അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ അഞ്ചിരട്ടി ഉയരമുള്ള, നന്നായി വെള്ളം പ്രവഹിക്കുന്ന, ഒരു വെള്ളച്ചാട്ടം സങ്കൽപ്പിക്കുക : ഈ വെള്ളച്ചാട്ടത്തിന്റെ ഇടയിലൂടെ മുകളിലേക്ക് പറ്റിപിടിച്ചു കയറുന്ന, അഞ്ച് ഇഞ്ചു മാത്രം വലിപ്പമുള്ള കുറച്ചു മത്സ്യങ്ങളെയും. ഹവായിയിലെ അക്കാക്ക വെള്ളച്ചാട്ടത്തിലേക്കും അവിടെ അതിജീവനത്തിന്റെ പുതിയ മേഖലകൾ നമുക്ക് കാണിച്ചു തരുന്ന ഒ ഓപ്പു അലാമോ ( ‘o’opu ‘alamo’o) എന്ന മത്സ്യത്തിന്റെ കഥയിലേക്കും സ്വാഗതം.
ചെറുപ്പത്തിൽ ഹവായി ചെരുപ്പ് ഇട്ടു നടന്നത് മാത്രം ആണ്, ഇതിനു മുൻപ് എനിക്ക് ഹവായിയും ആയുള്ള ബന്ധം. ഹവായി ഒരു ദ്വീപ സമൂഹം ആണ്. അതിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ് ഐലൻഡ് അഥവാ ബിഗ് ഐലൻഡ്. ഇപ്പോഴും അഗ്നിപർവതങ്ങളും ലാവ ഒഴുകിയ വഴികളും എല്ലാം ആണ് ഈ ദ്വീപിന്റെ പ്രത്യേകതകൾ. വെള്ളച്ചാട്ടങ്ങളുടെ നാട് എന്ന് വേണമെങ്കിൽ ഹവായിയെ വിളിക്കാം എന്ന് തോന്നുന്നു, എവിടെ തിരിഞ്ഞു നോക്കിയാലും വെള്ളച്ചാട്ടങ്ങൾ മാത്രം.
അതിൽ പ്രധാനപ്പെട്ട ഒരു വെള്ളച്ചാട്ടം ആണ് അക്കാക്ക വെള്ളച്ചാട്ടം. ഒരു മഴക്കാടിന്റെ (rain forest ) അകത്താണ് ഈ വെള്ളച്ചാട്ടം. പാർക്കിംഗ് ലോട്ടിൽ നിന്നും പോകുന്ന വഴിക്കു തന്നെ പല തരത്തിലുള്ള ചെടികളും, അമേരിക്കയിലെ മെയിൻ ലാൻഡിൽ കാണാൻ കഴിയാത്ത തരത്തിൽ ഉള്ള പൂവുകളും എല്ലാം കാണാൻ കഴിഞ്ഞു. കൂട്ടത്തിൽ നമ്മുടെ വാഴയുടെ ചില വക ഭേദങ്ങളും.
വളരെ മനോഹരം ആണ് ഈ വെള്ളച്ചാട്ടം. ഉയരത്തിൽ നിന്ന് ഒരു തടസവും ഇല്ലാതെ 442 അടി താഴ്ചയിലേക്ക് വെള്ളം അതിശക്തിയായി വീണു കൊണ്ടിരിക്കുന്നു. അതിരപ്പള്ളി കണ്ടിട്ടുള്ളവർക്കു, അത്രയും വെള്ളം അതിന്റെ അഞ്ചിരട്ടി ഉയരത്തിൽ നിന്ന് വീഴുന്നത് സങ്കല്പിച്ചാൽ മതിയാകും.
ഈ വെള്ളച്ചാട്ടം ഇത്രയ്ക്കു പ്രശസ്തമാവാൻ കാരണം ഇതിന്റെ ഉയരമോ, ഭംഗിയോ അല്ല, പക്ഷെ ഒരു കൊച്ചു മൽസ്യം ആണ്. അഞ്ചു ഇഞ്ചു മാത്രം നീളമുള്ള ഈ വിദ്വാന്റെ പേര് ഒ ഓപ്പു അലാമോ എന്നാണ്. ഹവായി ഭാഷയിലെ ഉച്ചാരണം മലയാളത്തിലേക്കാക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. Clif climbing goby എന്നാണ് ഇംഗ്ലീഷിൽ ഇത് അറിയപ്പെടുന്നത്. പുള്ളി ശരിക്കും ചെയ്യുന്നതും അത് തന്നെയാണ്. ഇതിന്റെ ശാസ്ത്രീയ നാമം Lentipes concolor എന്നാണ്.
ഈ വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള പാറകളുടെ ഇടയിൽ ഇടുന്ന മുട്ടയിൽ നിന്നാണ് ഇതിന്റെ ജീവചക്രം തുടങ്ങുന്നത്. മുട്ട വിരിഞ്ഞ ഉടനെ ഇതിന്റെ ലാർവ വെള്ളച്ചാട്ടത്തിലൂടെ താഴേക്ക് പതിച്ചു അവസാനം കടലിൽ എത്തിച്ചേരുന്നു. കടലിൽ ആറു മാസത്തോളം കഴിയുന്ന ഇവ മുകളിൽ ജല സാന്നിദ്യത്തിന്റെ സിഗ്നൽ കിട്ടിയാൽ, തിരിച്ചു മുകളിലേക്കുള്ള യാത്ര തുടങ്ങുന്നു. അഞ്ഞൂറ് അടിയോളം ഉയരത്തിലേക്ക് വെള്ളച്ചാട്ടത്തിലൂടെ ഇവ പിടിച്ചു കയറുന്നു. ഒരു സക്ഷൻ കപ്പ് പോലെ ഉള്ള ശരീര ഭാഗം ഉപയോഗിച്ചാണ് ഈ യാത്ര. മുകളിൽ എത്തിയാൽ പിന്നെ ശേഷകാലം അവിടെ കഴിയുന്നു. ഇവ ഇടുന്ന മുട്ടകൾ വിരിയുകയും കുഞ്ഞുങ്ങൾ ഈ വിചിത്ര ജീവ ചക്രം തുടരുകയും ചെയ്യുന്നു.
ഇവ വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് കയറുന്ന വീഡിയോ കാണേണ്ടതാണ്. താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്.
വെള്ളച്ചാട്ടം വറ്റി വരളുന്ന സാഹചര്യം വന്നാൽ കുലമറ്റ് പോകാതിരിക്കാൻ ഉള്ള ഒരു വഴി ആണ് ഈ വിചിത്ര ജീവ ചക്രം എന്ന് എനിക്ക് തോന്നുന്നു.
പരിണാമത്തിന്റെ രൂപഭേദങ്ങൾ തിരഞ്ഞു ഡാർവിൻ കടലിന്റെ നടുക്ക് ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളിലേക്കു പോയത് വെറുതെയല്ല, അവിടെയാണ് ജീവൻ നമ്മൾ കാണാത്ത പുതിയ കാഴ്ചകൾ കാണിച്ചു തരുന്നത്.
നോട്ട് 1 : ഈ മീൻ വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് കയറുന്ന വീഡിയോ, must watch : http://www.bbc.co.uk/programmes/p004y2h5
നോട്ട് 2 : ഹവായിയിലെ കാലാവസ്ഥ, അഗ്നി പർവതങ്ങൾ എന്നിവ പ്രത്യകം പരാമർശം അർഹിക്കുന്നത് കൊണ്ട് വേറെ പോസ്റ്റ് ആയി ഇടുന്നതായിരിക്കും. എവറെസ്റ്റിനേക്കാൾ ഉയരമുള്ള മൌന്റ്റ് മൗന കിയ കയറിയ കഥ മുൻപ് എഴുതിയിട്ടുണ്ട്.
Leave a Reply