പോംപെയ്

പോംപെയ് ഒരു വലിയ ശവക്കല്ലറ ആണ്. മരണവും ചരിത്രവും പ്രകൃതിയുടെ വികൃതിയും കൈ കോർക്കുന്ന സ്ഥലം. 19 നൂറ്റാണ്ടുകൾക്കു മുൻപ് നടന്ന ഒരു ദുരന്തത്തിലെ അഭിനേതാക്കളും അരങ്ങും ഇന്നും അതേപടി നിലനിക്കുന്ന സ്ഥലം.സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഇതിനെ കുറിച്ച് കേൾക്കുന്നത് ,പിന്നീട് എസ് കെ യുടെ യൂറോപ്പിലൂടെ എന്നാ പുസ്തകത്ത്തിലൂടെയും.

നെപ്പോളിയുടെ (Naples) 25 കിലോമീറ്റർ തെക്ക് മാറിയിട്ടാണ് പോംപെയ്. ട്രെയിനിൽ അര മണിക്കൂർ യാത്ര. പോകുന്ന വഴിക്ക് തന്നെ കാണാം, സംഹാര രൂപിയായ വെസ്യുവിയസ് അഗ്നിപർവതം. ചരിത്രാതീത കാലം മുതൽ 1944 വരെ ഈ അഗ്നിപർവതം പല തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. AD 79 ഇൽ ആണ് പോംപെയ്യെ ചാരം കൊണ്ട് മൂടിയ ഏറ്റവും വലിയ ദുരന്തം ഉണ്ടായതു.

BC 8 ആം നൂറ്റാണ്ടിൽ ആണ് പോംപെയ്യിൽ ഗ്രീക്കുകാർ താമസം തുടങ്ങിയത് എന്ന് കരുതുന്നു. AD 79 ആയപ്പോഴേക്കും ഇറ്റലിയിലെ ഒരു റിസോർട്ട് നഗരം ആയി മാറിക്കഴിഞ്ഞിരുന്നു പോംപെയ്. കല്ലുകൾ പാകിയ തെരുവുകളും, അഴകൊത്ത വീടുകളും, ശുദ്ധ ജലം കൊണ്ട് പോകാനുള്ള സംവിധങ്ങങ്ങളും, പൊതു കുളി മുറികളും,അഴുക്കു ചാലുകളും, വേശ്യ തെരുവുകളും എല്ലാം അടങ്ങുന്ന, അന്നത്തെ ഒരു ലാസ് വെഗാസ്.

AD79 ലെ പൊട്ടിത്തെറി, പെട്ടെന്ന് പോംപെയ്യെ ചാരം കൊണ്ട് മൂടിയ ഒന്നായിരുന്നില്ല. പൊട്ടിത്തെറിയുടെ ശക്തി കൊണ്ട് ചാരം വളരെ ഉയരത്തിലെ പോവുകയും, പതുക്കെ താഴേക്ക്‌ വരികയും ആണ് ചെയ്തത്. അതുകൊണ്ട് തന്നെ കുറെ പേർക്ക് രക്ഷപെടാൻ സാധിച്ചു. ഓടിപ്പോകാൻ സമയം എടുത്തവർ പെട്ടെന്ന് താഴേക്ക്‌ വന്ന ചാരത്തിൽ മൂടിപ്പോയി.20 അടിയിൽ ആണ് ചാരവും ചെളിയും പോംപൈയുടെ മുകളിൽ വീണത്‌. 1748 ഇൽ ഒരു സർവേ എഞ്ചിനീയർ കണ്ടെത്തുന്നത് വരെ പോംപെയ് ചാരത്തിനടിയിൽ സമാധിയിൽ ആയിരുന്നു.

ഇന്നത്തെ പോംപെയ് ഒരു ഇടത്തരം പട്ടണം ആണ്. പട്ടണത്തിന്റെ പ്രധാനപെട്ട ചാരം മൂടിയിരുന്ന പ്രദേശങ്ങൾ എല്ലാം കുഴിച്ചെടുത്തു AD 79ൽ ഉണ്ടായിരുന്ന പോലെ തന്നെ വച്ചിരിക്കുന്നു, കെട്ടിടങ്ങളിൽ നിന്നും ചാരം നീക്കം ചെയ്തിട്ടുണ്ട്, മനുഷ്യരും മൃഗങ്ങളും എല്ലാം ചാരത്തിൽ തന്നെ ഇപ്പോഴും പൊതിഞ്ഞിരിക്കുന്നു.

ഇപ്പോൾ ഇവിടം സന്ദർശിക്കുന്പോൾ ആദ്യം ശ്രദ്ധയിൽ പെടുന്നത് അതിന്റെ വലിപ്പം ആണ്. 66 ഹെക്ടർ ആണ് ഇതിന്റെ വലിപ്പം. അതുകൊണ്ട് തന്നെ ടൂർ ഗൈഡുകൾ പ്രധാനപെട്ട കാഴ്ചകൾ ആണ് നമ്മെ കാണിച്ചു തരിക.

വീടുകളും പൊതു കുളിമുറികളും, വേശ്യാ ഗൃഹങ്ങളും ഉൾപെടെയുള്ള കെട്ടിടങ്ങൾ ,ചാരത്തിൽ പൊതിഞ്ഞ ആളുകളും മൃഗങ്ങളും, അന്ന് ഉപയോഗിച്ചിരുന്ന പണി സാധനങ്ങൾ , വീഞ്ഞ് ഭരണികൾ എന്നിവ എല്ലാം ആണ് പ്രധാന കാഴ്ചകൾ. തലങ്ങും വിലങ്ങും ഉള്ള കല്ലുകൾ പാകിയ തെരുവീഥികൾ ഇന്നത്തെ റോമിലെ ചില തെരുവുകളിൽ നിന്നും ഒട്ടും വ്യത്യസ്തം അല്ല.

പോംപെയ്യിലെ ഫോറം അതിന്റെ വലുപ്പം കൊണ്ട് നമ്മെ അത്ഭുതപ്പെത്തും. ചതുരാകൃതിയിൽ ഉള്ള പൊതു സ്ഥലത്തെ ആണ് ഫോറം എന്ന് പറയുന്നത്. അന്നത്തെ നഗരത്തിന്റെ ഹൃദയ ഭാഗം എന്ന് പറയാം. 142 മീറ്റർ നീളവും 38 മീറ്റർ വീതിയും ഉള്ള ഈ ചത്വരത്തിന്റെ ചുറ്റും വലിയ തൂണുകൾ ഇപ്പോഴും തകരാതെ ബാക്കി നില്ക്കുന്നുണ്ട്. ഇവിടെ നിന്ന് നോക്കുന്പോൾ ദൂരെ ഈ നഗരത്തെ നാശം ആക്കിയ വെസ്യുവിയാസ് അഗ്നി പർവതം കാണാം.

പിന്നെ ഉള്ള പ്രധാനപെട്ട ഒരു കെട്ടിടം പൊതു കുളി മുറി. റഷ്യയിലും യൂറോപ്പിലും എല്ലാം ഇപ്പോഴും വളരെ പ്രശസ്തം ആണ് പൊതു കുളി മുറികൾ. പോംപൈയുടെ പ്ലംബിംഗ് വൈദഗ്ധ്യം ഇവിടെ കാണാം (https://www.plumbingsupply.com/pmpompeii.html). നല്ല വെള്ളം വരുന്നതിനു ഉള്ള കുഴലുകളും, ഉപയോഗിച്ച വെള്ളം ഗ്രാവിറ്റി ഉപയോഗിച്ച് ഒഴുക്കി കളയാനും ഉള്ള സാവധാനം ഇവിടെ ഉണ്ട് . മതിലുകളിലെ സുഷിരങ്ങളിൽ ചൂട് വെള്ളം നിറച്ചു ചൂട് മുറി ആയി ഉപയോഗിക്കുന്ന ഒരു മുറി ഇതിന്റെ ഭാഗം ആണ്. ഏതാണ്ട് എല്ലാ മുറികളിലെ മതിലുകളിലും റ്റൈലുകൾ ഒട്ടിച്ചിട്ടുണ്ട്. റ്റൈലുകളിൽ സൂക്ഷിച്ചു നോക്കിയാൽ ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ കുറെ ചിത്രങ്ങൾ കാണാം. (മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെ, താഴത്തെ നിലയിൽ ഉള്ള കൃഷ്ണ ലീല ചുവർ ചിത്രം ആണ് എനിക്ക് ഓർമ വന്നത്).

ഇന്ത്യക്കാരെ പോലെ ആയിരക്കണക്കിന് ദൈവങ്ങൾ ഉണ്ടായിരുന്നവരാണ് റോമക്കാർ. അഴുക്കു ചാലിന് വരെ Cloacina എന്നാ ദൈവം ഉണ്ടായിരുന്നു എന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. അപ്പോളോ ദേവന്റെ പേരിലുള്ള ക്ഷേത്രത്തിന്റെ പല തൂണുകളും കേടു കൂടാതെ നിൽപ്പുണ്ട്. അഴുക്കു വെള്ളം പോകാൻ ഉള്ള ചാലുകൾ എല്ലായിടത്തും കാണാം. വീനസ്, അപ്പോളോ എന്നിവരുടെ ക്ഷേത്രങ്ങൾ ആണ് മറ്റുള്ളതു.

12,000 ഓളം പേര്ക്ക് ഇരിക്കാവുന്ന സ്റേഡിയം (ആംഫി തിയേറ്റർ) ആണ് മറ്റൊരു പ്രധാന കാഴ്ച. 460 അടി നീളവും,345 അടി വീതിയും ഉള്ള ഇവിടെ തട്ട് തട്ടുകൾ ആയി എല്ലാവർക്കും വേദി കാണാവുന്ന തരത്തിൽ ആണ് സീറ്റ്‌ ക്രമീകരണം. ന്യൂ യോർക്കിലെ യാങ്കീ സ്റേഡിയത്തിൽ ആണോ എന്ന് കുറച്ചു നേരം ഞാൻ സംശയിച്ചു പോയി. ഇവിടെ ആണ് മല്ല യുദ്ധങ്ങളും നാടകങ്ങളും മറ്റും അരങ്ങേറിയിരുന്നത്‌.

ഇനിയാണ്, എന്നെ ഞെട്ടിച്ച ഒരു കെട്ടിടം. കാഴ്ച കണ്ടു നടക്കുന്പോൾ, ഒരു സൈഡ് റോഡ്‌ കാണിച്ചു , ഗൈഡ് പറഞ്ഞു.

“ഇങ്ങോട്ട് കുട്ടികള്ക്ക് പ്രവേശനം ഇല്ല”

പോംപൈയിലെ പ്രധാന വേശ്യാലയം ആയിരുന്നു അത്. വലിയ കെട്ടിടം ചെറിയ മുറികൾ ആയി തിരിച്ചിരിക്കുന്നു. കല്ല്‌ കൊണ്ടുള്ള ഒരു കട്ടിൽ. മുറിയുടെ വാതിലിന്റെ മുകള ഭാഗത്ത്‌ ഈ മുറിയിലുള്ള സ്ത്രീ ഇതു ലൈംഗിക കേളിയിൽ ആണോ നിപുണ, അതിന്റെ ഒരു ചിത്രം കൊത്തി വച്ചിരിക്കുന്നു. ലാസ് വെഗാസിലെ തെരുവിലൂടെ നടക്കുന്പോൾ ചിലർ സ്ത്രീകളുടെ ചിത്രം ഉള്ള കാർഡുകൾ നമുക്ക് തരുന്നതിന്റെ ഒരു പ്രാകൃത രൂപം എന്ന് വേണം എങ്കിൽ ഇതിനെ വിളിക്കാം. 134 ചിത്രങ്ങൾ ആണ് ഇപ്രകാരം ഇവിടെ ഉള്ളത്. (https://en.wikipedia.org/wiki/Lupanar_(Pompeii)). പോംപൈ ഇത്തരം ചിത്രങ്ങള്ക്കും, പ്രതിമകൾക്കും പ്രശസ്തം ആണ്. പലതും, ഈ ഫോറത്തിൽ ഇടാൻ പറ്റാത്തവ ആണ് : https://en.wikipedia.org/…/Erotic_art_in_Pompeii_and_Hercul…)

റോമിലെ പൌര പ്രമാണിമാർക്കെല്ലം പോംപൈയിൽ വലിയ വീടുകൾ ഉണ്ടായിരുന്നു.ഇന്ന് കേരളത്തിൽ കാണുന്ന ചില വീടുകളുടെ അത്രയും വരില്ലെങ്കിലും, വലിയ കിടപ്പു മുറിയും, വരാന്തയും, അടുക്കളയും എല്ലാം ചില വീടുകളിൽ ഇപ്പോഴും കാണാം. തറകളിലും മതിലുകളിലും മൊസൈക് പാകിയിട്ടുണ്ട്. ഗ്ഗ്ലാഡിയെറ്ററുകൽക്കു താമസിക്കാൻ ഉള്ള സ്ഥലങ്ങളും പ്രത്യേകം ഉണ്ട്. പ്രഭുക്കളുടെ വീടുകൾക്ക് കേരളത്തിലെ വീടുകളെ പോലെ നടു മുറ്റം ഉണ്ട്.

ചാരം മൂടിയ ആളുകളും മൃഗങ്ങളും നമ്മെ കുറച്ചു ദുഖിപ്പിക്കുന്ന കാഴ്ച ആണ്. പല മൃതദേഹങ്ങളും ചില കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ചാരത്തിൽ മൂടി പോയ പോലെ ആണ് ഉള്ളത്. അന്ധൻ ആയ ഒരു കുട്ടിയെ രക്ഷിക്കാൻ വേണ്ടി കുട്ടിയുടെ പുറത്തു കിടക്കുന്ന പട്ടി, കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ,കെട്ടിപിടിച്ചു കിടക്കുന്ന കമിതാക്കൾ , നിലവിളിയോടെ ഉറഞ്ഞു പോയ രൂപങ്ങൾ, അങ്ങിനെ കുറെ ചാരത്തിൽ ഉറഞ്ഞു പോയ ആളുകളും, മൃഗങ്ങളും, ഈ അത്യാഹിതം നടന്ന ദിവസം ഉണ്ടായിരുന്ന പോലെ തന്നെ കാണാം. ഇവ എല്ലാം ഇന്ന് കാണുന്ന രൂപത്തിൽ കുഴിച്ചു എടുത്തത് എങ്ങിനെ എന്ന് അറിയാൻ ഈ ലിങ്ക് നോക്കുക : http://www.slideshare.net/…/3a-changing-methods-of-archaeol…

വൈൻ ഇവിടെ ഉള്ളവരുടെ ജീവിതത്തിന്റെ ഭാഗം ആണ്. റോമിൽ യാത്ര ചെയ്യുന്പോൾ, ഫ്രീ ആയി കിട്ടുന്ന വൈൻ അറിയാതെ വേണ്ട എന്ന് വച്ച്, പൈസ കൊടുത്തു വെള്ളം വാങ്ങിയ കഥ എസ.കെ തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. വളരെ വലിയ വീഞ്ഞ് ഭരണികുടെ ഒരു വലിയ ശേഖരം നമുക്ക് ഇവിടെ കാണാം.

പ്രകൃതിയുടെ മുൻപിൽ മനുഷ്യൻ എത്ര നിസാരൻ ആണ് എന്ന് പോമ്പ്പൈ നമ്മെ പഠിപ്പിക്കുന്നു. ജീവിതം എത്ര പ്രവചനാതീതം എന്നും.

നോട്ട് : ഇവിടെ പോകാൻ കഴിയാത്തവർക്ക് ഇന്റർനെറ്റിൽ ചില ടൂറുകൾ ഉണ്ട്. ഉദാ : http://www.italyguides.it/en/campania/pompeii

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: