ഹബീബ

ഇന്ത്യയിൽ കറുത്ത വർഗക്കാർക്കു നേരെ അക്രമം നടക്കുന്നു എന്ന് കേൾക്കുന്പോൾ എന്റെ മനസ്സിൽ ഓർമ വരുന്നത് ഹബീബയാണ്.
 
ഹബീബ വെളുത്തു സുന്ദരിയായിരുന്നു. ഈ പറഞ്ഞ വാചകത്തിൽ ഒരു കുഴപ്പമുണ്ട്, അത് എനിക്ക് മനസിലാക്കി തന്നതും അവളായിരുന്നു.
 
ലണ്ടനിൽ ഒരു പ്രോജെക്ടിനായി ഒരു വർഷത്തോളം താമസിച്ചപ്പോൾ ഉള്ള എന്റെ കൂട്ടുകാരി ആയിരുന്നു ഹബീബ. ഞാൻ ആദ്യം താമസിച്ച ഹോട്ടലിലെ റിസെപ്ഷനിസ്റ്. ആദ്യമായി ലണ്ടനിൽ എത്തിയ എനിക്ക് അവിടുള്ള സബ്‌വേ ആയ “ട്യൂബിൽ” യാത്ര ചെയ്യാനും, താമസിക്കാൻ ഒരു വീട് കണ്ടു പിടിക്കാനും അവൾ സഹായിച്ചു. വാരാന്ധ്യങ്ങളിൽ പോകേണ്ട ക്ലബ്ബുകൾ ഏതൊക്കെയാണെന്നും പിക്കാഡ്ഡലി സർക്കസ് എന്ന ലണ്ടനിലെ ടൈം സ്‌ക്വയറിൽ ഏതൊക്കെ പറ്റിക്കലുകൾ ആണ് ഒറ്റയ്ക്ക് പോകുന്ന ആണുങ്ങളെ കാത്തിരിക്കുന്നത് എന്നെല്ലാം അവൾ പറഞ്ഞു തന്നു. പലപ്പോഴും എന്നെ സഹായിക്കാൻ എന്റെ കൂടെ വരികയും ചെയ്തു.
 
ട്യൂണിഷ്യയിൽ ജനിച്ചു, ഫ്രഞ്ച് പൗരത്വം എടുത്ത ഹബീബ എപ്പോഴും ഈ രണ്ടു രാജ്യങ്ങളെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. അവളും ഒരു കൂട്ടുകാരിയും കൂടി ഒരു അപാർട്മെന്റ് ഷെയർ ചെയ്തു താമസിക്കുകയായിരുന്നു. കൂടുതൽ അടുത്ത സുഹൃത്തുക്കൾ ആയ ഒരു ദിവസം അവൾ എന്നെ ഒരു ഫോട്ടോ കാണിച്ചു.
 
ഹബീബയും ഒരാളും കൂടി ബീച്ചിൽ നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്. ഒരു ബിക്കിനി ഇട്ടു നിൽക്കുന്ന ഹബീബ വെളുത്തു അതി സുന്ദരി ആയിരുന്നു. അടുത്ത് നിൽക്കുന്നത് നേരെ വിപരീതമായി കറിച്ചട്ടിയുടെ അടിഭാഗം പോലെ കറുത്ത ഒരാൾ. നല്ല ഉയരവും മസിലും എല്ലാം ഉള്ള, നല്ല വെളുത്ത പല്ലുകൾ കാട്ടി സുന്ദരമായി ചിരിച്ചു കൊണ്ട് ഹബീബയുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന ചിത്രം.
 
“ഇതെന്റെ ബോയ് ഫ്രണ്ട് ആണ് കെവിൻ.” അവൾ പറഞ്ഞു.
 
“ഈ കറുന്പനോ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
 
“നീ ഇത്ര വംശീയ വാദി ആണോടാ?” ഹബീബ ചൂടായി.
 
നാട്ടിൽ നിന്ന് അധികം നാൾ പുറത്തു നിന്നിട്ടില്ലാത്ത എനിക്ക് എന്റെ ചോദ്യം ഒരു വംശീയവാദം ആയെന്ന് അന്ന് മനസിലായില്ല. നമ്മുടെ നാട്ടിൽ വെളുത്ത പെൺകുട്ടികൾക്ക് കറുത്ത കാമുകന്മാരെ അധികം കണ്ടിട്ടില്ല. വെളുത്ത ആണുങ്ങൾ കറുത്ത പെണ്ണുങ്ങളെ കല്യാണം കഴിക്കുന്നത് കണ്ടിട്ടേ ഇല്ല. ഇത്ര മാത്രം കറുത്ത നായകന്മാരുള്ള തമിഴ് സിനിമയിൽ മരുന്നിനു ഒരു രാധികയെ മാത്രം ആണ് കുറച്ചെങ്കിലും കറുത്ത നായികയായി കണ്ടിട്ടുള്ളത്, ബാക്കി എല്ലാവരും തൊലി വെളുത്ത മലയാളികളോ ഉത്തരേന്ത്യാക്കാരോ ആണ്.
 
“ഇവൻ കെനിയയിൽ നിന്ന് പാരിസിൽ കുടിയേറിയതാണ്. ഇപ്പോൾ പാരിസിൽ പോലീസുകാരൻ ആണ്. നീ ഇവന്റെ തൊലി നിറം മാത്രം കാണുന്നതെന്താണ്. ഇവനെ ഞാൻ ഒരിക്കൽ പരിചയപ്പെടുത്തി തരാം”
 
അന്ന് താമസസ്ഥലത്ത് തിരിച്ചെത്തി ഞാൻ കുറെ ആലോചിച്ചു. ശരിക്കും അവൾ പറയുന്നത് കാര്യമാണ്, പക്ഷെ വെളുത്ത ഒരു പെൺകുട്ടി ഇത്ര കറുത്ത ആളുടെ കാമുകി ആയി നിൽക്കുന്നത് അന്നത്തെ എന്റെ ഇന്ത്യൻ മനസിന് മുഴുവൻ ആയി ഉൾകൊള്ളാൻ ആയില്ല എന്നുള്ളതാണ് സത്യം.
 
കുറെ നാൾ കഴിഞ്ഞു ലണ്ടനിലെ ഒരു കാപ്പിക്കടയിൽ വച്ചാണ് ഹബീബ അവനെ നേരിട്ട് പരിചയപ്പെടുത്തുന്നത്. ഫോട്ടോയിൽ കണ്ട പോലെ തന്നെ സുന്ദരമായ ചിരിയും ആയി ചെറുപ്പക്കാരൻ. കൈ മുറുക്കെ പിടിച്ചു ഒരു ഹാൻഡ് ഷേക്ക്. പുള്ളി ഫ്രഞ്ച് ആണ് പ്രധാനം ആയി സംസാരിക്കുന്നതു. മുറി ഇംഗ്ലീഷിൽ ആണ് ഞങ്ങൾ സംസാരിച്ചത്. ഹബീബ അവന്റെ കൈ പിടിച്ചു കൊണ്ട് അടുത്തിരുന്നു.
 
“ഞാൻ ഇന്ത്യയിൽ നിന്നാണ്” ഞാൻ പറഞ്ഞു തുടങ്ങി.
 
“എനിക്കറിയാം, ഹബീബ പറഞ്ഞിരുന്നു, ഞങ്ങളുടെ നാട്ടിൽ കെനിയയിലും കുറെ ഇന്ത്യക്കാരുണ്ട്. വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷുകാർ റെയിൽവേ പണിക്കു കൊണ്ട് വന്നവരുടെ പിൻതലമുറക്കാർ. ഇപ്പോൾ കെനിയയിലെ പണക്കാരായ ബിസിനെസ്സ്കാരെല്ലാം ഗുജറാത്തികൾ ആണ്. നിങ്ങൾ ഗുജറാത്തി ആണോ?”
 
“ഇല്ല ഞാൻ കേരളം എന്ന തെക്കൻ സംസ്ഥാനത്തു നിന്നാണ്. “
 
“എനിക്കറിയാം, കമ്മ്യൂണിസ്റ്റ് പാർട്ടിയും തിരഞ്ഞെടുപ്പും ആയി ബന്ധപെട്ടു ഞാൻ കേട്ടിട്ടുണ്ട്. ഞാൻ പൊളിറ്റിക്കൽ സയൻസ് മാസ്റ്റേഴ്സ് ചെയ്തതാണ്. “
 
അങ്ങിനെ തുടങ്ങിയ ആ സംസാരം മണിക്കൂറുകളോളം നീണ്ടു. രാഷ്ട്രീയം, ലോക സിനിമ, സോഷ്യൽ സൈക്കോളജി തുടങ്ങി ഖലീൽ ജിബ്രാൻ വരെ നീണ്ട അന്ന് രാത്രിയോടെ ഞാൻ കെവിന്റെ ഒരു ആരാധകൻ ആയി എന്നതാണ് സത്യം. അത്ര ആഴവും പരപ്പും ഉള്ള അറിവ്. അവന്റെ നിറം എന്റെ മനസിലേക്ക് വന്നതേ ഇല്ല. ഹബീബയുടെ സെലെക്ഷൻ വളരെ നന്നായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ദക്ഷിണ ആഫ്രിക്കയിൽ താമസിക്കുന്ന പന്ത്രണ്ടു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ പറ്റിയും, ഫിജിയിൽ ഇന്ത്യക്കാരൻ പ്രധാനമന്ത്രി ആയതിനെ കുറിച്ചും മറ്റും വളരെ വിശദമായി കെവിൻ സംസാരിച്ചു.
 
പോകുന്നതിനു മുൻപ് കെവിൻ പറഞ്ഞു.
 
“നീ മുസ്ലിമല്ലേ, ഹബീബയും മുസ്ലിം ആണ്. അവളുടെ ടുണീഷ്യയിൽ ഉള്ള ബാപ്പയും ഉമ്മയും ഈ ബന്ധത്തിന് എതിരാണ്. അവർക്കു എന്റെ നിറവും വംശവും ആണ് പ്രശ്നം. നീ അവരോടു സംസാരിച്ചു എങ്ങിനെ എങ്കിലും സമ്മതിപ്പിക്കാൻ നോക്കാമോ?”
 
ശരി എന്ന് പറഞ്ഞു ഇറങ്ങിയ ഞാൻ ജോലിത്തിരക്കിൽ അക്കാര്യം മറന്നു. കുറച്ചു മാസങ്ങൾക്കു ശേഷം ലണ്ടനിലെ ജോലി കഴിഞ്ഞു ന്യൂ യോർക്കിലേക്കു തിരിച്ചു പോവുകയും ചെയ്തു.
 
ഒരു വർഷത്തിന് ശേഷം ആണ് ഞാൻ വേറെ ഒരു പ്രോജക്ടിന് വേണ്ടി ലണ്ടനിൽ വീണ്ടും എത്തുന്നത്. വന്ന ഉടനെ ഹബീബയെ വിളിച്ചു. താമസ സ്ഥലം ശരിയാക്കാം എന്ന് അവൾ പറഞ്ഞു. അപ്പോഴേക്കും നഗരത്തിനു പുറത്തേക്കു അവൾ താമസം മാറിയിരുന്നു. ഒരു ദിവസം വൈകുന്നേരം ആണ് അവളുടെ വീട്ടിൽ ഞാൻ പോകുന്നത്.
 
കോളിംഗ് ബെൽ അടിച്ചു കാത്തു നിന്ന എന്റെ മുൻപിലേക്ക് ഒരു തവിട്ടു നിറമുള്ള പെൺകുട്ടി ഇറങ്ങി വന്നു. അത് ഹബീബ തന്നെ ആണെന്ന് കണ്ടു പിടിക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി. നല്ല വെളുത്തിരുന്ന ഇവൾക്കിതു എന്ത് പറ്റി എന്നാണ് ഞാൻ അത്ഭുതപ്പെട്ടു. വല്ല ത്വക് രോഗവും പിടിച്ചോ എന്നായിരുന്നു എന്റെ മനസിൽ ആദ്യം വന്ന സംശയം.
 
“നീ പേടിക്കണ്ട, ഞാൻ എന്റെ തൊലിയുടെ നിറം മാറ്റി, പെർമനെന്റ് ടാനിങ് ചെയ്തു.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അവളുടെ വിരലിൽ ഒരു എൻഗേജ്മെന്റ് മോതിരം ഞാൻ കണ്ടു.
 
പുറകെ കെവിൻ വന്നു.
 
“അവളോട്‌ ഞാൻ പറഞ്ഞതാണ് വേണ്ടെന്നു. പിന്നെ അവൾക്കു ഇഷ്ട്ടം കറുത്ത നിറമുള്ള തൊലിയോടാണ്. ഓരോരുത്തരുടെ സ്വകാര്യ കാര്യം ആണല്ലോ. ഞങ്ങൾ അടുത്ത മാർച്ചിൽ കല്യാണം കഴിക്കുകയാണ്. നീ വരണം.”
 
ഞാൻ രണ്ടു പേരെയും കെട്ടിപിടിച്ചു. വെളുപ്പും കറുപ്പും വെറും നിറങ്ങൾ ആണെന്ന് എന്നെ മനസിലാക്കി തന്ന എന്റെ കൂട്ടുകാർ.
 
തിരിച്ചു പോകുന്ന ട്രെയിനിൽ ഫെയർ ആൻഡ് ലവ്‌ലിയുടെ ഒരു പരസ്യം ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ എന്റെ മുഖത്ത് ഒരു ചിരി പടർന്നു. കറുത്തവരെ വെളുപ്പിക്കണോ ? കറുപ്പും വെളുപ്പും വെറും നിറങ്ങൾ മാത്രമല്ലെ?
 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: