മണലിൽ വരച്ച വരകൾ

അമേരിക്കൻ പ്രസിഡന്റ് ട്രന്പിന്റെ രണ്ടാമത്തെ യാത്ര നിരോധനവും ഇന്ന് കോടതി തടഞ്ഞ് ഉത്തരവിറക്കി. രണ്ടാമത്തെ യാത്ര നിരോധനവും ഒന്നാമത്തേതും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. പ്രധാന വ്യത്യാസം ആദ്യത്തെ ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇറാഖ് ഒഴിവാക്കി എന്നുള്ളതാണ്. അമേരിക്കയിൽ നടന്ന ഏറ്റവും വലിയ ഭീകര ആക്രമണം നടത്തിയവർ സൗദി അറേബ്യക്കാരായിരുന്നെങ്കിലും അവർക്കെതിരെ നിരോധനം ഒന്നും ഇല്ല എന്നതിൽ നിന്ന് തന്നെ ഈ നടപടി ഭീകര ആക്രമണവും ആയി വലിയ ബന്ധം ഇല്ലാത്ത ഒന്നാണ് എന്ന് മനസിലാക്കാം.
 
ഇതിലെ ഏറ്റവും വലിയ തമാശ ഇറാഖിനെ ഒഴിവാക്കുകയും സിറിയ, ഇറാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളെ നിരോധനത്തിൽ നിലനിർത്തിയതും ആണ്. കാരണം ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അറബ് ലോകത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത രണ്ടു പേർ വെറും മണലിൽ വരച്ച ചില അതിർത്തികൾ ആണ് ഇന്നും ഈ രാജ്യങ്ങൾക്കുള്ളത് എന്ന് പലർക്കും അറിയില്ല. സൈക്സ്-പൈക്കോട്ട് എഗ്രിമെന്റ് എന്നാണ് ഇതിന്റെ പേര്. (https://en.wikipedia.org/wiki/Sykes–Picot_Agreement). നൂറു വര്ഷങ്ങള്ക്കു മുൻപ് 1916 ൽ ആയിരുന്നു അത്.
 
ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനിയും ഓട്ടോമൻ സാമ്രാജ്യവും തോൽക്കും എന്ന് ഉറപ്പായപ്പോൾ ഓട്ടോമൻ സാമ്രാജ്യം, യുദ്ധത്തിലെ വിജയികളായ ബ്രിട്ടൺ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ, അവർ നേരിട്ട് ഭരിക്കുന്നതും, അവർക്കു സ്വാധീനം ഉള്ളതും ആയ രാജ്യങ്ങൾ ആയി പങ്കിട്ടെടുത്ത കരാർ ആണിത്. വളരെ രഹസ്യം ആയി നടന്ന ഈ വിഭജനം നടത്തിയ മാർക്ക് സൈക്‌സിനും ഫ്രാൻകോയിസ് പൈക്കോട്ടിനും പക്ഷെ അറബ് രാജ്യങ്ങളെ കുറിച്ചോ പ്രധാനമായും തുർക്കികൾ നേതൃത്വം കൊടുത്ത ഓട്ടോമാൻ സാമ്രാജ്യത്വത്തിനെതിരെ അറബികൾ നടത്തി വരുന്ന സമരത്തെ കുറിച്ചോ ഒരു അറിവും ഉണ്ടായിരുന്നില്ല. ലോറെൻസ് ഓഫ് അറേബ്യ എന്നറിയപ്പെട്ട കേണൽ ടി.ഇ.ലോറെൻസ് യുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ച അറബ് രാജ്യങ്ങൾക്കു കൊടുത്ത വാക്കിന് കടക വിരുദ്ധം ആയിരുന്നു ഈ വിഭജനം.
 
നമൂക്കെല്ലാം നേർ വരകൾ വരയ്ക്കാൻ ആണ് എളുപ്പം. സൈക്‌സും പൈകോട്ടും ചെയ്തതും അത് തന്നെ ആണ്. ഓട്ടോമൻ സാമ്രാജ്യത്തിനു നെടുകെയും കുറുകെയും നേർ വരകൾ വരച്ചു ജോർദാൻ, തെക്കൻ ഇറാഖ് തുടങ്ങിയവ ബ്രിട്ടനും, തെക്കൻ തുർക്കി, വടക്കൻ ഇറാഖ് , സിറിയ, ലെബനൻ തുടങ്ങിയവ ഫ്രാൻസും, ഇസ്താൻബുൾ അർമേനിയ തുടങ്ങിയവ റഷ്യയും പങ്കു വച്ചു. പക്ഷെ ഈ നേർരേഖകൾ വിഭജിച്ചത് കുർദുകകളെ ആണ്. ഈ നേർ രേഖകളുടെ അപ്പുറവും ഇപ്പുറവും ആയി കുർദുകൾ വിഭജിക്കപ്പെട്ടു. നൂറു വര്ഷങ്ങള്ക്കു ശേഷവും മണലിൽ വരച്ച ആ വരകൾ ആ പ്രദേശത്തിന്റെ അസ്ഥിരതയ്ക്കു കാരണം ആയി നിൽക്കുന്നു.
 
ട്രമ്പ് മതിൽ കെട്ടിത്തിരിക്കാൻ പോകുന്ന മെക്സികോയുമായുള്ള അതിർത്തിയും ഇങ്ങിനെ ഉള്ള ഒന്നാണ്. 1846 മുതൽ വെറും രണ്ടു വര്ഷം നീണ്ടു നിന്ന മെക്സിക്കോ-അമേരിക്കൻ യുദ്ധത്തിന് ശേഷം അമേരിക്ക മെക്സിക്കോയിൽ നിന്ന് പിടിച്ചെടുത്തതാണ് അമേരിക്കയിലെ വലിയ സംസ്ഥാനങ്ങൾ ആയ ന്യൂ മെക്സിക്കോ, ഉട്ടാ, നെവാഡ, അരിസോണ, കാലിഫോർണിയ, ടെക്സാസ് എന്നിവ ഉൾപ്പെട്ട പ്രദേശം. അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള അതിർത്തി വളരെ നാൾ വെറും മണലിൽ വരച്ച വര മാത്രം ആയിരുന്നു. ഇതിനെ കുറിച്ച് ഈ പേരിൽ ഒരു പുസ്തകം തന്നെ ഇറങ്ങിയിട്ടുണ്ട് (https://www.amazon.com/Line-Sand-History-Western-U-S-Mexico/dp/0691156131).
 
ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി വിഭജവും ഇതിൽ നിന്ന് വളരെ വ്യത്യസ്തം ഒന്നുമല്ല. ഇന്ത്യ പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ആയി വിഭജിക്കാൻ തീരുമാനം ആയ ശേഷം ഇതിന്റെ ചുമതല ഏൽപ്പിച്ചത് ഇത് വരെ ഇന്ത്യയിൽ വന്നിട്ടില്ലാത്ത, ഇന്ത്യയെ കുറിച്ചോ നമ്മുടെ സംസ്കാരത്തെ കുറിച്ച് ഒരു പിടിയും ഇല്ലാത്ത സിറിൽ റാഡ്ക്ലിഫ് എന്ന “മഹാൻ” ആണ്. ആഗസ്ത് പതിനഞ്ചിനു സ്വാതന്ത്ര്യം പ്രഖ്യാപിക്കേണ്ട രണ്ടു രാജ്യങ്ങളുടെ അതിർത്തി വരക്കേണ്ട ആൾ എത്തിച്ചേർന്നത് ജൂലൈ എട്ടാം തീയതി മാത്രം ആണെന്ന് പറയുന്പോൾ മനസിലാകുമല്ലോ ഇദ്ദേഹത്തിന്റെ താല്പര്യം. ഇന്ത്യയിലെ ജീവിതം ഇഷ്ടപെടാത്ത ഇദ്ദേഹം എത്രയും പെട്ടെന്ന് കാര്യം തീർത്തു മടങ്ങാൻ തിടുക്കം കൂട്ടി എന്നാണ് പറയപ്പെടുന്നത്. പഞ്ചാബും, ബംഗാളും ഹിന്ദു, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ പകുത്തു മാറ്റുന്നത് എളുപ്പം ആയിരുന്നില്ല, കാരണം, ഇങ്ങിനെ ഉള്ള പ്രദേശങ്ങൾ പല ഇടങ്ങളിൽ ആയി ചിതറി കിടക്കുക ആയിരുന്നു. റാഡ്ക്ലിഫ് വരച്ച്‌ കിട്ടിയ മാപ് നോക്കി തീർപ്പു കൽപ്പിക്കാൻ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും പ്രതിനിധികൾക്ക് വെറും രണ്ടു മണിക്കൂർ ആണ് കിട്ടിയത് എന്നത് കഥ. റാഡ്ക്ലിഫ് ലൈൻ എന്നാണ് ഇത് അറിയപ്പെടുന്നത് (https://en.wikipedia.org/wiki/Radcliffe_Line). ഓഗസ്റ്റ് പതിനഞ്ചിച്ചു തന്നെ റാഡ്ക്ലിഫ് ഇന്ത്യ വിടുകയും ചെയ്തു. ഈ വിഭജനത്തിന്റെ ഫലമായി ആളുകൾ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും പലായനം ചെയ്യേണ്ടി വന്നത് മൂലം രണ്ടു ലക്ഷം മുതൽ ഇരുപതു ലക്ഷം വരെ ആളുകൾ മരിച്ചു എന്നാണ് കണക്ക്. താരതമ്യ പെടുത്താനാണെങ്കിൽ ഹിരോഷിമയിൽ അറ്റോമിക് ബോംബ് മൂലം മരിച്ചത്തിന്റെ ഇരട്ടി ആണ് രണ്ടു ലക്ഷം.
 
റാഡ്ക്ലിഫ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരം കാശ്മീർ വിഭജിക്കാതെ വിട്ടതാണ്. രണ്ടു രാജ്യങ്ങൾ തമ്മിൽ നിരന്തര ശത്രുതയ്ക്ക് കാരണമായി തീർന്നു ഈ ഭൂപ്രദേശം.
 
നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഇങ്ങിനെ ഒരു പ്രദേശം. തിരുവിതാം കൂറിന്റെ രാജകൊട്ടാരം ആയ പത്മനാഭപുരം കൊട്ടാരം ഇപ്പ്പോ തമിഴ് നാട്ടിൽ ആണ്. മാർഷൽ നേശമണി ആണ് നഗർകോവിൽ ഉൾപ്പെടെ കന്യാകുമാരി ജില്ലാ തമിഴ്‌നാട്ടിൽ ആക്കാൻ വേണ്ടി സമരം ചെയ്തത്. നാഗർകോവിൽ, കോയന്പത്തൂർ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്പോഴെല്ലാം ഈ ജില്ലകളുടെ ചില പ്രദേശങ്ങൾ എങ്കിലും കേരളത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, മൂന്നാറിൽ സഞ്ചരിക്കുന്പോൾ തിരിച്ചും.
 
ഓർക്കുക നമ്മുടെ ദേശീയതയും നമ്മൾ ആരെ ഇഷ്ടപെടുന്നു, ആരെ വെറുക്കുന്നു എന്നുള്ളതെല്ലാം നമ്മെ അറിയാത്ത, നമ്മുടെ സംസ്കാരം അറിയാത്ത ചിലർ തീരുമാനിച്ചത് ആയിരിക്കാം. എല്ലാ മനുഷ്യരെയും അതിർത്തി വ്യത്യാസം ഇല്ലാതെ ഒരേപോലെ സ്നേഹിക്കാം എന്ന് ഒരു തീരുമാനം എടുത്താൽ ഇങ്ങിനെ മറ്റുള്ളവർ നമ്മുടെ ഉള്ളിൽ കുത്തിവയ്ക്കാൻ ശ്രമിക്കുന്ന വെറുപ്പുകളിൽ നിന്ന് രക്ഷപെടാം. വസുധൈവ കുടുംബകം.
 
ഇന്ത്യ പാകിസ്ഥാൻ അതിർത്തി തിരിച്ചതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് : http://www.unc.edu/depts/diplomat/archives_roll/2002_01-03/chester_partition/chester_partition.html

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: