ഘർ വാപ്പച്ചി

വേറൊരു മതത്തിൽ പെട്ട പെണ്ണിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു കഴിഞ്ഞപ്പോഴാണ് അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മനസിലായത്. രജിസ്റ്റർ ഓഫീസിൽ പോയി മാല ചാർത്തി ഉടനടി കല്യാണം നടത്തുന്നതെല്ലാം സിനിമയിൽ മാത്രമേ ഉള്ളെന്നും , യഥാർത്ഥത്തിൽ രജിസ്റ്റർ ഓഫീസിൽ ഒരു മാസം നോട്ടീസ് ഇട്ടു, അതിന്റെ ഒരു കോപ്പി പെണ്ണിന്റെ വീടിനടുത്തുള്ള രജിസ്റ്റർ ഓഫീസിൽ ഒരു മാസം തൂക്കി, ആർക്കും പരാതി ഇല്ലെങ്കിൽ മാത്രം രജിസ്റ്റർ കല്യാണം നടക്കും എന്നെല്ലാം എനിക്കറിയില്ലായിരുന്നു. എനിക്ക് പെട്ടെന്നു തിരിച്ചു അമേരിക്കയ്ക്ക് വരേണ്ടുള്ളതു കൊണ്ട് എന്റെ വക്കീൽ സുഹൃത്തുക്കളിൽ ഒരാളാണ് മറ്റൊരു ഉപായം പറഞ്ഞു തന്നത്. മതം മാറുക, എന്നിട്ടു അന്പലത്തിലോ പള്ളിയിലോ പോയി കല്യാണം കഴിച്ചു ആ സർട്ടിഫിക്കറ്റ് കൊടുത്താൽ രജിസ്റ്റർ ഓഫീസിൽ നിന്ന് അന്ന് തന്നെ വിവാഹ സർട്ടിഫിക്കറ്റ് കിട്ടും. എനിക്കും ആ ഐഡിയ നന്നായി തോന്നി.
 
എസ് എൻ ഡി പി ക്കാരെ ആണ് മതവും ജാതിയും ഇല്ലാത്ത കല്യാണത്തിന് ആദ്യം സമീപിച്ചത്, പക്ഷെ യൂണിറ്റ് സെക്രട്ടറി സംഭാവനയായി ഒരു ഭീമമായ തുക ചോദിച്ചപ്പോൾ അത് ഉപേക്ഷിച്ചു. ഞാൻ ഇങ്ങിനെ കല്യാണം നടത്താൻ വേണ്ടി നടക്കുന്ന കാര്യം എങ്ങിനെയോ മണത്തറിഞ്ഞ, എന്റെ വക്കീലിന്റെ സുഹൃത്തായ, ഒരു ശിവസേനക്കാരൻ ആണ് ആര്യസമാജം എന്ന വേറെ ഒരു വഴി പറഞ്ഞു തന്നത്. അദ്ദേഹം ഒരു മുസ്ലിം പെൺകുട്ടിയെ ഇങ്ങിനെ മതം മാറ്റിയാണ് കല്യാണം കഴിച്ചത്.
 
അങ്ങിനെയാണ് ആര്യസമാജക്കാരെ സമീപിക്കുന്നത്. ഹിന്ദു മതത്തിലേക്ക് മാറുന്പോൾ ഏതു ജാതിയിൽ പെടും എന്ന ചോദ്യം ആണ് ആ പരിപാടി പൊളിച്ചത്. പിന്നീട് കൂടുതൽ അറിഞ്ഞപ്പോൾ ആണ് ആര്യസമാജം ജാതിയില്ലാത്ത ഹിന്ദുക്കൾ ആണെന്നും അവർ വിഗ്രഹാരാധനയെ എതിർക്കുന്നവരും ആണെന്നും മനസ്സിൽ ആയതു. വിഗ്രഹത്തെ ആരാധിക്കാത്ത, ജാതിയില്ലാത്ത ഹിന്ദു മതത്തെ കുറിച്ച് സംശയം തോന്നിയത് കൊണ്ട് കൊണ്ട് ആ പരിപാടി ഉപേക്ഷിച്ചു. കല്യാണത്തിന് വേണ്ടി മാത്രം ആണ് ഇപ്പോൾ ആളുകൾ ആര്യസമാജത്തെ സമീപിക്കുന്നത് എന്ന് അന്ന് കണ്ട സെക്രട്ടറി പറഞ്ഞു. എന്റെ ഘർ വാപ്പച്ചി അങ്ങിനെ എങ്ങും എത്താതെ പോയി.
 
അവസാനം രെജിസ്ട്രാർക്കു കുറച്ചു കൈക്കൂലി ഒക്കെ കൊടുത്തു എന്റെ ബാപ്പ തന്നെയാണ് എന്റെ കല്യാണം രജിസ്റ്റർ ആയി നടത്താൻ ഉള്ള കാര്യങ്ങൾ എല്ലാം ശരിയാക്കിയത്. കല്യാണം കഴിഞ്ഞു ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞായിരുന്നു ഘർ ഉമ്മച്ചിക്കാരുടെ രംഗ പ്രവേശം. ഒരു ദിവസം വീടിനു അടുത്തുള്ളത് എന്ന് പറയപ്പെടുന്ന കുറച്ചു ജമാഅത്തെ ഇസ്ലാമിക്കാർ വീട്ടിൽ വന്നു. എന്റെ ഭാര്യയെ മുസ്ലിം ആക്കുകക ആയിരുന്നു അവരുടെ വരവിന്റെ ഉദ്ദേശം. വേറെ മതത്തിൽ നിന്നും കല്യാണം കഴിച്ച പെൺകുട്ടികൾ ആണിന്റെ മതത്തിലേക്ക് മാറുന്നത് നാട്ടു നടപ്പാണെന്നും, ഇസ്ലാമിൽ ഇങ്ങിനെ ഉള്ള മതം മാറ്റങ്ങൾ നിർബന്ധമാണെന്നും മറ്റുമായിരുന്നു അവരുടെ വാദം. എന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന വാദത്തിൽ ഞാൻ ഉറച്ചു നിന്നപ്പോൾ അവർ പോയി. ആരെങ്കിലും ഗോമതിയെ നിർബന്ധിച്ചോ ബ്രെയിൻ വാഷ് ചെയ്തോ മതം മാറ്റാൻ ശ്രമിച്ചാൽ , ഞാൻ ഹിന്ദു മതത്തിലേക്ക് മാറും എന്നൊരു ഭീഷണി മുഴക്കിയിരുന്നത് കൊണ്ടും, ഞാൻ കെട്ടുന്നത് ഒരു പെണ്ണായാൽ മാത്രം മതി എന്ന ഒരു വലിയ സ്വാതന്ത്ര്യം എന്റെ മാതാ പിതാക്കൾ എനിക്ക് നൽകിയിരുന്നത് കൊണ്ടും വലിയ പ്രശ്നങ്ങൾ അതിനു ശേഷം ഉണ്ടായില്ല.
 
എന്റെ ഇത്ത അംഗൻവാടിയിൽ ടീച്ചറാണ്. അവർക്കു ഹെൽത്ത് ഇൻസ്പെക്ഷന്റെ ഭാഗം ആയി പാവപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും ചില ദരിദ്ര കുടുംബങ്ങളിൽ സൗജന്യമായി കൊടുക്കുന്ന മരുന്നുകൾ അവർ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ട ഒരു ജോലി ഉണ്ട്. ഒരു ഹർത്താൽ ദിവസം ഇങ്ങിനെ ഒരു വീട്ടിൽ ചെന്നപ്പോൾ ആ വീട്ടിലെ വൃദ്ധയായ അമ്മ മരുന്ന് കഴിച്ചിട്ടുണ്ടായിരുന്നില്ല. സൗജന്യമായി കിട്ടുന്ന മരുന്ന് പോലും കഴിക്കാത്തതിനെ കുറിച്ച് ഇത്ത അവരെ വഴക്കു പറഞ്ഞപ്പോൾ അവർ പറഞ്ഞു
 
“ടീച്ചറെ ഈ മരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം കഴിക്കാനല്ലേ ടീച്ചർ പറഞ്ഞത്, ഞാൻ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം ആയി…”
 
കയ്യിൽ ഉണ്ടായിരുന്ന പൈസ കൊടുത്തു അവർക്കു ഭക്ഷണം വാങ്ങി കൊടുത്തു എന്ന് ഇത്ത പറഞ്ഞു. നമ്മുടെ നാട്ടിൽ ഇപ്പോഴും ഭക്ഷണം എല്ലാ ദിവസവും കിട്ടാത്ത ആളുകൾ ഉണ്ടെന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു. അത് രണ്ടു ദിവസം ആയി ആരും അറിഞ്ഞില്ല എന്നത് അതിലും വലിയ അത്ഭുതവും.
 
ചുരുക്കം പറഞ്ഞാൽ നിങ്ങൾ വിശന്നു കിടന്നാൽ അധികം ആരും തിരിഞ്ഞു നോക്കാൻ ഉണ്ടായി എന്ന് വരില്ല, പക്ഷെ നിങ്ങൾ വേറെ ഒരു മതത്തിൽ നിന്നോ ജാതിയിൽ നിന്നോ കല്യാണം കഴിച്ചു നോക്കൂ, ഘർ വാപ്പച്ചിക്കാരും ഉമ്മച്ചിക്കാരും നിങ്ങളെ തിരക്കി വരും.അതല്ലെങ്കിലും ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം മതമാണല്ലോ,പട്ടിണിയൊക്കെ ആർക്കു വേണം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: