പാവപ്പെട്ടവരുടെ വേശ്യ

അമേരിക്കയിൽ വന്ന ഇടയ്ക്ക് ഞാൻ കുറെ തവണ പോയിട്ടുള്ള ഒരു സ്ഥലമാണ് ആണ് ന്യൂ ജേഴ്സിയിലെ ഗോ ഗോ രാമാ എന്ന സ്ട്രിപ്പ് ക്ലബ്. ന്യൂ ജേഴ്‌സിയിൽ നിയമം മൂലം മദ്യം വിൽക്കുന്ന ക്ലബ്ബ്കളിൽ സ്ത്രീകൾക്ക് പൂർണ നഗ്‌ന നൃത്തം ചെയ്യാൻ കഴിയില്ല. ഗോ ഗോ രാമാ മദ്യം വിൽക്കാത്ത ഇടം ആയതു കൊണ്ട് പൂർണ നഗ്നരായ സ്ത്രീകൾ ഉണ്ടെന്നുള്ളതും ലാപ് ഡാൻസിന് ഇരുപത് ഡോളർ മാത്രം ഉള്ളൂ എന്നതെല്ലാം ആണ് ഞാൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് വന്ന കുറച്ചു ചെറുപ്പക്കാരെ അങ്ങോട്ട് ആകർഷിച്ചത്. എന്റെ അങ്ങിനെ ഉള്ള യാത്രകൾ അവസാനിച്ചത് കാത്തിയെ കണ്ടു മുട്ടിയതിന് ശേഷം ആണ്.
അധികം തിരക്കില്ലാത്ത സമയങ്ങളിൽ ഇങ്ങിനെ ഡാൻസ് കളിക്കുന്ന പെണ്ണുങ്ങൾ നമ്മുടെ അടുത്ത് വന്നിരുന്നു സംസാരിക്കും, ഒരു ലാപ് ഡാൻസ് ഒപ്പിക്കുക എന്നതാണ് അവരുടെ പ്രധാന ലക്‌ഷ്യം എങ്കിലും ചിലപ്പോഴെല്ലാം സംസാരമാ സ്വകാര്യ ജീവിതത്തിലേക്കും കടക്കും. അങ്ങിനെ ഒരു ദിവസം ആണ് കാത്തി എന്റെ അടുത്ത് വന്നിരുന്നത്. അന്ന് വളരെ കുറച്ചു ആള്കുകൾ മാത്രം ആണ് ക്ലബ്ബിൽ ഉണ്ടായിരുന്നത്.
കൂടുതലും ചെറുപ്പക്കാരായ സ്ത്രീകൾ ഡാൻസ് ചെയ്യുന്ന ഈ ക്ലബ്ബിൽ കാത്തി കുറച്ച് പ്രായം കൂടിയ സ്ത്രീ ആയിരുന്നു. ഇവിടം വരുന്ന ഇന്ത്യക്കാർ അധികം ടിപ്പ് കൊടുക്കാത്തത്ത് കൊണ്ട് പെണ്ണുങ്ങൾ ഇന്ത്യക്കാരുടെ അടുത്ത് വന്നു സംസാരിക്കുന്നതു വിരളം ആണ്, പക്ഷെ എന്തെ കൊണ്ടോ അന്ന് കാത്തി എന്റെ അടുത്ത് സംസാരിക്കാൻ ഇരുന്നു.
“ലാപ് ഡാൻസ് വേണോ?” കാത്തി ചോദിച്ചു
“ഇല്ല ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ, പിന്നീട് നോക്കാം” ഞാൻ ഒഴിവാക്കാൻ ആയി പറഞ്ഞു.
“എന്നാൽ എനിക്ക് ഒരു ഡ്രിങ്ക് ഓർഡർ ചെയ്യാമോ?”
അത് ഞാൻ സമ്മതിച്ചു.
“നീ ഇന്ത്യയിൽ നിന്നാണെന്നോ?”
“അതെ”
“ഇപ്പോൾ കുറെ ഏറെ ഇന്ത്യക്കാർ വരുന്നുണ്ട് ഇവിടെ… കൂടുതലും സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്നവർ. ഞാൻ എന്റെ കുട്ടികളോട് പറയും ഇന്ത്യക്കാരെ കണ്ടു പഠിക്കാൻ, നല്ല ബുദ്ധി ഉള്ള കഠിന അധ്വാനം ചെയ്യുന്ന ആളുകൾ…”
“നിങ്ങളുടെ കുട്ടികളോ? നിങ്ങൾ കല്യാണം കഴിച്ചതാണോ?”
“അതെ, രണ്ടു കുട്ടികൾ ഉണ്ട്, പക്ഷെ ഞാൻ ഇത് പറയുന്നത് എന്റെ ക്ലാസ്സിലുള്ള കുട്ടികളോടാണ്”
“ക്ലാസ്സിലെ കുട്ടികൾ?”
“അതെ ഞാൻ ഒരു പ്രൈമറി സ്കൂൾ അധ്യാപികയാണ്”
ഞാൻ ഒരിക്കലും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. സ്കൂൾ അദ്ധ്യാപിക എന്തിനു ഇവിടെ?
“ഏതു സ്കൂളിലാണ്? ദയവായി എന്റെ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന് പറയരുത്. PTA മീറ്റിംഗിന് വരുന്പോൾ കാണാൻ വയ്യ” ഞാൻ തമാശ രൂപേണ പറഞ്ഞു.
“അല്ല ഞാൻ അന്പത് മൈൽ അകലെ ഉള്ള ഒരു സ്വകാര്യ സ്കൂളിലാണ്. അവിടെ ഉള്ളവർ എന്നെ കാണാതിരിക്കാൻ വേണ്ടി ആണ് ഞാൻ ഇത്ര ദൂരെ വന്നു ഇത് ചെയ്യന്നത്”
“വേറെ ജോലി ഉണ്ടെങ്കിൽ നിങ്ങൾ എന്തിനാണ് ഇവിടെ വരുന്നത്? ” എന്റെ ആകാംക്ഷ എനിക്ക് അടക്കാൻ ആയില്ല.
“എന്റെ ഭർത്താവിന് കോളൺ കാൻസർ ആണ്, ഇൻഷുറൻസ് ഉണ്ടെങ്കിലും പതിനഞ്ചു ശതമാനം ചിലവ് ഞങ്ങൾ കയിൽ നിന്ന് കൊടുക്കണം, ഭർത്താവു ട്രക്ക് ഡ്രൈവർ ആയിരുന്നു, അത് കൊണ്ട് എന്റെ ഇൻഷുറൻസിൽ ആണ്. വലിയ തുക ആണ്. രണ്ടോ മൂന്നോ മാസം വീടിന്റെ ലോൺ തവണ അടവ് മുടങ്ങിയപ്പോൾ ആണ് എന്റെ കൂട്ടുകാരി ഈ ജോലിയെ കുറിച്ച് പറഞ്ഞത്. ഇപ്പോൾ സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്, കുഴപ്പം ഇല്ലാതെ പോകുന്നു. കുട്ടികളെ നോക്കാൻ ചിലപ്പോൾ സമയം കിട്ടില്ല എന്ന സങ്കടം മാത്രം. ഭർത്താവു വീട്ടിൽ ഉള്ളപ്പോൾ അദ്ദേഹം നോക്കും”
അമേരിക്കയിൽ ആരോഗ്യ ഇൻഷുറൻസിന്റെ കുറിച്ച് അറിയാവുന്ന എനിക്ക് അവർ പറയുന്നതിൽ വലിയ അത്ഭുതം ഒന്നും തോന്നിയില്ല. പിന്നീട് അവിടെ പോകുന്പോഴെല്ലാം ഞാൻ കാത്തിയെ തിരഞ്ഞു പിടിച്ചു സംസാരിക്കുമായിരുന്നു. ഭർത്താവിന്റെ മരണം വരെ അവർ അവിടെ വന്നു കൊണ്ടിരിന്നു. ഈ കഥ അറിഞ്ഞതിൽ പിന്നെ ഞാൻ ഒരിക്കലും ലാപ് ഡാൻസ് എടുത്തിട്ടില്ല. പക്ഷെ എപ്പോൾ പോയാലും എല്ലാവരും ആയി ഞാൻ സംസാരിച്ചിരിക്കും, പലരുടെയും പല കഥകൾ. ചില സിനിമകളിൽ കാണുന്നതിനേക്കാൾ അത്ഭുതപെടുത്തുന്ന ജീവിത യാഥാർഥ്യങ്ങൾ.
ഇരുപതു വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്പോൾ, കിഴക്കേകോട്ടയിലേക്ക് പോകാൻ ബസിൽ കയറിയപ്പോഴാണ് ഞാൻ ആ സ്ത്രീയെ കണ്ടത്. അധികം തിരക്കില്ലെങ്കിലും ഇരിക്കാൻ സീറ്റ് ഇല്ലാതെ നിന്ന എന്നോട് , കയ്യിലുള്ള ബാഗ്‌ പിടിക്കണോ എന്ന ഒരു സ്ത്രീയുടെ ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. പതിവില്ലാത്ത ഒരു ചോദ്യം ആണല്ലോ എന്ന് മനസ്സിൽ തോന്നിയെങ്കിലും വേണ്ട ഞാൻ പിടിച്ചോളാം എന്ന് മറുപടി പറഞ്ഞ എന്നോട് എവിടെ പോകുന്നു എന്ന് കൂടി ചോദിച്ചപ്പോൾ എനിക്ക് ആളെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. മെലിഞ്ഞു കറുത്ത ഒരു സ്ത്രീ. നരച്ച അധികം വിലയില്ലാത്ത ഒരു സാരി, ഒരു വശപ്പിശക് നോട്ടം.അന്നാണ് ഞാൻ ആദ്യമായി ഒരു “വേശ്യ” യെ കാണുന്നത്. യൗവനം തീക്ഷണവും പ്രേമസുരഭിലവും എന്ന് ബഷീർ പറഞ്ഞ അവസ്ഥയിൽ ആയിരുന്നു അന്നെന്റെ ജീവിതം. ബസിറങ്ങിയാൽ ഒരു സിനിമയ്ക്ക് പോകാം എന്ന് അവൾ പറഞ്ഞു,പക്ഷെ അതിനു മുൻപ് ഭക്ഷണം കഴിക്കണം.
“നിങ്ങളുടെ പേരെന്താണ്?” ബസിറങ്ങി ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു ഹോട്ടൽ തിരഞ്ഞു നടക്കുന്പോൾ ഞാൻ ചോദിച്ചു.
“അത് അറിഞ്ഞിട്ടെന്തിനാണ് , നിനക്ക് എന്ത് പേര് വേണമെങ്കിലും വിളിക്കാം”
ഒരു കടയിൽ കയറി സാധാരണയിൽ കവിഞ്ഞ വേഗതയിൽ അവർ ഊണ് കഴിക്കുന്പോൾ ആണ് ഞാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചത്. അവരുടെ തോളെല്ലുകൾ പൊങ്ങിയിരുന്നു. ബ്ലൗസ് നരച്ച് പിഞ്ഞി തുടങ്ങിയിരുന്നു. സാധാരണ സിനിമയിൽ എല്ലാം ഞാൻ കണ്ടു പരിചയിച്ച ഒരു കഥാപാത്രമേ ആയിരുന്നില്ല അത്. ഊണിനു പൈസ കൊടുത്തു കഴിഞ്ഞാണ് ഞാൻ ആ സത്യം മനസിലാക്കിയത്, സിനിമയ്ക്ക് പോകാൻ എന്റെ കയ്യിൽ പൈസ ഇല്ല.
“നിന്നെ പോലൊരു തെണ്ടിയെ ആണല്ലോടാ എനിക്ക് ഇന്ന് കിട്ടിയത്..” അവർ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
മ്യൂസിയം വരെ ഞങ്ങൾ ഒരുമിച്ചു നടന്നു. അതിനിടയിൽ ആണ് അവർ മനസ് തുറന്നതു. ഭർത്താന് ബോട്ടിൽ പോയി മീൻ പിടിക്കുന്ന പണി ആണ്, കിട്ടുന്നതെല്ലാം വൈകുന്നേരം ആകുന്പോഴേക്കും കുടിച്ചു തീർക്കും. ഇപ്പൊ ട്രോളിങ് നിരോധനം ആയതു കൊണ്ട് മുഴു പട്ടിണി ആണ്. സിറ്റിയിൽ ഒരു കടയിൽ ജോലി ചെയ്യുന്നു എന്ന വ്യാജേന ആണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തും. ചിലപ്പോൾ പോലീസിന്റെ കയ്യിൽ നിന്നോ കസ്റ്റമാരുടെ കയ്യിൽ നിന്നോ അടി കിട്ടും.
തിരുവനന്തപുരത്തു ഞാൻ അന്ന് പോയ കാര്യം നടത്തി തിരിച്ചു പോരുന്ന വരെ എന്റെ കൂടെ അവർ ഉണ്ടായിരുന്നു. തിരിച്ചു പോകാൻ ബസ് കയറുന്പോൾ അവർ പറഞ്ഞു..
“എന്റെ പേര് സന്ധ്യ എന്നാണ്. സന്ധ്യക്കെന്തിനു സിന്ദൂരം എന്ന പാട്ട് കേൾക്കുന്പോൾ എല്ലാം നീ എന്നെ ഓർക്കണം, പ്രേം നസീർ എന്ന് കേൾക്കുന്പോൾ ഞാൻ നിന്നെയും ഓർക്കും…”
രണ്ടോ മൂന്നോ മണിക്കൂർ പരിചയം ഉള്ള അവർ എന്നെ എന്തിന് ഓർക്കണം എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഒരു പക്ഷെ അവരോട് ഇത്രയും തുറന്നു സംസാരിക്കുന്നവർ വിരളം ആയിരിക്കാം.
നാട്ടിൽ അംഗീകൃത വേശ്യാലയങ്ങൾ വേണം എന്നെല്ലാം ചില പോസ്റ്റുകൾ കാണുന്പോൾ എനിക്ക് സന്ധ്യയെയും കാത്തിയെയും ഓർമ വരും. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഇവർക്ക് ദേവാലയങ്ങൾ അല്ലെ പണിയേണ്ടത്?..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: