ജിഡിപി : നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ ആണ് പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവ സമയത്തു കപ്പലണ്ടി വിൽക്കാൻ തുടങ്ങിയത്. ഉമ്മ ആയിരുന്നു പ്രോത്സാഹിപ്പിച്ചത്. ഉമ്മയുടെ കൈയിൽ ഉണ്ടായിരുന്ന പത്തു രൂപ കൊണ്ട് രാമകൃഷ്ണൻ ചേട്ടന്റെ കടയിൽ നിന്ന് തൊണ്ടുള്ള കപ്പലണ്ടി വാങ്ങി ചീനച്ചട്ടിയിൽ മണ്ണിട്ട് വറുത്തു, ഒരു പാട്ടയിൽ ആക്കി കൊണ്ടുപോയി ആയിരുന്നു വില്പന. പത്തു പൈസയ്ക്ക് പത്തു കപ്പലണ്ടി എന്നായിരുന്നു അന്നത്തെ വില. പത്തു ദിവസത്തെ ഉത്സവം കഴിഞ്ഞപ്പോൾ ഉമ്മാക്ക് ഇരുപതു രൂപ തിരിച്ചു കൊടുത്തതിനു ശേഷം കയ്യിൽ മുപ്പത്തി അഞ്ചു രൂപ ഉണ്ടായിരുന്നു. അഞ്ചു രൂപയ്‌ക്ക് അന്പലപ്പറന്പിലെ അര മണിക്കൂർ കൊണ്ട് ഡെവലപ്പ് ചെയ്തു കിട്ടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എടുത്ത ഓർമയുണ്ട്, ബാക്കി കൊണ്ട് പോയി ധനലക്ഷ്മി ബാങ്കിൽ വിദ്യാർത്ഥികളുടെ അക്കൗണ്ട് തുടങ്ങി ഇട്ടു, അടുത്ത കൊല്ലം വീണ്ടും കപ്പലണ്ടി വാങ്ങാൻ.
വർഷങ്ങൾക്ക് ശേഷം ന്യൂ യോർക്കിലെ മുതലാളിത്ത വ്യവസ്ഥിതിയുടെ മെക്ക ആയ വാൾ സ്ട്രീറ്റിൽ ഒരു ബാങ്കിൽ ജോലിക്കു കയറിയപ്പോൾ ആണ് പണ്ട് ഞാൻ ചെയ്തത് ഒരു മുതലാളിത്ത സാന്പത്തിക വ്യവസ്ഥയിലെ കച്ചവടത്തിന്റെ ഒരു ചെറിയ പതിപ്പാണെന്ന്. ഉമ്മ നൽകിയ പത്തു രൂപ ആണ് മുതൽ മുടക്കു ( capital), ഉമ്മ ആണ് നിക്ഷേപക ( investor) , ഞാൻ കന്പനി മുതലാളി ആയി വരും (CEO), കപ്പലണ്ടി വറുക്കാൻ ഉപയോഗിച്ച മണൽ പ്രകൃതി ദത്ത കമ്മോഡിറ്റി ആണ് , വറുക്കുന്നതിനു മുൻപുള്ള കപ്പലണ്ടി അസംസ്‌കൃത വസ്തുവും, വറുത്തു കഴിഞ്ഞത് ഉല്പന്നവും ആണ്. മുപ്പത്തി അഞ്ചു രൂപ ലാഭവും, അതിൽ ബാങ്കിൽ ഇട്ട മുപ്പതു രൂപ ഭാവിയിലേക്കുള്ള കരുതൽ ധനവും ആണ്. ഉമ്മയ്ക്ക് ലാഭമായി കിട്ടിയ പത്തു രൂപ ആണ് നിക്ഷേപകന്റെ ലാഭം അഥവാ ഡിവിഡന്റ് (സ്റ്റോക്ക് മാർക്കറ്റ് ലാളിത്യത്തിന് വേണ്ടി ഇവിടെ ഒഴിവാക്കുന്നു).
ഒരു പക്ഷെ എന്റെ അനിയനെ ദിവസം അഞ്ചു രൂപ കൊടുത്തു വേറെ ഒരു പാട്ട കപ്പലണ്ടി വിൽക്കാൻ ഏൽപ്പിച്ചിരുന്നെകിൽ, അവൻ തൊഴിലാളിയും, അഞ്ചു രൂപ അവന്റെ വേതനവും ആയി വരും. മുതലാളിത്ത വ്യവസ്ഥയുടെ ആണിക്കല്ല് സ്വകാര്യ സ്വത്തുക്കൾ ഉപയോഗിച്ച് ഒരു ഉൽപ്പന്നമോ സേവനമോ മൂല്യവർദ്ധിതമായി ഉൽപ്പാദിപ്പിച്ചു ലാഭം എടുക്കുക എന്നുള്ളതാണ്. ഗവൺമെന്റിനു ഇതിൽ വലിയ പങ്കില്ല.
ഒരു രാജ്യത്തിൻറെ സാന്പത്തിക സ്ഥിതി കണക്കാക്കാൻ പലരും ഉപയോഗിക്കുന്ന ഒരു അളവാണ് ജിഡിപി (gross domestic product). പല തരത്തിൽ ഇത് കണക്കാക്കാം. ഒരു രാജ്യത്തെ മൊത്തം ഫാക്ടറി ഉൽപ്പാദനം, കാർഷിക വിളകളുടെ ഉൽപ്പാദനം, വാടക ഇനത്തിലെ വരുമാനം, പലിശ, കയറ്റുമതി വരുമാനം എന്നിവ കൂട്ടി , ഇറക്കുമതി ചെലവ് കുറച്ചു കിട്ടുന്ന കണക്കാണ് ജിഡിപി. അതിനെ ജനസംഖ്യ കൊണ്ട് ഹരിച്ചാൽ ആളോഹരി ജിഡിപി കിട്ടും. (വളരെ ലളിതവൽക്കരിച്ചതു ആണ്. വരവ് കൊണ്ട് ജിഡിപി കണക്കാക്കുന്ന പോലെ ചെലവ് കൊണ്ടും കണക്കാക്കാൻ പറ്റും, വിലവർധനയും മറ്റും ഈ കണക്കുകൂട്ടലിൽ വരുന്ന കാര്യങ്ങൾ ആണ്). ഒരു ഫാക്ടറിയിൽ ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ വാങ്ങിക്കുന്നത് നോക്കിയോ, അല്ലെങ്കിൽ ഈ ഫാക്ടറി ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ മാർക്കറ്റ് വില അനുസരിച്ചോ ജിഡിപി കണക്കാക്കാം. ഇന്ത്യ 2015 ൽ ജിഡിപി കണക്കാക്കുന്ന രീതി ആദ്യത്തേതിൽ നിന്നു രണ്ടാമത്തേതിലേക്കു മാറ്റിയിരുന്നു.
ഇന്ത്യയുടെ ഏറ്റവും പുതിയ വളർച്ച നിരക്ക് 6.1 ആയി താഴ്ന്നതും, ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന പദവി നഷ്ടപ്പെട്ടതും ഈ അടുത്ത കാലത്തെ വാർത്ത ആയിരുന്നല്ലോ. കാർഷിക രാജ്യം ആയതു കൊണ്ട് കാലാവസ്ഥ , കറൻസി നിരോധനം പോലെ ഒരു മുന്നൊരുക്കവും കൂടാതെ ചെയ്യുന്ന പരിഷ്‌കാരങ്ങൾ, സോഫ്റ്റ്‌വെയർ കയറ്റുമതി ഉള്ളത് കൊണ്ട് അമേരിക്കയുടെ കുടിയേറ്റ നിയമങ്ങൾ തുടങ്ങി വളരെ അധികം വസ്തുതകൾ ജിഡിപിയെ ബാധിക്കാം. കറൻസി നിരോധനം മൂലം പണി വളരെ കുറഞ്ഞ രണ്ടു പേർ എന്റെ വീട്ടിൽ തന്നെ ഉണ്ട്. ചിലർക്കെങ്കിലും മാർക്കറ്റ് തിരിച്ചു വരുന്ന വരെ പിടിച്ചു നില്ക്കാൻ പറ്റും , ചിലർക്ക് ജോലി നഷ്ടപ്പെടുകയും കടകൾ പൂട്ടുകയും ചെയ്യും.
പക്ഷെ ജിഡിപി വളർച്ചയുടെ അളവ് കോലാക്കി എടുക്കുന്നതിൽ ഒരു വലിയ പ്രശ്നം ഉണ്ട്. അത് സാന്പത്തിക തുല്യത ജിഡിപി കണക്കിലെടുക്കുന്നില്ല എന്നതാണ്. മുതലാളിത്ത വ്യവസ്ഥയിൽ മിനിമം കൂലി നിശ്ചയിക്കാം എന്നല്ലാതെ മുതലാളി തനിക്കു കിട്ടുന്ന ലാഭത്തിന്റെ എത്ര ഭാഗം തൊഴിലാളിക്ക് കൊടുക്കണം എന്നോ, കിട്ടിയ ലാഭത്തിൽ എത്ര ശതമാനം തിരിച്ചു നിക്ഷേപിക്കണം എന്നോ നിയമം ഇല്ല. ഉദാഹരണത്തിനു 11 പേരുള്ള ഒരു ഗ്രാമത്തിൽ ഒരു ഫാക്ടറി മുതലാളി വർഷം ഒരു കോടി രൂപ ലാഭം ഉണ്ടാക്കുകയും ബാക്കി പത്തു തൊഴിലാളികൾക്ക് വർഷം ഒരു ലക്ഷം വീതം മാത്രം കൂലി കൊടുക്കുകയും ചെയ്താൽ അവിടത്തെ ജിഡിപി ഒരു കോടി പത്തു ലക്ഷം ആണ്. പതിനൊന്നു പേരുള്ള മറ്റൊരു ഗ്രാമത്തിൽ എല്ലാവരും അഞ്ചു ലക്ഷം വീതം വർഷത്തിൽ വരുമാനം ഉണ്ടായാലും മുകളിൽ പറഞ്ഞ ഗ്രാമത്തിനേക്കാൾ ജിഡിപി കുറവായിരിക്കും, പക്ഷെ രണ്ടാമത്തെ ഗ്രാമം കൂടുതൽ വരുമാന തുല്യത ഉള്ളവർ ആയിരിക്കും.
വരുമാന തുല്യത അളക്കാൻ ഉള്ള ഒരു അളവ് കോലാണ് ജീനി ഇൻഡക്സ്. എല്ലാവർക്കും തുല്യ വേതനം കിട്ടിയാൽ ജീനി ഇൻഡക്സ് പൂജ്യവും ഒരാൾക്ക് മാത്രം എല്ലാ പൈസയും കിട്ടിയാൽ ജീനി ഇൻഡക്സ് ഒന്നും ആയിരിക്കും. അമേരിക്കയിലെ ഒരു ഉദാഹരണം പറഞ്ഞാൽ 2013 ലെ കണക്കനുസരിച്ചു ഒരു മക്‌ഡൊണാൾഡ്‌സ് ജോലിക്കാരാണ് ശരാശരി മണിക്കൂറിൽ 9 ഡോളർ ശന്പളം കിട്ടിയപ്പോൾ മക്‌ഡൊണാൾഡ്‌സ് CEO മണിക്കൂറിൽ 9000 ഡോളർ ആണ് വരുമാനം. വരുമാന സമതയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. അമേരിക്കയിലെ ഏറ്റവും പണക്കാരായ ഒരു ശതമാനം ആളുകളുടെ കയ്യിലാണ് ഇരുപതു ശതമാനം സന്പത്തും. താഴെതട്ടിലുള്ള അന്പത് ശതമാനം ആളുകളുടെ കയ്യിൽ വെറും 12 ശതമാനം സ്വത്തു ആണുള്ളത്.
ഇന്ത്യയിലും കാര്യങ്ങൾ അത്ര ശുഭകരം അല്ല.പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ 58% സ്വത്തും ഒരു ശതമാനം ആളുകളുടെ കയ്യിലാണ്. മാത്രമല്ല ഇന്ത്യയിലെ 57 സന്പന്നരുടെ കയ്യിൽ ഉള്ള സന്പത്ത് 91 കോടി ജനങ്ങളുടെ സന്പത്ത് കൂട്ടി വച്ചാൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ്. ടാറ്റ ബിർള അംബാനി തുടങ്ങി വിരലിൽ എണ്ണാവുന്ന ശത കോടീശ്വരന്മാരിൽ നിന്ന് അസിം പ്രേംജി, അദാനി, സാങ്‌വി, ഹിന്ദുജ,മിത്തൽ , ശിവ് നാടാർ , എം എ യൂസഫലി വരെ അനേകം ശത കോടീശ്വരന്മാർ ഇന്ത്യയിൽ ഇപ്പോൾ ഉണ്ട്. ഇപ്പോൾ ഉള്ള ഗവണ്മെന്റ് സത്യപ്രതിജ്ഞ ചെയ്ത ഒരു വർഷത്തിനുള്ളിൽ മാത്രം അദാനിയുടെ സ്വത്തു അന്പത് ശതമാനം വർധിച്ചതായി ഒരു വാർത്ത വായിച്ചിരുന്നു. പ്രൈവറ്റ് കന്പനികൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ മുതലാളിമാർ പണക്കാർ ആയിരിക്കുന്പോൾ തന്നെ അവിടെ ജോലി ചെയ്യുന്ന നേഴ്‌സുമാർ, അധ്യാപകർ എന്നിവർക്ക് വളരെ കുറച്ചു മാത്രം ആണ് ശന്പളം കിട്ടുന്നത്.
മുതലാളിത്ത വ്യവസ്ഥിതിയിൽ രാജ്യത്തെ പ്രകൃതി വിഭവങ്ങൾ ലേലം ചെയ്തു കൊടുക്കുക ആണ് ചെയ്യുന്നത്. ഈ വരുമാനം ആളുകളുടെ ഉന്നമനത്തിനു ഉപയോഗിക്കുന്നത് കൊണ്ടാണ് എണ്ണ ഉല്പാദന രാജ്യങ്ങളുടെ ജിഡിപി കൂടുതൽ ആയിരിക്കുന്നത്. ഇന്ത്യയിൽ പക്ഷെ മുതലാളിമാർ രാഷ്ട്രീയക്കാരുമായി ചേർന്ന് പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ചു അവരുടെ പോക്കറ്റ് വീർപ്പിക്കുക ആണ് ചെയ്യുന്നത്. കർണാടകയിലെ ഖനനം കൊണ്ട് ജനാർദ്ദനൻ റെഡ്ഢിയും അയാളുടെ രാഷ്ട്രീയപാർട്ടിയും പൈസ ഉണ്ടാക്കി എന്നല്ലാതെ ജനങ്ങൾക്ക് ഒരു മെച്ചവും ഉണ്ടായില്ല. കൽക്കരി, 3ജി അഴിമതി, NDA അധികാരത്തിൽ വന്നതിനു ശേഷമുള്ള അദാനിയുടെ വളരെ പെട്ടെന്നുള്ള വളർച്ച എല്ലാം കാണിക്കുന്നത് ഇങ്ങിനെ ഉള്ള കൊള്ളയടികൾ തുടരും എന്നാണ്. അംബാനിയും ONGC യും തമ്മിലുള്ള എണ്ണക്കിണർ തർക്കം ഇവിടെ ഓർക്കേണ്ടതാണ്. ഇങ്ങിനെ കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം രാഷ്ട്രീയപാർട്ടികൾക് സംഭാവന നൽകി ഇന്ത്യയുടെ പ്രകൃതി സന്പത്ത് കൊള്ളയടിക്കുകയാണ് ഈ മുതലാളിമാർ. ഈ കണക്കുകൾ വിവര അവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല എന്നാണ് എന്റെ അറിവ്, കൂടുതൽ അറിയാവുന്നവർക്ക് ഇത് തെറ്റാണെങ്കിൽ ചൂണ്ടി കാണിക്കാം.
ഇന്ത്യയിലെ ജിഡിപി കൂടുന്പോൾ മുതലാളിമാരുടെ സ്വത്തു ക്രമാതീതമായി വർധിക്കുകയും ജിഡിപി കുറയുന്പോൾ അത് പ്രധാനമായും കർഷകരെയും ചെറുകിട വ്യവസായികളെയും ബാധിക്കുകയും ചെയ്യുന്നത് വിരൽ ചൂണ്ടുന്നത് ഇന്ത്യയിലെ മുതലാളിമാരും സാധാരണക്കാരും തമ്മിലുള്ള വിടവ് ഇനിയും വർധിക്കും എന്ന് തന്നെയാണ്.
1280px-2014_Gini_Index_World_Map,_income_inequality_distribution_by_country_per_World_Bank.svg.png

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: