വർഷാവസാനവും പുതു വർഷവും എനിക്ക് ഭാഗ്യങ്ങളുടെ കണക്കെടുപ്പ് ദിനങ്ങൾ ആണ്. ഓർമ്മകളിൽ കണ്ണുനീരും കയ്പ്പും ഉണ്ടെങ്കിലും കിട്ടിയ ഭാഗ്യങ്ങൾ വച്ച് നോക്കുന്പോൾ അതൊന്നും ഒന്നുമല്ല.
ഓർമകൾ തുടങ്ങുന്നത് “തെള്ളു” എന്ന ഭീകര ജീവിയിൽ നിന്നാണ്. മട്ടാഞ്ചേരിയിൽ നിന്ന് പള്ളുരുത്തിയിലേക്കു മാറി താമസിക്കുന്പോൾ വീടെന്നു പറയാൻ ഒരു ഓലപ്പുരയായിരുന്നു, തറ വെറും മണലും. തെള്ളിന്റെ ശല്യം സഹിക്കാതെ മേല് മുഴുവൻ മണ്ണെണ്ണ തേച്ചാണ് ഉറങ്ങിയിരുന്നത് എന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ ഓർമയിൽ ഈ ഓലപ്പുര കത്തിയെരിയുന്പോൾ അയൽപക്കത്തുള്ള ദേവകി പണിക്കത്തിയുടെ മടിയിൽ ഇരുന്നു കരയുന്നതു മാത്രം ആണ്.
സെന്റ് ആന്റണീസ് യു പി സ്കൂൾ ആണ് പിന്നത്തെ ഓർമ, സ്നേഹമുള്ള അധ്യാപകർ, കൂട്ടുകാർ. ബാപ്പ ചുമട്ടു തൊഴിലാളി ആയിരുന്നിട്ടും പട്ടിണി അറിഞ്ഞിട്ടില്ല. ഒട്ടേറെ കൂട്ടുകാരെ കിട്ടി. ഗോപനുമായി നാൽപതു വര്ഷം മുൻപ് തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു, സോളി, ബാലാജി, ജോഷി അനേകം കൂട്ടുകാർ. എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച , ഓരോ മാസവും ഹോസ്റ്റൽ ഫീയുടെ സമയം വരുമ്പോൾ സഹായിക്കുന്ന കൂട്ടുകാരും ടീച്ചർമാരും. കാനറാ ബാങ്കിൽ നിന്ന് ലോൺ കിട്ടുന്നവരെ എന്നെ നില നിർത്തിയത് ഇവരൊക്കെ ആയിരുന്നു. അമേരിക്കയിലും ഇത് പോലെ സ്നേഹമുള്ള കുറെ കൂട്ടുകാരെ കിട്ടി. ഏതാണ്ട് എല്ലാ ആഴ്ചയും കാണുകയും, യാത്ര ചെയ്യുകയും ചെയ്യുന്ന കുറെ നല്ല കൂട്ടുകാർ.
നാട്ടിൽ ട്യൂഷൻ നടത്തിയതിയതിലൂടെ കുറെ നല്ല വിദ്യാർഥികളെയും കിട്ടി. ഇന്നും ബന്ധം സൂക്ഷിക്കുന്ന, രാജു, സുമേഷ്… സാക്ഷരത പ്രസ്ഥാനത്തിൽ പങ്കെടുത്ത അനുഭവം ജീവിതം മാറ്റി മറിച്ച ഒന്നായിരുന്നു.
പള്ളുരുത്തി വെളി അന്പലത്തിൽ കപ്പലണ്ടി വിട്ടു ഉണ്ടാക്കിയ 35 രൂപ കൊണ്ടായിരുന്നു എന്റെ ആദ്യത്തെ ബാങ്ക് അക്കൗണ്ട്. നെല്ലിപ്പുളി മുതൽ തേങ്ങ വരെ വിറ്റിട്ടുണ്ട്. ഒരിക്കൽ തേങ്ങയും കയറ്റി കൈ വണ്ടി (കൊച്ചിയിൽ ഞങ്ങൾ കോലാറ് വണ്ടി എന്നും പറയും) വലിച്ചു കൊണ്ട് വരുന്പോൾ ഒരു ട്യൂഷൻ വിദ്യാർത്ഥിയുടെ അമ്മ എന്നോട് ചോദിച്ചത് ഓർമ ഉണ്ട് : “മാഷ് ട്യൂഷൻ ക്ലാസ് നിർത്തിയോ?” 🙂 എല്ലാ തരം ജോലി ചെയ്യാനും ബാപ്പയും ഉമ്മയും കൂടെ നിന്നു , ജീവിതത്തിൽ പലതും തനിയെ പഠിച്ചതിനേക്കാൾ, പഠിക്കാൻ ബാപ്പയും ഉമ്മയും വഴി ഒരുക്കുകയായിരുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി. സ്നേഹമുള്ള സഹോദരങ്ങൾ, അവരുടെ കുടുംബം.
എത്ര അധ്യാപകരോടാണ് നന്ദി പറയേണ്ടത് എന്നറിയില്ല, എൽ പി സ്കൂളിലെ ആനി ടീച്ചർ, ജയ മാതാ ട്യൂഷൻ സെന്ററിലെ എബ്രഹാം സാർ, SDPY സ്കൂളിലെ മണി ടീച്ചർ, ഭാഗ്യലക്ഷ്മി ടീച്ചർ,രാജം ടീച്ചർ, എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകർ…. അനേകം പേർ.
കാലവും ഭാഗ്യവുമായി കൂടെ നിന്നു. ഐ ടി വ്യവസായം ഇന്ത്യയിൽ പച്ച പിടിച്ചു വരുന്ന സമയത്തു അതിന്റെ സിരാകേന്ദ്രമായ ബാംഗ്ലൂരിലേക്ക് കോളേജിൽ നിന്ന് തന്നെ സെക്ഷൻ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, അതും അമേരിക്കയ്ക്ക് പുറത്തു ആദ്യമായി തുടങ്ങിയ SAP ലാബിൽ. പിന്നീട് അമേരിക്കയിലെ ന്യൂ യോർക്കിൽ ഒരു സ്വിസ് ബാങ്കിൽ..
ജീവിതത്തിലെ ഏറ്റവും ഭാഗ്യം നമ്മെ സ്നേഹിക്കുന്ന ഒരു പങ്കാളിയെ കിട്ടുക എന്നതാണ്. ജീവിതം അതിലും കരുണ കാണിച്ചു. “തല കുത്തി നിന്ന്” എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ തന്നെ തന്നു. ആരോഗ്യമുള്ള കുട്ടികൾ. യാത്രകൾ…..
ഇന്റർനെറ്റും ഒരു ജീവിത സംഭവം തന്നെ ആണ്, അല്ലെങ്കിൽ ഇത്ര മാത്രം കൂട്ടുകാരെ കിട്ടുമായിരുന്നോ? യാത്രയെ , ചരിത്രത്തെ, സിനിമയെ സ്നേഹിക്കുന്നവർ.. പല ജാതി മത രാഷ്ട്രീയമുള്ളവരെല്ലാം യാത്രകൾക്ക് വേണ്ടി ഒന്നിക്കുന്നത് ഒരു അനുഭവം തന്നെ ആണ്. എന്റെ ചെറിയ എഴുത്തുകൾ വായിച്ചു പ്രോസാഹിപ്പിക്കുന്നവർ…
തിരിഞ്ഞു നോക്കുന്പോൾ, പണമായും പണ്ടമായും വസ്തു വകകൾ ആയും ഒക്കെ ഉണ്ടായതിനേക്കാൾ എത്രയോ മടങ്ങു ഭാഗ്യം ആണ് സ്നേഹമുള്ള ബന്ധങ്ങൾ നമുക്ക് ഉണ്ടാവുന്നത്…
ഹൃദയം നിറയെ നന്ദിയോടെ എല്ലാവർക്കും പുതു വത്സര ആശംസകൾ.
Very touching ikka… Lucky u
LikeLiked by 1 person
ഓര്‍മ്മച്ചെപ്പിന്‍റെ അടപ്പ് തുറക്കാത്ത താഴിട്ട് പൂട്ടരുത്. ഇടക്കിടെ തുറന്നതിലെ മുത്തുകളെ താലോലിക്കാന്‍. കഴിയണം. നമുക്കു നമ്മെ തിരിച്ചറിയാനുളള എളുപ്പവഴി ഇതൊന്നുമാത്രം.
Pemini…
LikeLiked by 1 person