പിജിഡിസിഎ ഫൈനൽ പരീക്ഷ കഴിഞ്ഞു ഞങ്ങൾ അഞ്ചാറ് കൂട്ടുകാർ ഏലൂരിനടുത്ത് പാതാളം എന്ന സ്ഥലത്തുള്ള ഒരു കൂട്ടുകാരന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ കൂടിയതാണ്. പാതിരാത്രി ആയപ്പോൾ വെള്ളമടി എല്ലാം കഴിഞ്ഞു ഞങ്ങൾ നടക്കാൻ ഇറങ്ങി. ഒരു പാലത്തിന്റെ മുകളിലൂടെ നടക്കുന്പോൾ കൂടെയുള്ള തൃശൂരുകാരൻ അച്ചായൻ തോമസ് ഞങ്ങളോടെ ചോദിച്ചു
“ഇഷ്ടാ, ഇപ്പൊ നമ്മൾ ഇതിലൂടെ ഒറ്റയ്ക്ക് പോണെണെന്ന് വിചാരിക്കുക, എതിരെ അഞ്ചാറ് പേർ വന്നു നമ്മളെ ഭീഷണിപ്പെടുത്തി ഒരു അടി വച്ച് തന്നാൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?”
“അതില്ല”
“എന്നാ ഇനി എതിരെ ഒറ്റയ്ക്ക് വരുന്നവനെ നമ്മൾ തടഞ്ഞു നിർത്തി തെറി പറയുന്നു, പറ്റിയാൽ ഒരടിയും കൊടുക്കാം…”
എന്തെങ്കിലും പറഞ്ഞു തീരുന്നതിനു മുൻപ് എതിരെ ഒരാൾ ഒരു സ്‌കൂട്ടറിൽ വന്നു. സെക്കന്റ് ഷോ കഴിഞ്ഞോ മറ്റോ വരുന്ന വഴി ആയിരിക്കണം. പാലത്തിൽ വേറെ ഒരാളുമില്ല. തോമസ് അയാളെ തടഞ്ഞു നിർത്തി.
“നീ എവിടെ പോണേണെടാ? ” എന്ന ചോദ്യത്തിൽ ആയിരുന്നു തുടക്കം, പിന്നെ തെറിയുടെ പൂരം. തല്ലു വരെ എത്തിയില്ല. പക്ഷെ അപ്രതീക്ഷിതമായ ഈ സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരൻ പകച്ചു പോയിരുന്നു. ഞങ്ങളെല്ലാം ഒരു വിധത്തിൽ തോമസിനെ പിടിച്ചു നിർത്തി അയാളെ പറഞ്ഞു വിട്ടു.
“ഞാൻ പറഞ്ഞില്ലെ, ഇങ്ങിനെ ഒരു അവസരത്തിൽ അവർക്കൊന്നും ഒന്നും ചെയ്യാൻ കഴിയില്ല…” തോമസ് വീന്പിളക്കി. ഞങ്ങൾ ഞങ്ങളുടെ നടത്തം തുടർന്ന്.
പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞപ്പോൾ പുറകിൽ ഒരു ബഹളം കേട്ടു. ഞങ്ങൾ പേടിപ്പിച്ചു വിട്ട ആളും, കൂടെ ഒരു വലിയ കൂട്ടം ആളുകളും. കയ്യിൽ വടിയെല്ലാം ഉണ്ട്. അന്ന് ഏലൂർ – പാതാളം ഏരിയ ഗുണ്ടകളുടെ ആസ്ഥാനം ആണ്. അങ്ങിനെ ഉള്ള ഏതോ ഒരു ഗുണ്ടയുടെ ചേട്ടനെയോ അനിയനെയോ ആണ് ഞങ്ങൾ തടഞ്ഞു നിർത്തിയത് എന്ന് ദിവസങ്ങൾ കഴിഞ്ഞാണ് അറിഞ്ഞത്. പാലത്തിന്റെ തൊട്ടപ്പുറത്തായിരുന്നു അയാളുടെ വീട്. ഓടിക്കോടാ എന്ന് തോമസ് അലമുറയിട്ടത് മാത്രം എനിക്കോർമ്മയുണ്ട്. ഓടി കുറെ കഴിഞ്ഞു പലയിടത്തും വീണും പിടിച്ചും ഏതോ കവലയിൽ എത്തിയപ്പോഴേക്കും ദേഹം എല്ലാം മുറിഞ്ഞിരുന്നു. പക്ഷെ ഭാഗ്യത്തിന് അവരുടെ കയ്യിൽ പെട്ടില്ല. ഈ സംഭവത്തോടെ ആണ് ഭൂരിപക്ഷം ന്യൂനപക്ഷം ആകാൻ അധികം സമയം വേണ്ട എന്നെനിക്കു മനസിലായത്.
ഇന്ത്യയിലെ മുസ്ലിങ്ങൾ എല്ലാം പാകിസ്ഥാനിൽ പോകണം എന്നഭിപ്രായമുള്ള ചില ഉത്തരേന്ത്യൻ സങ്കി സുഹൃത്തുക്കൾ കുടിയേറ്റത്തിനെതിരെ നിലപാടെടുക്കുന്ന ട്രന്പിനെ ഇന്ന് ചീത്ത പറയുന്ന കേട്ടപ്പോൾ ഞാൻ ഈ സംഭവം ഓർത്തു പോയി. നാട്ടിൽ ന്യൂനപക്ഷ വിരുദ്ധരും കുടിയേറ്റ വിരുദ്ധരും ആയവർ അമേരിക്കയിൽ വന്നാൽ ന്യൂനപക്ഷ പ്രേമികളും കുടിയേറ്റ പ്രേമികളും ആണ് 🙂
ഭൂരിപക്ഷം ന്യൂനപക്ഷം എന്നൊക്കെ പറയുന്പോൾ മിക്കവാറും പേർ അത് മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആണ് കാണുന്നത്. പക്ഷെ ഇത് മത ന്യൂനപക്ഷത്തിന്റെ മാത്രം കാര്യമല്ല. ഭിന്ന ലിംഗക്കാർ, ഭിന്നശേഷിയുള്ള കുട്ടികൾ , നമ്മുടെ നാട്ടിൽ വന്നു ജോലി ചെയ്യുന്ന അന്യനാട്ടുകാർ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളും ഇതിൽ പെടും. മതന്യൂന പക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ചിലർ ഭിന്ന ലിംഗക്കാരെ കുറിച്ച് പറയുന്നത് കേട്ടാൽ അറപ്പു തോന്നും.
എല്ലാ ഭൂരിപക്ഷവും മറ്റൊരു വീക്ഷണ കോണിൽ നോക്കിയാൽ ന്യൂനപക്ഷം ആണ്. ഉദാഹരണത്തിന് കേരളത്തിലെ എല്ലാവരും ഇന്ത്യയിലെ മൊത്തം കണക്കു നോക്കിയാൽ ഭാഷാ ന്യൂനപക്ഷം ആണ്.
ഒരു രാജ്യത്തിൻറെ മഹത്വം അത് അതിലുള്ള ഏറ്റവും അവശരായവരെ എങ്ങിനെ പരിഗണിക്കുന്നു എന്നുള്ളതിലാണ് എന്ന് പറഞ്ഞത് ഗാന്ധിയാണ്. വ്യക്തികളുടെ കാര്യത്തിലും ഇത് ശരിയാണ് എന്നെനിക്കു തോന്നുന്നു. ലൈഫ് ഓഫ് ജോസൂട്ടിയിൽ ജോസൂട്ടിയുടെ അച്ഛൻ പറയുന്ന പോലെ,മറ്റുള്ളവരുടെ ഭാഗത്തു നിന്നൊന്നു ചിന്തിച്ചു നോക്കിയാൽ തീരുന്ന പ്രശ്നമേ നമുക്കൊക്കെ ഉള്ളൂ.
“A nation’s greatness is measured by how it treats its weakest members” : മഹാത്മാ ഗാന്ധി.
Leave a Reply