നിങ്ങൾ ജനിതക വ്യതിയാനം വരുത്തിയ ഭക്ഷണം കഴിച്ചിട്ടുണ്ടോ?
ഇല്ല എന്നാണ് ഉത്തരം എങ്കിൽ തുടർന്ന് വായിക്കുക.
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നാം ഇന്ന് കഴിക്കുന്ന ഏതാണ്ട് എല്ലാ ഭക്ഷണങ്ങളും ജനിതക വ്യതിയാനം വരുത്തിയവയാണ്. അരിയും ഗോതന്പും , ചോളവും , ഉരുളക്കിഴങ്ങും പഴവും എല്ലാം. നിങ്ങൾ കരുതുന്ന പോലെ അമേരിക്കയിലെ ഏതെങ്കിലും കന്പനി ജനിതക മാറ്റം വരുത്തിയവ അല്ല, മറിച്ചു നമ്മുടെ പൂർവികർ ആയിരക്കണക്കിന് വർഷങ്ങളായി ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കൾ ആണ് നാം ഇന്ന് കഴിക്കുന്നത്.
കുറച്ചു കൂടി വിശദീകരിക്കാൻ മനുഷ്യന്റെ മുപ്പതിനായിരത്തോളം വർഷം പിന്നോട്ടുള്ള ചരിത്രം പരിശോധിക്കണം. വേട്ടയാടൽ നിർത്തി കൃഷി തുടങ്ങിയ മനുഷ്യൻ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് എളുപ്പത്തിൽ കൃഷി ചെയ്യാനോ കഴിക്കാനോ പറ്റിയ ഭക്ഷ്യ വസ്തുക്കൾ പ്രകൃതിയിൽ ഉണ്ടായിരുന്നില്ല എന്നതാണ്. നമ്മൾ ഇന്ന് കഴിക്കുന്ന പഴത്തിന്റെ ആദ്യ രൂപം അകത്തു നിറയെ കുരു ഉള്ള തരം പഴം ആയിരുന്നു. കഴിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഇനം. ചോളമാണെങ്കിൽ നാം ഇന്ന് കാണുന്ന ചോളത്തിന്റെ പുറം ഭാഗം അകത്തും, ഇന്നത്തെ ചോളത്തിന്റെ നടു ഭാഗം പുറത്തും ആയ കഴിക്കാൻ ഒട്ടും കഴിയാത്ത ഇനം. അരി കറുത്ത് വേവിക്കാൻ ബുദ്ധിമുട്ടുള്ള തരം ആയിരുന്നു.
പന്ത്രണ്ടായിരം വർഷങ്ങൾക്ക് മുൻപ് അന്നത്തെ മനുഷ്യർ കണ്ടു പിടിച്ച ഒരു കാര്യം, ഒരേ ചെടിയുടെ പല ഇനങ്ങൾ തമ്മിൽ ഇണ ചേർത്താൽ പുതിയ ഇനം ചെടി ഉണ്ടാക്കി എടുക്കാം എന്നുള്ളതാണ്. അങ്ങിനെ കുരു കുറവുള്ള പല ഇനം വാഴകൾ തമ്മിൽ കൃത്രിമ സങ്കരണം ചെയ്താണ് ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് അകത്തു കുരു ഇല്ലാത്തതും കഴിക്കാൻ എളുപ്പമുള്ളതും ആയ ഇന്ന് കാണുന്ന വാഴപ്പഴം രൂപപ്പെടുത്തി എടുത്തതു. ഇത് ചെയ്യുന്പോൾ ജനിതക മാറ്റം തന്നെ ആണ് സംഭവിക്കുന്നത്. അരിയുടെ കാര്യത്തിലും, ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും ഏതാണ്ട് നമ്മൾ ഇന്ന് കഴിക്കുന്ന എല്ലാ പച്ചക്കറികളുടെ കാര്യത്തിലും ഇത് സത്യം ആണ്. ഈ പ്രക്രിയ ഇന്നത്തെ ആളുകൾക്ക് പെട്ടെന്ന് മനസ്സിൽ ആകണം എങ്കിൽ TxD തെങ്ങിന്റെ കാര്യം ഓർത്താൽ മതി, പെട്ടെന്ന് കായ്ക്കുന്ന,അധികം പൊക്കം വയ്ക്കാത്ത തെങ്ങും, രോഗ പ്രധിരോധ ശേഷി ഉള്ള ഉയരം കൂടിയ തെങ്ങും തമ്മിൽ സങ്കരണം ചെയ്തെടുത്ത പുതിയ ഇനം തെങ്ങാണ് ഇത്.
മൃഗങ്ങളിലും മനുഷ്യൻ ഈ കരവിരുത് കാണിച്ചിട്ടുണ്ട്. മനുഷ്യന്റെ കൂട്ടുകാരൻ എന്നറിയപ്പെടുന്ന പട്ടിയെ മനുഷ്യൻ പതിനയ്യായിരം വർഷങ്ങൾക്ക് മുൻപ് ചെന്നായയിൽ നിന്ന് ജനിതകമാറ്റം വരുത്തി തുടങ്ങി ഉണ്ടാക്കിയെടുത്തതാണ്. നായകളിൽ തന്നെ 6 ഇഞ്ച് വലിപ്പം ഉള്ള ചുവാവ മുതൽ 35 ഇഞ്ച് വലിപ്പം ഉള്ള ഐറിഷ് വൂൾഫ് ഹൌണ്ട് വരെ ആയിരക്കണക്കിന് വ്യത്യസ്ത ഇനങ്ങളെ ഇങ്ങിനെ ഉണ്ടാക്കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞ ജനിതക വ്യതിയാനം പക്ഷെ ഒരേ സ്‌പീഷീസിൽ ഉള്ള ചെടികളിൽ ആണ് നടത്തിയത്. എന്നാൽ ആധുനിക ശാസ്ത്രം ഒരു സ്പീഷീസിലെ ജീനുകൾ മറ്റൊരു സ്പീഷിസിലേക്കു മാറ്റാൻ ഉള്ള വിദ്യ കണ്ടു പിടിച്ചിട്ടുണ്ട്. ചില എൻസൈമുകൾ കത്രികകൾ ആയി ഉപയോഗിച്ച് ഒരു കോശത്തിലെ ചില പ്രത്യക കഴിവുകളുടെ ജീനുകൾ ഒരു ജീവിയിൽ നിന്ന് വേർപെടുത്തി മറ്റൊരു ജീവിയുടെ കോശത്തിൽ വച്ച് പിടിപ്പ്പിക്കുന്ന വളരെ സങ്കീർണമായ ഒരു പ്രക്രിയ ആണിത്. പക്ഷെ നാം വിചാരിക്കാത്ത അത്ര വിപ്ലവകരമായ ഫലം ആണ് ഇത് തരുന്നത്. ഇന്നത്തെ കാലത്തു നാം ജനിതക മാറ്റം നടത്തിയ വസ്തുക്കൾ (GMO) എന്ന് പറയുന്പോൾ ഇത്തരം രണ്ടോ മൂന്നോ വ്യത്യസ്ത സ്‌പീഷീസിലെ ജീനുകൾ ഉള്ള ഒരു സസ്യത്തെ/ജീവിയെ ആണ്.
ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം ഇരുട്ടിൽ വെളിച്ചം വിതറുന്ന പൂച്ചകൾ ആണ്. ഇരുട്ടിൽ പ്രകാശം പരത്തുന്ന ജെല്ലി ഫിഷിൽ നിന്നുള്ള ജീൻ പൂച്ചയുടെ അണ്ഡവും ആയി യോജിപ്പിച്ചു ആണ് ഇത് സാധിച്ചത്. ഇരുട്ടിൽ തിളങ്ങുന്ന കുരങ്ങുകളും പട്ടികളും ഇപ്പോൾ ഉണ്ട്.
തേളിന്റെ വിഷം പുറപ്പെടുവിക്കുന്ന ജീൻ ക്യാബേജിൽ വച്ച് ചേർത്ത് കീടങ്ങളെ ചെറുക്കുന്ന കാബേജും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സോയയും കോണും മുതൽ പപ്പായ വരെ ജനിതക മാറ്റം വരുത്തിയ സസ്യങ്ങൾ അമേരിക്കയിൽ ഉണ്ട്. ഇപ്പോൾ ഇവിടെ കിട്ടുന്ന 90% കോണും ജനിതക മാറ്റം വരുത്തിയതാണ്. ജനിതക മാറ്റം വരുത്തിയ വിളകളുടെ സുരക്ഷിതത്വം സംബന്ധിച്ച പൊതു ജനങ്ങളുടെ ഇടയ്ക്കും ശാസ്ത്രജ്ഞരുടെ ഇടയിലും അഭിപ്രായ വ്യത്യാസം ഉണ്ട്.
അമേരിക്കയിലെ മൊൺസാന്റോ എന്ന കന്പനി ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങൾക്കു കുപ്രസിദ്ധം ആണ്. ഇതിനു കാരണം അവർ വികസിപ്പിച്ച എടുത്ത റൌണ്ട് അപ്പ് എന്ന കളനാശിനി ഏൽക്കാത്ത തരം ചോളം ആണ്. കളനാശിനി ഈ കോൺ ചെടികളിൽ ഏൽക്കാത്തതു കൊണ്ട് വിമാനവും ഹെലികോപ്ടറും ഉപയോഗിച്ച് പെട്ടെന്ന് കുറെ കളനാശിനി പാടങ്ങളിൽ തളിക്കുകയും, ഇവ ജലശ്രോതസുകൾ വഴി അടുത്തുള്ള പുഴകൾ മലിനമാക്കുകയും ചെയ്യും. കുറച്ചു കള നാശിനി കോണിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. അമേരിക്ക ഇത് വരെ സമ്മതിച്ചിട്ടില്ലെങ്കിലും റൗണ്ടപ് എന്ന ഈ കള നാശിനി ആളുകളിൽ കാൻസർ ഉണ്ടാക്കും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അമേരിക്ക ഒഴിച്ചുള്ള പല വികസിത രാജ്യങ്ങളും ഈ കള നാശിനി നിരോധിക്കാൻ ആലോചിക്കുന്നുണ്ട്. കൂടുതൽ പാലുൽപ്പാദിപ്പിക്കാൻ പശുക്കളിൽ കുത്തി വയ്ക്കുന്ന rBGH എന്ന വളർച്ച ഹോർമോൺ വികസിപ്പിച്ച് എടുത്തതും ഈ കന്പനി ആണ്. ഈ വളർച്ചാ ഹോർമോൺ പാലിൽ കൂടി മനുഷ്യ ശരീരത്തിൽ എത്തി പ്രോസ്റ്റേറ്റ് , ബ്രെസ്റ് കാൻസർ എന്നിവ ഉണ്ടാക്കും എന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നു. പക്ഷെ ഇത് അമേരിക്കയിൽ നിരോധിച്ചിട്ടില്ല, മറ്റു 27 വികസിത രാജ്യങ്ങളിൽ ഇത് നോരോധിച്ചിട്ടുണ്ട്.
ജനറ്റിക് എഞ്ചിനീയറിംഗ് വരും വർഷങ്ങളിൽ നമ്മുടെ ജീവിതം മാറ്റി മറിക്കാൻ സാധ്യത ഉള്ള ഒരു വിഷയം ആണ്. നിങ്ങൾ കഴിക്കുന്ന വസ്തുക്കളുടെ ഉറവിടം അന്വേഷിക്കുക, സുരക്ഷിതരായിരിക്കുക.
Leave a Reply