നിങ്ങളുടെ മൂക്കിന്റെ നീളമെത്രയാണ്…

എയിഡ്സ് ബാധിച്ച സ്വവർഗക്കാർക്കാരെ സഹായിക്കാൻ വേണ്ടി തുടങ്ങിയ ഗേ മെൻസ് ഹെൽത്ത് ക്രൈസിസ് (www.gmhc.org) എന്ന സംഘടനയുടെ ന്യൂ യോർക്ക് ഓഫീസിൽ കഴിഞ്ഞ തവണ വളണ്ടിയർ ആയി പോയപ്പോഴാണ് ഞാൻ ജെയിംസിനെ ആദ്യമായി കാണുന്നത്. എന്റെ കൂടെ ഞങ്ങളുടെ ഓഫീസിൽ നിന്ന് വന്നവരുടെ കൂട്ടത്തിൽ ഉള്ള ഒരാളായിരുന്നു ജെയിംസ്. മെലിഞ്ഞിട്ടാണെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം, തീക്ഷ്ണമായ കണ്ണുകൾ. ഒരിടത്തും ഇരിപ്പുറക്കാത്ത ഒരു ആഫ്രിക്കൻ വംശജൻ.
 
സ്വവർഗാനുരാഗികൾക്ക് എയ്ഡ്സ് വരാനുള്ള സാധ്യത കൂടുതൽ ആണ്. ഇങ്ങിനെ ന്യൂ യോർക്കിൽ രോഗം പിടിപെട്ടവരിൽ വീടില്ലാത്ത, ഭക്ഷണത്തിനു വകയില്ലാത്തവർ ഉച്ചയ്ക്ക് gmhc ഓഫീസിൽ വന്നാൽ ഭക്ഷണം ലഭിക്കും. അവിടെ ഉച്ചയ്ക്ക് ഭക്ഷണം വിളന്പി കൊടുക്കൽ ആയിരുന്നു ഞങ്ങളുടെ ജോലി. അതിനു മുൻപ് ഒരു ചെറിയ മീറ്റിംഗ് ഉണ്ടായിരുന്നു, എന്തൊക്കെ ചെയ്യണം എന്ന് വിശദീകരിക്കാൻ. മീറ്റിങ് നടന്നു കൊണ്ടിരിക്കുന്പോഴേ ഞാൻ ശ്രദ്ധിച്ചു, ജെയിംസ് കാലുകൾ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. മീറ്റിംഗ് തുടങ്ങി പത്തു മിനുറ്റ് കഴിഞ്ഞപ്പോൾ ഒന്നും പറയാതെ വാതിൽ തുറന്നു ഇറങ്ങി പോവുകയും ചെയ്തു. എന്ത് കൊണ്ടോ എനിക്ക് ജെയിംസിനെ ഇഷ്ടപ്പെട്ടില്ല, അധികം ആരോടും സംസാരിക്കാതെ നടക്കുന്നത് മനസിലാക്കാം, പക്ഷെ ഇങ്ങിനെ meeting etiquette പാലിക്കാതെ ഇറങ്ങി പോവുക എല്ലാം മോശമാണ്.
 
എന്റെ ഓഫീസിലെ അഡ്മിൻ ആയ നീത എന്റെയും ജെയിംസിന്റെയും അടുത്ത സുഹൃത്താണ്, അവരോടാണ് ഞാൻ ജെയിംസിനെ പറ്റി പരാതി പറഞ്ഞത്.
 
“നസീർ റുവാണ്ടയെ പറ്റി കേട്ടിട്ടുണ്ടോ? ” നീത ചോദിച്ചു.
 
ഞാൻ നിഷേധാർത്തത്തിൽ തലയാട്ടി.
 
“ജെയിംസ് റുവാണ്ടയിൽ നിന്നാണ്. 1994 ൽ അവിടെ ടുട്സി വംശജർക്ക് നേരെ വലിയ ഒരു വംശീയ കലാപം നടന്നു. തന്റെ തൊട്ടു മുൻപിലിട്ടു അവന്റെ അച്ഛനെയും അമ്മയെയും പെങ്ങളെയും കലാപകാരികൾ വെട്ടിക്കൊല്ലുന്നതു കണ്ടതിനു ശേഷം അവനു ഒന്നിലും അധികം നേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത ADHD എന്ന അസുഖം പിടിച്ചതാണ്. അതുകൊണ്ടാണ് അവൻ ഒരിടത്തും അധികം നേരം ഇരിക്കാത്തതു. ഇവാൻ ചില്ലറക്കാരൻ അല്ല, റുവാണ്ടയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി സ്വപ്രയത്നം കൊണ്ട് പഠിച്ചു ഇപ്പോൾ നല്ലൊരു ട്രേഡർ ആയി നമ്മുടെ കന്പനിയിൽ പേരെടുത്തുകൊണ്ടിരിക്കുന്ന മനുഷ്യൻ ആണ്.” നീത പറഞ്ഞു.
 
ഒന്നും അറിയാതെ ഒരാളെ കുറിച്ച് മോശമായി ചിന്തിച്ചതിനു എനിക്ക് ലജ്ജ തോന്നി. റുവാണ്ട കലാപത്തെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ടെങ്കിലും എനിക്ക് അതിന്റെ കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു. പക്ഷെ പിന്നീട് ജെയിംസിനോട് സംസാരിക്കാൻ ഇടവന്നപ്പോൾ അറിഞ്ഞ കാര്യങ്ങൾ വേദനാജനകം ആയിരുന്നു.
 
1800 കളിൽ ആണ് പാശ്ചാത്യ രാജ്യങ്ങൾ ആഫ്രിക്ക കയ്യടക്കുന്നത് . 1884 ൽ അമേരിക്കയും, ബെൽജിയവും, ജർമനിയും സ്പെയിനും ഉൾപ്പെടെ പതിനാലു രാജ്യങ്ങൾ ഒരു കോൺഫറൻസ് നടത്തി ആഫ്രിക്കൻ വൻകരയെ അന്പത് രാജ്യങ്ങൾ ആയി വിഭജിച്ചു പകുത്തെടുത്തു. ഭാഷ, സംസ്കാരം, ഭൂപ്രദേശം എന്നിങ്ങനെ ഒരു കാര്യവും നോക്കാതെ തോന്നിയ പോലെ ആണ് അന്ന് അവർ ആഫ്രിക്കയെ വിഭജിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഫ്രാൻസും ബ്രിട്ടനും ഓട്ടോമൻ സാമ്രാജ്യത്തെ വിഭജിച്ച പോലെ.
 
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ബെൽജിയത്തിനു റുവാണ്ടയുടെ നിയന്ത്രണം ലഭിച്ചത്‌ മുതൽ ആണ് അവരുടെ ഗതികേട് തുടങ്ങുന്നത്. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ച ബെൽജിയം അന്ന് വരെ ഒരുമിച്ചു കഴിഞ്ഞിരുന്ന റുവാണ്ടക്കാരെ മൂക്കിന്റെ നീളവും, കണ്ണിന്റെ നിറവും അടിസ്ഥാനമാക്കി ഹുട്ടു എന്നും ടുട്സി എന്നും രണ്ടു ഗ്രൂപ്പ് ആയി തിരിച്ചു. ഇതിൽ ടുട്സി വംശജരാണ് ഭൂരിപക്ഷമായ ഹുട്ടു വംശജരെക്കാൾ ഉത്തമർ ആയവർ എന്നും അവർ വിധിച്ചു. ഗവൺമെന്റിലെ പ്രധാന ജോലികളും, വിദ്യാഭ്യാസവും ടുട്സി വംശജർക്ക് മാത്രമായി നിജപ്പെടുത്തി.
 
അന്നുവരെ ഒരുമിച്ചു ജീവിച്ചിരുന്ന ഒരു ജനതയെ പരസ്പരം വെറുക്കുന്ന രണ്ടു വിഭാഗങ്ങൾ ആയി തിരിച്ചപ്പോൾ ഭരണം എളുപ്പമായി എങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ടുട്സി വംശജർ സ്വാതന്ത്ര്യം ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ ബെൽജിയം ഹുട്ടു വംശജരെ അനുകൂലിച്ചു. 1959 സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുതൽ ഈ രണ്ടു വിഭാഗങ്ങളും പരസ്പരം പോരാടാൻ തുടങ്ങി. അന്ന് വരെ 85% വരുന്ന തങ്ങളെ അടിച്ചമർത്തി വച്ച ടുട്സി വംശജർക്കെതിരെ അധികാരത്തിൽ വന്ന ഹുട്ടു വംശജർ കലാപത്തിന് കോപ്പു കൂട്ടാൻ തുടങ്ങി. 1994 ഏപ്രിൽ ഏഴിന് ഹുട്ടു വംശജൻ ആയ പ്രെസിഡന്റിന്റെ വിമാനം ആരോ വെടി വച്ചിട്ടതിൽ നിന്നാണ് വർഷങ്ങൾ നീണ്ട ഒരുക്കങ്ങൾ നടത്തിയ കലാപത്തിന് ഒരു കാരണം കിട്ടിയത്. അത് ചെയ്തത് ഹുട്ടു വിഭാഗത്തിൽ പെട്ടവർ ആണെന് ഒരു കിംവദന്തി ആരോ പറഞ്ഞു പരത്തി. കലാപം തുടങ്ങി നൂറു ദിവസങ്ങൾക്കുള്ളിൽ പത്തു ലക്ഷം ആളുകളുടെ ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. രണ്ടര ലക്ഷം സ്ത്രീകൾ ബലാൽസംഗത്തിനിരയായി.
 
വെട്ടുകത്തി ഉപയോഗിച്ച് അതി നീചമായി നടത്തിയ കൂട്ട കൊലപാതകങ്ങൾ, കൂട്ട ബലാത്സംഗം, നുണകൾ പ്രചരിപ്പിച്ചു ഒരു വിഭാഗത്തെ പ്രധിരോധത്തിൽ ആക്കൽ, സാധാരണക്കാർ ഉൾപ്പെട്ട, വെറുപ്പ് പ്രചരിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ സേവക സംഘങ്ങൾ രൂപീകരിക്കൽ തുടങ്ങി ഒരു കലാപത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ചെയ്യുന്ന കാര്യങ്ങൾ ആണ് റുവാണ്ടയിലും നടന്നത്.
 
വർഷങ്ങൾക്ക് ശേഷം നടത്തിയ അന്വേഷണത്തിൽ ആണ് ഹുട്ടു വിഭാഗക്കാരുമായി സമാധാന കരാർ ഉണ്ടാക്കുന്നതിനെ എതിർത്ത ടുട്സി തീവ്രവാദികൾ തന്നെയാണ് ഈ വിമാന അപകടം ആസൂത്രണം ചെയ്തത് എന്ന് തെളിഞ്ഞത്. സത്യം ചെരുപ്പിന്റെ വള്ളി കെട്ടുന്ന സമയം കൊണ്ട് നുണ ഭൂമിയുടെ പകുതി ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.
 
ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്, ബ്രിട്ടീഷ്, ഫ്രഞ്ച് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ മുൻപ് ഭരിച്ചിരുന്ന എല്ലാ രാജ്യങ്ങളിലും എളുപ്പം ശരിയാക്കാൻ പറ്റാത്ത ചില കാര്യങ്ങൾ അവർ ഇട്ടിട്ടു പോയിട്ടുണ്ട്. കശ്മീർ, പലസ്തീൻ, സിറിയ, ശ്രീലങ്ക തുടങ്ങി അനേകം ഉദാഹരണങ്ങൾ. അത് ആ രാജ്യക്കാർക്കു മനസിലാകാതെ പോകുന്നത് എന്ത് കൊണ്ട് എന്നത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്.
 
അടുത്ത തവണ ഇന്ത്യൻ – പാകിസ്താനി, തെക്കേ – വടക്കേ ഇന്ത്യക്കാർ, ആൺ-പെൺ, ഹിന്ദു-മുസ്ലിം തുടങ്ങി ആയിരം അറകളിൽ ആളുകളെ ഇട്ടു അവരെ മറ്റൊരാളായി കാണുന്നതിന് മുൻപ് ഓർക്കുക, നമ്മുടെ എല്ലാം മൂക്കിന്റെ നീളം ഒന്ന് തന്നെയാണ്. കലാപങ്ങളിൽ കൊല്ലപ്പെടുന്നവരും ബലാത്സംഗം ചെയ്യപെടുന്നവരും എല്ലാം നമ്മൾ തന്നെയാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: