ചെറിയ പെരുന്നാളിന് ഒരു പ്ലേറ്റ് സ്നേഹം….

ചെറുപ്പത്തിൽ നോന്പ് പിടിക്കാത്ത, പള്ളിയിൽ പോകാത്ത ഒരു കുട്ടിയായിരുന്നു ഞാനെങ്കിലും എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ ചെറിയ പെരുന്നാളിന്റെ തലേന്നുള്ള രാത്രിയെ കുറിച്ചാണ്. പുതിയ ഉടുപ്പ് ഇട്ടു നോക്കുന്നതും, കൈയിലെ ഓരോ വിരലുകളുടെ അറ്റത്തും മൈലാഞ്ചി പൊതിഞ്ഞു വയ്ക്കുന്നതും മട്ടാഞ്ചേരിയിലെ അമ്മായി മുക്കിൽ പോയി ഉത്സവ സമാനമായ അന്തരീക്ഷത്തിൽ വെറുതെ നടക്കുന്നതും അന്നായിരുന്നു.
 
പക്ഷെ അതിനേക്കാളൊക്കെ ഏറെ എന്റെ ഓർമ്മകൾ രാത്രി പലഹാരങ്ങൾ ഉണ്ടാക്കാൻ ഉമ്മയെ സഹായിക്കുന്നതാണ്. അവലോസ് പൊടി, അവലോസ് പൊടിയിൽ ശർക്കര ഇട്ടു ഉണ്ടാക്കുന്ന കടിച്ചാൽ പൊട്ടാത്ത അവലോസ് ഉണ്ട, അച്ചപ്പം തുടങ്ങിയവ തലേന്ന് രാത്രി തന്നെ ഉണ്ടാക്കും. രാത്രി കുറെ ആവുന്പോഴേക്കും ഞാൻ ഉറങ്ങി പോകും. രാവിലെ എഴുന്നേൽക്കുന്പോഴേക്കും വെള്ളയപ്പം, ഇടിയപ്പം, ചിക്കൻ അല്ലെങ്കിൽ മട്ടൻ കറി എല്ലാം റെഡി. ഞങ്ങൾ കഴിക്കുന്നതിന് മുൻപ് മൂന്നോ നാലോ പ്ലേറ്റ് എടുത്തു തലേന്ന് ഉണ്ടാക്കിയ പലഹാരങ്ങളും അന്ന് രാവിലെ ഉണ്ടാക്കിയ അപ്പവും ഇറച്ചി കറിയെല്ലാം വച്ച് അയൽപക്കത്തുള്ള ഓരോ വീടുകളിലേക്കും ഞങ്ങളെ പറഞ്ഞയക്കും. ദേവകി പണിക്കത്തിയുടെയും കുമാരപ്പണിക്കന്റെയും വീട്ടിലേക്കും , പുഷ്ക്കരൻ ചേട്ടന്റെയും മണി ചേച്ചിയുടെയും വീട്ടിലേക്കും, പടിഞ്ഞാറു വശത്തുള്ള ഗംഗൻ ചേട്ടന്റെയും ശാന്ത ചേച്ചിയുടെ വീട്ടിലേക്കും എല്ലാം ഓരോ പ്ലേറ്റ് ഇങ്ങിനെ പോകുന്നത് എനിക്ക് ഓർമ വച്ചതു മുതൽ ഇരുപത്തി രണ്ടാം വയസിൽ പഠിക്കാൻ ആയി വീട്ടിൽ നിന്ന് മാറി നിക്കുന്ന വരെ മുടങ്ങി കണ്ടിട്ടില്ല. ഉച്ചയ്ക്ക് ഈ വീടുകളിലെ ഞങ്ങളുടെ കൂട്ടുകാരുടെ കൂടെ ആണ് പെരുന്നാളിന്റെ ബിരിയാണിയോ ഇറച്ചി ചോറോ കഴിക്കുന്നത്. ഷാജിയും, സന്തോഷും, അശോകനും എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കും.
 
ഓണത്തിന് ഇത് പോലെ തന്നെ ഓരോ പ്ലേറ്റ് കായ വറുത്തതും ഉപ്പേരിയും പായസവും എല്ലാം ഞങ്ങളുടെ വീട്ടിലേക്കും വന്നു. ഉച്ചയ്ക്ക് പല വീടുകളിൽ പോയി ഞങ്ങൾ സദ്യ ഉണ്ടു. വലുതായപ്പോൾ കൂടുതൽ സുഹൃത്തുക്കൾ ഉണ്ടായപ്പോൾ ക്രിസ്തുമസിന് ജോസഫ് സോളിയുടെ വീട്ടിലോ, ജോഷിയുടെ വീട്ടിലോ പോയി, ഓണത്തിന് ഗോപകുമാറിന്റെ വീട്ടിൽ. നോന്പ് തുറക്കാൻ എന്റെ വീട്ടിൽ ഗോപനും, ജോസഫ് സോളിയും ജെൻസണും തുടങ്ങി ഇരുപതോളം കൂട്ടുകാർ വരുമായിരുന്നു.
 
ഈ ആചാരം എങ്ങിനെ തുടങ്ങി എന്നെനിക്കറിയില്ല. 1974 ൽ എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് മട്ടാഞ്ചേരിയിൽ നിന്ന് ഞങ്ങൾ പള്ളുരുത്തിയിലേക്കു മാറി താമസിക്കുന്നത്. പതിനാല് വയസിൽ കല്യാണം കഴിഞ്ഞ എന്റെ ഉമ്മയ്ക്ക് 20 വയസ് ഉള്ളപ്പോഴാണത്. വെറും മണൽ തറ ഉള്ള ഒരു ഓലപ്പുര ആയിരുന്നു ആദ്യത്തെ വീട്. ആ പ്രദേശത്തെ ആദ്യത്തെ മുസ്ലിം കുടുംബം ആയിരുന്നു ഞങ്ങളുടേത്. നന്പ്യാപുരത്തും , തങ്ങൾ നഗറിലും മുസ്ലിങ്ങൾ കൂടുതൽ ആയി വന്നു താമസിക്കുന്നതിനും വളരെ മുൻപ്.
 
പള്ളുരുത്തി അന്നൊരു ഗ്രാമം ആയിരുന്നു. ആളുകൾ തമ്മിലുള്ള പരസ്പര സഹായങ്ങൾ ഗ്രാമങ്ങളുടെ പ്രത്യേകത ആണ്. എല്ലാവരുടെയും കുട്ടികൾ ഗ്രാമത്തിന്റെ കുട്ടികൾ ആയിരുന്നു. ഏതെങ്കിലും കുട്ടി കുറ്റം ചെയ്താൽ വഴക്കു പറയാൻ എല്ലാ മുതിർന്നവർക്കും അവകാശം ഉണ്ടായിരുന്നു. ഓണത്തിന് ഞങ്ങൾ വട്ടക്കളി എന്ന് വിളിക്കുന്ന ഒരു നിലവിളക്കിനു ചുറ്റും നിന്ന് കൈകൊട്ടി കളിക്കുന്ന കളിക്ക് പാട്ടുകൾ പാടിയിരുന്നത്, ഞങ്ങൾക്ക് എല്ലാ കാര്യത്തിനും ഓടിയെത്തുന്ന കമ്മ്യൂണിസ്റ്കാരൻ മാത്യു ചേട്ടന്റെ അനിയൻ ജോസഫ് ആയിരുന്നു. പെണ്ണുങ്ങളും ആണുങ്ങളും ഒരേ താളത്തിൽ പാട്ടിനു ചുവടു വച്ചു
 
“നിങ്ങളുടെ നാട്ടിലൊക്കെ എന്ത് കൃഷി ആണെടോ…
ഞങ്ങളുടെ നാട്ടിലൊക്കെ കപ്പ കൃഷി ആണെടോ..”
 
എന്റെ ഉമ്മയെ തേങ്ങ അരച്ചു മീൻ കറി വയ്ക്കാൻ പഠിപ്പിച്ചത് കുമാരപ്പണിക്കന്റെ ഭാര്യ ദേവകി പണിക്കത്തി ആയിരുന്നു. ഞങ്ങളുടെ ഓലപ്പുര കത്തിപോയപ്പോൾ തീ അണക്കാൻ ആളുകൾ ഓടുന്നതും മറ്റും ദേവകി പണിക്കത്തിയുടെ മടിയിൽ ഇരുന്നാണ് ഞാൻ കണ്ടത്. പുതിയ വീടിനു മണലിൽ ഒരു വടി കൊണ്ട് ആദ്യത്തെ പ്ലാൻ വരച്ചത് ഞങ്ങൾ എല്ലാവരും അപ്പൂപ്പൻ എന്ന് വിളിക്കുന്ന കുമാരപ്പണിക്കന്റെ അച്ഛൻ ആയിരുന്നു.
 
വിശ്വാസങ്ങൾ മാത്രം അല്ല അന്ധ വിശ്വാസങ്ങളും ആളുകൾ പരസ്പരം കൈ മാറി. അഞ്ചാം വേദം എന്നാണ് അവിടുള്ള ചിലർ ഖുറാനെ വിളിച്ചിരുന്നത്. പനി പോലുള്ള ചില രോഗങ്ങൾക്ക് അയല്പക്കക്കാർ ഉമ്മയുടെ അടുത്ത് വരും.ഉമ്മ കുറച്ചു ഉപ്പും മുളകും എടുത്തു യാസീൻ ഓതി തലയ്ക്ക് ചുറ്റും ചുഴറ്റി എറിഞ്ഞു കളയും. ബാപ്പ വേറെ കല്യാണം കഴിച്ചു പോയപ്പോൾ അയല്പക്കത്തെ സ്ത്രീകൾ ഏതോ ഭസ്മം ഉമ്മാക്ക് കഴിക്കാൻ കൊടുത്ത കഥയും കേട്ടിട്ടുണ്ട്. ഒരു തരം അന്ധ വിശ്വാസ സഹകരണ സംഘം.
 
ഒരു പ്രശനവും ഉണ്ടായിരുന്നില്ല എന്നല്ല മിക്ക വീടുകൾക്ക് ഇടയിലും വേലിയോ മതിലോ ഉണ്ടായിരുന്നില്ല, ഉള്ളവ തന്നെ ശീമക്കൊന്ന കൊണ്ട് കുറച്ചു ഓല മറച്ച വേലികൾ ആയിരുന്നു. അതിർത്തി തർക്കങ്ങളും കള്ളു കുടിയന്മാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എല്ലാം ഉള്ള ഒരു ഗ്രാമം, പക്ഷെ മതം ഒരു പ്രശ്നം ആയിരുന്നില്ല.
 
ഇതിനിടയിലേക്കാണ് 1990 ൽ അദ്വാനിയുടെ രഥയാത്ര കടന്നു വന്നത്. ഓരോ വീട്ടിൽ നിന്നും ഓരോ ഇഷ്ടിക എന്നായിരുന്നു പ്രചാരണം. പക്ഷെ ഓരോ വീടുകളിലും സംശയത്തിന്റെയും വെറുപ്പിന്റെയും വിത്ത് വിതക്കാൻ ആയിരുന്നു ലക്‌ഷ്യം. ഞങ്ങളുടെ അന്പലം പണിയാൻ നിങ്ങൾ സമ്മതിക്കുന്നില്ല എന്ന് ഒരിക്കൽ മാധവി പണിക്കത്തി പറയുന്നത് കേട്ടിട്ട്, എവിടെയെങ്കിലും നടക്കുന്ന കാര്യത്തിന് നമ്മൾ എന്ത് ചെയ്യാൻ ആണെന്ന് ഉമ്മ മറുപടി പറയുന്നത് എനിക്കോർമയുണ്ട്. പക്ഷെ അത് പോലും പെരുന്നാളിനും ഓണത്തിനും ഉള്ള പലഹാര കൈമാറ്റത്തെ ബാധിച്ചില്ല.
 
രണ്ടു വർഷം മുൻപ് പെരുന്നാൾ സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നു. പെരുന്നാളിന്റെ അന്ന് രാവിലെ പ്ലേറ്റ് കൈമാറ്റവും കാത്തിരുന്ന എനിക്ക് നിരാശ ആയിരുന്നു ഫലം.
 
“ആ കാലമൊക്കെ പോയി മോനെ, ഇപ്പൊ ആരും അതൊന്നും ചെയ്യുന്നില്ല. എല്ലാവരും അവരവരുടെ കാര്യം നോക്കുന്ന കാലം ആയി..” ഉമ്മ പറഞ്ഞു.
 
എപ്പോഴാണ് ആ നല്ല കാര്യങ്ങൾ നിന്ന് പോയത് എന്നെനിക്കറിയില്ല. ഒരു പക്ഷെ പള്ളുരുത്തി ഒരു ഗ്രാമത്തിൽ നിന്ന് പട്ടണം ആയി മറിയത്തിന്റെ ആവാം, അല്ലെങ്കിൽ രാഷ്ട്രീയക്കാർ മതത്തെ ആളുകളെ അകറ്റാൻ വേണ്ടി ഉപയോഗിക്കാൻ തുടങ്ങിയതിന്റെ ഫലം ആവാം. പക്ഷെ വലിയ നഷ്ടബോധം തോന്നി.
 
ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന അമേരിക്കയിൽ എല്ലാ മതസ്ഥരും കൂട്ടുകാർ ആയിട്ടുണ്ട്. ഓണത്തിന് ബ്രിഡ്ജ് വാട്ടർ അന്പലത്തിലും , വിഷുവിന് മനോജിന്റെ വീട്ടിലും, പെരുന്നാളിന് ഖുർഷിദിന്റെ വീട്ടിലും, ക്രിസ്തുമസിന് മൈക്കിളിന്റെയോ സുനിൽ ജോസിന്റേയോ വീട്ടിലും എല്ലാവരും കൂടും. എല്ലാവരും അവരവരുടെ വീടുകളിൽ നിന്ന് എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് വരും, ഒരുമിച്ചിരുന്നു കഴിക്കും. തമാശയും പാട്ടും എല്ലാം ആയി സമയം പോകുന്നത് അറിയില്ല. പണ്ടത്തെ നാട്ടിലെ ഓർമ വരും. ഒരു പക്ഷെ പ്രവാസികൾക്ക് നാടിന്റെ ഓർമ അവർ നാട് വിട്ട സമയത്തു ഫ്രീസ് ആയി പോയത് കൊണ്ടായിരിക്കാം.
 
ഇത്തവണ പെരുന്നാൾ ആഘോഷിക്കുന്നവരോട് ഒരു ചോദ്യം. നിങ്ങളുടെ അയല്പക്കകാർക്ക് ഇങ്ങിനെ ഒരു പ്ലേറ്റ് കൊടുക്കാൻ പറ്റുമോ? അടുത്തുളള ഫ്‌ളാറ്റിലെ ആളുകൾ ആവാം, അയല്പക്കത്തു ഉള്ള വീട്ടുകാർ ആവാം. മുൻപ് നിങ്ങൾ കൊടുത്തിരുന്ന, ഇടക്കാലത്തു നിന്ന് പോയത് ആവാം…
 
കൈമാറുന്നത് ഒരു പ്ലേറ്റ് ആണെങ്കിലും കൈപ്പറ്റുന്നത് ഹൃദയം നിറയെ സ്നേഹം ആയിരിക്കും…
 
ഇപ്പോഴും ഇങ്ങിനെ ഉള്ള ആചാരങ്ങൾ നിലനിർത്തുന്നവർ ഉണ്ടെങ്കിൽ അവർക്ക് എന്റെ കൂപ്പുകൈ.
 
ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ഒരു ഡിങ്കോയിസ്റ്റിന്റെയും കുടുംബത്തിന്റെയും ആശംസകൾ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: