ഒരു ചരിത്ര സംഭവത്തിൽ പരോക്ഷമായി ഭാഗമാവുകയും പിന്നീട് അതുമായി ബന്ധപെട്ട മ്യുസിയം സന്ദർശിക്കുകയും ചെയ്യുക എന്നുള്ളത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല.അങ്ങിനെ ഒരു അനുഭവത്തിനാണ് ഞാൻ ഇന്നലെ സാക്ഷി ആയത്. സാധാരണ ഒരു മ്യുസിയം സന്ദർശനത്തിൽ നിന്ന് വ്യത്യസ്തമായി ഓരോ വസ്തുക്കളും നമുക്ക് പരിചയമുള്ള കഥകൾ പറയുന്ന ഒരു അനുഭവം. ഇത് നടന്നപ്പോൾ പിറന്നിട്ടില്ലാതിരുന്ന കുട്ടികൾക്ക് കുറച്ചെങ്കിലും നാം കടന്നു പോയ അനുഭവം പറഞ്ഞു കൊടുക്കാനുള്ള ഒരു അവസരം കൂടി ആയിരുന്നു അത്.
സെപ്റ്റംബർ 11 ഭീകര ആക്രമണത്തിന്റെ പുറകിൽ ഉള്ള കാര്യങ്ങളെ കുറിച്ച് പുസ്തകങ്ങൾ തന്നെ എഴുതപെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ – സോവിയറ്റ് റഷ്യ യുദ്ധ സമയത്ത് പടിഞ്ഞാറൻ രാജ്യങ്ങളായ അമേരിക്കയുടെയും മറ്റും സഹായത്തോടെ വളർന്നു വന്ന അൽ ഖൈദ (അടിത്തറ എന്ന് മലയാളം അർഥം) എന്നാ സംഘടന, അമേരിക്കയുടെ ഇസ്രയേൽ അനുകൂല മനോഭാവത്തോടും, സൗദി തുടങ്ങി അമേരിക്കയോടെ വിധേയത്തം കാണിക്കുന്ന രാജ്യങ്ങളോടും ഉള്ള എതിർപ്പ് കൊണ്ട് ഒരു വിശുദ്ധ യുദ്ധ പ്രഖ്യാപനത്തിൽ എത്തുകയും, പല തവണ പടിഞ്ഞാറൻ രാജ്യങ്ങളെ, പ്രത്യേകിച്ച് അമേരിക്കയെ ആക്രമിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. അതിന്റെ ഒരു കലാശകൊട്ട് ആയിരുന്നു 9/11 ആക്രമണം.
സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം ന്യായമായതും അല്ലാത്തതും ആയ അനേകം യുദ്ധങ്ങൾ അമേരിക്ക അഫ്ഗാനിസ്ഥാനെതിരെയും ഇറാക്കിന് എതിരെയും അഴിച്ചു വിട്ടു. വർഷങ്ങള്‍ക്ക് ശേഷം ന്യൂ യോർക്കിലെ 9/11 മ്യുസിയം ഈ അനുഭവങ്ങളെ എല്ലാം തിരികെ കൊണ്ട് വരുന്നു.
2001 സെപ്റ്റംബർ 11ന് ഞാൻ ന്യൂ യോർക്കിൽ നിന്ന് ഒരു മണിക്കൂർ (50 miles ) അകലെ പ്രിൻസ്റ്റൻ എന്നാ സ്ഥലത്ത് ആയിരുന്നു. ഒരാഴ്ച മുൻപ് മാത്രം ആണ് ഞാൻ WTC സന്ദർശിച്ചത്, ഒരു പൈസ (penny) ഇട്ടു ഉണ്ടാക്കുന്ന ഒരു സ്മാരകവും ഞാൻ വാങ്ങി. ഇന്നും കയ്യിലുണ്ടത്.
സെപ്റ്റംബർ 11 നു രാവിലെ 8:50 മണിയോടെ ഓഫീസിൽ എത്തിയ ഞങ്ങളെ എതിരെറ്റതു വേൾഡ് ട്രേഡ് സെന്ററിൽ ഒരു ചെറിയ ഹേലി കോപ്ടരോ വിമാനമോ തകര്‍ന്നു വീണു എന്നാ വാർത്ത ആണ്. 8:52 നു CBS ന്യൂസ് ചാനൽ ചില ദ്രിശ്യങ്ങൾ കാണിക്കാൻ തുടങ്ങി. അപ്പോഴും, ഇത് ഒരു ഭീകര ആക്രമണം ആണ് എന്ന് ആര്‍ക്കും അറിയ്യില്ലയിരുന്നു. ഒരു അപകടം എന്ന് മാത്രം എല്ലാവരും കരുതി. (https://www.youtube.com/watch?v=VDv3_KfdBs4)
Financial മേഖലയില ജോലി ചെയ്യുന്നത് കൊണ്ടും, അപകടം നടന്ന സ്ഥലം വാൾ സ്റ്റ്രീട്ടിന്റെ അടുത്തായത് കൊണ്ടും വേൾഡ് ട്രേഡ് സെന്ററിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കളെ ബന്ധപ്പെടാൻ ഞാൻ ശ്രമിച്ചു. ഓരോ 3 മിനുട്ടിലും ന്യൂ ജെർസിയിൽ നിന്ന് PATH ട്രെയിനുകൾ വേൾഡ് ട്രേഡ് സെന്ററിന്റെ അടിയിലുള്ള സ്റ്റേഷനിൽ എത്തി ചേരും. അതിലാണ് എന്റെ സുഹൃത്ത് അലൻ ഓഫീസിൽ പോകുന്നത്. ന്യൂ ജെര്സിയിൽ നിന്നു വേൾഡ് ട്രേഡ് സെന്ടരിലെക്കുള്ള എല്ലാ ട്രെയിൻ സെർവിസും നിരത്തി വച്ച് എന്ന് അലൻ പറഞ്ഞു. സാധാരണ സമയത്ത് ജോലിക്ക് പോകാറുള്ള അലൻ അന്ന് കുറച്ചു വൈകിയത് കൊണ്ട് രക്ഷപെട്ടു. ആദ്യത്തെ വിമാനം ഇടിച്ച ഉടനെ നിർത്തി വച്ച ആദ്യ സർവീസ് PATH ആയിരുന്നു. മ്യുസിയത്തിൽ പ്രദർശിപ്പിചിരിക്കുന്ന പകുതി കരിഞ്ഞ PATH ടിക്കറ്റുകൾ അലന്റെ രക്ഷപെടൽ ഓർമിപ്പിച്ചു. (http://www.nj.com/…/…/08/decisive_action_by_path_employ.html)
വേൾഡ് ട്രേഡ് സെന്റര്‍ നോർത്ത് സൌത്ത് എന്നിങ്ങനെ 110 നിലകൾ ഉള്ള രണ്ടു ടവറുകൾ ആയിരുന്നു.നോർത്ത് ടവറിൽ ആണ് ആദ്യ വിമാനം ഇടിച്ചത്. സൌത്ത് ടവറിൽ ജോലി ചെയ്യുന്ന എന്റെ വേറെ ഒരു കൂട്ടുകാരനെ ഫോണിൽ കിട്ടി. അവിടെ ഉള്ള എല്ലാവരും താഴേക്ക് ഇറങ്ങാൻ തുടങ്ങി എന്നും, പകുതി ദൂരം എത്തിയപ്പോൾ, സൌത്ത് ടവറിനു തകരാർ ഒന്നും ഇല്ലാത്തതു കൊണ്ട് എല്ലാവരും അവരവരുടെ സീറ്റിലേക്ക് തിരിച്ചു പോകണം എന്നാ അനൗൻസ്മെന്റ് കേട്ട് എല്ലാവരും തിരിച്ചു പോയി എന്നും അവൻ പറഞ്ഞു. കുറച്ചു ഇന്ത്യക്കാർ മാത്രം ചായ കുടിക്കാനും, നോർത്ത് ടവറിലെ തീ കാണാനുമായി പുറത്തേക്ക് നടന്നു. അവർ കണ്ടു കൊണ്ട് നിൽക്കുമ്പോൾ ആണ് സൌത്ത് ടവറിൽ രണ്ടാമത്തെ വിമാനം ഇടിക്കുന്നത്. സമയം 9:03. മ്യുസിയത്തിൽ രണ്ടാമത്തെ വിമാനം ഇടിച്ചു കയറുന്ന വീഡിയോ ഉണ്ട്. വളരെ അധികം ചിത്രങ്ങളും. (https://www.youtube.com/watch?v=UVhhu5OjMf8).
അതോടെ ഇത് ഒരു ഭീകര ആക്രമണം ആണെന്ന് എല്ലാവര്ക്കും മനസ്സിൽ ആയി. നാട്ടിൽ ഉടനെ വിളിച്ചു ഞങ്ങൾ സുരക്ഷിതർ ആണെന്ന് പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം എല്ലാ ഫോൺ നെറ്റ് വർക്കും ബ്ലോക്ക്ക് ആയി.
സൌത്ത് ടവറിൽ വിമാനം ഇടിക്കുന്നത് കണ്ട സുഹൃത്തിന്റെ മാനേജർ ഉൾപ്പെടെ എല്ലാവരും കൊല്ലപെട്ടു. ന്യൂ യൊർക്കിലെക്കുള്ള എല്ലാ ടണലുകളും ഗവണ്മെന്റ് അടച്ചു. പലരും പാലങ്ങളിലൂടെയും, ടണലിലൂടെയും നടന്നു പിറ്റേന്ന് ഒക്കെ ആണ് വീട്ടില്‍ എത്തിയത്. ഫോൺ നെറ്റ് വർക്ക് ജാം ആയി പോയത് കൊണ്ട് വീട്ടിൽ എത്തിയതിനു ശേഷം ആണ് പലർക്കും തങ്ങളുടെ പ്രിയപെട്ടവർ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിഞ്ഞത്. എന്റെ 2 കൂട്ടുകാർക്ക് ഈ സംഭവത്തിന് ശേഷം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അസുഖം (attention deficiency) കുറെ നാളുകൾ ഉണ്ടായിരുന്നു.
കത്തി കൊണ്ടിരിക്കുന്ന ടവറിൽ നിന്നും പലരും പുകയും തീയും മൂലം എടുത്തു ചാടാൻ തുടങ്ങി. ന്യൂ യോർക്ക് മേയർ റൂഡി ജൂലിയാനിയെ എതിരേറ്റതു ഈ കാഴ്ച ആയിരുന്നു. മ്യുസേയത്തിലെ ചില വീഡിയോകളിൽ ഇത് കാണാം. 200 പേരോളം ഇങ്ങിനെ മരിച്ചു.
ഈ സമയത്തും, 2 ടവറും തകര്‍ന്നു വീഴും എന്ന് ആരും വിചാരിച്ചില്ല. കാരണം, മാൻഹാട്ടൻ ദ്വീപിലെ റോക്ക് ബെഡിൽ സ്റ്റീൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന 2 ടവറും ചെറിയ വിമാനങ്ങളുടെ ഇടി താങ്ങാൻ കെൽപ്പുള്ളവയായിരുന്നു. പക്ഷെ അവിടെ ആണ് ഭീകരരുടെ ഹോം വർക്ക് കാണാം കഴിയുക. ബോസ്റ്ൺ, ന്യൂ ജേർസി എന്നിവിടങ്ങളില നിന്ന് ഏറ്റവും ദൂരേക്ക് പോകുന്ന, ഏറ്റവും കൂടുതൽ ഇന്ധനം നിറച്ച വിമാനങ്ങൾ ആണ് അവർ ഇതിനു ഉപയോഗിച്ചത്. ചൂട് കൊണ്ട് ബലക്ഷയം സംഭവിച്ച ഇരുന്പു തൂണുകൾ വൈകാതെ കീഴടങ്ങി.
ന്യൂ ജേർസി മുതൽ ന്യൂ യോര്‍ക്കിലെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള അഗ്നി ശമന സെനാംഗങ്ങളും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു. മരണത്തെ സ്വയം വരിച്ചവർ ആണ് അവർ. എല്ലാവരും താഴേക്ക് പോരുമ്പോൾ അവർ മുകളിലേക്ക് കയറിപ്പോയി. 343 അഗ്നി ശമന സേനാംഗങ്ങൾ ആണ് അന്ന് മരിച്ചത്. അവരുടെ ഓര്‍മക്കായി ടവറുകൾ വീണു തകര്‍ന്നു പോയ Ladder 3 എന്ന ഫയർ ട്രക്ക് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. (http://www.nydailynews.com/…/9-11-memorial-museum-gallery-1…)
9:37 നു രണ്ടാമതൊരു വിമാനം അമേരിക്കയുടെ സൈന്യത്തിന്റെ തലച്ചോർ എന്ന് വിശേഷിപ്പിക്കാവുന്ന പെന്റഗൊണിൽ ഇടിച്ചിറക്കി.
10 മണി ആയപ്പോഴേക്കും, മൂന്നാമതൊരു വിമാനം കൂടി തട്ടിയെടുക്കപ്പെട്ടു എന്ന് വാർത്ത വന്നു. ആ വിമാനത്തിൽ ഉണ്ടായിരുന്നു യാത്രക്കാരുടെ ഫോൺ വിളികളിൽ നിന്നും, കോക്ക് പിറ്റ് റെകോർഡറിൽ , അവർ ന്യൂ യോര്‍ക്കിലും പെന്റഗൊണിലും നടന്നത് അറിഞ്ഞുവെന്നും, വാഷിങ്ങ്ടോൻ DC യിൽ കോൺഗ്രസ് കൂടി കൊണ്ടിരിക്കുന്നതിനാൽ വൈറ്റ് ഹൌസോ, കോൺഗ്രസ് കെട്ടിടമോ ആണ് റാഞ്ചികളുടെ ലക്ഷ്യം എന്ന് മനസിലാക്കി, റാഞ്ചികളെ എതിരിടാൻ തീരുമാനിച്ചു എന്നും നമുക്ക് മനസിലാക്കാം. കോക്ക് പിറ്റിന്റെ വാതിലിൽ ഇടിക്കുന്ന ശബ്ദവും , റാഞ്ചികൾ ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപേ വിമാനം താഴേക്ക് പതിപ്പിക്കാൻ പറയുന്നതും എല്ലാം നമുക്ക് കേൾക്കാം.
10 മണിയോടെ സൌത്ത് ടവറും, 10:30 ന് നോർത്ത് ടവറും നിലം പതിച്ചു. 4 അടി പൊടി ആണ് ഈ ഭാഗങ്ങളിൽ വീണത്. ഈ വിഷ പൊടി ശ്വസിച്ചു കുറെ രക്ഷാ പ്രവർത്തകർക്ക് പിന്നീട് കാൻസർ ഉൾപ്പെടെ രോഗങ്ങള ബാധിച്ചു.
ഈ മ്യുസിയത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന പലർ നടത്തിയ 30 ഓളം ഫോൺ കോളുകളുടെ റെക്കോർഡ് ഉണ്ട്. തങ്ങളുടെ പ്രിയപെട്ടവരെ വിളിച്ചു അവസാനത്തെ യാത്ര പറയുന്ന അവസരത്തിൽ പോലും വളരെ ധൈര്യപൂർവം സംസാരിക്കുന്നതു അത്ഭുതത്തോടെ മാത്രമേ കേൾക്കാൻ പറ്റൂ.
90 രാജ്യങ്ങളിൽ നിന്നായി 3000 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. കൊല്ലപെട്ടവരുടെ ഓർമയ്ക്കായി മെമ്മോറിയൽ വാൾ എല്ലാവരുടെയും ഫോട്ടോ സഹിതം ഉണ്ട്. മാത്രം അല്ല പേരുകൾ സെർച്ച് ചെയ്യാൻ ആയി ഒരു ടച്ച് സ്ക്രീനും ഉണ്ട്. ഞങ്ങൾ പട്ടേൽ എന്ന് നോക്കിയപ്പോൾ, 7 പേരും, ഗോപാലകൃഷ്ണൻ എന്ന് ഒരു പേരും, ഹാരിസ് എന്ന് നോക്കിയപ്പോൾ 12 പേരും വന്നു. ചുരുക്കം ചില രാജ്യങ്ങൾ ഒഴിച്ചാൽ ഏറ്റവും കൂടുതൽ വിദേശികൾ കൊല്ലപ്പെട്ടത് ഇന്ത്യക്കാരാണ്, 41 പേർ. കൊല്ലപെട്ടവരുടെ വേണ്ടപെട്ടവർ അതമഹത്യ ചെയ്ത സംഭവവും ഇന്ത്യയിൽ നിന്ന് 5 വര്‍ഷത്തിനു ശേഷം റിപ്പോർട്ട് ചെയ്യപെട്ടു (http://www.rediff.com/news/2006/sep/14spec1.htm). കൊല്ലപെട്ടവരുടെ കൂട്ടത്തിൽ 32 മുസ്ലിങ്ങളും ഉണ്ടായിരുന്നു. (ഇത് ചെയ്തവരെ അങ്ങിനെ കണക്കു കൂട്ടുന്നത് തെറ്റായത് കൊണ്ട് കണക്കിൽ നിന്ന് ഒഴിവാക്കുന്നു.)
കെട്ടിടത്തിന്റെ ലിഫ്റ്റിന്റെ കൂറ്റൻ മോട്ടോറും, വിമാനത്തിന്റെ ജനാലകളുടെ ഭാഗങ്ങൾ , സീറ്റ് ബെൽറ്റ് എന്നിവയുടെ അവശിഷ്ടം എന്നിവ ഭൌതിക അവശിഷ്ടങ്ങൾ ആയി ഇവിടെ ഉണ്ട്. പക്ഷെ കൊല്ലപെട്ടോ ഇല്ലയോ എന്നറിയാതെ വളഞ്ഞ വേണ്ടപെട്ടവർ മരിച്ചവരുടെ ഫോണിൽ വിളിച്ചു റെക്കോർഡ് ചെയ്ത മെസ്സേജുകൾ ഹൃദയ ഭേദകം ആണ്.
കെട്ടിടത്തിന്റെ ഒരു പടവ് തകരാതെ നില്‍ക്കുകയും, കുറെ പേര് അതിലൂടെ ഇറങ്ങി രക്ഷപെടുകയും ചെയ്തിരുന്നു. ആ പടവുകൾ, survivors stairs എന്നാ പേരില്‍ മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. (https://www.911memorial.org/survivors-stairs)
ജെറ്റ് ഇന്ധനം രക്ഷ പ്രവർത്തനത്തെ ദുഷ്കരം ആക്കി. 3 മാസവും 10 ദിവസവും തീ കത്ത്തികൊണ്ടിരുന്നു. അമേരിക്കയിൽ പല ഭാഗങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ പങ്കെടുത്ത വലിയ ഒരു ശുചീകരണ പ്രവർത്തനം ആയിരുന്നു അത്. മേയർ ജൂലിയാനി എല്ലാത്തിനും നേതൃത്തം നല്കി. അടുത്തുള്ള St.Pauls പള്ളി രക്ഷപ്രവർത്തകാരുടെ താത്കാലിക കേന്ദ്രം ആയി മാറി. സെപ്റ്റംബർ 17 വരെ ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് അടഞ്ഞു കിടന്നു. പേൾ ഹാർബറിന് ശേഷം അമേരിക്കയുടെ മണ്ണില അതും അമേരിക്കയുടെ സാന്പത്തിക കേന്ദ്രത്തിൽ ഏറ്റ ഏറ്റവും വലിയ അടിയായിരുന്നു ഈ സംഭവം.
രക്ഷപെട്ടവരെ ലോവർ മാൻഹാട്ടനിൽ നിന്ന് അവരവരുടെ വീടുകളിൽ എത്തിക്കുക എന്നത് ശ്രമകരം ആയിരുന്നു. എന്റെ സുഹൃത്ത് രാജീവനും, കൃഷ്ണയും 15 കിലൊമീറ്ററുകളോളം നടന്നു ടണലും പാലവും താണ്ടി ന്യൂ ജെർസിയിൽ വീട്ടിൽ എത്തി ചേർന്നത് പിറ്റേ ദിവസം ആയിരുന്നു. സെപ്റ്റംബർ 11 രാത്രി വരെ അവർ ജീവിച്ചിരിപ്പുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.
ഏതാണ്ട് 5 ലക്ഷം ആളുകളെ അമേരിക്കൻ കോസ്റ്റ് ഗാർഡ് സൈനികവും സിവിലും ആയ ബോട്ടുകളിൽ രക്ഷപെടുത്തി. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യം ഫ്രാൻസിൽ നടത്തിയതിനെക്കാൾ വലിയ ഒരു സംരംഭം ആയിരുന്നു ഇത്. (https://www.youtube.com/watch?v=MDOrzF7B2Kg)
ജെറ്റ് ഇന്ധനം മൂലം മരിച്ചവരുടെ ശരീരം തിരിച്ചറിയൽ അസാധ്യം ആയിരുന്നു. 5 നിലയിൽ ഉള്ള സാധനങ്ങൾ എല്ലാം 1-2 അടി കനത്തിൽ ഉരുകി ചേർന്ന് ഇരിക്കുന്ന ഒരു ഭാഗം മ്യുസിയത്തിൽ ഉണ്ട്. എത്ര മനുഷ്യർ അതിൽ ഉണ്ടാവും. DNA ടെസ്റ്റ് വഴി ആണ് ഇപ്പോഴും ചില ആളുകളെ തിരിച്ചറിയുന്നത്.
6 ദിവസത്തിനു ശേഷം സെപ്റ്റംബർ 17 ന് ഞാൻ ഇവിടം സന്ദർശിച്ചു. വഴി നീളെ കാണാതെ പോയ ആളുകളുടെ പോസ്റ്ററുകൾ ആയിരുന്നു. ഓരോ ഫയർ എഞ്ചിൻ കടന്നു പോകുന്പോളും ആളുകള്‍ അമേരിക്കയുടെ ദേശീയ ഗാനം ആലപിച്ചു, ചിലർ സല്യൂട്ട് ചെയ്തു. വഴി വക്കിൽ നിന്ന് രക്ഷാ പ്രവർത്തനത്തിൽ എർപെടുന്നവർക്ക് വെള്ളവും ആഹാരവും കൊടുത്തു. തീ അപ്പോഴും കത്തി കൊണ്ടിരുന്നു. ഏഴു നില ഉയരത്തിൽ കുറച്ചു സ്റ്റീൽ കോളം മാത്രം ശേഷിച്ചിരുന്നു.
2003 മുതൽ 2009 വരെ ട്രേഡ് സെന്ററിന്റെ തൊട്ടു അടുത്ത് ആണ് ഞാൻ ജോലി ചെയ്തത്. തകര്‍ന്നു വീണ 7 കെട്ടിടങ്ങളുടെ സ്ഥലത്ത് പതുക്കെ പതുക്കെ പുതിയ കെട്ടിടങ്ങളും സ്മാരകങ്ങളും വന്നു. 10-ആം വാർഷികത്തിന് മരിച്ച എല്ലാവരുടെയും പേരുകൾ കൊത്തി വച്ച റിഫ്ലെക്റ്റിങ്ങ് പൂൾ വന്നു. 2 വര്‍ഷങ്ങള്‍ക്ക് മുൻപ് മ്യുസിയവും. (http://www.911memorial.org/blog/tags/reflecting-pool). 2014il ഇവിടെ ആദ്യത്തെ കെട്ടിടം ഫ്രീഡം ടവർ തുറന്നു.
യുദ്ധങ്ങളും ആക്രമണങ്ങളും ചില ഓർമ്മപെടുത്തലുകൾ ആണ്. മനുഷ്യന്റെ കെട്ടടങ്ങാത്ത അക്രമ വാസനയുടെ ഓർമപെടുത്തലുകൾ. ജോർജ് ബുഷ് പറഞ്ഞ പോലെ മറ്റു രാജ്യങ്ങളിലെ പ്രശ്നങ്ങൾ അവഗണിച്ചു കൊണ്ട് ഒരു കുമിളയ്ക്ക് അകത്തു അമേരിക്ക പോലുള്ള രാജ്യങ്ങല്ക്ക് ഇരിക്കാൻ പറ്റില്ല എന്ന ഓർമപെടുത്തൽ , മാത്രമല്ല, യുദ്ധരൂപങ്ങളുടെ ഒരു പുതിയ വായതനം തുറന്നിട്ട സംഭവം. മതം രാഷ്ട്രീയം എന്നിങ്ങനെ മനുഷ്യനെ ഭ്രാന്തനാക്കുന്ന ചില പ്രത്യയ ശാസ്ത്രങ്ങളുടെ വിരൂപ മുഖവും ഇത് തുറന്നു കാണിച്ചു. ശീത യുദ്ധത്തിനു ശേഷം, റഷ്യയും അമേരിക്കയും, ലോകത്തെ പല രാജ്യങ്ങളെയും കോളനികൾ ആക്കാൻ നടത്തിയ ചില നീക്കങ്ങളുടെ അനന്തര ഫലം കൂടി ആണ് ഈ സംഭവം. ഈ സംഭവത്തിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത് മെസോപൊട്ടൊമിയൻ സംസ്കാരത്തിന്റെ ഈറ്റില്ലമായിരുന്ന ഇറാഖ് ആയിരുന്നു എന്നുള്ളതാണ് ദുഖകരമായ വസ്തുത.
ഇനി ഇങ്ങിനെ ഒരു സംഭവം ഉണ്ടാവാതിരിക്കട്ടെ എന്ന് ഏഴുതി അവസാനിപ്പിക്കണം എന്നുണ്ട്, പുതിയ യുദ്ധങ്ങൾ നടന്നു കൊണ്ടേയിരിക്കുന്ന ഇപ്പോൾ ആശിക്കാൻ വകുപ്പ് കാണുന്നില്ല.
നോട്ട് ൧ : എന്റെ ഒരു അയല്പക്കക്കാരൻ ഈ ആക്രമണത്തിൽ മരിച്ചിരുന്നു. ഞങ്ങളുടെ റോഡ് അദ്ധേഹത്തിന്റെ പേരില്‍ ആണ് ഇപ്പോൾ അറിയപ്പെടുന്നത്.
നോട്ട് ൨ : ഐഫോണിലും ആൻഡ്രോയിഡിലും 911 മ്യുസിയം എന്നാ ആപ് ഡൌൺലോഡ് ചെയ്താൽ കൂടുതൽ വിവരങ്ങൾ നിങ്ങള്‍ക്ക് തന്നെ കാണാം.
Leave a Reply