കനത്ത മഴയിലേക്കാണ് ഹവായിയിലെ ബിഗ് ഐലണ്ടിലുള്ള കോനാ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്തത്. കൊച്ചിയിൽ വിമാനമിറങ്ങുന്പോൾ ചുറ്റും പുഴയും കായലും പച്ചപ്പും എല്ലാം ആണ് കാണുന്നതെങ്കിൽ ഇവിടെ ഒരു വലിയ ലാവാ ഫീൽഡിന്റെ നടുവിലാണ് റൺവേ. ബീച്ചും വെയിലും എല്ലാം സ്വപ്നം കണ്ടു വന്ന ഞങ്ങൾക്ക് കാലാവസ്ഥ പണി തരുമോ എന്ന് ചെറുതായി പേടിച്ചു. കാർ വാടകയ്‌ക്കെടുത്ത സ്ഥലത്തെ ആളാണ് പറഞ്ഞത്, പേടിക്കേണ്ട, നിങ്ങൾ പോകാൻ പോകുന്ന സ്ഥലത്തു മഴ ഉണ്ടാവില്ല.
ഒരു പക്ഷെ അത്ര ദൂരെ ആണ് ആ സ്ഥലം എന്ന് ഞാൻ കരുതി, പക്ഷെ ഇരുപതു മിനിറ്റ് കാർ ഓടിച്ചപ്പോഴേക്കും മഴയുടെ പൊടി പോലും ഇല്ലാത്ത പരസ്യത്തിലെല്ലാം കാണുന്ന പോലെ വെളുത്ത മണലുള്ള ബീച്ചും നല്ല നീലാകാശവും. ഞങ്ങൾ അതിനടുത്താണ് ആണ് താമസിച്ചത്.
ഹവായിയിൽ വരുന്നതിനു മുൻപ് എന്തൊക്കെ തരം വസ്ത്രങ്ങൾ ആണ് പാക്ക് ചെയ്യേണ്ടത് എന്ന് ഇന്റെർനെറ്റിൽ തിരഞ്ഞപ്പോൾ ആണ് ബിഗ് ഐലൻഡിലെ കാലാവസ്ഥയെ കുറിച്ച് ആദ്യമായി വായിച്ചത്. ഭൂമിയിൽ ഉള്ള 13 കാലാവസ്ഥകളിൽ (climatic zones) ഏതാണ്ട് പത്തെണ്ണം ഈ കൊച്ചു ദ്വീപിൽ കാണാം. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ ഡ്രൈവ് ചെയ്യുന്പോൾ മരുഭൂമിയും, മഴക്കാടും , മഞ്ഞും ഉൾപ്പെടെ പത്തോളം കാലാവസ്ഥകളിലൂടെ കടന്നു പോകുന്നത് ആലോചിച്ചു നോക്കൂ.. അതാണ് ബിഗ് ഐലൻഡിൽ ഡ്രൈവ് ചെയ്യുന്പോൾ നമുക്ക് അനുഭവിക്കാൻ പറ്റുക. രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് മരുഭൂമിയിൽ നിന്ന് മഞ്ഞിലേക്കോ മഴക്കാട്ടിലേക്കോ നിങ്ങള്ക്ക് ഡ്രൈവ് ചെയ്തു പോകാം.
എവിടെ തിരിഞ്ഞു നോക്കിയാലും കാണുന്ന അഗ്നി പർവതങ്ങൾ ആണ് ഈ കാലാവസ്ഥയ്ക്ക് കാരണം. മൗന ലോവ, മൗന കിയാ എന്നിങ്ങനെ രണ്ടു അതി ഭീമൻ അഗ്നി പർവതങ്ങൾ. കടൽ നിരപ്പിൽ നിന്ന് 14000 അടി ഉയരമുള്ള മൗന കിയയുടെ മുകളിലേക്ക് കാറോടിച്ചു പോകാം. ഏതാണ്ട് പകുതി ദൂരം എത്തുന്പോഴേക്കും പതിനാറു വയസിൽ താഴെ ഉള്ള കുട്ടികളെ തടയും, ഓക്സിജന്റെ ലഭ്യത കുറയുന്നതാണ് കാരണം. ഞങ്ങൾ താമസിക്കുന്ന നല്ല വെയിലും നീലാകാശവും ഉള്ള റിസോർട്ടിൽ നിന്നും വെറും ഒന്നേ മുക്കാൽ മണിക്കൂർ യാത്ര മാത്രമേ ഇങ്ങോട്ടുള്ളൂ, പക്ഷെ ഇതിന്റെ മുകളിൽ മുഴുവൻ മഞ്ഞു മൂടി കിടക്കുകയാണ്. ഈ അഗ്നി പർവതത്തിന്റെ മുകളിൽ ആണ് പല ലോക രാജ്യങ്ങളും തങ്ങളുടെ തങ്ങളുടെ ടെലിസ്കോപ്പുകൾ സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നാൽ നല്ല തെളിഞ്ഞ ആകാശത്തിൽ അനേകം നക്ഷത്രങ്ങളും ആകാശ ഗംഗയും, വേറെ ഒരിടത്തും ഞാൻ കണ്ടിട്ടില്ലാത്ത zodiac ലൈറ്റും കാണാൻ കഴിയും.( ഇതിനെ പറ്റി ഞാൻ മുൻപ് വിശദമായി എഴുതിയിട്ടുണ്ട്).
അതിന്റെ അടുത്ത ദിവസം അക്കാക്ക വെള്ളച്ചാട്ടം കാണാൻ പോയി. നീലാകാശം പതുക്കെ മാഞ്ഞു പോയി കനത്ത കാർമേഘങ്ങൾ കണ്ടു തുടങ്ങി. സൂര്യവെളിച്ചം താഴേക്ക് വീഴാത്ത ഒരു മഴക്കാട്ടിലേക്കാണ് രണ്ടു മണിക്കൂർ കൊണ്ട് ചെന്നു കയറിയത്. വർഷത്തിൽ ഏതാണ്ട് എല്ലാ ദിവസവും മഴ കിട്ടുന്ന സ്ഥലം ആണിത്. ഇവിടെ ആണ് കടലിൽ നിന്ന് വെള്ളച്ചാട്ടത്തിലൂടെ മുകളിലേക്ക് കയറി പോകുന്ന അത്ഭുത മൽസ്യം ഉള്ളത്. കേരളത്തിൽ ജൂൺ ജൂലൈയിൽ ഒരു കാട്ടിൽ കൂടി പോകുന്ന പോലുള്ള ഒരു അനുഭവം ആണിത്. ചുറ്റും തെങ്ങും വാഴയും പൈൻ ആപ്പിൾ ചെടികളും തുടങ്ങി അനേകം ജീവി വൈവിധ്യങ്ങൾ ഉള്ള ഒരു മഴക്കാട്, അവിടെ വളരെ ഉയരത്തിൽ നിന്ന് വീഴുന്ന ഒരു വെള്ളച്ചാട്ടം. വർഷത്തിൽ 300 ഇഞ്ച് മഴ കിട്ടുന്ന സ്ഥലം ആണിത്. ( ഇതിനെ കുറിച്ചും നേരത്തെ വിശദമായി എഴുതിയിട്ടുണ്ട്)
ഇവിടെ നിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ഹവായിയിലെ മരുഭൂമിയിൽ എത്താം. വർഷത്തിൽ വെറും 10 ഇഞ്ച് മഴ ലഭിക്കുന്ന ഹാപൂനാ ബീച്ച് പാർക്ക്. ഒരു കൊച്ചു ബീച്ച് ആണിത്, ഗൾഫ് രാജ്യങ്ങളിലെ മരുഭൂമിയും ആയി താരതമ്യം ചെയ്യാൻ കഴിയില്ല. പക്ഷെ മരുഭൂമിയുടെ എല്ലാ ലക്ഷണങ്ങളും ഉള്ള ഒരു കൊച്ചു കഷ്ണം മരുഭൂമി.
ഉയരത്തിൽ മഞ്ഞ പുല്ലുകൾ നിൽക്കുന്ന , കുതിരകളെ വളർത്തുന്ന റാഞ്ചുകൾ ഉള്ള ചില ഇടങ്ങളും ഉണ്ട്. പക്ഷെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഒരു മൺസൂൺ പ്രദേശം ആണ്, വെറും 10 മൈൽ മാത്രം ചുറ്റളവിൽ ഉള്ള പൗയിലോ എന്ന സ്ഥലം കേരളത്തിലെ മൺസൂൺ ആണ് ഇപ്പോഴും, വളരെ ഉയരത്തിൽ മരങ്ങൾ വളർന്നു നിൽക്കുന്ന ഒരു സ്ഥലം. വെറും പത്തു മിനുട്ട് നേരത്തേക്ക് നിങ്ങൾ കേരളത്തിൽ പോയ പ്രതീതി.
പറഞ്ഞു വരുന്പോൾ ഒരു പെട്ടിയിൽ സാധ്യമായ എല്ലാ ഉടുപ്പുകളും പാക്ക് ചെയ്തിട്ട് വേണം ബിഗ് ഐലൻഡ് ചുറ്റിക്കറങ്ങാൻ, അല്ലെങ്കിൽ പണി കിട്ടും 🙂
Leave a Reply