“പുതിയ ടീച്ചർ ഭയങ്കരിയാണ്, കുട്ടികളോട് പറയാതെ സ്പെല്ലിങ് ടെസ്റ്റ് നടത്തുക, പഠിപ്പിക്കാത്ത ഭാഗങ്ങളിൽ നിന്ന് ചോദ്യം ചോദിക്കുക, ഇത് വരെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിക്കൊണ്ടിരുന്ന എന്റെ കുട്ടിക്ക് ഇപ്പോൾ ബിയും എഫും മറ്റുമാണ് കിട്ടുന്നത്”
“അതെ, ഇത് ഇങ്ങിനെ വിടരുത്, പരാതി പറയണം….”
നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ ഹാരിസിന്റെ രക്ഷിതാക്കൾ നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ചില പരാതികൾ ആണ്. പ്രശ്നം പുതിയ ടീച്ചർ ആണ്. കുറച്ചു കുട്ടികളോട് സംസാരിച്ചു നോക്കി. സംഭവം കുറച്ചു വ്യത്യസ്തമായി ക്ലാസ് നടത്തുന്ന ടീച്ചർ ആണ്. പറയാതെ ടെസ്റ്റ് നടത്തുന്നതും, കുഴപ്പിക്കുന്ന കണക്കു ചോദ്യങ്ങളും കുട്ടികളെ കുഴപ്പിക്കുന്നുണ്ട്, പക്ഷെ അവർക്കു പരാതിയില്ല. പക്ഷെ രക്ഷിതാക്കൾ അങ്ങിനെ അല്ല , ടീച്ചർക്ക് എതിരെ പരാതി കൊടുക്കണം എന്ന വാശിയിൽ ആണ്.
കാലിഫോർണിയയിലെ യോസെമിറ്റി താഴ്‌വര സന്ദർശിച്ചപ്പോൾ കണ്ട രാക്ഷസ സീക്കോയ (Giant Sequoias) മരങ്ങൾ ആണ് മനസ്സിൽ വന്നത്. രണ്ടായിരത്തി പന്ത്രണ്ടിൽ ആണ് ഞങ്ങൾ ഇവിടം സന്ദർശിച്ചതു. ചിത്രശലഭങ്ങളുടെ കൂട്ടം എന്ന് അർഥം വരുന്ന മാരിപോസ ഗ്രോവ് എന്ന സ്ഥലത്താണ് ഈ അത്ഭുത മരങ്ങൾ. കാലിഫോർണിയയിൽ മറ്റിടങ്ങളിലും ഉണ്ട്. ആയിരവും രണ്ടായിരവും വർഷങ്ങൾ പ്രായമുള്ള ഇപ്പോഴും ജീവനുള്ള ഭീമാകാരമായ മരങ്ങൾ ആണിവ. ഇവിടെ ഉള്ള ഗ്രിസ്‌ലി ജയന്റിന് 2400 വർഷത്തോളം പ്രായമുണ്ട്. ക്രിസ്തുവും മറ്റും ജനിക്കുന്നതിനു മുൻപ് മുളച്ച ഒരു മരം. ഏതാണ്ട് എല്ലാ മരങ്ങള്ക്കും ആയിരത്തിൽ കൂടുതൽ വര്ഷം പ്രായമുണ്ട്. പ്രായം മാത്രമല്ല, വലുപ്പവും അതിശയകരം ആണ്. ഒരു മരത്തിനകത്തു കൂടെ ചെറിയ കാറുകൾ കൊണ്ട് പോകാവുന്ന ഒരു ഒരു റോഡ് തന്നെ പോകുന്നുണ്ട് എന്ന് പറഞ്ഞാൽ വലുപ്പം ഊഹിച്ചോളൂ. ഇങ്ങിനെ ഉള്ള ടണൽ മരങ്ങളിൽ ഇത് മാത്രമേ ഇന്ന് ശേഷിക്കുന്നുള്ളു, മറ്റുള്ള രണ്ടെണ്ണം വീണു പോയി.
നൂറ്റന്പത് വര്ഷങ്ങള്ക്കു മുൻപ് ഈ പ്രദേശത്തു കാട്ടു തീ വളരെ വ്യാപകം ആയിരുന്നു. അഞ്ചോ ആരോ വർഷത്തിൽ ഒരിക്കൽ വലിയ ഒരു തീയിൽ കുറെ പ്രദേശങ്ങൾ മുഴുവനായും നശിച്ചു പോകും. അത് തടയാൻ, ഇവിടെ ഒരു ഫയർ ഡിപ്പാർട്മെന്റ് ആരംഭിക്കുകയും തീ പടരുന്നതിന് മുൻപ് തന്നെ കെടുത്തുകയും ചെയ്തു വന്നു. പക്ഷെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ മരങ്ങളുടെ പുതിയ വിത്തുകൾ മുളക്കുന്നില്ല എന്ന് പാർക്ക് സർവീസ് കണ്ടു പിടിച്ചു. കുറെ വര്ഷങ്ങളോളം ഇത് എന്ത് കൊണ്ടാണ് എന്ന് ആർക്കും മനസിലായില്ല.
1960 കളുടെ തുടക്കത്തിൽ ഡോക്ടർ റിച്ചാർഡ് ഹാർട്ടസ്‌വെൽറ്റ് (Dr. Richard Hartesveldt) ആണ് ഇതിന്റെ പിന്നിലുള്ള രഹസ്യം കണ്ടെത്തിയത്. കാട്ടു തീ ഇല്ലാതെ ഈ മരങ്ങളുടെ വിത്തുകൾ പൊട്ടില്ല. അഞ്ചോ ആറോ വർഷങ്ങൾ കൂടുമ്പോൾ വരുന്ന കാട്ടു തീ ആയിരുന്നു ഈ മരങ്ങളുടെ കായയുടെ പുറന്തൊണ്ട് പൊട്ടിച്ചിരുന്നത്. കാരണം ലളിതം. കാട്ടു തീയിൽ പെട്ട് മറ്റു പല മരണങ്ങളും നശിച്ചു പോകുമെങ്കിലും ജയന്റ് സീക്കോയ മരങ്ങൾക്കു ഒന്നും സംഭവിക്കുന്നില്ല എന്ന് അദ്ദേഹം കണ്ടെത്തി. ഈ മരങ്ങളുടെ പുറം തൊലിക്കു കാട്ടു തീയേ ചെറുക്കാൻ കഴിവുള്ളതാണ്! തീയിൽ പെട്ടു മറ്റു മരങ്ങൾ നശിക്കുന്നത് കൊണ്ട് കൂടുതൽ സൂര്യവെളിച്ചം താഴേക്ക് വരുകയും, താഴെ വീഴുന്ന ചാരം വളമായി പ്രവർത്തിക്കുകയും ചെയ്യുന്നത് മൂലം, തീയിൽ പെട്ട് പൊട്ടുന്ന ഈ മരങ്ങളുടെ കായ പെട്ടെന്ന് വളരുന്നു.
ചിലപ്പോഴെല്ലാം നമ്മൾ നമ്മുടെ കുട്ടികളുടെ കാര്യത്തിൽ ചെയ്യുന്നതും ഇത്തരം തീ കെടുത്തലുകൾ ആണ്. ഒരു ചെറിയ പ്രശ്നം വരുന്പോൾ തന്നെ നമ്മൾ സഹായത്തിനു എത്തുന്നു. പക്ഷെ നാം നഷ്ടപ്പെടുത്തുന്നത് ഒരു പരാജയം അല്ലെങ്കിൽ പ്രശ്‌നം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് കുട്ടികൾക്ക് കിട്ടുന്ന അറിവുകൾ ആണ്. അവരെ മുഴുവൻ ആയി ശ്രദ്ധിക്കാതിരിക്കരുത് എന്നല്ല, പക്ഷെ ജീവിതത്തിലെ പ്രയാസമുള്ള സന്ദർഭങ്ങൾ അവർ കൈകാര്യം ചെയ്തു പടിക്കട്ടെ.
ഹാരിസിന് ഈ ടീച്ചറെ ഈ പ്രായത്തിൽ തന്നെ കിട്ടിയത് ഭാഗ്യം എന്ന് ഞാൻ കരുതുന്നു. ആദ്യമായി ഞാൻ ഇത്തരം ഒരു സന്ദർഭം അഭിമുഖീകരിച്ചത് പ്രീ-ഡിഗ്രി സെക്കന്റ് ഗ്രൂപ്പിൽ കണക്കു പടിക്കാതെ, ഫിസിക്സ് ഡിഗ്രിക്കു കണക്കു രണ്ടാം സബ്ജക്ട് ആയി വന്നപ്പോൾ ആണ്. എന്ത് ചെയ്യണമെന്നറിയാതെ ഒരു വര്ഷം ഞാൻ നഷ്ടമാക്കിയെങ്കിലും, ആ സന്ദർഭം ഞാൻ നേരിട്ട അനുഭവം എനിക്ക് നൽകിയ ആത്മ വിശ്വാസം വളരെ വലുതാണ്.
നമ്മുടെ കുട്ടികൾ വിജയിക്കുമോ എന്നതല്ല എന്നെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്, മറിച്ചു ഒരു പരാജയം കൈകാര്യം ചെയ്യാൻ അവർക്കു പറ്റുമോ എന്നതാണ്, വിദ്യാഭ്യാസത്തിൽ ആയാലും ജീവിതത്തിൽ ആയാലും. തീയിൽ കുരുത്തത് വെയിലത്ത് വിടാറില്ല. ആ തീ നമുക്ക് ആവശ്യം ഇല്ലാതെ കെടുത്താതിരിക്കാം.
ചിത്രം : 2012 ൽ ഞങ്ങൾ ടണൽ മരം സന്ദർശിച്ചപ്പോൾ. ഇപ്പോൾ കൃതൃമമായി തീ ഉണ്ടാക്കിയാണ് ഈ മരങ്ങളുടെ വിത്തുകൾ മുളപ്പിക്കുന്നത്.

Leave a Reply