കാമുകിയുടെ കണ്ണുകൾ..

“നീയെന്താണ് എപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്?”
 
ചോദ്യം കരോലിന്റേതാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിൽ സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ഒരു പ്രോജെക്ടിന് പോയതായിരുന്നു ഞാൻ. പത്തു വരെ ബോയ്സ് ഒൺലി ഹൈ സ്കൂളിലും, എറണാകുളത്തു ആകെ ഉണ്ടായിരുന്ന ഒരേ ഒരു ബോയ്സ് ഒൺലി കോളേജ് ആയ സെയിന്റ് ആൽബർട്സിലും പഠിച്ച എനിക്ക് പെൺകുട്ടികളെ കണ്ടാൽ തൊണ്ട വരണ്ടു പോകുന്ന ഒരു അസുഖം ഉണ്ടായിരുന്നു :). അന്ന് ഞങ്ങളുടെ നാട്ടിൽ ഒരേ പ്രായത്തിലെ ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നതു അപൂർവവും, അച്ഛനമ്മമാരുടെ മുന്പിലല്ലാതെ മിണ്ടിയാൽ കുറ്റവും ആയിരുന്നു. ഞങ്ങൾ വൈകുന്നേരം പള്ളുരുത്തി വെളി മൈതാനത്തിന് ഇരുന്നു പെൺകുട്ടികളെ കുറിച്ച് വീരവാദങ്ങൾ മുഴക്കുമെങ്കിലും നേരെ ചൊവ്വേ പെണ്ണുങ്ങളോട് സംസാരിച്ചിട്ടുള്ളവർ ചുരുക്കം ആയിരുന്നു.അങ്ങിനെ ഉള്ള ഞാൻ സ്വീഡനിൽ ഒരു വെള്ളക്കാരി പെണ്ണിന്റെ ഈ ചോദ്യത്തിന് മുന്നിൽ പകച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.
 
കല്യാണത്തിന് മുൻപ് ഏതു പെണ്ണിനെ കണ്ടാലും ഒന്ന് ലൈൻ അടിച്ചു കളയാം എന്ന ചിന്തയും ആയി നടന്ന ഞാൻ ഡേറ്റിംഗ്.കോം എന്ന സൈറ്റ് വഴി ആണ് കരോലിനെ പരിചയപ്പെടുന്നത്. ആദ്യം സുഹൃത്തായും പിന്നീട് കാമുകിയും ആക്കി ഒരു വെള്ളക്കാരി പെൺകുട്ടിയുമായി കിടക്ക പങ്കിടുന്നത് വരെ മലർപ്പൊടിക്കാരന്റെ സ്വപ്‌നങ്ങൾ കരോളിന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നത് മുതൽ ഞാൻ കാണാൻ തുടങ്ങിയതാണ്.
 
ഞങ്ങൾ രണ്ടു പേർക്കും ഇംഗ്ലീഷ് സംസാരിക്കാൻ വലിയ പിടി ഇല്ലായിരുന്നു എന്നത് മാത്രം ആയിരുന്നു ഞങ്ങൾ തമ്മിലുള്ള ഒരേ ഒരേ പൊതുവായ കാര്യം. സ്റ്റോക്ക് ഹോം ട്രയിൻ സ്റ്റേഷനിൽ വച്ചാണ് ഞങ്ങൾ ആദ്യം കണ്ടു മുട്ടിയത്. നഗരത്തിനു പുറത്തു ഒരു മണിക്കൂർ ദൂരെ ആയിരുന്നു അവളുടെ വീട്. സ്റ്റേഷനിൽ ആകെ ഉണ്ടായിരുന്ന ഇന്ത്യക്കാരൻ ഞാൻ ആയതു കൊണ്ട് അവൾക്കു ആളെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷെ എന്റെ കാര്യം അങ്ങിനെ അല്ലല്ലോ. ട്രെയിൻ ഇറങ്ങി വന്ന വലിയ മാറിടം ഉള്ള,അത് കുറച്ചു പുറത്തു കാണിക്കുന്ന തരത്തിൽ ഉടുപ്പിട്ട ഒരു പെൺകുട്ടിയുടെ വായിൽ നോക്കി ഇരുന്ന എന്നെ ചിരിച്ചു കൊണ്ട് അവൾ തന്നെ വന്നു “ഞാൻ കരോലിന” എന്ന് പറഞ്ഞു പരിചയപ്പെട്ടപ്പോൾ എന്റെ മനസ്സിൽ ലഡു പൊട്ടി.
 
ഹസ്തദാനത്തിനു കയ്യും നീട്ടി ചെന്ന എന്നെ രണ്ടു കവിളിലും ചുംബിച്ചു കൊണ്ട് ആണ് അവൾ പരിചയപ്പെട്ടത്. കുളിരു കോരി എന്ന് പറഞ്ഞാൽ മതിയല്ലോ. ഒരു വെള്ളക്കാരി ഉമ്മ വയ്ക്കുക; ജീവിതം സഫലമായി. നിറഞ്ഞ മാറിടങ്ങൾ നെഞ്ചിൽ അമർത്തി ഒരു കെട്ടിപ്പിടുത്തം. മദാമ്മമാർ ഇത്ര പെട്ടെന്ന് ഇതൊക്കെ ചെയ്യാൻ തുടങ്ങിയാൽ ദൈവമേ….
 
പിന്നീടുള്ള മൂന്നു മാസം കൊണ്ട് എന്റെ ജീവിതം വഴി തിരിച്ചു വിട്ട അവളെ ആദ്യം കണ്ടത് അങ്ങിനെ ആയിരുന്നു. ഇന്ത്യൻ സംസ്കാരത്തെയും ഭക്ഷണത്തെയും ഇഷ്ടപെട്ട അവളെ ഞാൻ സ്റ്റോക്ക് ഹോമിൽ ഉള്ള ഇന്ത്യൻ റെസ്റ്റാറ്റാന്റിൽ കൊണ്ട് പോയി. എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങൾ കണ്ടു. അവളുടെ ആദ്യത്തെ കാമുകനെ പറ്റി അവൾ വാ തോരാതെ സംസാരിച്ചു. ഹാരി എന്ന ഒരു അമേരിക്കൻ യുവാവ്. ചെറുപ്പത്തിൽ കാലുകൾ തളർന്നു പോകുന്ന രോഗം വന്ന ഹാരിയെ വീൽ ചെയറിൽ കരോളിൻ കൊണ്ട് നടക്കുന്ന ചിത്രങ്ങൾ കാണിച്ചു തന്നു. രണ്ടു വര്ഷം മുൻപ് രോഗത്തിനു കീഴ്പെട്ടു ഹാരി മരിച്ച വിവരം പറഞ്ഞപ്പ്പോൾ അവളുടെ നീല കണ്ണുകൾ നനഞ്ഞു. നന്നായി വരക്കുമായിരുന്ന അവളുടെ ചിത്രങ്ങൾ എനിക്ക് കാണിച്ചു തന്നു, അതെല്ലാം ഒരു വെബ്‌സൈറ്റിൽ ഞങ്ങൾ പബ്ലിഷ് ചെയ്യാൻ ഞാൻ സഹായിച്ചു.
 
ജൂൺ രണ്ടാം വാരം സ്റ്റോക്ക് ഹോമിൽ നടക്കുന്ന വാട്ടർ ഫെസ്റ്റിവലിൽ ഞങ്ങൾ ഒരുമിച്ചാണ് പോയത്. ഏതോ റോക്ക് ബാൻഡിന്റെ പാട്ടു കേട്ട് കൊണ്ടിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക്, കുറച്ചു പ്രായം ആയ ദന്പതിമാർ നടന്നു വന്നു. അവരെ കണ്ടപ്പോഴേക്കും അവൾ എഴുന്നേറ്റു, കൂടെ ഞാനും. അവരോടു കുറച്ചു സംസാരിച്ചതിന് ശേഷം അവൾ അവരെ എനിക്ക് പരിചയപ്പെടുത്തി.
 
“ഇത് എന്റെ ബയോളജിക്കൽ അച്ഛൻ ആണ്, അത് രണ്ടാനമ്മയും…..”
 
നാട്ടിൽ നിന്നും ആദ്യമായി പുറത്തു ഒരു രാജ്യത്തു വന്ന എനിക്ക് ഇങ്ങിനെ ഉള്ള പരിചയപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. പിന്നീട് അവൾ ജനിച്ചതിനു ശേഷം പിരിയാൻ തീരുമാനിച്ച അവളുടെ മാതാപിതാക്കളെ കുറിച്ചും അമ്മയുടെ പുതിയ ഭർത്താവ് അവളെ സ്വന്തം മകളെ പോലെ നോക്കുന്നതിനെ കുറിചെല്ലാം അവൾ പറഞ്ഞു.
 
അങ്ങിനെ ഒരു ദിവസം എന്റെ ഹോട്ടൽ മുറിയിൽ വാട്ടർ ഫെസ്റ്റിവലിന്റെ ടിക്കറ്റ് എടുക്കാൻ വന്നപ്പോൾ ആണ് അവൾ ആ ചോദ്യം എന്നോട് ചോദിച്ചത്.
 
“നീ എന്ത് കൊണ്ടാണ് ഇപ്പോഴും എന്റെ മുലകളിൽ നോക്കുന്നത്? നീ എന്റെ കണ്ണുകളിൽ നോക്കൂ, അവിടെ അല്ലേ എന്നെ കാണുന്നത്? നിനക്ക് വേണമെങ്കിൽ ഞാൻ എന്റെ മാറ് തുറന്നു കാണിച്ചു തരാം, ഇതിൽ കാണാൻ അത്ര മാത്രം ഒന്നുമില്ല” എന്ന് പറഞ്ഞു അവൾ ഉടുപ്പിന്റെ സിപ് തുറക്കാൻ തുടങ്ങി..
 
ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞു പോയി. അപ്പോഴേക്കും കെട്ടിപിടുത്തവും, കവിളിലെ ഉമ്മ വയ്‌ക്കലെല്ലാം സ്വീഡനിലെ പൊതു രീതികൾ ആണെന്നും ലൈംഗികതയും ആയി ഒരു ബന്ധവും ഇല്ലെന്നും എനിക്ക് മനസ്സിൽ ആയിരുന്നു.
 
അവളുടെ വീട്ടിലേക്കു എന്നെ ക്ഷണിച്ച അന്നു തന്നെ ആണ് എന്റെ പ്രൊജക്റ്റ് അവസാനിച്ചു എനിക്ക് തിരിച്ചു നാട്ടിലേക്കു പോകാൻ ടിക്കറ്റ് ശരി ആയതു. എയർപോർട്ടിൽ യാത്ര അയക്കാൻ വന്ന അവൾ എന്നോട് പറഞ്ഞു
 
“ഒരിക്കൽ നിനക്ക് ഒരു ഇന്ത്യൻ കാമുകി ഉണ്ടാവും. അന്ന് അവളുടെ കണ്ണുകളിൽ നോക്കുക. പെൺകുട്ടികളുടെ ആത്മാവിലേക്കുള്ള വാതിൽ അവരുടെ കണ്ണുകളാണ്”
 
തിരിച്ചു നാട്ടിൽ വന്നത് ഒരു പുതിയ ഞാൻ ആണ്. പെൺ ശരീരത്തിന് അകത്തുള്ള ആത്മാവിലേക്ക് നോക്കാനുള്ള വിദ്യ ഇത്ര ലളിതമാണെന്ന് പറഞ്ഞു തന്ന കരോലിനു നന്ദി പറഞ്ഞ് കൊണ്ട്. ഇതെല്ലം നമ്മുടെ എല്ലാ ആൺകുട്ടികൾക്കും ആരെങ്കിലും പറഞ്ഞു കൊടുത്തെങ്കിൽ…..
 
എല്ലാവർക്കും ലോക സ്ത്രീ ദിന ആശംസകൾ.
quote-men-look-at-breasts-the-way-women-look-at-babies-aw-isn-t-that-lovely-dylan-moran-129-63-68

2 thoughts on “കാമുകിയുടെ കണ്ണുകൾ..

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: