കൊച്ചി മുതൽ കന്യാകുമാരി വരെ നീളമുള്ള ഒരു ഗുഹ ഭൂമിക്കടിയിൽ ഉണ്ടെന്നു കരുതുക, അതിലൂടെ കൊച്ചി മുതൽ കൊല്ലം വരെ ഒരു പുഴ ഒഴുകുന്നു. കേൾക്കുന്പോൾ പുളു ആണെന്ന് തോന്നുമെങ്കിലും സംഭവം സത്യം ആണ്. മെക്സിക്കോയിലെ യുക്കാത്താൻ പ്രവിശ്യയിൽ ഉള്ള Sac Actun (http://geo-mexico.com/?p=10921
) ആണത്. ഈ അടുത്ത് കണ്ടു പിടിച്ച ഈ ഗുഹയുടെയും നദിയുടെയും ഒരു ഭാഗം (http://www.riosecreto.com) സന്ദർശകർക്കായി അനുവദിച്ചതിൽ പോകാൻ കഴിഞ്ഞ വർഷം ഭാഗ്യം ലഭിച്ചു. മെക്സികൊയിലെ റിവിയെര മായ എന്നാ തീര പ്രദേശത്തിന് അടുത്താണിത്. മായൻ സംസ്കാരത്തിന്റെ തിരു ശേഷിപ്പുകൾ ആണ് ഇവിടെ എല്ലാ ഇടത്തും. ഞങ്ങൾ മുൻപ് ഇവിടെ വന്നപ്പോൾ ആണ് മായൻ പിരമിഡ് സന്ദർശിച്ചത്. മായൻ സംസ്കാരത്തിൽ പ്രകൃതി ദൈവ വിശ്വാസത്തിന്റെ ഭാഗമായതിനാൽ ഈ ഗുഹയിലും പുഴയിലും ഇറങ്ങുന്നതിനു മുൻപ് കുന്തിരിക്കം പുകച്ചു ഒരു പ്രാർത്ഥന നടത്തും. ഭൂമിക്കടിയിലെ പുഴയിൽ വെള്ളത്തിന് തണുപ്പ് വളരെ കൂടുതൽ ആയിരിക്കും. ഗുഹയുടെ കുറച്ചു അകത്തേക്ക് കയറിയാൽ പിന്നെ വെളിച്ചം ഒട്ടും ഉണ്ടാകില്ല. Wetsuit ഇട്ടാണ് ഇവിടെ ഇറങ്ങുന്നത്. കാഴ്ചയ്ക്കായി തലയിൽ ടോർച് ലൈറ്റ് ഹെൽമെറ്റിന്റെ കൂടെ പിടിപ്പിച്ചിരിക്കും. നീന്തൽ അറിയാത്തത് കൊണ്ട് എനിക്ക്ക് കുറച്ചു പേടി ഉണ്ടായിരുന്നു. പിന്നെ കഴുത്തു വരെ വെള്ളം ഉള്ള സ്ഥലങ്ങളിൽ മാത്രം ആണ് ഞങ്ങളെ കൊണ്ട് പോകുന്നത് എന്ന ഉറപ്പിൽ ആണ് ഇറങ്ങിയത്. മെക്സിക്കോയിലെ ഈ പ്രദേശം പ്രധാനം ആയും ബലം കുറഞ്ഞ ചുണ്ണാന്പ് കല്ലുകൾ ആണ്. ഇതിനു അടിയിലൂടെ ആണ് ഗുഹയും പുഴയും എല്ലാം. കുറച്ചു സ്ഥലങ്ങളിൽ ഈ പുഴയിലേക്ക് തുറക്കുന്ന വലിയ ദ്വാരങ്ങൾ ഉണ്ടാവും. Cenote എന്നാണ് ഇതിനെ പറയുക (https://en.wikipedia.org/wiki/Cenote). ഇങ്ങിനെ ഒരു സീനോട്ടിലൂടെ ആണ് ഞങ്ങൾ പുഴയിൽ ഇറങ്ങിയത്. വിചാരിച്ച പോലെ നല്ല തണുപ്പ് ആയിരുന്നു വെള്ളത്തിന്. ഒരു വടിയും കുത്തി പിടിച്ചു കാൽ വഴുതാതെ പതുക്കെ നടന്നു. ഏതാണ്ട് 10 മിനിറ്റ് കൊണ്ട് അര വരെ വെള്ളം എത്തി. മാത്രമല്ല പ്രകാശം പൂർണമായും ടോർച് ലൈറ്റിന്റെ മാത്രം ആയി. ഗുഹകളിൽ മുകളില നിന്നും വെള്ളം പതുക്കെ ഊർന്നു ഇറങ്ങുന്നതിന്റെ ഫലമായി ചില strucutures ഉണ്ടാവും. മുകളിൽ നിന്നും വീഴുന്ന ഓരോ തുള്ളി വെള്ളത്തിലും ഉള്ള calcium പറ്റിപിടിച്ചു ഇരുന്നു ഉണ്ടാകുന്നവയെ stalactites എന്ന് പറയും (https://en.wikipedia.org/wiki/Stalactite). ഇവ മുകളില നിന്നും താഴേക്ക് തൂങ്ങി കിടക്കും. താഴെ വീണ വെള്ളത്തിലെ mineral കൂടി ചേർന്ന് ഉണ്ടാകുന്നവയെ Stalagmites (https://en.wikipedia.org/wiki/Stalagmite) എന്ന് പറയും. ഇവ തറയിൽ നിന്നും മുകളിലേക്ക് പൊങ്ങി നില്ക്കും. ഇവ എല്ലാം പത്തു വർഷത്തിൽ ഒരു മില്ലി മിറ്റെർ വച്ചാണ് വളരുന്നത്. ഫോട്ടോ കണ്ടാൽ എത്ര വര്ഷം എടുത്താണ് ഈ രൂപങ്ങൾ ഉണ്ടായി വന്നത് എന്ന് ഊഹിക്കാൻ കഴിയും. അത് കൂടാതെ പല രൂപങ്ങളും ഗുഹയ്ക്ക് അകത്തു ഉണ്ട്. ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഒരു ആയിരം ആരാധനാലയങ്ങൾ ഇതിനു അകത്തു വന്നേനെ. ഏതാണ്ട് 1 കിലോമീറ്റർ ഉള്ളിലേക്ക് മാറി ഞങ്ങളുടെ ഗൈഡ് എല്ലാവരോടും ടോർച് ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞു. എന്റെ ജീവിതത്തിൽ ഇത്ര കൂരാ കൂര് ഇരുട്ട് ഞാൻ കണ്ടിട്ടില്ല ( കാണാൻ പറ്റില്ലല്ലോ, ഇരുട്ടല്ലേ 🙂 . കുറച്ചു നേരം എല്ലാവരും നിശബ്ദരായി ഇരുന്നു. ഗുഹയ്ക്കുള്ളിൽ ധ്യാനിക്കുന്നത് വളരെ നല്ല അനുഭവം ആയിരുന്നു. മുഴുവൻ ഇരുട്ടും, വെള്ളത്തിന്റെ ശബ്ദവും മാത്രം. ഗുഹയുക്കുള്ളിൽ ഇരുട്ട് ആയതു കൊണ്ട് ഇവിടെ വളരുന്ന ജീവികളിൽ മിക്കതിനും കാഴ്ച ഇല്ല. മാത്രമല്ല മിക്ക ജീവികല്ക്കും വെള്ളയോ ചാരയോ നിറമാണ്. വവ്വാൽ ഇഷ്ടം പോലെ ഉണ്ട്. സലമാണ്ടർ പോലെ ഒരു ജീവിയെ കണ്ടു, വെള്ള നിറത്തിൽ. ഏതാണ്ട് 2 കിലോമീറ്റർ പുഴയിലൂടെ നടക്കുകയും ചില ഭാഗങ്ങളിൽ കുറച്ചു നീന്തുകയും ചെയ്തു. വെളിയിൽ നിന്നും കുറച്ചു പ്രകാശം വരുന്ന ഇടങ്ങളിൽ വെള്ളം നല്ല നീല നിറത്തില കാണാം. ഈ ഭൂഗർഭ ജലം ആണ് ഈ പ്രദേശത്തിലെ പ്രധാന ശുദ്ധ ജല ശ്രോതസ്. അത് കൊണ്ടാവണം മായൻമാർ ഇത് ദൈവികം ആയി കരുതിയത്. നാം അറിയാത്ത എത്ര എത്ര പുഴകളാണ് ഭൂമിക്കടിയിൽ ഇനിയും ഒളിഞ്ഞു കിടക്കുന്നത്!
ഭൂമിക്കടിയിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒരു യാത്ര.

Leave a Reply