പേൾ ഹാർബറിൽ നമ്മെ ആദ്യം വരവേൽക്കുന്നത് പെട്രോളിന്റെയോ ഡീസലിന്റെയോ മണം ആണ്. എഴുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഇത് പോലെ ഒരു ഡിസംബറിൽ നടന്ന ഒരു ചരിത്ര സംഭവത്തിന്റെ ഓർമ ഇപ്പോഴും പുതുക്കിക്കൊണ്ടു ജലോപരിതലത്തിൽ ഓയിൽ ഒരു പാടയായി ഒഴുകി കിടക്കുന്നു. അന്ന് ബോംബിങ്ങിൽ മുങ്ങി പോയ USS ആരിസോണയിലെ ടാങ്കിൽ നിന്നും ഇന്നും വന്നു കൊണ്ടിരിക്കുന്ന ഓയിൽ ആണ് ഈ ഗന്ധത്തിനു കാരണം.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ ഒരു പ്രശനം ചരിത്രം അറിയാത്തവർക്ക് അവിടെ അധികം ഒന്നും കാണാൻ ഉണ്ടാവില്ല എന്നതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അറിയാത്തവക്ക് ജാലിയൻ വാലാബാഗ് വെറും ഒരു കോമ്പൗണ്ട് മാത്രം ആയിരിക്കും. പേൾ ഹാർബർ ഇപ്പോഴും അമേരിക്കൻ നേവിയുടെ പസിഫിക് ആസ്ഥാനം ആണ്, പക്ഷെ ചരിത്രം അറിയാത്തവർക്ക് ഇവിടെ കാണുന്നത് ഒരു വലിയ യുദ്ധക്കപ്പൽ നല്ല തെളിഞ്ഞ വെള്ളത്തിന് താഴെ കിടക്കുന്നതു മാത്രം. അതിനു മുകളിൽ കപ്പലിന് കുറുകെ ആയി ഒരു പാലം പോലെ ആണ് USS അരിസോണ മെമ്മോറിയൽ. അമേരിക്കൻ നേവി സൗജന്യമായി ഒരു ബോട്ടിൽ നിങ്ങളെ അങ്ങോട്ട് കൊണ്ട് പോകും.
രണ്ടാം ലോക മഹായുദ്ധ ചരിത്രം അറിയുന്നവർക്ക്, പ്രത്യേകിച്ച് അമേരിക്കൻ പൗരന്മാർക്ക് ദേശീയ വികാരം കൊണ്ട് രോമം എഴുന്നേറ്റു നിൽക്കുന്ന ഒരു കാഴ്ചയും സ്ഥലവും ആണിത്. അവിടെ താഴെ സമാധി കൊള്ളുന്നത് വെറും ഒരു യുദ്ധക്കപ്പൽ മാത്രം അല്ല, 1941 ഡിസംബർ ഏഴാം തീയതി നടന്ന ജാപ്പനീസ് പേൾ ഹാർബർ ആക്രമണത്തിൽ മരിച്ച 2403 നാവികരിൽ ആയിരത്തി ഒരുന്നൂറ്റി എഴുപത്തി ഏഴു പേരുടെ ശരീര അവശിഷ്ടങ്ങൾ കൂടിയാണ്. അമേരിക്ക ഒരു യുദ്ധ സ്മാരകവും സെമിത്തേരിയും ആയി പ്രഖ്യാപിച്ച USS അരിസോണ.
ബോട്ടിൽ കയറാൻ പോകുന്നതിനു മുൻപ് അമേരിക്കൻ നേവിയുടെ ഒരു ശക്തമായ പ്രസംഗം ഉണ്ട്. നിങ്ങൾ കാണാൻ പോകുന്നത് ഒരു യുദ്ധ സ്മാരകം ആണ്. നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് അമേരിക്കൻ നേവിയുടെ മണ്ണിലും, മൊട കാണിച്ചാൽ എടുത്തു പുറത്തു കളയും എന്ന് വളരെ സീരിയസ് ആയിട്ടാണെന്ന ശരീര ഭാഷയും ആയി ഒരു നേവിക്കാരന്റെ പ്രസംഗം. സംഭവം സത്യം ആണ്. ആദ്യമായി ഒരു ഏഷ്യൻ ശക്തിയിൽ നിന്ന് വല്ലാത്ത ഒരു അടിയാണ് അന്ന് അമേരിക്കയ്ക്ക് കിട്ടിയത്. ഇന്ന് വരെ അവർ മറക്കാൻ ആഗ്രഹിക്കാത്ത ഒരു അടി.
പേൾ ഹാർബോർ അമേരിക്കയുടെ ഒരു കോളനി ആയിരുന്നു. ആയിരത്തി അഞ്ഞൂറ് വര്ഷങ്ങള്ക്കു മുൻപ് പോളിനേഷ്യയിൽ നിന്നും വന്ന ആളുകൾ ആണ് അവിടെ ആദ്യം താമസം ആരംഭിച്ചത്. രണ്ടു വള്ളങ്ങൾ കൂട്ടി ചേർത്ത (double hull ) ഒരു തരം വഞ്ചി ഉപയോഗിച്ച് ആയിരുന്നു ഇത്രയും ദൂരെ ഉള്ള ഒറ്റപ്പെട്ട ഹവായിയാണ് ദ്വീപുകളിലേക്കു പോളിനേഷ്യക്കാർ വന്നെത്തിയത്. കാലക്രമേണ അമേരിക്കയിൽ നിന്നും പൈൻ ആപ്പിൾ , തിമിംഗല വേട്ട തുടങ്ങിയ വ്യവസായങ്ങൾക്കായി പലരും ഇവിടെ തന്പടിച്ചു. പൈൻ ആപ്പിൾ തോട്ടങ്ങളിലേക്കു ചൈനയിൽ നിന്നും ഫിലിപ്പീൻ , ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുറെ പേർ ഇവിടേയ്ക്ക് കുടിയേറി. 1898 ൽ അവസാനത്തെ രാഞ്ജി ലിലിയഒകലാനിയുടെ ഭരണകൂടത്തെ അട്ടിമറിച്ചു കൊണ്ട് അമേരിക്ക ഹവായ് തങ്ങളുടെ ഒരു കോളനി ആക്കിച്ചേർത്തു.
1939 സെപ്റ്റംബറിൽ തുടങ്ങിയ രണ്ടാം ലോക മഹായുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാതെ മാറി നിൽക്കുക ആയിരുന്നു അമേരിക്ക. യുദ്ധ വിരുദ്ധ തരംഗം അമേരിക്കയിൽ ശക്തമായിരുന്നു. പ്രസിഡന്റ് റൂസ്‌വെൽറ്റ് പരോക്ഷം ആയി യുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കുന്നുണ്ടായിരുന്നു, പക്ഷെ നേരിട്ട് യുദ്ധത്തിൽ ഇറങ്ങുന്നതിന് അമേരിക്ക സജ്ജമായിരുന്നില്ല.
ജപ്പാൻ ഒരു ലോക യുദ്ധത്തിൽ പങ്കെടുത്തു എന്നുള്ളത് തന്നെ ആ രാജ്യത്തിൻറെ അസാധാരണ കഴിവിന്റെ തെളിവാണ്, കാരണം ഒരു യുദ്ധം നടത്താൻ ഉള്ള ഓയിലോ, സാധന സാമഗ്രികളോ ആ കൊച്ചു രാജ്യത്തില്ല. അത് മറി കടക്കാൻ ജപ്പാൻ കണ്ടു പിടിച്ച വഴി മറ്റു രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കുക എന്നതായിരുന്നു. ഇൻഡോ ചൈന , ഫിലിപ്പീൻസ്, ബർമ എന്നിങ്ങനെ ഏഷ്യയിലെ തന്ത്ര പ്രധാനമായ സ്ഥലങ്ങൾ എല്ലാം പിടിച്ചെടുത്തപ്പോൾ ആണ് അമേരിക്ക ജപ്പാനെതിരെ ഒരു ഉപരോധം പ്രഖ്യാപിച്ചത്, യുദ്ധ കപ്പലുകളും ആയുധങ്ങളും പണിയാൻ വളരെ അധികം ലോഹം ഇറക്കുമതി ചെയ്യേണ്ട ജപ്പാനെതീരെ ലോഹം, ഓയിൽ എന്നിവയ്ക് അമേരിക്ക കയറ്റുമതി ഉപരോധം പ്രഖ്യാപിച്ചത് 1940 ൽ ആണ്. മാത്രമല്ല ജപ്പാൻ കപ്പലുകൾക്ക് പനാമ കനാൽ കടക്കുവാൻ ഉള്ള അവകാശം നിർത്തുകയും ചെയ്തു. ജപ്പാനെ പ്രകോപിപ്പിച്ച സംഗതികൾ ആയിരുന്നു ഇവ. 1941ൽ അമേരിക്കയെ ഒരു സർപ്രൈസ് അറ്റാക് കൊണ്ട് അന്പരപ്പിക്കണം എന്നും, ബ്രിട്ടനേയും, ഫ്രാൻസിനെയും അമേരിക്കൻ സഹായിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് ജപ്പാൻ തങ്ങളുടെ ഏറ്റവും വിജയകരമായ ഈ ഓപ്പറേഷൻ നടത്തിയത്.
ബോട്ടിൽ ഒരു അഞ്ചു മിനിറ്റ് പോയാൽ വെറും 42 അടി ആഴത്തിൽ കിടക്കുന്ന USS അരിസോണയുടെ മുകളിൽ എത്താം. ആയിരക്കണക്കിന് പേരാണ് അതിൽ അന്ത്യ വിശ്രമം കൊള്ളുന്നത്. അന്നത്തെ ബോംബിങ്ങിൽ മുങ്ങി പോയ ഈ യുദ്ധ കപ്പലിനു 608 അടി നീളമാണുള്ളത്. ഇതിന്റെ രണ്ടു അറ്റവും എവിടെ ആണ് എന്ന് കണക്കാക്കുവാൻ അടയാളങ്ങൾ വച്ചിട്ടുണ്ട്. വളരെ തെളിഞ്ഞ ഹവായി വെള്ളത്തിന് അടിയിൽ കിടക്കുന്ന കപ്പലിന്റെ പല ഭാഗങ്ങളും വ്യക്തമായി കാണാം. പല നിറങ്ങളിൽ ഉള്ള മീനുകൾ അവിടെ അവിടെ ആയി ഓടി കളിക്കുന്നു.
കുറച്ചു മാറി ഒരു വലിയ ഫലകത്തിൽ ഇവിടെ മരിച്ചവരുടെ പേര് എഴുതി വച്ചിട്ടുണ്ട്. ബോട്ടിൽ വച്ച് കണ്ട ഒരു വയസായ ഒരു നാവികൻ തന്റെ വീൽ ചെയറിൽ നിന്ന് ഒരാളുടെ സഹായത്തോടെ എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്തു. ഒരു പക്ഷെ ഇവിടെ ജോലി ചെയ്ത ഒരാളായിരിക്കും, അല്ലെങ്കിൽ തന്റെ ബന്ധുവോ, സുഹൃത്തോ ഇവിടെ മരിച്ച ആരെങ്കിലും. ഈ അടുത്താണ് അന്ന് ആക്രമണത്തിൽ പങ്കെടുത്ത ഒരാൾ മരിച്ചത്. അവർക്കു തങ്ങളുടെ ചാരം ഈ കപ്പലിന്റെ അടിയിൽ അന്ന് ആക്രമണത്തിൽ മരിച്ചവരുടെ കൂടെ സ്ഥാപിക്കാൻ അനുവാദം ഉണ്ട്. പലരും തങ്ങളുടെ അന്ത്യ വിശ്രമ സ്ഥലം ആയി ഇവിടം തിരഞ്ഞെടുക്കുന്നു.
ജപ്പാൻ അമേരിക്കയെ ആക്രമിക്കുന്നത് ആത്മഹത്യാപരം ആയിരിക്കും എന്ന് വളരെ നന്നായി അറിയാവുന്ന ഒരാൾ ആയിരുന്നു ജാപ്പനീസ് നവൽ അഡ്മിറൽ ആയിരുന്ന യോമമോട്ടോ. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയും അമേരിക്കയിൽ കുറച്ചു നാൾ ജീവിക്കുകയും ചെയ്ത യോമമോട്ടോയ്ക്കാണ് പേൾ ഹാർബർ ആക്രമണത്തിന്റെ ചുമതല വന്നു പെട്ടത്. പക്ഷെ ടോജോ എന്ന യുദ്ധക്കൊതിയാൻ ആയ പ്രധാനമന്ത്രിയുടെ മുൻപിൽ എതിർപ്പുകൾ പാഴായി പോവുകയും, തന്നെ ഏൽപ്പിച്ച കടമ വളരെ നന്നായി തന്നെ യോമമോട്ടോ നിറവേറ്റുകയും ചെയ്തു.
പേൾ ഹാർബോറിന്റെ ഒരു പ്രത്യകത അത് ജപ്പാനിൽ നിന്നും അമേരിക്കയിൽ നിന്നും വളരെ ദൂരെ ആയി പസിഫിക് സമുദ്രത്തിൽ കിടക്കുന്ന ഒരു ദ്വീപ സമൂഹം ആണ് എന്നതാണ്. അത് കൊണ്ട് തന്നെ മൂന്ന് വിമാന വാഹിനി കപ്പലുകൾ ഉപയോഗിച്ച്, അന്ന് ലഭ്യമായ ഏറ്റവും നല്ല്ല യുദ്ധ വിമാനങ്ങൾ ആയി സീറോ (മടക്കി വയ്ക്കാവുന്ന ചിറകുകൾ ആണ് ഇതിന്റെ പ്രത്യേകത) ആണ് ജപ്പാൻ ഈ അറ്റാക് നടപ്പിലാൽക്കിയത്. പേൾ ഹാർബർ വെറും 42 അടി മാത്രം ആഴമുള്ള ഇവിടെ വിമാനത്തിൽ നിന്നും ടോർപിഡോ ഇട്ടാൽ അത് താഴെ ചെളിയിൽ ഉറച്ചു പോകും. പക്ഷെ അതിനും ജപ്പാൻ ഒരു വഴി കണ്ടെത്തി. ടോർപിഡോയുടെ വാലിൽ മാത്രമേ കൊണ്ടുള്ള ഒരു ചിറകു ഘടിപ്പിച്ചു അതിന്റെ വേഗം കുറച്ചു കൊണ്ട് ഇത്രയും കുറഞ്ഞ ആഴത്തിലും മുങ്ങി പോകാത്ത ടോർപിഡോകൾ ആണ് അവർ ഇവിടെ ഉപയോഗിച്ചത്. അമേരിക്ക ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്.
ജനീവ കൺവെൻഷൻ പ്രകാരം യുദ്ധം പ്രഖ്യാപിക്കാത്ത ഒരു രാജ്യത്തിനെതിരെ ആക്രമണം നടത്താൻ പാടില്ല. പേൾ ഹാർബർ ആക്രമണം ഡിസംബർ 7 രാവിലെ എട്ടു മണിക്കാണ് പ്ലാൻ ചെയ്തിരുന്നത്. ഹവായിയിൽ രാവിലെ എട്ടു മണി വാഷിംഗ്‌ടൺ ഡിസിയിൽ ഉച്ചക്ക് ഒരു മണി ആണ്. ഉച്ചക്ക് ഒരു മണിക്ക് അമേരിക്കയുടെ സമാധാന ശ്രമങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടും യുദ്ധം പ്രഖ്യാപിച്ചു കൊണ്ടും ഉള്ള കത്ത് ജാപ്പനീസ് അംബാസഡറോട് വൈറ്റ് ഹൌസിൽ കൊടുക്കാൻ പറഞ്ഞിട്ടാണ് ജപ്പാൻ ആക്രമണം തുടങ്ങിയത്. പക്ഷെ ഈ സന്ദേശം വൈറ്റ് ഹൌസിൽ എത്തിയപ്പോഴേക്കും ഉച്ചക്ക് രണ്ടര മണി ആയിരുന്നു. എന്ന് വച്ചാൽ യുദ്ധം പ്രഖ്യാപിക്കാതെ ആണ് പേൾ ഹാർബർ ആക്രമണം നടന്നത് എന്ന് സാരം. യുദ്ധാനന്തരം ടോജോയെ വിചാരണ ചെയ്തു തൂക്കിലേറ്റുന്നതിന് കാരണം ആയ ഒരു പ്രധാന വാദം ഇതായിരുന്നു.
ഉറങ്ങി കിടന്ന ഒരു രാക്ഷസനെ നമ്മൾ ഉണർത്തി വിടുകയും, അതിനു ഒരു ലക്‌ഷ്യം കൊടുക്കുകയും ചെയ്തു എന്നാണ് ഈ ആക്രമണത്തിന് ശേഷം യോമമോട്ടോ അഭിപ്രായപ്പെട്ടത്. വെറും രണ്ടോ മൂന്നോ മണിക്കൂർ നീണ്ടു നിന്ന ആക്രമണത്തിൽ അമേരിക്കയ്ക്ക് നഷ്ടപെട്ടത് 2403 പേരുടെ ജീവൻ, പതിനെട്ടു കപ്പലുകൾ, 347 വിമാനങ്ങൾ എന്നിവ ആയിരുന്നു. ഇതിനെല്ലാം ചേർത്ത് അമേരിക്ക മറുപടി കൊടുക്കുകയും ചെയ്തത് ചരിത്രം.
ഈ ആക്രമണത്തെ കുറിച്ച് പ്രസിഡന്റ് റൂസ്‌വെൽറ്റിനു അറിവുണ്ടായിരുന്നു എന്നൊരു വാദം ഉണ്ട്. അമേരിക്കയെ യുദ്ധത്തിൽ ഇറക്കാൻ അമേരിക്കൻ മണ്ണിൽ ഒരു ശത്രു ആക്രമണം വേണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് തോന്നും, ഈ സംഭവത്തിൽ അമേരിക്ക നോക്കാതെ വിട്ട മുന്നറിയിപ്പുകൾ കണ്ടാൽ. ആക്രമണ ദിവസം രാവിലെ അമേരിക്കൻ റഡാറിൽ കണ്ട ജാപ്പനീസ് പ്ലെയ്നുകൾ പോലും ഇവർ അവഗണിച്ചു.
ലോകത്തെ മാറ്റിമറിച്ച ഒരു സംഭവം ആയിരുന്നു പേൾ ഹാർബർ ആക്രമണം. അമേരിക്കയിൽ ജനവികാരം യുദ്ധത്തിന് അനുകൂലം ആയി. ലക്ഷക്കണക്കിന് ആളുകൾ പട്ടാളത്തിൽ ചേർന്നു. അമേരിക്ക ജപ്പാൻ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ആറു മാസങ്ങൾക്കു ശേഷം battle of midway യിൽ അമേരിക്ക ജാപ്പനീസ് നേവിക്ക് കനത്ത അനിഷ്ടം ഏല്പിച്ചു. 1945 ഓഗസ്റ്റ് ആറിന് ഹിരോഷിയിലും നാഗസാക്കിയിലും ആയി രണ്ടു ലക്ഷത്തി നാല്പത്തി അയ്യായിരം പേരെ ഭസ്മമാക്കി അമേരിക്ക തങ്ങളുടെ ഭീകര മുഖം വ്യക്തമാക്കി. യുദ്ധചരിത്രം മാറ്റി എഴുതിയ ഒരു ആക്രമണം. ജപ്പാൻ കീഴടങ്ങും എന്ന് അറിയാമായിരുന്നിട്ടു പോലും അമേരിക്കയെ ആണവ ബോംബ് ഇടാൻ പ്രേരിപ്പിച്ചത് പേൾ ഹാർബർ ആക്രമണം ആളാണ് എന്ന് കരുതുന്നവർ ഏറെ.
സ്മാരകത്തിൽ വന്ന അമേരിക്കക്കാർ എല്ലാവരും കണ്ണ് തുടച്ചിട്ടാണ് പോകുന്നത്. അമേരിക്കയിൽ ജനിച്ചു വളർന്ന അമേരിക്കൻ പൗരന്മാരായ എന്റെ കുട്ടികൾക്ക് എന്ത് തോന്നിക്കാണുമെന്നു എനിക്കറിയില്ല…. എന്റെ മനസ്സിൽ വന്നത് എൻ എൻ പിള്ളയുടെ “ഞാൻ” എന്ന ആത്മ കഥ ആണ്. ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് ജപ്പാനും ആയി , ശത്രുവിന്റെ ശത്രു മിത്രം എന്നു പറഞ്ഞു ബ്രിട്ടനും അമേരിക്കയ്ക്കും എതിരെ യുദ്ധം ചെയ്ത INA യുടെ കഥ. ഒരു പക്ഷെ യുദ്ധം ജപ്പാനും ജർമനിയും ജയിച്ചിരുന്നെങ്കിൽ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ പ്രധാന മന്ത്രി ആകുമായിരുന്നു? അറിയില്ല…
എല്ലാവര്ക്കും യുദ്ധം ഇല്ലാത്ത ഒരു പുതു വര്ഷം ആശംസിക്കുന്നു.
നോട്ട് : ഇതിനു അടുത്ത് തന്നെ ബൗഫിൻ എന്ന അന്തർ വാഹിനി കൂടി ഉണ്ട്. ഇതും രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തതാണ്. ചിത്രങ്ങൾ കാണുക.
Leave a Reply