ഫേസ്ബുക് നമ്മോടു ചെയ്യുന്നത്

“നസീർ, അയാളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ തന്നെ കൊല്ലും…” ശ്രീനിവാസന്റെ മുഖത്തെ ദൃഢനിശ്ചയം കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. ജോലിസ്ഥലത്ത് വളരെ വർഷങ്ങളായി എന്റെ സുഹൃത്താണ് ആന്ധ്രാ സ്വദേശിയും മിതഭാഷിയും ആയ ശ്രീനി.
 
ശ്രീനി സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതി ജീവിച്ചു പോരുന്ന ഒരാൾ ആണ്. പക്ഷെ കുറച്ചു നാളായി ഫേസ്ബുക്കിലെയും വാട്സ് ആപ്പിലെയും ചില തീവ്ര മത ഗ്രൂപ്പുകൾ ശ്രീനിയെ സ്വാധീനിക്കുന്നു എന്നെനിക്കു സംശയം ഉണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ആണ് എം.എഫ് ഹുസൈൻ സരസ്വതിയുടെ ചിത്രം വരച്ചതും ആയി ഉള്ള ഒരു ചർച്ച ഉച്ച ഭക്ഷണ സമയത്തു ഉയർന്നു വന്നത്. ആവിഷ്കാര സ്വാതന്ത്ര്യം, ഹൊയ്സാല ക്ഷേത്രങ്ങളിലും ഖജുരാഹോയിലും ഉള്ള ശിൽപ്പങ്ങൾ തുടങ്ങി ചില വാദങ്ങൾ ഞാൻ ഉന്നയിച്ച സമയത്താണ് അത് വരെ മിണ്ടാതിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ശ്രീനി തലയുയർത്തി പറഞ്ഞത്.
 
“എം എഫ് ഹുസൈനെ എന്റെ കിട്ടിയാൽ ഞാൻ തന്നെ കൊല്ലും… ഞങ്ങളുടെ ദൈവങ്ങളെ നഗ്നരായി ചിത്രീകരിക്കാൻ മുസ്ലിങ്ങൾക്ക് എന്തവകാശം?” പ്രശ്നം പന്തിയല്ല എന്ന് കണ്ട ഞാൻ അന്ന് പിന്നീട് ആ ചർച്ച മുന്നോട്ടു കൊണ്ടുപോയില്ല. പക്ഷെ മിതഭാഷി ആയ ശ്രീനിയുടെ ഭാവ മാറ്റം എന്നെ അന്പരപ്പിച്ചിരുന്നു.
 
കുറെ നാൾ കഴിഞ്ഞു ശ്രീനിയുടെ ഫേസ് ബുക്ക് പേജ് കണ്ടപ്പോഴാണ് ഞാൻ ഞെട്ടിയത്. ഒരു പ്രത്യേക മതത്തെ വെറുക്കുന്ന, കിട്ടാവുന്ന എല്ലാ പോസ്റ്റുകളും ശ്രീനി ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
 
എനിക്ക് ഇത് പോലെ കുറച്ചു കൂട്ടുകാരുണ്ട്, നേരിട്ട് കണ്ടാൽ വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന, തമാശയെല്ലാം പറയുന്ന അവരുടെ ഫേസ്ബുക് പോസ്റ്റുകൾ കണ്ടാൽ നമ്മൾ നേരിട്ട് കാണുന്ന ആളുടെ ഫേസ്ബുക് വാൾ തന്നെയാണോ ഇതെന്ന് സംശയം തോന്നും. ഇങ്ങിനെ കൂട്ടുകാരുടെ ഉള്ള പോസ്റ്റുകൾ സഹിക്കാൻ വയ്യാതെ ഫേസ് തന്നെ ബുക്ക് ഉപേക്ഷിച്ചു പോയ അനേകം മിതവാദി സുഹൃത്തുക്കളും ഉണ്ട്.
 
ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് പറയുന്നതിന് മുൻപ് ഒരു ചെറിയ പരീക്ഷണം നടത്താം. താഴെ പറയുന്ന കാര്യങ്ങൾ ദയവായി മുഴുവൻ വായിക്കുക. നിങ്ങൾ വലതുപക്ഷക്കാരനോ ഇടതു പക്ഷമോ, അമിത രാജ്യ സ്നേഹിയോ, കോൺഗ്രസോ സിപിഎമ്മോ ബിജെപി യോ , ദൈവ വിശ്വാസിയോ നിരീശ്വര വാദിയോ ആകട്ടെ….
 
അഹിംസാമാർഗ്ഗത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്ന ഗാന്ധിജിയെക്കുറിച്ചു കുറച്ചു കാര്യങ്ങൾ താഴെ കൊടുക്കുന്നു, ഇതിൽ ശരിയായ ഒരു ഉത്തരം തിരഞ്ഞെടുക്കുക ആണ് നിങ്ങൾ ചെയ്യേണ്ടത്.
 
എ) സ്വദേശി പ്രസ്ഥാനത്തിന്റ ഉപജ്ഞാതാവായ അദ്ദേഹത്തിന്റെ കണ്ണടകൾ ഇംഗ്ലണ്ടിൽ ഉണ്ടാക്കിയവ ആണ്.
ബി) പതിമൂന്നാം വയസിൽ ആണ് അദ്ദേഹം പതിന്നാല് വയസുള്ള കസ്തൂർബയെ വിവാഹം ചെയ്തത്.
സി) 1930 ൽ ദളിതുകൾക്ക് പ്രത്യക പാർലിമെന്റ് അവകാശത്തിന് വേണ്ടി അദ്ദേഹം മരണം വരെ നിരാഹാരം തുടങ്ങി. അങ്ങിനെ ഒരു അവകാശം കിട്ടിയതിനു ശേഷമാണു അത് അവസാനിപ്പിച്ചത്.
ഡി) 19 ഉം 16 ഉം വയസുള്ള നഗ്നയായ യുവതികളുടെ കൂടെ അദ്ദേഹം ഉറങ്ങിയിട്ടുണ്ട് എന്നാൽ തൻറെ ഭാര്യയുമായി അദ്ദേഹം കുട്ടികൾ ഉണ്ടാക്കാൻ അല്ലാതെ ലൈംഗിക ബന്ധം പുലർത്തിയിട്ടില്ല.
ഇ) അദ്ദേഹം ഹിന്ദു മതത്തിലെ ജാതി/വർണ വ്യവസ്ഥയിൽ ഉറച്ചു വിശ്വസിച്ചു
ഫ്) അദ്ദേഹം ഒരു യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്
ജി) അദ്ദേഹത്തിന്റെ ഒരു മകൻ ഒരു കള്ള് കുടിയനും, പിന്നീട് മുസ്ലിം മതം സ്വീകരിച്ചവനും ആണ്. ഒരിക്കൽ തന്റെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനു ശേഷം തന്റെ മരണം വരെ ആ മകനെ കാണാൻ ഗാന്ധി കൂട്ടാക്കിയില്ല.
എഛ്) കസ്തുർഭ ഗാന്ധിക്ക് രോഗം വന്നപ്പോൾ ഗാന്ധി,തന്റെ ഭാര്യ ഒരു വെജിറ്റേറിയൻ ആണെന്ന കാരണത്താൽ , പെൻസിലിൻ കൊടുക്കാൻ സമ്മതിച്ചില്ല. പക്ഷെ തനിക്കു രോഗം വന്നപ്പോൾ മെഡിസിൻ സ്വീകരിക്കാൻ കൂട്ടാക്കുകയും ചെയ്തു.
 
.
.
.
.
.
.
.
.
.
 
നിങ്ങളുടെ ഉത്തരം സി എന്നാണെങ്കിൽ നിങ്ങൾ ഭൂരിപക്ഷത്തിനൊപ്പം ആണ്. പക്ഷെ ഒരേ ഒരു കുഴപ്പം മാത്രമേ ഉള്ളു. മുകളിൽ കൊടുത്തിരിക്കുന്നതിൽ ആ ഉത്തരം മാത്രം ആണ് തെറ്റ്. 1930 ൽ അംബേദ്‌കർ ദളിതർക്കു പ്രത്യക പാർലിമെന്റ് അവകാശങ്ങൾ വേണം എന്ന് പറഞ്ഞപ്പോൾ ദളിതർ ഹിന്ദു മതത്തിൽ പെട്ടവർ ആയതു കൊണ്ട് അവർക്ക് പ്രത്യകം അവകാശം വേണ്ട എന്ന് പറഞ്ഞാണ് ഗാന്ധി നിരാഹാരം കിടന്നതു. ഗാന്ധിയും അംബേദ്‌കറും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടൽ ആയിരുന്നു അത്. ബാക്കിയുള്ള എല്ലാ കാര്യങ്ങളും സത്യമാണ്. സംശയം ഉള്ളവർക്ക് ഗൂഗിൾ ചെയ്തു നോക്കാം.
 
ഞാനിത്രയും എഴുതിയത് ഗാന്ധിജി നല്ല ആളോ മോശം ആളോ എന്ന് നോക്കാൻ അല്ല. മറിച്ച് നമ്മുടെ മനസ്സിൽ ഉള്ള ചില കാര്യങ്ങൾ പുതിയ അറിവുകൾ വരുന്പോൾ നാം എങ്ങിനെ സ്വീകരിക്കുന്നു എന്നറിയാനാണ്.
 
ഒരു പരീക്ഷണം കൂടി : മുകളിൽ പോയി സി ഒഴിച്ചുള്ള കാര്യങ്ങളിൽ നിങ്ങളെ ഏറ്റവും കുറച്ചു അലോരസപ്പെടുത്തിയത് ഏതു പോയിന്റ് ആണെന്ന് നോക്കൂ.
 
പോയിന്റ് എ ആണ് നിങ്ങളുടെ ഉത്തരം എങ്കിൽ നിങ്ങൾ ഭൂരിപക്ഷത്തിനൊപ്പമാണ്. ഇതിനു കാരണം നമ്മുടെ മനസ്സിൽ പുതിയ അറിവുകൾ, പ്രത്യകിച്ച് നാം പ്രതീക്ഷിക്കാത്ത പുതിയ വിവരം ലഭിക്കുന്പോൾ നമ്മുടെ മനസ്സിൽ നടക്കുന്ന ഒരു പ്രധിരോധ പ്രവർത്തനം ആണ്. ചില വിവരങ്ങൾ പ്രതീക്ഷിക്കാത്തവ അല്ലെങ്കിലും മനസിന് എളുപ്പം ഉൾക്കൊള്ളാൻ കഴിയും. നമ്മുടെ ചെറുപ്പത്തിൽ മാതാ പിതാക്കളോ സമൂഹമോ മതമോ നമ്മുടെ മനസ്സിൽ അടിച്ചു ഉറപ്പിച്ചിട്ടില്ലാത്ത ഒരു കാര്യം ആണെങ്കിൽ നമ്മൾ അത് എളുപ്പം ഉൾക്കൊള്ളും. ഗാന്ധിയുടെ കണ്ണട ഇംഗ്ലണ്ടിൽ ഉണ്ടാക്കിയതാണ് എന്നത് നമുക്ക് എളുപ്പം ഉൾക്കൊള്ളാൻ കഴിയുന്നത് അത് കൊണ്ടാണ്.
 
എന്നാൽ പക്ഷെ മറ്റു കാര്യങ്ങൾ നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ തന്നെ ഗൂഗിൾ ചെയ്തു നോക്കികാണും എന്നെനിക്കുറപ്പാണ്. കാരണം നാം ചെറുപ്പത്തിൽ പഠിച്ച് വച്ച, ഊട്ടി ഉറപ്പിക്കപ്പെട്ട ചില കാര്യങ്ങൾ നമ്മുടെ മനസ് വലിയ പ്രതിരോധത്തോടെ ആണ് സ്വീകരിക്കുന്നത്. അത് ശരിയല്ല എന്ന് എങ്ങിനെ എങ്കിലും നമ്മെ ബോധ്യപ്പെടുത്താൻ നാം ശ്രമിക്കുന്നത് അത് കൊണ്ടാണ്. ഒരു സംഘ പരിവാർ പ്രവർത്തകൻ മോദിക്കോ ആർ എസ് എസ്സിനോ എതിരെ ഉള്ള ഒരു വാർത്തയെ പറ്റി കേൾക്കുന്പോഴും, കോൺഗ്രെസ്സുകാർ നെഹ്രുവിനെയോ ഗാന്ധിയെയോ കുറിച്ച് മോശം വാർത്ത കേൾക്കുന്പോഴും, മുസ്ലിങ്ങൾ ആ മതത്തിന്റെ പേരിൽ നടക്കുന്ന ഭീകര ആക്രമണങ്ങളെ കുറിച്ചോ കേൾക്കുന്പോഴും , സി പി എമ്മുകാർ ഇപ്പോഴത്തെ ഗവൺമെന്റിന്റെ ചില മോശം പ്രവർത്തനങ്ങളെ കുറിച്ച് കേൾക്കുന്പോഴും നമ്മുടെ മനസ് തീർക്കുന്ന പ്രതിരോധം ആണ് ചില വസ്തുതകൾ തള്ളിക്കളയാനോ അവ കണ്ടില്ലെന്നു നടിക്കാനോ നമ്മെ പ്രേരിപ്പിക്കുന്നത്. ആ വാർത്ത എങ്ങിനെ പ്രതിരോധിക്കാം എന്ന് നമ്മൾ ഗൂഗിൾ ചെയ്തു നോക്കുന്നതും അത് കൊണ്ടാണ്.
 
ഡിസംബർ ഇരുപത്തി അഞ്ചിനാണ് യേശു ക്രിസ്തു ജനിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്നു പറഞ്ഞാൽ ക്രിസ്ത്യാനികൾക്കും, മലയാളി മെമ്മോറിയൽ കാലത്തു നായന്മാർ സംവരണത്തിന് വേണ്ടി ആവേശപൂർവം സമരം ചെയ്തിരുന്നു എന്ന് പറഞ്ഞാൽ സംവരണത്തിനെതിരെ സംസാരിക്കുന്ന നായന്മാർക്കും ഇതേ വികാരം വരും. പക്ഷെ ഇതെല്ലാം സത്യമാണ്. ഇങ്ങിനെ മതങ്ങളിൽ നിന്നും, രാഷ്ട്രീയത്തിൽ നിന്നും അനേകം അനേകം ഉദാഹരണങ്ങൾ എനിക്ക് എടുത്തു കാണിക്കാൻ സാധിക്കും. ചിലതെല്ലാം പഴയ സാമൂഹിക സാഹചര്യങ്ങളിൽ ശരിയായിരുന്നു , പക്ഷെ ഇന്ന് തെറ്റാണ്. ചിലതെല്ലാം, അന്നും ഇന്നും തെറ്റാണു.
 
മനഃശാസ്ത്രത്തിൽ ഇതിനെ backfire effect എന്നാണ് പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ ആണ് ഇതിനെ കുറിച്ച് ഗവേഷണം നടന്നത്. കുറെ പേരെ MRI മെഷീനിൽ കയറ്റി അവരുടെ വിശ്വാസത്തിന്റെ തികച്ചും എതിരായ ചില സത്യങ്ങൾ മോണിറ്ററിൽ കാണിച്ചാണ് ഒരു പരീക്ഷണം നടത്തിയത്. ഇങ്ങിനെ ഉള്ള സത്യങ്ങൾ കണ്ട മാത്രയിൽ അവരുടെ തലച്ചോറിലെ amygdala എന്ന ഭാഗത്തു ആണ് ഏറ്റവും വലിയ ആക്ടിവിറ്റി ഉണ്ടായതു. നമ്മെ ആരെങ്കിലും ആക്രമിക്കാൻ വരുന്പോൾ നമ്മെ അക്രമം തടയാൻ ആയി റെഡി ആക്കുന്ന അതെ ഭാഗം ആണ് amygdala. എന്ന് വച്ചാൽ ശാരീരികമായി നമ്മെ ആക്രമിക്കാൻ വരുന്നതും, ആശയപരമായി ഒരാൾ നമ്മെ എതിർക്കുന്നതും നമ്മുടെ ശരീരം ഒരു പോലെ ആണ് കാണുന്നത്.
 
ഇത് പരിണാമ ശാസ്ത്രവും ആയി ബന്ധപ്പെട്ടതാണ്. മനുഷ്യൻ കാട്ടിൽ ഇര തേടി നടന്ന കാലത്തു, മഞ്ഞയും കറുപ്പും നിറം ഉള്ള എന്തെങ്കിലും കണ്ടാൽ കടുവ എന്ന് ഊഹിച്ചു കൊണ്ട് ഓടിപ്പോയവരുടെ പിൻഗാമികൾ ആണ് നമ്മൾ, അത് കടുവ തന്നെയാണോ എന്ന് അടുത്ത് പോയി നോക്കിയവർ കടുവയുടെ വയറ്റിൽ എത്തിയിരിക്കും. അത് കൊണ്ട് നമ്മുടെ തലച്ചോർ പെട്ടെന്ന് ഊഹങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കാൻ ആയി ഡിസൈൻ ചെയ്തതാണ്.
 
മതങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ദൈവം ആണ് ഈ പ്രപഞ്ചം ഉണ്ടാക്കിയത് എന്നെല്ലാം കുട്ടികളുടെ മനസ്സിൽ കയറ്റി കൊടുത്താൽ അത് തലച്ചോർ ഒരു കോർ വിശ്വാസം ആയി സ്വീകരിക്കുകയും, കുറെ നാൾ കഴിഞ്ഞു എന്തൊക്കെ തെളിവുണ്ടെങ്കിലും ആ വിശ്വാസം കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരു വിശ്വാസിയെ കിട്ടാൻ ഇതിലും നല്ല വഴി ഇല്ല. വ്യത്യസ്ത മത വിഭാഗങ്ങൾ ഈ ആശയം വ്യത്യസ്‍ത രീതികളിൽ അവതരിപ്പിച്ചു കുറച്ചു വ്യത്യാസം ഉള്ള വിശ്വാസങ്ങൾ കുട്ടികളെ അടിച്ചേൽപ്പിക്കും എന്ന് മാത്രം. ഇത്തരക്കാർ വലുതാവുന്പോൾ അവരുടെ കുട്ടികളെയും ഇങ്ങിനെ പഠിപ്പിച്ചു ഒരു തുടർ പ്രവർത്തനം ആയി ഇതിനെ മാറ്റും. ഇങ്ങിനെ ഉള്ള അടിസ്ഥാന വിശ്വാസങ്ങളെ ആണ് തകർക്കാൻ ഏറ്റവും ബുദ്ധിമുട്ട്. ഒരു വിശ്വാസിയോട് അവന്റെ വിശ്വാസത്തിന് എതിരായി എന്തെങ്കിലും പറഞ്ഞ നോക്കൂ, അപ്പോൾ കാണാം കളി മാറുന്നത്. ഓർക്കുക, അവർ മോശമായത് കൊണ്ടല്ല അത്, പക്ഷെ അവരുടെ തലച്ചോർ അങ്ങിനെ പ്രവർത്തിക്കാൻ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
 
ഇത് മനസിലാക്കിയതിൽ പിന്നെയാണ്, എന്നെ ചീത്ത വിളിക്കുന്നവരെ പോലും ഞാൻ സഹതാപത്തോടെ കാണാൻ തുടങ്ങിയത്. ഇങ്ങിനെ ഉള്ള ചല വിശ്വാസങ്ങൾ എനിക്കും ഉണ്ടാവാം. നമുക്ക് ഇങ്ങിനെ ഉള്ള തെറ്റായ ശരികളിൽ നിന്ന് പുറത്തു വരാൻ ഒരു മാർഗമേ ഉള്ളു, അത് കുറച്ചു കഠിനമാണ്. നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ വായിച്ചു പഠിക്കുക. നമ്മെ എതിർക്കുന്നവരുടെ പോസ്റ്റുകളും വായിക്കാൻ ശ്രമിക്കുക, അവർക്കു ഒരു കാഴ്ചപ്പാട് ഉണ്ടാവും, അത് മനസ്സിൽ ആക്കുന്നത് നമ്മുടെ അറിവിനെ കൂടുതൽ തെളിച്ചമുള്ളതാക്കും.
 
ഫേസ്ബുക്കിന്റെ അൽഗോരിതം ഓരോരുത്തർക്കും ഇഷ്ടപെട്ട പോസ്റ്റുകൾ അവർക്കു കാണിക്കുക എന്നതാണ്. നിങ്ങൾ പോയി ഒരു തീവ്ര വിശ്വാസിയുടെ പോസ്റ്റ് ലൈക് ചെയ്താൽ അങ്ങിനെ ഉള്ള പോസ്റ്റുകൾ ആയിരിക്കും ഫേസ്ബുക് നിങ്ങള്ക് കാണിക്കുക. യഥാർത്ഥത്തിൽ ഫേസ്ബുക്കിൽ നിങ്ങൾ കാണുന്ന ഫീഡ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പോലെ ഉള്ള ലോകത്തിന്റെ ഒരു വെർഷൻ മാത്രം ആണ്. കൂപ മണ്ഡൂകം ആകാതെ നോക്കിയാൽ നന്ന്.
 
“മനസ് ഒരു പാരചൂട്ട് പോലെയാണ്, രണ്ടും തുറന്നാൽ മാത്രമേ പ്രവർത്തിക്കൂ….”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: