പ്രായമായവരോട് സംസാരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായ ഒരു കാര്യമാണ്. കേരളത്തിൽ സന്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള കുറെ പേരോട് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഇവരുടെ ജീവിത അനുഭവങ്ങളും കാഴ്ചപ്പാടുകളും എന്നെ അത്ഭുതപെടുത്തിയിട്ടും ഉണ്ട്. ഇതിൽ നല്ല വെയിലുള്ള ഒരു ഉച്ച സമയത്ത്, ദേഹത്തു കൊള്ളുന്ന കാറ്റിന്റെ ചെറിയ തണുപ്പ് കൊണ്ട്, ഇന്ന് വൈകുന്നേരം മഴ വരാൻ സാധ്യത ഉണ്ടെന്നു പ്രവചിച്ച അമ്മൂമ്മ മുതൽ കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന മട്ടാഞ്ചേരിയിലെ ചുമട്ടു പണിക്കാർ വരെ പെടും.
പക്ഷെ ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് എന്റെ ഉമ്മയുടെ ഉമ്മയോടാണ്. മട്ടാഞ്ചേരിയിൽ ജനിച്ചു വളർന്ന, ഒരു സ്കൂളിൽ പോയിട്ടില്ലാത്ത, വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്ത ഒരു സ്ത്രീ ആയിരുന്നു എന്റെ ഉമ്മയുടെ ഉമ്മ. പയ്യന്നൂരിൽ നിന്ന് ഒരു നാടകം കളിച്ചതിനു സമുദായത്തിൽ നിന്ന് പുറത്തക്കപെട്ടു കൊച്ചിയിൽ വന്നു പെട്ട, ഖുർആൻ പടിപ്പിക്കലും മൗലവി പണിയും ആയി നടന്ന ഉപ്പയുടെ ആദ്യ ഭാര്യ മരിച്ചതിനു ശേഷം ഉള്ള രണ്ടാം വിവാഹം ആയിരുന്നു ഉമ്മയുടെ ഉമ്മയും ആയുള്ളതു. വീടുകളിൽ യാസീൻ ഓതാൻ പോവുന്പോൾ കുറച്ചു ഭക്ഷണവയും ചില്ലറയും കിട്ടും എന്നല്ലാതെ വീട് നോക്കാനുള്ള ഒരു വരുമാനവും ഉപ്പയ്ക്കില്ലായിരുന്നു.
അങ്ങിനെ ഉള്ള ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസവും ലോക പരിചയവും ഇല്ലാത്ത ഈ സ്ത്രീ വീടുകളിൽ ജോലിക്കു നിന്നും മറ്റും സ്വരൂപിച്ച പൈസ കൊണ്ട് ഒരു ചെറിയ പെട്ടി കട തുടങ്ങി. എനിക്ക് ഓർമ വയ്‌ക്കുന്പോൾ ഉമ്മയുടെ വീട് മൂന്ന് ചെറിയ മുറികൾ ഉള്ള മുന്നൂറു സ്ക്വാർ ഫീറ്റ് തികച്ചും ഇല്ലാത്ത ഒന്നാണ്, ഇത്തിന്റെ മുൻവശത്തുള്ള കോലായിൽ ആണ് കട നടത്തുന്നത്. ഈ വീട് ഉമ്മ വാങ്ങിയത് അരി കൊടുത്തിട്ടാണ്. രണ്ടായിരത്തി അഞ്ഞൂറ് രൂപ ആണ് അന്ന് ഇതിനു മൊത്തം വില കൊടുത്തത്, അതും റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരിയിൽ നിന്ന് ഒരു ഭാഗം ഉടമസ്ഥന് വർഷങ്ങളായി കൊടുത്തു തീർക്കുകയായിരുന്നു.
രണ്ടാം ലോക മഹായുദ്ധവും, ഇന്ത്യ പാകിസ്ഥാൻ യുദ്ധവും എല്ലാം ഉമ്മയുടെ ഓർമകളിൽ നിന്ന് കേൾക്കുന്നത്, ചരിത്ര പുസ്തകങ്ങളിൽ ഒന്നിലും വായിച്ചാൽ കാണാൻ പറ്റാത്ത അനുഭവങ്ങൾ സമ്മാനിക്കും. എല്ലാ വിഭവങ്ങളും യുദ്ധത്തിന് വേണ്ടി അയച്ചപ്പോൾ, അന്ന് അരിക്ക് പകരം കപ്പ ആയിരുന്നു പ്രധാന ഭക്ഷണം, അതും മിക്കപ്പോഴും ഉണക്ക കപ്പ. വെളിച്ചെണ്ണയും മണ്ണെണ്ണയും റേഷൻ ആയിരുന്നു. സോപ്പ് കിട്ടാൻ ഇല്ലാത്തതു കൊണ്ട് അടുപ്പിലെ ചാരം വെളിച്ചണ്ണയും ആയി ചേർത്ത ഒരു മിശ്രിതം ആയിരിന്നു ചിലപ്പോഴൊക്കെ ദേഹം കഴുകാൻ വരെ ഉപയോഗിച്ചിരുന്നത്. രാത്രി വിളക്ക് കത്തിക്കാൻ അനുവാദം ഇല്ലായിരുന്നു, ശത്രു വിമാനങ്ങൾ നാവിക ആസ്ഥാനം ആയ കൊച്ചി ആക്രമിക്കാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് നഗരം മിക്കവാറും ഇരുട്ടിൽ ആയിരുന്നു.
കേരളത്തിൽ ഇന്ന് കേട്ടാൽ കൗതുകം തോന്നുന്ന പല കഥകളും ഉമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ലൈൻ വീട് എന്നറിയപ്പെട്ട, അഞ്ചോ ആറോ വീടുകൾ ഒരുമിച്ചു ചേർത്ത കോളനി വീടുകളിൽ ഒന്നിൽ ആയിരുന്നു ഇവർ താമസിച്ചത്. എല്ലാ വീട്ടുകാർക്കും കൂടെ ഒരു കക്കൂസും കുളിമുറിയും, ഒരു കിണറും മാത്രം. കുട്ടികൾ എല്ലാം അടുത്തുള്ള കാണയിൽ കാര്യം സാധിക്കും. സെപ്റ്റിക് ടാങ്ക് ഉണ്ടായിരുന്നില്ല. തകര പാട്ടകൾ ആയിരുന്നു കക്കൂസിനടിയിൽ, അത് നിറയുന്പോൾ പാട്ടക്കാർ എന്ന് വിളിക്കുന്ന തോട്ടികൾ വന്നു അതെടുത്തു കൊണ്ട് പോയി പുതിയത് വയ്‌ക്കും. വളരെ നാളുകൾ കഴിഞ്ഞാണ് ഈ സന്പ്രദായം നിന്നതും, സെപ്റ്റിക് ടാങ്ക് വന്നതും. അന്നയും റസൂലും പിന്നെ ഞാനും എന്ന സിനിമയിൽ കിണറിനരികിൽ വച്ച് ഫഹദിനെ വിരട്ടുന്ന ഒരു മുസ്ലിം ഉമ്മൂമയുടെ രംഗമുണ്ട്, ഇങ്ങിനെ ഉള്ള അനേകം രംഗങ്ങൾ ഉമ്മയുടെ വീട്ടിലെ പൊതു കിണറിനു മുൻപിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്.
വൈദ്യ ശാലകളിൽ നിന്ന് ആശുപത്രികളിലേക്കും,ബോട്ടുകളിൽ നിന്നും ബസിലേക്കും, ജനിക്കുന്ന പത്തു കുട്ടികളിൽ അഞ്ചു പേർ മരിച്ചു പോവുന്ന സ്ഥിതിയിൽ നിന്നും ജനിക്കുന്ന ഏതാണ്ട് എല്ലാ കുട്ടികളും ജീവനോട് ഇരിക്കുന്ന അവസ്ഥയിലേക്കും മറ്റും മാറ്റം നടന്നത് ഇവരുടെ കാലഘട്ടത്തിലാണ്. ഈ മാറ്റങ്ങളെ എല്ലാം സാമാന്യ ബുദ്ധി കൊണ്ട് സ്വീകരിക്കുകയും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുകയും ചെയ്ത ഒരു തലമുറ. സ്കൂളിൽ പോയില്ലെങ്കിലും മക്കളെ സ്കൂളിൽ വിടുകയും, വാക്‌സിൻ കുത്തി വയ്പ്പ് എടുത്തു ആരോഗ്യകരമായ ഒരു പുതിയ തലമുറ വാർക്കുകയും ചെയ്ത ഒരു തലമുറ. ചിലപ്പോഴെല്ലാം ചരിത്രം പഠിക്കാൻ വീട്ടിലുള്ള മുത്തശ്ശനോടും മുത്തശ്ശിയോടും സംസാരിച്ചാൽ മതിയാകും എന്ന് നാം മറന്നു പോകുന്നു.
നമ്മുടെ എല്ലാ ജീവാഗ്നികളും, ഇങ്ങിനെ ഉള്ളവർ ഹോമിച്ച ജീവിതത്തിന്റെ നെയ്യാണ്. എല്ലാ അമ്മമാർക്ക്, അമ്മൂമ്മമാർക്കും മാതൃ ദിനാശംസകൾ.
Leave a Reply