മറ്റുള്ളവരുടെ ജീവിതങ്ങൾ : ഒരു സിനിമയുടെ മനഃശാസ്ത്രം.

വർഷങ്ങൾക്കു മുന്പ് ഒരു ചെറിയ പെരുന്നാൾ ദിവസം. വീട്ടിൽ കോഴി ബിരിയാണി ആണ്. പക്ഷെ ഞങ്ങൾക്കു ആർക്കും കഴിക്കാൻ തോന്നുന്നില്ല. ഞങ്ങൾ കുട്ടികൾ എല്ലാവരും വലിയ സങ്കടത്തോടെ ഇരിക്കുന്നു. കാരണം ഞങ്ങളുടെ വീട്ടിലെ തന്നെ ഒരു കോഴിയെ ആണ് കൊന്നു ബിരിയാണി വച്ചിരിക്കുന്നത്. ഞങ്ങളുടെ വീട്ടിൽ ആണെങ്കിൽ എല്ലാ ആടിനും കോഴിക്കും പൂച്ചക്കും ഓരോ പേരുകൾ ഉള്ളതാണ്. അമ്മിണി എന്ന് വിളിച്ചാൽ ആട് അടുത്ത് വരും. കോഴികളോടും ഏതാണ്ട് മനുഷ്യരോട് സംസാരിക്കുന്ന പോലെ ആണ് ഉമ്മ സംസാരിക്കുന്നത്. “നിനക്ക് ഇന്ന് വിശക്കുന്നെങ്കിൽ വേണ്ട, കഴിച്ചില്ലേൽ ഞാൻ ഇത് വേറേ ആർക്കെങ്കിലും കൊടുക്കും” എന്നെല്ലാം അടുക്കളയുടെ പുറകിൽ നിന്ന് കേട്ടാൽ ഉമ്മ ആടിനോ കോഴിക്കോ ഭക്ഷണം കൊടുക്കുകയാണെന്നു മനസിലാക്കാം. അങ്ങിനെ ഞങ്ങളുടെ വീട്ടിൽ വളർത്തിയ കോഴിയെ കൊന്നു കറി വച്ചാൽ എങ്ങിനെയാണ് കഴിക്കാൻ തോന്നുക? അതിനു ശേഷം ഒരിക്കലും വീട്ടിലെ കോഴിയെ കൊന്നു തിന്നിട്ടില്ല. പക്ഷെ പുറത്തു നിന്ന് മീനും ഇറച്ചിയും വാങ്ങിക്കുന്പോൾ ഞങ്ങൾക്കു ഈ പ്രശ്നം ഉണ്ടായിരുന്നില്ല.
 
വർഷങ്ങൾ കഴിഞ്ഞു യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ റിസർച്ച് ചെയ്യുന്ന ഇന്ത്യക്കാരനായ വി എസ് രാമചന്ദ്രന്റെ ടെൽ ടെയിൽ ബ്രെയിൻ എന്ന പുസ്തകം വായിച്ചപ്പോൾ ആണ് ഇതിന്റെ ശാസ്ത്രീയ വശം മനസിലായത്. കണ്ണാടി ന്യൂറോണുകൾ (https://en.wikipedia.org/wiki/Mirror_neuron) എന്നാണ് നമ്മുടെ തലച്ചോറിൽ ഇതിനു ഇതിനു കാരണക്കാരായ ന്യൂറോണുകളെ പറയുക. സാധാരണ ന്യൂറോണുകൾ നമ്മൾ എന്തെങ്കിലും സ്പർശിച്ചാലോ, നമ്മളും ആയി ബന്ധപ്പെട്ട എന്തെങ്കിലും വികാരങ്ങളുമായോ ബന്ധപെട്ടു ഉത്തേജിക്കപ്പെടുന്പോൾ, കണ്ണാടി ന്യൂറോണുകൾ മറ്റുള്ളവരിലോ മറ്റു ജീവികളിലോ ഉള്ള അനുഭവത്തിലാണ് ഉത്തേജിക്കപ്പെടുന്നത്. ഉദാഹരണത്തിന്, ഒരു ആൾ പട്ടിണി കിടക്കുന്നതു കണ്ടാൽ, ഒരാൾ അപകടത്തിൽ പെടുന്നത് എല്ലാം കണ്ടാൽ നമമുക്ക് വേദന തോന്നുന്നത് ഈ ന്യൂറോണുകൾ ഉത്തേജിക്കപ്പെടുന്നത് കൊണ്ടാണ്. രാമചന്ദ്രന്റെ അഭിപ്രായത്തിൽ കണ്ണാടി ന്യൂറോണുകളുടെ ഉരുത്തിരിയൽ ആണ് മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തൻ ആക്കുന്ന അനുകന്പ, ദയ എന്നീ വികാരങ്ങൾക്ക് കാരണം. ഭാഷയുടെ വികാസത്തിന് കാരണവും ഇത് തന്നെ. കാരണം ഫിക്ഷൻ വായിക്കുന്പോൾ നാം ചെയ്യന്നത്, മറ്റുള്ളവരുടെ അനുഭവങ്ങളെ നമ്മുടെ കാഴ്ചപ്പാടിൽ നോക്കിക്കാണൽ ആണല്ലോ. ചില പരീക്ഷണങ്ങളിൽ മറ്റുള്ളവരുടെ ദേഹത്തു സ്പർശിക്കുന്നത് സ്വന്തം ദേഹത്തു അനുഭവിപ്പിക്കാൻ വരെ കഴിയുന്നുണ്ട്. മറ്റുള്ളവരോട് ഒരു ദയയും ഇല്ലാതെ അക്രമം നടത്തുന്ന കുറ്റവാളികൾ ഒരു പക്ഷെ ഈ ന്യൂറോൺസിന്റെ കുറവ് അനുഭവിക്കുന്നവർ ആവാം എന്ന് ഒരു കാഴ്ചപ്പാടും രാമചന്ദ്രൻ മുന്നോട്ടു വയ്‌ക്കുന്നുണ്ട്.
 
കഴിഞ്ഞ ആഴ്ച ആണ് മറ്റുള്ളവരുടെ ജീവിതങ്ങൾ (https://en.wikipedia.org/wiki/The_Lives_of_Others) എന്ന ജർമൻ സിനിമ കണ്ടത്. 2006 ൽ ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള ഓസ്കാർ നേടിയ ചിത്രം ആണിത്. ബെർലിൻ മതിൽ തകരുന്നതിനു അഞ്ചു വർഷങ്ങൾക്കു മുൻപ് 1984 ൽ കമ്മ്യൂണിസ്റ് ഭരണത്തിൽ ഉള്ള ഈസ്റ്റ് ജർമനിയിൽ ആണ് കഥ നടക്കുന്നത്. ഈസ്റ്റ് ജർമനിയുടെ രഹസ്യപൊലീസായ സ്റ്റാസി ഏജന്റ് കാപ്റ്റൻ ഗെർഡ് വിസ്‌ലെർ, ഒരു മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രശസ്ത നാടക കൃത്തായ ജോർജ് ഡ്രെയ്മാന്റെ സ്വകാര്യ ജീവിതം നിരീക്ഷിക്കാൻ തുടങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ഈ നാടകകൃത്ത് തങ്ങളുടെ ശത്രു പക്ഷത്തു നിൽക്കുന്ന വെസ്റ്റ് ജർമനിയുടെ ചാരൻ ആണോ എന്നാണ് കണ്ടുപിടിക്കേണ്ടത്.
 
ഗെർഡ് ആദ്യം ചെയ്യുന്നത് ഈ നാടക കൃത്തായ ജോർജിന്റെ അപ്പാർട്മെന്റിൽ രഹസ്യ കാമെറകളും മൈക്രോഫോണുകളും സ്ഥാപിക്കുകയാണ്. അങ്ങിനെ ഇയാൾ ജോർജിന്റെയും കാമുകിയായ ക്രിസ്റ്റ മരിയയുടെയും ജീവിതം അടുത്ത് നിന്ന് നിരീക്ഷിക്കാൻ തുടങ്ങുന്നു. ഈ നിരീക്ഷണം തുടങ്ങി കുറച്ചു നാളുകൾ കൊണ്ട് തന്നെ ഗെർഡിനു ഒരു കാര്യം മനസ്സിലാവുന്നു. തന്നെ ഈ പണി മന്ത്രി ഏൽപ്പിച്ചിരിക്കുന്നത് ചില തെളിവുകൾ ഉണ്ടാക്കി ജോർജിനെ കുരുക്കാനാണ്, കാരണം ജോർജിന്റെ കാമുകിയായ ക്രിസ്റ്റ മരിയയെ എങ്ങിനെ എങ്കിലും സ്വന്തമാക്കാൻ മന്ത്രി ആഗ്രഹിക്കുന്നു. മന്ത്രി ക്രിസ്റ്റ മരിയയെ ബ്ലാക്ക് മെയിൽ ചെയ്തു ലൈംഗികമായി പീഡിപ്പിക്കുന്നതും അത് ക്രിസ്റ്റ മരിയയും ജോർജും ആയുള്ള ബന്ധത്തെ ബാധിക്കുന്നതും മറ്റും നീക്കങ്ങൾ രഹസ്യമായി അവരുടെ ജീവിതം നോക്കിക്കാണുന്ന ഗെർഡ് അറിയുന്നു. വെസ്റ്റ് ജർമനിയും ആയി ഒരു തരത്തിലുള്ള ബന്ധവും ജോർജിന് ഇല്ല എന്ന് ഗെർഡ് ഉറപ്പിക്കുന്നു.
 
ഈ അനുഭവം ജോർജിനോടും ക്രിസ്റ്റ മാറിയയോടും ഗെർഡിനു അനുകന്പ ഉളവാക്കുന്നു. പല സന്ദർഭങ്ങളിലും മന്ത്രിയെയും തന്റെ രഹസ്യ പോലീസ് മേധാവിയെയും വഴി തെറ്റിച്ചു കൊണ്ട് ജോർജിനെയും ക്രിസ്റ്റ മരിയയെയും ഗെർഡ് സഹായിക്കാൻ തുടങ്ങുന്നു. ഈസ്റ്റ് ജർമനിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും അതിന്റെ ചാരപ്രവർത്തന രീതികളോടും ശക്തമായ വിയോജിപ്പുള്ള ഒരാളായി മാറുന്ന ഗെർഡ് ജോർജ് ഈസ്റ്റ് ജർമനിക്കെതിരെ പാശ്ചാത്യ മാധ്യമങ്ങളിൽ എഴുതി രഹസ്യമായി പുറത്തു കൊണ്ട് പോകുന്ന ചില കുറിപ്പുകൾ കണ്ടില്ലെന്നു നടിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തിയായി വാദിക്കുന്ന ഒരാളായി രഹസ്യപൊലീസുകാരൻ തന്നെ മാറുന്ന ചിത്രം ആണിത്. പലപ്പോഴും രഹസ്യ പോലീസിന്റെ കയ്യിൽ നിന്ന് ജോർജിനെ ഗെർഡ് രക്ഷപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
 
ഈസ്റ്റ് വെസ്റ്റ് ജെർമനികൾ ഒന്നായ ശേഷം സ്റ്റാസിയുടെ എല്ലാ രഹസ്യ രേഖകളും എല്ലാവര്ക്കും പരിശോധിക്കാൻ അവസരം നൽകിയപ്പോഴാണ്, തന്നെ ഇങ്ങിനെ ഒരാൾ നിരീക്ഷിച്ചിരുന്നു കാര്യവും, തന്നെ പലപ്പോഴായി രക്ഷപ്പെടുത്തുകയും ചെയ്ത കാര്യം ജോർജ് അറിയുന്നത് തന്നെ.
 
ഈ ചിത്രത്തിലെ നായകൻ ആയി അഭിനയിച്ച ഉൾറിഷ് മുഹെയുടെ ജീവിതവും ആയി ഈ സിനിമയ്ക്ക് സാമ്യം ഉണ്ട്. ഈസ്റ്റ് ജർമനിയിൽ ആയിരുന്ന കാലത്തു രഹസ്യപോലീസ് നിരീക്ഷണത്തിൽ ആയിരുന്നു ഇദ്ദേഹവും. ഇദ്ദേഹത്തിന്റെ ഒരു ഭാര്യ തന്നെ രഹസ്യമായി വിവരങ്ങൾ പോലീസിന് ചോർത്തി കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്.
 
ഈ ചിത്രം കണ്ടപ്പോൾ കണ്ണാടി ന്യൂറോണുകളുടെ കഥയാണ് ഓർമ വന്നത്. മറ്റൊരാളുടെ ജീവിതം കണ്ടു തന്റെ തന്നെ രാഷ്ട്രീയ/ധാർമിക വീക്ഷണങ്ങൾ മാറ്റുന്ന ഒരാൾ. പക്ഷെ ഒന്നോർത്താൽ ഏതു സിനിമയിലെ കഥാപാത്രങ്ങളുടെ കാര്യം എടുത്താലും അവരെ ഓർത്തു നാം സന്തോഷിക്കുകയും ദുഃഖിക്കുകയും മറ്റും ചെയ്യുന്നത് ഇത് കൊണ്ട് തന്നെയല്ലേ.
 
നോട്ട് 1 : രാമചന്ദ്രന്റെ പ്രഭാഷണത്തിന്റെ വിഡിയോ താഴെ. ഇദ്ദേഹം അപകടങ്ങളിൽ കൈകാലുകൾ നഷ്ടപ്പെട്ടവർക്ക് വരുന്ന ഫാന്റം വേദന (അപകടത്തിൽ നഷ്ടപെട്ട കയ്യിലോ കാലിലോ വേദന വരുന്ന പ്രതിഭാസം) വെറും ഒരു കണ്ണാടി ഉപയോഗിച്ച് ചികിൽസിച്ചു ഭേദമാക്കിയതിനു പ്രശസ്തനാണ്. https://www.ted.com/talks/vs_ramachandran_the_neurons_that_shaped_civilization
നോട്ട് 2 : സിനിമ പരിചയപ്പെടുത്തിയതിനു സുഹൃത്ത് പാർവതിക്ക് നന്ദി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: