പാരിസിൽ ഭൂമിക്കടിയിൽ അറുപതു ലക്ഷം ആളുകളുടെ അസ്ഥികൂടങ്ങൾ കൂട്ടിവച്ചിരിക്കുന്ന ഒരു ശ്മശാനമുണ്ട്. അതിന്റെ കഥ പാരീസിന്റെ കൂടി കഥയാണ്.
ന്യൂ യോർക്കിലെ മൻഹാട്ടനിലെ പോലെ വളരെ ഉയരമുള്ള കെട്ടിടങ്ങൾ പാരിസിൽ ഇല്ലാത്തതിന് കാരണം തേടി പോയാൽ നമ്മൾ എത്തുന്നത് പാരീസിന്റെ ഭൂമിശാസ്ത്ര ചരിത്രത്തിൽ ആയിരിക്കും. കോടി കണക്കക്കിന് വര്ഷങ്ങള്ക്കു മുൻപ് പാരീസ് സമുദ്രത്തിനടിയിൽ ആയിരുന്നു. പിന്നീട് കരയായി രൂപം പ്രാപിച്ച ഈ നഗരത്തിനു അടിയിൽ സ്വാഭാവികമായും കൂടുതൽ ചുണ്ണാന്പു കല്ലുകൾ ആണുള്ളത്. മാൻൻഹാട്ടനിൽ ഉറച്ച ഗ്രാനൈറ്റ് പാറകൾ ഉള്ളത് കൊണ്ട് ഉയരമുള്ള കെട്ടിടം എളുപ്പത്തിൽ പണിയാം, പക്ഷെ പാരിസിൽ ചുണ്ണാന്പു കല്ലിനു മുകളിൽ അതികം ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കാൻ പറ്റില്ല. പക്ഷെ ഈ ചുണ്ണാന്പ് കല്ലുകൾ ഖനനം ചെയ്തെടുത്താണ് നോട്ടർഡാം പള്ളിയും, ഇപ്പോൾ ലൂവർ മ്യൂസിയം ആയി പ്രവർത്തിക്കുന്ന പഴയ കെട്ടിടങ്ങളും ഉൾപ്പെടെ നിർമിച്ചിരിക്കുന്നതു. ഭൂമിക്കടിയിൽ തലങ്ങും വിലങ്ങുമായി 1900 ഏക്കർ സ്ഥലത്തു മുന്നൂറു കിലോമീറ്ററോളം നീളത്തിൽ ഇങ്ങിനെ കുഴിച്ചു ഉണ്ടായ ക്വാറികളുടെ മുകളിൽ ആണ് പാരീസ് പണിതുയർത്തപ്പെട്ടതു. റോമാക്കാരുടെ സമയത്തു തുടങ്ങിയ ഈ ഖനനം അവസാനിച്ചു വർഷങ്ങളോളം ഈ ക്വാറികൾ വെറുതെ കിടന്നു.
1786 ൽ അപ്പോഴേക്കും വളർന്നു വളരെ വലുതായ പാരിസിൽ മരിച്ചവരെ അടക്കം ചെയ്യാൻ അധികം സ്ഥലമില്ലാത്ത അവസ്ഥ വന്നു. മാത്രം അല്ല പാരിസിലെ ഏറ്റവും വലിയ ശ്‌മശാനത്തിൽ നിന്നും മഴയത്തു അവശിഷ്ടങ്ങളും ശവശരീരം ഭാഗങ്ങളും അടുത്തുള്ള വാസ സ്ഥലങ്ങളിലേക്ക് ഒഴുകി വരുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ള ശവശരീരങ്ങൾ പഴയ മൈനുകളിലേക്കു എന്ത് കൊണ്ട് മാറ്റിക്കൂടാ എന്ന ആലോചന വന്നത്. ഇങ്ങിനെ വെഞ്ചരിച്ചു പഴയ അസ്ഥികൂടങ്ങൾ മാറ്റി സ്ഥാപിച്ചതും, ഫ്രഞ്ച് വിപ്ലവ കാലത്തു പുതിയ ശവശരീരങ്ങൾ അടക്കം ചെയ്തതുമായ സ്ഥലത്തെ ആണ് ക്യാറ്റക്കോന്പ്സ് എന്ന് പറയുന്നത്. രണ്ടു മൈലോളം ദൂരം നമുക്ക് നടന്നു കാണാൻ ഉള്ള സൗകര്യം ഉണ്ട്. ബാക്കി ഭാഗങ്ങൾ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ക്വാറിയിലൂടെ നടന്നു പോകുന്പോൾ പഴയ സമുദ്ര ജീവികളുടെ ഫോസിലുകൾ ചില സ്ഥലങ്ങളിൽ കാണാം. ഏതാണ്ട് ഒരു കിലോമീറ്ററോളം നടന്നു കഴിയുന്പോൾ ആണ് അസ്ഥികൂടങ്ങളുടെ ഘോഷയാത്ര തുടങ്ങുന്നത്.
ഇതിനു പുറത്തു ആളുകൾ പല നിറത്തിലും രൂപത്തിലും ഉള്ളവരും, പല ഭാഷയും സംസ്കാരവും ഉള്ളവരും എല്ലാം ആണെങ്കിലും, ഇവിടെ ഉള്ള എല്ലാ പരേതാത്മാക്കളും ഒരു പോലെ ആണ്. എല്ല്ലാ അസ്ഥികൂടങ്ങളും ഒരു പോലെ തന്നെ. അസ്ഥികൂടങ്ങൾ കൊണ്ട് പല ഡെക്കറേഷൻസ് ചെയ്തു വച്ചിട്ടും ഉണ്ട്.
പുറത്തു വഴക്കു കൂടുന്നവർ ഇടക്കൊക്കെ ഇവിടെ വന്നു കാണുന്നത് നന്നായിരിക്കും. ഇവിടം സന്ദർശിച്ചപ്പോൾ കമുകറ പുരുഷോത്തമന്റെ പ്രസിദ്ധമായ ആത്മവിദ്യാലയമേ എന്ന പാട്ടാണ് എനിക്ക് ഓര്മ വന്നത്. തിലകം ചാർത്തി ചീകിയൊതുക്കിയ ശിരസ്സുകൾ, ഉലകം വെല്ലാൻ ഉഴറിയവർ എല്ലാവരും വിലപിടിയാത്ത തലയോടായി ഇവിടെ ഉണ്ട്. കുറച്ചു നേരത്തേക്കെങ്കിലും മരണത്തെ ഓർക്കുന്നത് നമ്മുടെ നിസാരത മനസിലാക്കാൻ നല്ലതാണു.
Leave a Reply