറില്ല. അങ്ങിനെ ആണ് സമുദ്ര നിരപ്പിൽ നിന്നും 8850 മീറ്റർ ഉയരം ഉള്ള എവെറെസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആകുന്നതു.
ഹവായിയിൽ ഉള്ള മൌണ്ട് മൌന കെയ ആണ് നമ്മുടെ കഥാനായകൻ (വെള്ള പർവതം എന്ന് ഹവായി ഭാഷയിൽ അർഥം). 4000 മീറ്റർ കടലിനു മുകളിൽ ആണെങ്കിൽ , 6000 മീറ്റർ കടലിനു ഉള്ളിൽ ആണ്. അടി മുതൽ മുടി വരെ അളന്നാൽ എവെറെസ്റ്റിനെക്കാൾ നല്ല ഉയരമുണ്ട്, പക്ഷെ പുറമേ കാണിക്കില്ല ( ചിത്രങ്ങൾ കാണുക). നമ്മൾ പുറമേ കാണുന്നത് 13,000 അടി ഉയരം ആണ്.
ഹവായി ദ്വീപ സമൂഹത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് ഇത്. ഹവായിയിലെ മറ്റു പർവതങ്ങളെ പോലെ ഇവനും ഒരു അഗ്നി പർവതം ആണ്. ഉറങ്ങി കിടക്കുകയാണ് എന്ന് മാത്രം (dormant volcono). അഗ്നിപർവതം ആയതു കൊണ്ടുള്ള ഒരു ഉപകാരം, ഇത് പണ്ട് പൊട്ടിത്തെറിച്ചതിന്റെ ഫലം ആയി മുകൾ ഭാഗത്ത് നിരപ്പായി ഒരു കുഴി പോലെ ഉള്ള ഭാഗം ഉണ്ട് (Crator ) , ഇത് ലോകത്തിലെ ഏറ്റവും വലിയ നക്ഷത്ര നിരീക്ഷണ ശാലകൾ സ്ഥാപിക്കാൻ ഇവിടം തിരഞ്ഞെടുക്കാൻ ഒരു കാരണം ആണ്.
നക്ഷത്ര നിരീക്ഷകരുടെ മെക്ക എന്ന് വേണം എങ്കിൽ മൌന കെയയെ വിളിക്കാം.
ഒരു നല്ല നക്ഷത്രനിരീക്ഷണശാലയ്ക് (astronomical observatory ) അത്യാവശ്യം വേണ്ട കാര്യങ്ങൾ താഴെ പറയുന്നവ ആണ്
1. ഉയരം : മൌന കെയ 13000 അടി ഉയരത്തിൽ ആണ്. ഇതിന്റെ മുകളിൽ നിൽക്കുമ്പോൾ നിങ്ങൾ ഭൂമിയുടെ 40 ശതമാനം അന്തരീക്ഷത്തിനും മുകളില ആണ്.
2. നഗരങ്ങളിൽ നിന്നുള്ള അകലം, അല്ലെങ്കിൽ പ്രകാശ മലിനീകരണം മൂലം വളരെ മങ്ങിയ പ്രതിഭാസങ്ങൾ കാണാൻ പറ്റില്ല. വളരെ വലിയ ഒരു പർവതം ആയത് കൊണ്ട് ഇതിനു അടുത്ത് ഒരു തരത്തിലുള്ള പ്രകാശവും ഇല്ല. മാത്രം അല്ല, ഈ ദ്വീപിലെ എല്ലാ വഹി വിളക്കുകളും ഒരു പ്രത്യക വേവ് ലെങ്ങ്ത് ആണ്, അത് കമ്പ്യൂട്ടറിൽ ഫിൽറ്റർ ചെയ്തു കളയാം ( most modern telescopes give out computer output which is then processed and shown on a computer screen)
3. വരണ്ട വായു : നക്ഷത്രങ്ങളെയും മറ്റും നിരീക്ഷിക്കുന്ന എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം, വായുവിന്റെ സാന്ദ്രത വ്യത്യാസവും മറ്റും മൂലം ഉണ്ടാവുന്ന മിന്നി തിളക്കവും മങ്ങലും ആണ്. ( ശരിയായ വാക്കുകൾ കിട്ടുന്നില്ല, ഒരിക്കലെങ്കിലും ടെലെസ്കോപ് വഴി നോക്കിയവർക്ക് മനസ്സിൽ ആവും എന്ന് വിചാരിക്കുന്നു. ലോകത്തിലെ ഏറ്റവും വരണ്ട വായു ഉള്ള സ്ഥലങ്ങളിൽ ഒന്നാണിത്. അത് കൊണ്ട് തന്നെ , മറ്റു പല 4000 മീറ്റർ കൊടു മുടികളും മഞ്ഞു മൂടി കിടക്കുമ്പോൾ, ഇതിന്റെ മുകൾ ഭാഗം താരതമ്യേന വരണ്ടത് ആണ് ( കുറച്ചു മഞ്ഞുണ്ട്, നല്ല കാറ്റും ഉണ്ട് , പക്ഷെ തിളങ്ങാത്ത നക്ഷത്രങ്ങളെ നിങ്ങള്ക്ക് ഇവിടെ കാണാം).
4. സ്ഥാനം : ഉത്തര ധ്രുവത്തിലെ ആകാശത്തിൽ ദക്ഷിണ ധ്രുവ നക്ഷത്രങ്ങളെ കാണില്ല , തിരിച്ചും. ഉദാഹരണത്തിന്, കൊച്ചിയിലെ മീൻ പിടുത്തക്കാർ തെക്കൻ കുരിശു (southern cross ) അനങ്ങാത്ത അടയാളം ആയി വയ്കുന്പോൾ, ഉത്തര ധ്രുവത്തിൽ പൊളാരിസ് എന്നാ നക്ഷത്രം ആണ് വഴി കാട്ടാൻ ഉപയോഗിക്കുന്നത്. (ധ്രുവത്തിനു അടുത്തുള്ള നക്ഷത്രങ്ങൾ അനങ്ങില്ല, അത് കൊണ്ട് തന്നെ അവ വഴി കാട്ടികൾ ആയി അറിയപ്പെടുന്നു). പക്ഷെ ഭൂമധ്യ രേഖയ്ക്ക് അടുത്തുള്ള ചില സ്ഥലങ്ങളിൽ ഇവ രണ്ടും കാണാൻ കഴിയും. അങ്ങിനെ ഒരു സ്ഥലം ആണ് മൌന കെയ .
ഇതെല്ലം കൊണ്ട് തന്നെ ലോകത്തിലെ പല രാജ്യങ്ങളും ഇവിടെ നക്ഷത്ര നിരീക്ഷണ ശാലകൾ സ്ഥാപിച്ചിട്ടുണ്ട്. ചില രാജ്യങ്ങള ഒറ്റയ്കും, ചിലവ പരസ്പരം സഹകരിച്ചും. കാനഡ , ജപ്പാൻ,അമേരിക്ക, ഓസ്ട്രേലിയ, ബ്രസീൽ , അർജെന്റിന തുടങ്ങിയ രാജ്യങ്ങൾക്ക് ഇവിടെ നിരീക്ഷണ ശാലകൾ ഉണ്ട്. ഹവായി സർവകലാശാലയുടെ ഒരു department ഈ പർവതത്തിന്റെ കീഴിൽ തന്നെ ഉണ്ട്. Optical , infrared , submillimeter തുടങ്ങി വിവിധ തരത്തിൽ ഉള്ള നിരീക്ഷണ ശാലകൾ.
കുറച്ചു നക്ഷത്ര നിരീക്ഷണ ഭ്രാന്തു ഉള്ളത് കൊണ്ട് ഹവായി ദ്വീപിൽ എത്തിയ അന്ന് തന്നെ ഞങ്ങൾ മൌന കെയ കാണാൻ പോയി. സന്ദർശകർക്കുള്ള കേന്ദ്രം 9200 അടി ഉയരത്തിൽ ആണ്. താഴ്‌വാരത്തിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് കാറിൽ ഇവിടെ എത്താം. താഴെ നിന്ന് നോക്കിയപ്പോൾ കനത്ത മഴക്കാറുകൾ കണ്ടതു കൊണ്ട് ഇന്നത്തെ യാത്ര മാറ്റി വയ്ക്കാം എന്ന് ഞങ്ങൾ കരുതി. അവിടെ വെള്ളം വാങ്ങിക്കാൻ കയറിയ കടയിലെ കടക്കരാൻ പറഞ്ഞു
“നിങ്ങൾ ആ മേഘങ്ങൾക്ക് മുകളിലേക്ക് അല്ലെ പോകുന്നത്, മഴക്കാറുകൾ മൈൻഡ് ചെയണ്ട”, കൊല്ലത്തിൽ 340 ദിവസവും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആണിത്. അത് കേട്ടപ്പോൾ മുകളിലേക്ക് വച്ച് പിടിപിച്ചു.
മേഘങ്ങൾ പതിയെ പതിയെ നമ്മുടെ ഒപ്പമെത്തുന്നതും, കാർമേഘത്തിന്റെ ഇടയിലൂടെ വെറും 10 അടി മാത്രം കാണാവുന്ന തരത്തിൽ ഡ്രൈവ് ചെയ്യുന്നതും, പുതുമയാർന്ന എന്നാൽ കുറച്ചു ഭയപ്പെടുത്തുന്ന ഒരു അനുഭവം ആണ്. പതുക്കെ പതുക്കെ മേഘങ്ങൾ ഞങ്ങൾക്ക് താഴെ ആയി. ശരിക്കും ആകാശ യാത്ര, താഴെ മേഘങ്ങളും, മുകളിൽ തെളിഞ്ഞ ആകാശവും. ഒരു മേഘം ഞങ്ങൾ സഞ്ചരിക്കുന്ന തറ നിരപ്പിൽ ചുമ്മാ ഇരിക്കുന്നു, തിരക്കൊന്നും ഇല്ലെന്നു തോന്നുന്നു.
കുറച്ചു കഴിഞു 9200 അടി ഉയരത്തില ഉള്ള സന്ദർശക കേന്ദ്രത്തിൽ എത്തി.16 വയസിൽ താഴെ ഉള്ള കുട്ടികളെ ഇതിനു മുകളിലേക്ക് അയക്കില്ല. വായുവിൽ ഉള്ള ഓക്സിജെന്റെ അളവ് കുറവായത് കൊണ്ടാണിത്. ഇതിനു മുകളിലേക്ക് നല്ല റോഡ് അല്ല, അത് കൊണ്ട് തന്നെ 4 വീൽ ഡ്രൈവ് വാഹനങ്ങൾ അല്ലെങ്കിൽ ഇതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ വണ്ടികൾ ആണ് കടത്തി വിടുക. ഒറ്റയടിക്ക് മുകളിലേക്ക് പോയാൽ ഓക്സ്യ്ജെൻ കുറവ് മൂലം തലചുറ്റലൊ, താത്കാലിക വിഭ്രാന്തിയോ ഉണ്ടാവും എന്നുള്ളത് കൊണ്ട്, നല്ല റസ്റ്റ് എടുത്തിട്ട് വേണം മുകളിലേക്ക് പോകാൻ. മുകളിൽ ശക്തിയായ കാറ്റു ഉള്ളത് കൊണ്ട് മുകളിലേക്ക് ഒരു വണ്ടിയും അന്ന് കടത്തി വിട്ടില്ല. സന്ദര്ഷക കേന്ദ്രത്തിൽ തന്നെ വളരെ ഏറെ ടെലിസ്കോപ്പുകൾ ഉണ്ട്. സൺ ഫിൽറ്റർ ഇട്ട ഒരു വലിയ ടെലിസ്കോപ് സൂര്യനിലെ പൊട്ടുകൾ (sunspot) കാണാൻ വേണ്ടി വച്ചിരുന്നതിലൂടെ ആദ്യമായി സൂര്യനിലെ കറുത്ത പാടുകൾ കാണാൻ സാധിച്ചു.
കുറെ വാന നിരീക്ഷകർ ഇവിടെ രാത്രി ക്ലാസ്സ് എടുക്കാറുണ്ട്. വളരെ പ്രശസ്തമായ ഈ ക്ലാസിനു മുൻപ്, ഞങ്ങള്ക്ക് വേറെ ഒന്ന് കാണുവാൻ ഉണ്ടായിരുന്നു, ലോക പ്രശസ്തമായ മൌന കെയ സൂര്യാസ്തമയം.
സന്ദർശക കേന്ദ്രത്തിന്റെ തൊട്ടടുത്തുള്ള ഒരു കുന്നിൻ മുകളിൽ കയറിയാൽ സൂര്യാസ്തമയം നന്നായി കാണാം. നമുക്ക് താഴെ മേഘങ്ങൾ, അതിലേക്കു പതിയെ ഇറങ്ങി പോകുന്ന സൂര്യൻ, വേറെ ഒരിടത്തും കണ്ടിട്ടില്ലാത്ത വർണ വിസ്മയം, നല്ല തണുപ്പുള്ള കാറ്റിൽ ഒഴുകി നടക്കുന്ന മേഘ തുണ്ടുകൾ, ചിലപ്പോൾ നമ്മെ തഴുകി പോകുന്നു, മറ്റു ചിലപ്പോള അസ്തമയ സൂര്യനു മുൻപിൽ പെട്ട് പ്രകൃതിയെ കൊണ്ട് അസാധാരണം ആയ ചിത്രങ്ങൾ വരപ്പിക്കുന്നു. ഫോർട്ട് കൊച്ചി മുതൽ ഫ്ലൊറിഡയിലെ കീ വെസ്റ്റിൽ വരെ ഞാൻ കണ്ട സൂര്യസ്തമാനങ്ങളെ കടത്തിവെട്ടിയ ഒരു ഐറ്റം ആയിരുന്നു ഇത്. (കുന്ന് എന്ന് പറഞ്ഞെങ്കിലും കയറി ഇറങ്ങുന്നത് സൂക്ഷിച്ചു വേണം, ചില അവന്മാരും അവളുമാരും അവിടെ കിടന്നു ഓടി നടക്കുന്നത് കണ്ടാൽ ഇപ്പൊ താഴെ വീണു കഥ കഴിയും എന്ന് തോന്നും, ഹാർട്ട് അറ്റാക്ക് വന്നു നമ്മളുടെയും)
തിരിച്ചു വന്നപ്പോഴേക്കും, എല്ലാ ടെലിസ്കോപ്പുകളും വാന നിരീക്ഷണത്തിന് സെറ്റ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീളുന്ന വാന നിരീക്ഷണ ക്ലാസ്സ് ഫ്രീ ആണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൽ നടത്തിയ പാപ്പുട്ടി സാറിന്റെ ക്ലാസ്സ് ആണ് ഓര്മ വന്നത്. വ്യാഴവും അതിന്റെ ഉപ ഗ്രഹങ്ങളും നന്നായി കാണാൻ പറ്റി, ദുബായിയിലെ മരുഭൂമിയിലും,കൊച്ചിയിലെ ചില ഗ്രാമങ്ങളിലും യൊസെമെറ്റി പാർക്കിലും മാത്രം ഞാൻ കണ്ട ആകാശ ഗംഗ വളരെ വ്യക്തമായി ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടന്നു. ടെലിസ്കോപ്പിലൂടെ വ്യാഴത്തെയും അതിന്റെ ഉപ ഗ്രഹങ്ങളേയും കണ്ടു. എന്റെ വീട്ടിൽ ഉള്ളതിന്റെ 8 ഉം പതിനാറും ഇരട്ടി ശക്തി ഉള്ള ടെലിസ്കോപ്പുകൾ ആണ് ഇവിടെ ഉള്ള ഏറ്റവും ചെറുത് തന്നെ ( i have orion 4.5 dobsonian at home).
കുറച്ചു കഴിഞ്ഞു ISS (ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ) ഞങ്ങളുടെ മുകളിലൂടെ കടന്നു പോയി. ( നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്നും ISS കാണാം , ഉദാഹരണത്തിന് മെയ് 25 ന് 7:20 ന് തിരുവനന്തപുറത്തെ ആകാശത്തിലൂടെ ISS കടന്നു പോകും, chek here : https://spotthestation.nasa.gov/sightings/)
ഇത്രയും കഴിഞ്ഞപ്പോൾ ആണ് സൂര്യൻ അസ്തമിച്ച സ്ഥലത്ത് കുറച്ചു വെളിച്ചം എന്റെ ശ്രദ്ധയിൽ പെട്ടത്. ആകാശ ഗംഗയ്ക് ലംബം ആയി സാധാരണ കണ്ടിട്ടില്ലാത്ത വളരെ മങ്ങിയ കോൺ ആകൃതിയിലെ വെളിച്ചം. ക്ലാസ്സ് എടുത്ത ആളോട് ചോദിച്ചു, ഉത്തരം ഉടൻ വന്നു
“zodiacal light ആണത്. ബഹിരാകാശത്തിലെ പൊടി പടലങ്ങളിൽ സൂര്യ വെളിച്ചം തട്ടി പ്രതി ഫലിക്കുന്നത് ആണത്. ഈ പൊടി എങ്ങിനെ വന്നു എന്നതിനെ പറ്റി വിഭിന്ന അഭിപ്രായങ്ങൾ നിലവിൽ ഉണ്ട്, ഇത് വളരെ അപൂർവം സ്ഥലങ്ങളില മാത്രമേ കാണുകയുള്ളൂ” : ഞാൻ ആദ്യം ആയാണ് ഇങ്ങിനെ ഒരു പ്രതിഭാസത്തെ കുറിച്ച് കേള്ക്കുന്നത്. യാത്രകൾ എന്നും പുതിയ അറിവുകൾ സമ്മാനിക്കുന്നു.
അര മണികൂര് കഴിഞ്ഞു കുറെ നക്ഷത്രങ്ങളെയും നെബുലകളെയും (Orion Nebula especially) കണ്ടു കഴിഞ്ഞപ്പോൾ, Hubble Telescope പതുക്കെ കടന്നു പോയി, മനുഷ്യന്റെ അറിവിന്റെ ചക്രവാളങ്ങളെ നമുക്ക് വിചാരിക്കാത്ത അത്ര ദൂരത്തേക്കു കൊണ്ടുപോയ ഹബ്ബ്ൾ ടെലിസ്കോപ്പിനെ ഞാൻ മനസ് കൊണ്ട് പ്രണമിച്ചു. താഴെ ഞങ്ങൾ ചെറിയ കാണുന്നതിനെക്കാൾ എത്ര മടങ്ങ് കാഴ്ചകൾ ആണ് ഈ ആകാശ കണ്ണ് കൊണ്ട് നമുക്ക് കാണാൻ കഴിയുന്നത്.
മനുഷ്യന്റെ സ്ഥാനം ഈ പ്രപഞ്ചത്തിൽ എത്ര ചെറുതാണ് എന്ന് കാണിച്ചു തന്ന ഒരു വലിയ രാത്രിക്ക് നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചു യാത്രയായി.
നോട്ട് : ലോകത്തിലെ 13 കാലാവസ്ഥകളിൽ 8 എണ്ണവും ഒരു ചെറിയ ചുറ്റളവിൽ അനുഭവപ്പെടുന്ന ഹവായി ദ്വീപിലെ കാലാവസ്ഥ ഇടിവെട്ട് ആണ് അതിനെ കുറിച്ച് പിന്നെ എഴുതാം.
നോട്ട് 2 : കുറെ ചിത്രങ്ങൾ ഞാൻ എടുത്തതും, മറ്റുള്ളവ വിക്കിയിൽ നിന്നും പൊക്കിയതും.
http://www.ifa.hawaii.edu/info/vis/
https://en.wikipedia.org/wiki/Mauna_Kea
https://en.wikipedia.org/wiki/Astronomical_seeing
https://en.wikipedia.org/wiki/Mauna_Kea_Observatories
https://en.wikipedia.org/wiki/Hubble_Space_Telescope
https://www.youtube.com/watch?v=fDVlDLK0KKM
Leave a Reply